യതി – വെളിച്ചം വിതറുന്ന വിചാരങ്ങൾ

220.00

Yathi – Velicham Vitharunna Vazhikal
Writer : Shoukath
Topic : Philosophy
Publishers : Nithyanjali
Language : Malayalam
Cover Design : Rajesh Chalode
Year : 2019

Description

shoukkath

അതിരാവിലെ എണീറ്റു നടക്കുവാന്‍ പോകുമ്പോള്‍ പച്ചപുല്‍ത്തകിടിയിലിരുന്ന് മിന്നുന്ന ഓരോ മഞ്ഞുതുള്ളിയിലും അംശുമാന്റെ കിരണംവന്ന് തട്ടുമ്പോള്‍ ഒന്നില്‍നിന്നും ഇന്ദ്രനീലം, വേറൊന്നില്‍ പവിഴം, മരതകം ഇങ്ങനെ ഓരോരോ നിറങ്ങള്‍ വരുന്നത് കാണാന്‍ കഴിയും. അതൊക്കെകണ്ട് അത്ഭുതപരതന്ത്രരായി നില്‍ക്കുമ്പോള്‍ ആത്മാവുതന്നെ നമ്മുടെ വഴി കവിതയായി രചിച്ചിരിക്കുന്നുവെന്ന് തോന്നുന്നില്ലേ? അപ്പോള്‍ നമുക്ക് ആത്മാവിനെകൊണ്ട് ആത്മാവില്‍തന്നെ തുഷ്ടി ഉണ്ടായിരിക്കുന്നെന്നു പറയാം. അതായത് ആത്മതുഷ്ടി ഉണ്ടായിരിക്കുന്നുവെന്ന്.

മനോഹരമായിട്ടുള്ള ആ മഞ്ഞുതുള്ളികളില്‍കൂടി കയറിനടന്നാല്‍ അതിമനോഹരമായിട്ടുള്ള വര്‍ണ്ണരാജികളെല്ലാം പൊലിഞ്ഞുപോകും. അതുകണ്ടിട്ടും നിഷ്ഠൂരനായി പിന്നെയുള്ള മഞ്ഞുതുള്ളികളേയും ചവിട്ടിതേക്കുന്നെങ്കില്‍ എന്റെ മനസ്സ് എത്ര കര്‍ക്കശമായിരിക്കണം. എന്നാല്‍ അതുകണ്ട് എന്റെ ഈശ്വരാ ഇതെന്തൊരത്ഭുതം! ഓരോ മഞ്ഞുതുള്ളികളില്‍പോലും ഇത്രയുമധികം സൗന്ദര്യംകൊണ്ടുവന്ന് കാലത്തെ പകര്‍ന്നുവെച്ച് കണ്ണിന് വിഭവം ഒരുക്കുന്നല്ലോ എന്നുവിചാരിച്ചാല്‍ ആത്മതുഷ്ടിയായി. അപ്പോഴെനിക്ക് ലോകം, ഈശ്വരന്‍, ഞാന്‍ ഒന്നും വേറെവേറെയല്ല.

പ്രജ്ഞയെ എപ്പോഴാണോ സുപ്രകാശിതവും മനോഹരവും മാധുര്യമുള്ളതും കവിത നിറഞ്ഞതും ദര്‍ശനങ്ങളുടെ ഒരു വലിയ വിഭവവുമാക്കുവാന്‍ കഴിയുന്നത്, അപ്പോള്‍ മാത്രമാണ് നിങ്ങളൊരു സ്ഥിതപ്രജ്ഞനായിത്തീരുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് എതിരായിട്ട് ഒന്നും കാണാനാവുന്നില്ല.

എതിര്‍വശത്തുനിന്നു വരുന്ന നിങ്ങളെ സൂക്ഷിച്ചുനോക്കുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നില്ലേ, എന്റെ ഈശ്വരാ! നിനക്കെന്നെ കണ്ടിട്ട് മനസ്സിലാകുന്നില്ലേ എന്ന്. നീയും ഞാനും കള്ളവേഷംകെട്ടി നടക്കുമ്പോള്‍ രണ്ടുപേരുടേയെും ഉള്ളിലിരുന്ന് അന്വേഷണകൗതുകത്തോടുകൂടി അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നത് ഒരു പ്രജ്ഞയുടെ പ്രകാശനമല്ലേ എന്ന്. ലോകംതന്നെ ഏറ്റവും മനോഹരമായിട്ടുള്ള സന്തോഷത്തെ സര്‍വ്വദാ പ്രദാനംചെയ്യുന്നതായ നാടകമായറിഞ്ഞ് അതില്‍ ആഹ്ലാദിക്കുമ്പോൾ നാം സ്ഥിതപ്രജ്ഞനായിത്തീരും.

ഷൗക്കത്ത്