Sunday, September 25, 2022

സ്നേഹിതയ്ക്ക്

കവിത

പ്രശാന്ത് പി.എസ്

ആ കണ്ണീർ ഗോളങ്ങളിൽ
ഒരു സമുദ്രം തേടിക്കൊണ്ട്
ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ
നിൻ്റെ കാഴ്ച്ച
എനിക്കുള്ളിലെ മത്സ്യത്തെ
പിടിച്ചെടുക്കുന്നു.
ഉടഞ്ഞ പാത്രത്തിലിപ്പോൾ
ശൂന്യത മാത്രമാണ്.
ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ
ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ്
തീവണ്ടി നീങ്ങുന്നുവെങ്കിലും
ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ
കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ
കഷണം പോലെ
സ്വയം മങ്ങിമറയുന്ന
നിന്നെയെനിക്ക് കാണാം.
നിഗൂഢമായൊരു സ്മാരകശിലയായ്
സ്വയം കൊത്തിവെച്ച് നീയെന്നെ
മൗനത്തിൻ്റെ സാഹസികമായ
മലഞ്ചെരുവിലേയ്ക്ക് വലിച്ചെറിയുക.
എന്നിലെ ഊഷ്മളതയുടെയപായം
നിൻ്റെ നിശബ്ദതയുടെ മൂർച്ചയേറിയ
അഗ്രം കൊണ്ട് തകർത്തെറിയുക…!

കക്കൂസിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്.
ഒരു സഞ്ചിയോളം മാംസളമായ
ഓർമ്മകൾ കൈപ്പിടിയിലുണ്ട്.
കോലാഹലം…
സീറ്റിനടിയിൽ എലികളുടെ
പരക്കംപാച്ചിൽ.
പ്രിയപ്പെട്ടവളേ, നിനക്കൊരു
ക്യാൻവാസ് വേണ്ടേ?
അടുത്ത തവണയാവട്ടെ,
അതിൽ നമ്മുടെ ആഴക്കടൽ വരയ്ക്കണം.
ശേഷം
ആ നീലിമയിലേയ്ക്കൊന്നിച്ച് ചാടാം…!


LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related Articles

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ   എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

വായനാ വസന്തം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി എനിക്ക് പത്ത് വയസ്സുള്ളപ്പോഴായിരിക്കണം ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. 'ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ' എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക്...

Spencer

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Spencer Director: Pablo Larrain Year: 2021 Language: English 'നിങ്ങള്‍ക്കറിയാമോ? ഈ വീട്ടിലെ പൊടിപടലങ്ങള്‍ തീര്‍ച്ചയായും ഇവിടെ ജീവിച്ച മനുഷ്യരുടെ മരവിച്ച തൊലികള്‍ പേറുന്നുണ്ട്' 'The People's Princess' അഥവാ ജനങ്ങളുടെ രാജകുമാരി...
spot_img

Latest Articles