പ്രചോദിത2019 എഴുത്തുകാരികളുടെ കൂട്ടായ്മക്ക് സമാപനം

മനുഷ്യരാശിയില്‍ തന്നെ എഴുത്ത് വരദാനമായി ലഭിച്ചവര്‍ കുറവാണെന്നും, അതുകൊണ്ടുതന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളും സര്‍ഗാത്മത കഴിവും ഉള്ള സ്ത്രീകള്‍ എഴുത്തിലേക്ക് കടന്നു വരണമെമെന്നും ഡോ. ശശി തരൂര്‍ എംപി. ഭാരത് ഭവനില്‍ നടന്ന വനിതാ എഴുത്തുകാരുടെ ഉത്സവമായ പ്രചോദിത – 2019 സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രചോദിത ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഗീതാ ബക്ഷി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ആനിയമ്മ ജോസഫ്, ഗീത നസീര്‍,  പ്രഫ. ലീല മേരി കോശി, ഭാരത് ഭവന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ റോബിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

നവ മാധ്യമത്തിലെ എഴുത്ത്, പുസ്തക പ്രകാശനം – സാധ്യതകളും വെല്ലു വിളികളും തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. ടി.കെ. ആനന്ദി, ഡോ. ജെ. ദേവിക, എച്ച്മിക്കുട്ടി, രാരിമ എസ്, മാധ്യമപ്രവര്‍ത്തകരായ മീനാ ദിവാകര്‍, ബി.മുരളി, വിനോദ് ശശിധരന്‍, ബീനാറാണി, പ്രേം മധുസൂദനന്‍, ബീനാ രഞ്ജിനി, രേഖാ ബിറ്റ, ദീപാ ദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നൊസ്റ്റാള്‍ജിയ, പ്രചോദിത, നല്ലെഴുത്ത് എന്നിവയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ ആശാ മരാളങ്ങള്‍, സ്ത്രീത, എന്‍റെ തോന്ന്യാക്ഷരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. നൂറോളം വനിതാ എഴുത്തുകാര്‍ പങ്കെടുത്ത സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. റോസ് മേരി, സതീഷ് ബാബു പയ്യന്നൂര്‍, കെ.എ.ബീന, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ ‘എന്‍റെ എഴുത്ത്, എന്‍റെ വായന’ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഭാരത് ഭവന്‍, വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരസ്ത്രീ, വിമന്‍ റൈറ്റേഴ്സ് ഓഫ് കേരള, വിമന്‍സ്പിറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസത്തെ സംഗമം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *