Thursday, June 24, 2021

പ്രായമാകുന്നത്

തൻസീം കുറ്റ്യാടി

വഴികളേറെ
നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ,
കാഴ്ചകളിൽ നിന്ന്
നടവഴികളിൽ നിന്ന്
വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾ
പടർന്ന് കയറിയിട്ടുണ്ടാവും
ഏതൊരാളിലും.

ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ച
കടലിലേക്കൊരു കുഞ്ഞു സൂര്യൻ
ചൂട്ടുകത്തിച്ചു വരും പോലെ,
അകമുറിവുകളിൽ
മിന്നാമിന്നികൾ ചേക്കേറും.

ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട
തണൽമരമെന്ന പോലെ
നിവർന്നു നിൽക്കാനാവും ചിലപ്പോൾ.

പൊടുന്നനെ,
ഇലകളെല്ലാം
കൊഴിഞ്ഞു തളർന്നൊരു
ഒറ്റമരത്തടിയെന്നും തോന്നാം.

വീണ്ടും തളിർത്തൊരു
പൂമരമാവാൻ
ഒറ്റ മഴ മതിയാവും.

കിതപ്പുകൾക്കപ്പുറത്തേക്ക്
ഏതിടി മിന്നലിലും
ഉള്ളുലയാതെ പറക്കാനറിയുന്നൊരു
പറവയുണ്ടാവുമുള്ളിൽ.

അപകട വളവുകളിൽ
ചൂട്ടു കെട്ടുപോയവനെപ്പോലെ
ആധികൾ അകത്തുറഞ്ഞു
കൂടുന്ന നേരങ്ങളും വന്നു പോകും.
ഏതിരുളിലും ചതുപ്പിലും
ഉണർന്നു കത്താൻ
തീയും വെട്ടവുമുണ്ടകത്തെന്ന്
നമ്മൾ വീണ്ടും ഉർവ്വരമാവും.

നമ്മളങ്ങനെ
വരണ്ടും നിറഞ്ഞുമൊഴുകുന്നൊരു
തടാകമാവും.

ഇലകളും പൂക്കളും
പുറം കാഴ്ചകളിൽ മടുത്ത്
നെഞ്ചിൻ ഉൾവെളിച്ചത്തിലേക്കും
ആത്മതീർത്ഥത്തിലേക്കും
നനയാനിറങ്ങും.
ജലമൂറ്റി തളർന്നു
നരച്ച വേരുകൾ
ഉടൽ പുറത്തേക്ക്,
മുടിയിഴകളിലേക്ക്
നരവെള്ളക്കൊടിയേന്തി
മേയാൻ വരും.
ഉടലിൽ വരൾച്ചയും
ആത്മാവിൽ മഞ്ഞുകാലവുമാകുമപ്പോൾ.

വസന്തം
ഒളിച്ചു കളിക്കാൻ
വിളിക്കുമ്പോൾ
തോറ്റു കൊടുക്കുന്നവർക്കേ
പ്രായമാകുന്നുള്ളൂ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

ഉപ്പയില്ലാത്ത ഞാൻ

ബഹിയ ഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്. അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ. വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ. ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല. കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരി ഭാഷ : മാവിലൻ തുളു ഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ് കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

ആമ്പലും തത്തയും

മണിക്കുട്ടൻ ഇ കെ ആരോ ആത്മഹത്യ ചെയ്ത മുറിയിലാണ് ഞാനിപ്പോൾ. മുറിയിലെ പഴകിയ ചോരപ്പാടുകൾ, ഇരുട്ട്, അലർച്ചകൾ, എന്തൊക്കെയോ മണങ്ങൾ എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു. എത്ര കുതറിയിട്ടും ഉണരാനാവാതെ തളരുന്നു. ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച ഒരലർച്ചയിൽ കൺതുറന്ന് കിതയ്ക്കുന്നു. ഉണർന്നത് രണ്ടാം സ്വപ്നത്തിലേക്കായിരുന്നു. നിറയെ ആമ്പലുകളുള്ള വയലോരം. അവൾ എന്നോട് ചേർന്നിരിക്കുന്നു. ആമ്പലിന്റെ മണം ഞങ്ങളെ മൂടുന്നു. സാരിയിൽ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat