premnaseer_athmaonline

ഓർമ്മകളുടെ ചന്ദ്രകളഭം മായാതെ കിടക്കുന്നു

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി….

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ….

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടൊ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ…..

പ്രേം നസീര്‍ മരിച്ചിട്ടും
പത്താം ക്ലാസ് കഴിഞ്ഞിട്ടും
മുപ്പത്തിയൊന്ന് വര്‍ഷം (16/01/1989)

പത്താംക്ലാസ്സിലെ പരീക്ഷയുടെ ചൂടുള്ള ഓട്ടോഗ്രാഫ് ദിനങ്ങളായിരുന്നുവത്. ഇന്റര്‍വെല്‍ സമയത്താണ് ഓട്ടോഗ്രാഫെഴുതിക്കാന്‍ കൂട്ടുകാരുമായി നടക്കുക. രണ്ടുമാസം പോലുമില്ല പരീക്ഷയ്ക്ക്, ഓട്ടോഗ്രാഫും കൊണ്ട് കളിച്ചു നടന്നോയെന്ന് ടീച്ചേഴ്സ് വഴക്കു പറയും.

തിങ്കളാഴ്ച ഇടവേള കഴിഞ്ഞുള്ള ആദ്യ പിരിയഡ് മലയാളമാണ്. മലയാളത്തിന് മറ്റു ക്ലാസിലെ മലയാളം കുട്ടികള്‍ ഞങ്ങളുടെ പത്ത് ഡി (XD) യിലേക്ക് വരും. ഇങ്ങോട്ട് വരുന്നതെല്ലാം പെണ്‍കുട്ടികളാണ്. സംസ്കൃതം, അറബിക് കുട്ടികള്‍ മറ്റുക്ലാസ്സിലേക്കും പോകും.

കാവുട്ടി ടീച്ചറാണ് മലയാളം, മലയാളം ബി തുടങ്ങിയവ പഠിപ്പിക്കുന്നത്. എനിക്ക് ഏറെ പ്രിയപ്പെട്ട ടീച്ചറാണ്. എങ്കിലും എന്റെ ഓട്ടോഗ്രാഫില്‍ ടീച്ചര്‍ ഒന്നും എഴുതിയില്ലായിരുന്നു. അതിന്റെയൊരു നീരസം എനിക്ക് ടീച്ചറോട് ഉണ്ടായിരുന്നു പഠിക്കുന്ന കുട്ടികള്‍ ഓട്ടോഗ്രാഫ്, നാടകം എന്നൊക്കെ പറഞ്ഞ് കളിച്ചു നടക്കുന്നുവെന്നാണ് ടീച്ചര്‍ കാരണം പറഞ്ഞത് .

സ്കൂളിലെ ഏറ്റവും പ്രായമുള്ള ടീച്ചറാണ് കാവുട്ടി ടീച്ചര്‍. മുടിയൊക്കെ അപ്പൂപ്പന്‍ താടിപോലെ തൂവള്ളയുള്ള ഒരു മുത്തശ്ശി ടീച്ചര്‍. ക്ലാസ്സെടുക്കുമ്പോള്‍ ഒരുപാട് കഥ പറഞ്ഞുതരുന്ന ടീച്ചര്‍.

ചൂരലും മലയാള പാഠപുസ്തകവുമായി ടീച്ചര്‍ ടീച്ചേഴ്സ് റൂമില്‍ നിന്നും ഇറങ്ങി നടക്കുന്നത് വാതിലുകളില്ലാത്ത വലിയ ജനലിലൂടെ കാണാം. ടീച്ചര്‍ വരുന്നെന്ന് ആരോ വിളിച്ചു പറഞ്ഞപ്പോള്‍ ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി.

ക്ലാസ്സിലേക്ക് കടന്നുവന്നതും ചൂരലും പുസ്തകവും മേശപ്പുറത്തേക്ക് വെച്ച് ടീച്ചര്‍ പൊടുന്നനെയാണത് പറഞ്ഞത്. നിങ്ങളാരെങ്കിലും അറിഞ്ഞോ പ്രേം നസീര്‍ മരണപ്പെട്ടു. പിന്നീടെന്തോ ഓര്‍ത്ത ദുഃഖത്തോടെ ടീച്ചര്‍ കസേരയില്‍ ചെന്നിരുന്നു. ആണ്‍കുട്ടികളുടെ ഭാഗത്ത് പലരുടെ മുഖത്തും ടീച്ചറുടെ മുഖത്തില്‍ നിന്നും ദുഃഖഛായ പടര്‍ന്നു. എങ്ങനെ, എപ്പോള്‍, ഇന്നലേ കൂടി സിനിമ കണ്ടതാണല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പലരില്‍ നിന്നായി ഉതിര്‍ന്നുവീണു..

premnaseer

കുറച്ച് നേരത്തിന് ശേഷം എഴുന്നേറ്റ് വന്ന് മേശയോട് ചാരി നിന്ന് കാവുട്ടി ടീച്ചര്‍ നസീറിനെ കുറിച്ച് കുറേ സംസാരിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍, ഗിന്നസ് റെക്കോര്‍ഡ്, യഥാര്‍ത്ഥ പേര് അബ്ദുള്‍ ഖാദറാണെന്നത്, രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്, കുറച്ചുനാളായി ഹോസ്പിറ്റലില്‍ കിടപ്പായിരുന്നത്. അവസാനം റിലീസായ ധ്വനിയെന്ന സിനിമയെ കുറിച്ച്, ഇനിയും പൂര്‍ത്തിയാവാത്ത കടത്തനാടന്‍ അമ്പാടിയെന്ന സിനിമ വരാനുള്ളത്.

ടീച്ചറൊരു നസീര്‍ ആരാധിക ആയിരുന്നുവെന്ന് തോന്നിപ്പിക്കും വിധം വള്ളിപുള്ളി വിടാതെ കൃത്യമായൊരു വിവരണം നടത്തി. ഈ വിവരണത്തില്‍ നിന്നും ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ നൂറില്‍ നൂറ് മാര്‍ക്കും എനിക്കാവും. അത്രയേറെ നസീര്‍ ചിത്രങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്.

ആ പിരിയഡ് നസീര്‍ ചരിതങ്ങളില്‍ തീര്‍ന്നുപോയി. ബെല്ലടിക്കുംമുമ്പേ ടീച്ചര്‍ മടങ്ങിപ്പോയി. ഞങ്ങള്‍ പ്രേം നസീറിനെ കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ മുഴുകി. ക്ലാസ്സ് മുറി ശബ്ദമുഖരിതമായി.

premnaseer

സുരേഷും രമേഷും വിജയനും നസീറും റാഫിയും പ്രവീണും സുനിലുമൊക്കെ അവരവര്‍ കണ്ട നസീര്‍ സിനിമകളെ കുറിച്ച് പറയാന്‍ തുടങ്ങി. നസീര്‍ സിനിമ കണ്ടിട്ടുള്ള പെണ്‍കുട്ടികളും ഞങ്ങളുടെ നസീര്‍ പുരാണങ്ങളില്‍ കൂട്ടുചേര്‍ന്നു. സുമയും ഉഷയും ഷീബയും ശ്രീജയുമൊക്കെ സൈനയില്‍ നിന്നും നസീര്‍ സിനിമ കണാറുള്ളവരാണ്.

ഞാനുമെന്റെ നസീറനുഭവങ്ങള്‍ ഓര്‍ത്തു. സുമംഗല ടീച്ചറുടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സുകുവേട്ടനെന്നെ ആദ്യമായൊരു സിനിമയ്ക്ക് കൊണ്ടുപോകുന്നത്. ചന്തയിലെ സൈന ടാക്കീസിലേക്ക്. നസീര്‍ അഭിനയിച്ച ‘യാഗാശ്വം’ എന്ന സിനിമയാണത്. രണ്ടാമത് കണ്ട ‘അന്തപ്പുര’ത്തിലും മൂന്നമത് കണ്ട ‘ആരോമലുണ്ണി’യിലും നാലാമത് കണ്ട ‘തച്ചോളി അമ്പു’വിലും നസീറുണ്ടായിരുന്നു.
ആ പ്രായത്തില്‍ സിനിമയെന്നാല്‍ നസീറും ജയനും മാത്രമായിരുന്നു.

premnaseer

അന്തപ്പുരത്തിലെ വാടക ഭര്‍ത്താവ്, വടക്കന്‍ പാട്ടിലെ ആരോമലുണ്ണി, അരക്കള്ളന്‍ മുക്കാക്കള്ളനിലെ അനിയന്‍ കള്ളന്‍, ആട്ടക്കലാശത്തിലെ സംശയമുള്ള ചേട്ടന്‍, പാര്‍വ്വതിയിലെ വില്ലന്‍, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍, അച്ചാരം അമ്മിണി ഒാശാരം ഓമനയിലെ ഇരട്ടവേഷങ്ങള്‍, മണിത്താലിയിലെ നല്ലവനായ പണക്കാരന്‍ ഭര്‍ത്താവ്, കടമുറ്റത്തച്ഛനിലെ മാന്ത്രികന്‍ എന്നിങ്ങനെ ഇത്തിക്കരപക്കി, സിഐഡി നസീര്‍, പോസ്റ്റ്മാനെ കാണ്‍മാനില്ല, കൊടുങ്കാറ്റ്, പിരിയില്ല നാം, ഭൂകമ്പം, പാസ്പ്പോര്‍ട്ട് തുടങ്ങിയ നിരവധി സിനിമകളാണ് അക്കാലയളവില്‍ കണ്ടുതീര്‍ത്തത്

മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകനെന്ന് വിളിക്കപ്പെടുന്ന ഈ നടന്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറുകൂടിയാണ്.

വിദ്യാഭ്യാസ കാലത്തേ നടകത്തില്‍ കഴിവ് തെളിയിച്ച നടനായിരുന്നു. ത്യാഗസീമ എന്ന സിനിമയിലാണ് ആദ്യമഭിനയിച്ചതെങ്കില്‍ ആ സിനിമ റിലീസ് ചെയ്തിരുന്നില്ല.

മൂന്നാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ കുഞ്ചാക്കായുടെ നിര്‍ദ്ദേശപ്രകാരം തിക്കുറുശ്ശിയാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീർ എന്ന പേര് കുഞ്ചാക്കോ പ്രേം നസീർ എന്നാക്കി.
മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.

672 മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്.

1978 – ൽ 41 ചിത്രങ്ങളും 1979 – ൽ അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങളും പുറത്തിറങ്ങി. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്.

1980 – ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് പ്രഥമ ഔട്ട്സ്റ്റാന്‍ണ്ടിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചു.

രമേശ് പെരുമ്പിലാവ്

Leave a Reply

Your email address will not be published. Required fields are marked *