HomeTHE ARTERIASEQUEL 18ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍

ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍

Published on

spot_imgspot_img

പ്രസാദ് കാക്കശ്ശേരി

“Poet, you will one day rule the hearts, and
Therefore, your kingdom has no ending,
Poet, examine your crown thrones; you will
Find concealed in it a building wreath of laurel.”

(‘The Poet’-Kahlil Gibran)

നിയതമായ അതിർത്തികളോ അധികാര ശാസനകളോ ബാധകമാകാത്ത ആന്തരിക സാമ്രാജ്യമുണ്ട് ഓരോ കവിക്കും. വാക്കും വിചാരവും നൽകുന്ന വേഗങ്ങൾക്കൊത്ത് പാസ്പോർട്ടും വിസയുമില്ലാതെ നിർബാധം സഞ്ചരിക്കാം ആ ഭൂഖണ്ഡത്തിലേക്ക്.എഴുത്തുകൾ കൊണ്ട് ഹൃദയം കൊരുത്ത് പുഷ്പാവൃതമായ ദേവദാരുത്തണൽ പോലെ തരളമായ കാവ്യലോകം സാധ്യമാക്കിയ ഖലീൽ ജിബ്രാനെ അപ്പോൾ സ്വാഭാവികമായി ഓർക്കേണ്ടി വരും. പെൺമയും പ്രണയവും ജീവിതവും യാത്രയും വാക്കുകൾകൊണ്ട് ചിറകു വെച്ച് പറക്കുന്ന അതീത ഭാവഭംഗി ബോധ്യപ്പെടുത്തി ജിബ്രാൻ രചനകൾ. ആധുനികാനന്തര കാവ്യഭാവനയെ സ്വതന്ത്രവും വിസ്തൃതവുമാക്കിയതിൽ ജിബ്രാൻ ഇഫക്റ്റുണ്ട്. കവിത ഭാവിയിലേക്കുള്ള നീട്ടിയെഴുത്തായി അങ്ങനെ മാറുന്നു. ചിത്ര- ശില്പ -ചലച്ചിത്ര കലകൾ സാഹിതീയ അന്തർഹിതങ്ങളായി പാരസ്പര്യപ്പെടുന്ന അപൂർവ്വ വിനിമയം ഏറെ നവീകരിച്ച സർഗ്ഗ മണ്ഡലം കവിതയിലാണ് എന്നതും പ്രത്യേകത. വാക്കിന്റെ സൂക്ഷ്മത, ധ്വന്യാത്മകത, ജീവിതബന്ധം, സുതാര്യത എന്നിവയാൽ മുദ്രിതമായ ഭാവവിചാരങ്ങൾക്ക് സിദ്ധമാകുന്ന സംവേദനക്ഷമത ബോധ്യപ്പെടുത്തുന്ന സൗഹൃദ പുസ്തകമാണ് ‘നാൽവഴികൾ’ കവിതാസമാഹാരം. ‘Song of the Soul’ എഴുതിയ ജിബ്രാനെ ഓർക്കേണ്ടി വരും ഈ കവിതകളിലൂടെയുള്ള ധ്യാനയാനം.

‘കവിതകളെഴുതിക്കൂട്ടുവിൻ കൂട്ടരേ’ എന്ന ആഹ്വാനത്തിൽ നിന്നല്ല ഈ കൂട്ട് കവിതാ പുസ്തകത്തിന്റെ പിറവി. സൗഹൃദങ്ങൾക്ക് സ്വാഭാവികമായി കൈവന്ന കാവ്യാത്മകമായ പരിഭാഷയും പരിവർത്തനവുമാണിതെന്ന് നിസ്സംശയം പറയാം. ഉള്ളുരുകിയെത്തുന്ന വൈകാരിക ബോധ്യങ്ങളെ ചേർത്തുവെച്ചപ്പോൾ ജീവിതത്തെ സമഗ്രതയിൽ അഭിസംബോധന ചെയ്യുന്ന ഭാവപ്രപഞ്ചം, ഈ പുസ്തകത്തിന്റെ ആത്മസ്പന്ദനമായി ഭാവിയിലേക്ക് ഉണരുന്നു. ഒപ്പം “മനുഷ്യൻ തന്റെ അപൂർണ്ണതയെ ഭാഷയിൽ പരിഹരിക്കുന്ന ഒരിടമാണ് കവിത” (കൽപ്പറ്റ നാരായണൻ- കവിതയുടെ ജീവചരിത്രം) എന്ന മിഴിവും അറിയാം.

കടുത്ത വേനലിലും പടിയിറങ്ങിപ്പോകാത്ത കിണറോർമ്മകളുള്ള വീടിനെക്കുറിച്ച് അഹമ്മദ് മുഈനുദ്ദീനും ശീർഷകമില്ലാത്ത കവിത പോലെ കലങ്ങിമറിഞ്ഞ വാക്കുകൾ അങ്ങിങ്ങായി ചിതറിത്തെറിച്ച്, പിടിതരാതെ കുതറിയോടുന്ന ജീവിതത്തെക്കുറിച്ച് കെ.എസ്. ശ്രുതിയും കറുപ്പെഴുതി സൂക്ഷിക്കാനല്ല, നിവർന്നു നിന്ന് മറുകണ്ണിലേക്ക് നോക്കാൻ പെൺമയെ തെര്യപ്പെടുത്തുന്ന നഫീസത്ത് ബീവിയും ചേർന്നിരിക്കുമ്പോൾ തങ്ങൾക്കിടയിൽ അലോസരമാകുന്ന ശരീരത്തെ പ്രതി ഖേദിക്കുന്ന പ്രണയത്തിന്റെ മറുവാക്കും ആവിഷ്കരിക്കുന്ന കെ.എസ്. കൃഷ്ണകുമാറും ഈ കവിതാസമാഹാരത്തിൽ ഒരുമിക്കുന്നു. നാലുപേർ വട്ടമിട്ടിരുന്ന് ജീവിതത്തെ കവിത കൊണ്ട് വിവർത്തനം ചെയ്യുകയാണെന്ന മട്ടിൽ, കവിത ചൊല്ലി ഉൾവേവുകളെ സാന്ത്വനിപ്പിക്കുന്ന, നിരുപാധിക വിനിമയം പോലെ കവിതയുടെ ഈ സൗഹൃദപ്പൂമുഖം.

കവിയും വായനക്കാരനും ചേർന്ന് പൂരിപ്പിക്കുന്നതാണ് കവിതയെന്ന ബോധ്യത്തെ ഉറപ്പിക്കുന്നതാണ് ഈ സമാഹാരം. ഓരോ കവിതയിലൂടെയും കടന്നു പോകുന്ന വായനക്കാരൻ, അയാൾ നിരൂപകനോ സൈദ്ധാന്തികനോ ആകാം, പക്ഷേ കവിതയുടെ സ്പന്ദനമറിയുന്ന സമാന ഹൃദയത്വം എന്ന അടിസ്ഥാന ഗുണം കവിതകൾക്കൊപ്പം സംവാദത്തിന്റെ പ്രതലമാകുന്നു എന്നതും നേര്. അപ്രാപ്യമായ തീരത്തോട് കടൽ എന്നപോലെ പ്രണയിനിയിലേക്ക് ഉൾചേരാനാവാതെ സങ്കീർണമാകുന്ന മനസ്സിനെ ആവിഷ്കരിക്കുന്ന കെ എസ് കൃഷ്ണകുമാറിന്റെ കവിതകളെക്കുറിച്ച് സിജി വി എസും കാവ്യചരിത്രത്തിലെ സ്ത്രീയുടെ സർഗ്ഗ ബോധ്യങ്ങളുടെ പശ്ചാത്തലത്തിൽ നഫീസത്ത് ബീവിയുടെ കവിതകൾ വായിച്ചെടുക്കുന്ന വിജിലയും ദൃശ്യശ്രവ്യ പ്രതീകങ്ങളും ബിംബങ്ങളും ചേർന്ന് പത്തു കവിതകളെ പത്തു ജീവിതങ്ങളാക്കുന്ന ശ്രുതി കെ എസിന്റെ കവിതകളെക്കുറിച്ച് പി ശിവപ്രസാദും ഉള്ളിൽ തട്ടിയ അനുഭവങ്ങളെ കവിതയിലേക്ക് നിവേശിപ്പിക്കുന്ന അഹമ്മദ് മുഈനുദ്ദീന്റെ സർഗ്ഗസിദ്ധിയെ കാവ്യാത്മകമായി വിശകലനം ചെയ്യുന്ന ടി ജി അജിതയും കവിത ഭാവിയിലേക്കുള്ള വാക്കിന്റെ കരുതലാണ് എന്ന് സ്ഥാപിക്കുകയാണ്. ഇങ്ങനെ കവിത ആത്മാനുരാഗികളുടെ അടഞ്ഞ ലോകമല്ലെന്ന് കൂടി പറയുകയാണ് ഈ കൂട്ട് പുസ്തകം.

Nalvazhikal

തന്നിലേക്ക് തന്നെ നീളുന്ന വഴികൾ

എന്തെല്ലാം ചേർന്നാണ് ഒരു വീട് വീടാകുന്നതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് അഹമ്മദ് മുഈനുദ്ദീൻ. ഒറ്റ ഉത്തരം കൊണ്ടല്ല, ഇമ്മാതിരി അനേകം ചോദ്യങ്ങൾ കൊണ്ടാണ് കൃത്യമായ ഒരു സമാധാനം, ഉത്തരം നമുക്ക് ചിലപ്പോൾ ലഭിക്കുക. ലഭിച്ചില്ലെന്നും വരാം;ഒരു ദിവസത്തിൽ തന്നെ മനസ്സ് എത്ര തവണ കയറിയിറങ്ങിയിട്ടും. കാരണം ഇത് കവിതയാണ്. ഹാളിൽ പായവിരിച്ചാൽ ബെഡ്റൂമും മുസല്ല വിരിച്ചാൽ പള്ളിയും ഇറങ്ങി പോകുന്നവരെ ഓർത്ത് ദുഃഖിക്കുമ്പോൾ മരണവീടുമാകുന്ന വീടിന്റെ രൂപാന്തരം പല പ്രകാരങ്ങളിൽ കാണാം.

വീടിനെ ഭൂമിയിലേക്കോ ലോകത്തേക്കോ പരിഷ്കരിച്ച് ഞെളിയുന്ന ആദർശഭാരങ്ങളൊന്നും ഈ കവിതകൾക്ക് ബാധകമല്ല. നിസ്സാരത്തിൽ തുടങ്ങുന്ന വിചാരങ്ങൾ, ചില നേരുകൾ കൊണ്ട് കവിതയുടെ അകത്താക്കി നമുക്ക് അഭയവും സാന്ത്വനവും നൽകുന്നു.

“വീട് ഉമ്മയെപ്പോലെയാണ്.
സങ്കടങ്ങളിറക്കി വെക്കാനൊരിടം.
പരുക്കനിട്ട കോലായയിൽ
തനിച്ചിരിക്കുമ്പോൾ
പുറത്ത് തട്ടി സമാധാനിപ്പിക്കും”
(വീട് ചിരിക്കുന്നു – അഹമ്മദ് മുഈനുദ്ദീൻ)

തിണ്ണമിടുക്കായും ഗൃഹാതുര കാപട്യങ്ങളായും വീടും നാടും ആവേശിക്കുന്ന കാലത്ത് വൈകാരിക ബന്ധത്തിന്റെ പശിമയിൽ പടുത്തതാണ് ഈ വീട് എന്നറിയിക്കുവാൻ ഈ ഒറ്റക്കവിത തന്നെ ധാരാളം.

Naalvazhikal

ജീവിതത്തെ ഖണ്ഡശ്ശയായി പറത്തിവിടുന്ന കവിതകൾ

എല്ലാറ്റിലും ജീവന്റെ തുടിപ്പുകളുണ്ടെന്ന ഉറപ്പ് ഏറെ പ്രഖ്യാപിച്ച സർഗ്ഗരൂപമാണ് കവിത. ജീവം-അജീവം, ചരം-അചരം എന്നീ വേർതിരിവുകൾ റദ്ദ് ചെയ്യുന്നിടത്താണ് കവിത അതിന്റെ ജീവിതം ചലനാത്മകമാക്കുന്നത്. ഞെട്ടറ്റു വീണ മാമ്പഴത്തിലും കത്തിയാളുന്ന ചിതയിലും അരയുന്ന ചന്ദനത്തിലും ഒരു കിളിത്തൂവലിലും കവിത ജീവിതത്തെ കാണുന്നു.

അതിനാൽ തന്നെ മഴകൊണ്ടും യാത്രചെയ്തും ഉറക്കമൊഴിച്ചും വായിച്ചും ജീവിതത്തെ ഒപ്പിയെടുക്കുന്നതിന്റെ മുദ്രകൾ ശ്രുതി കെ എസിന്റെ കവിതകളിൽ കാണാം.

“ഓരോ യാത്രയിലും
അവളൊരു പുസ്തകമാകും!
എത്ര ചെറിയ ദൂരത്തേക്കായാലും
പതിവായി കരുതുന്ന
പുസ്തകം പോലെ
അവളും ചുളുങ്ങി.. മടങ്ങി…”
(പുനർവായന – ശ്രുതി കെ എസ്)

‘ആർക്കും വായിക്കാവുന്ന ലഘുഗ്രന്ഥമാണ് ഞാൻ’ എന്ന് ബഷീർ എഴുതുന്നതിൽ നിന്ന് വ്യത്യസ്തമാണ് യാത്രയിൽ ചുളുങ്ങി മടങ്ങി വിധേയപ്പെടുന്ന പുസ്തകം പോലെ ശ്രുതിയിലുള്ള അവൾ. അവൾ തന്നെയാണ് മഴയെ പ്രണയിച്ച് പനി പിടിച്ചവൾ, കണ്ണിൽ തോരാമഴ തളംകെട്ടി നിർത്തിയവൾ, ഒരു മഴയിൽ കുതിർന്ന് ശരീരം ചീർത്ത് പോയവൾ.

ആണധികാര കാല്പനികതയെ തിരുത്തുന്ന കൽപ്പനകൾ

മുക്കും മൂലയും ചേർത്തടിക്കുന്നതിനിടെ മൂക്കും മുലയും തെറിച്ച വിചാരച്ചന്തിയിൽ നുള്ളുവാങ്ങി സംശയം ഒന്നോടെ തീർന്ന് ഒരൊറ്റ പുള്ളിയുടെ അന്തംവിട്ട നേരിൽ തുടങ്ങുന്നു നഫീസത്ത് ബീവിയുടെ കവിതകൾ. അതുകൊണ്ട് ആ കവിതകൾ പൊതുവേ നമ്മെ ബാധിച്ച കാല്പനിക ദുർമേദസ്സിനെ, ജീർണതയെ തിരുത്തുകയാണ്. പുതിയ കൽപ്പനകളുടെ വിധ്വംസകമായ വിന്യാസം പെൺമയെ, കവിതയുടെ മാറ്റിയെഴുത്തായി അടയാളപ്പെടുത്തുന്നു. ശംഖുപുഷ്പത്തിന്റെ യോനീസദൃശതയെ ‘അപരാജിത’ എന്ന പേരുകൊണ്ട് ആൺ നിർണയ ഇംഗിതങ്ങളെ പരിക്കേൽപ്പിക്കുന്നു. വെട്ടിക്കൂട്ടിയാലും പേരിൽ നിന്നും വള്ളിയിൽ നിന്നും വിത്തിൽ നിന്നും മുളച്ചുയരുന്ന ആ തിരിച്ചറിവ് നഫീസത്ത് ബീവിയുടെ കവിതകളിലുടനീളം കാണാം.

വിടർന്ന് ചിരിക്കുന്ന പൂവാകാകാനല്ല,
”മരിച്ചതിനു ശേഷവും വാതിലുകളും
ജനലുകളുമാവാൻ കഴിയുന്നൊരു മരം” ആകണമെന്നാണ് ഈ കവിതകളുടെ അന്തർഗതം.
ആൺവഴിയധികാരത്തുണകളില്ലാതെ നിർഭയം നടന്നു പോകുന്ന ബദൽ ലാവണ്യസാരത്തിന്റെ കരുത്തുണ്ട് ഓരോ കവിതയിലും.

“ഈ തെറ്റായ വഴിയിലൂടെ
ഇനിയുള്ള കാലം ഞാൻ നടക്കുകയാണ്.
ദയവായി എനിക്ക് വഴിതെളിക്കാൻ വരരുത്…”
ഉൾക്കനമുള്ള ഈ താക്കീതിന്റെ ഭാവമണ്ഡലം കൃത്യമായി വിശകലനം ചെയ്യുന്നു വിജില എന്നതും ശ്രദ്ധേയം.

Naalvazhikal-Book-Review

ഒറ്റവാക്കിന്റെ തോണിയിൽ പ്രണയവും കവിതയും

“നന്നായി വേദനിക്കുമ്പോൾ കണ്ണീരിന് പകരം കവിത കിനിയുന്നു” എന്ന ആത്മഗദ്ഗദങ്ങളാൽ വിളറുന്നുവെങ്കിലും വാക്കിന്റെ തോണിയിൽ മറുകര താണ്ടുന്ന പ്രണയവും കവിതയുമാണ് കെ എസ് കൃഷ്ണകുമാറിന്റേത്. പ്രണയത്തെ വാക്കിന്റെ തോണിയിലിരുത്തി തുഴഞ്ഞു പോകുന്ന കവിത. ഇത്രമേൽ ഭാവാത്മകമായ നിരീക്ഷണങ്ങൾ ഈ കവിതകളിൽ ജീവിതാഭിരതിയുടെ സൂക്ഷ്മ സന്ദേശമാകുന്നുണ്ട്. ഭ്രാന്ത്, അലച്ചിൽ, കരച്ചിൽ, ഏകാകിത, അബോധധാര എന്നിവയാൽ ഞെരങ്ങുമ്പോഴും മണ്ണുകൊണ്ടുരുവപ്പെട്ട ഉടൽ വീണയിൽ പ്രിയമെഴുന്നൊരാൾക്ക് വേണ്ടി പൊഴിയുന്ന രാഗവിസ്താരം പോലെ ഓരോ കവിതയും തെളിയുന്നു.

“ഒറ്റവിളിയിൽ തീരും
നിന്റെ കടമ.
ഒരു നിലവിളിയിൽ ഞാനും”
(തീർപ്പ് – കെ എസ് കൃഷ്ണകുമാർ)

“ഇനി ജനിക്കുമ്പോൾ
ആ ഗ്രന്ഥികളുണ്ടാകരുത്.
പറ്റിക്കപ്പെടുമ്പോഴും
വീണ്ടും വീണ്ടും അടിമപ്പെടുന്നതിന്റെ”
(കാത്തിരിപ്പു മുറി – കെ എസ് കൃഷ്ണകുമാർ)

എന്നല്ലാം പരിഭവപ്പെടുമ്പോഴുമുണ്ട്, ഉള്ളിൽ നിരുപാധിക സ്നേഹത്തിന്റെ അഗാധത. ആഖ്യാനത്തിലും പ്രമേയത്തിലും പുതുമയുള്ള ഈ നാൽവഴിക്കവിതകൾ മലയാള കവിതയുടെ നാൾവഴി ചരിത്രത്തിൽ, ഭാവുകത്വ നിർണയത്തിൽ സംവാദാത്മകമായി ഇടപെടുകതന്നെ ചെയ്യും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...