pukazhenthi

മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…

ഗിരീഷ് വർമ്മ ബാലുശ്ശേരി

മണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് … അവരോടു സല്ലപിച്ചത് . ജീവന്റെ ഒരംശം തന്നെ. പലതും കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഇവിടെ ഉണ്ടാവും.. തലമുറകൾ കൈമാറി കൈമാറി…! മറ്റെന്താണ് ഒരു കലാകാരന് വേണ്ടത്. അനുഭവിക്കുന്നവന്റെ മനസ്സിൽ തീർത്ത സ്മാരകങ്ങൾ, ഓർമ്മകളിൽ അവരെന്നും താലോലിച്ചുകൊണ്ട് … കലാകാരൻ ചിരഞ്ജീവി ആണ്. അവൻ കൈകുറ്റപ്പാടുകൾ തീർത്ത് നമുക്ക് തന്നിട്ടുപോയ അമൂല്യമായത് സംരക്ഷിക്കപ്പെടുന്ന കാലത്തോളം ..

ദീർഘകാലം സിനിമാവ്യവസായവുമായി ചേർന്ന് ജീവിച്ചിരുന്ന ശ്രീ കെ വേലപ്പൻ നായർ എന്ന സാക്ഷാൽ പുകഴേന്തി എന്ന സംഗീതസംവിധായകന്റെ അമൂല്യമായ കുറച്ചു കലാസമ്പത്ത് കാത്തുസൂക്ഷിക്കുന്ന കാവൽക്കാരാണ് നമ്മളിൽ ചിലർ… ഇടയ്ക്കു പൊടി തട്ടി മിനുക്കി വെക്കുമ്പോൾ ആ പഴയ ഹാർമോണിയത്തിൽ രാഗങ്ങൾ ഉണരും… അസ്വസ്ഥമായിരിക്കുന്ന നമ്മുടെ മനസ്സിലേക്ക് അതിന്റെ അലകൾ ഞൊറി ഞൊറിയായി കയറിയിറങ്ങും..

സുന്ദര രാവിൽ ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ….
പ്രണയപരവശയായ ഒരു കാമുകിയുടെ വിചാരവികാരങ്ങൾ ഭംഗിയായി എഴുതിവെച്ച പി.ഭാസ്കരൻ.. ഓരോ വരികൾക്കും വേണ്ട വിധത്തിൽ ഭാവം പകർന്നു കൊടുത്തുകൊണ്ട് ശ്രീ പുകഴേന്തി … ആദ്യനൊമ്പരം എന്ന പ്രയോഗം, എസ് . ജാനകിയുടെ ശബ്ദത്തിലൂടെ പകർന്നുവെച്ചിരിക്കുന്നത് വാക്കുകളാൽ വിവരിക്കുക അസാധ്യം. എങ്ങിനെ എങ്ങിനെ പറയുവതെങ്ങിനെ എന്നയിടത്തും കാമുകിയുടെ വിവശത തെളിഞ്ഞുകാണാം. വരികളറിഞ്ഞു സംഗീതം ചെയ്യുന്നിടത്താണ് ആ പാട്ടിന്റെ വിജയം . വളരെ കുറച്ചേ മലയാളത്തിൽ പാട്ടുകൾ ഒരുക്കിയിട്ടുള്ളൂ ഇദ്ദേഹം. എന്തിനാ ഏറെ! എന്ന് തോന്നിപ്പോകും.. കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുകയല്ലേ…

1965 ൽ മുതലാളി എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളുമായി അരങ്ങേറി ശ്രീ പുകഴേന്തി.. പ്രഗത്ഭമതികൾ അന്ന് അരങ്ങു തകർക്കുന്ന സമയം.. ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടില്ലേലുംൻ 1967 ൽ ഭാഗ്യമുദ്രയിലൂടെ വീണ്ടും ഭാഗ്യപരീക്ഷണം.. മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണ് നീ മാസങ്ങളിൽ നല്ല കന്നിമാസം എന്ന കിടുക്കൻ ഗാനവുമായി തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു അദ്ദേഹം.. മധുരപ്രതീക്ഷകളുടെ പൂങ്കാവനത്തിൽ ആ മണിവേണുഗായകനെ കണ്ടെത്തുകയായിരുന്നു ഞങ്ങൾ…

1969 ൽ വിലകുറഞ്ഞ മനുഷ്യർ എന്ന ചിത്രത്തിന് വേണ്ടി ഗോപുരകിളിവാതിലിൽ ഞാൻ നൂപുരധ്വനി കേട്ട നാൾ ഒരു നാടകഗാനത്തിന്റെ മധുരിമയോടെ , പുതുമയോടെ പാട്ടാസ്വാദകർ അനുഭവിച്ചു… അങ്ങിനെ 1971 ലെ ആ മാസ്റ്റർപീസ് പിറന്നു… സുന്ദരരാവിൽ …

പതിവ് ഗാനരചയിതാവിൽ നിന്നും ശ്രീകുമാരൻ തമ്പി ഭാവനകളോടൊപ്പം അദ്ദേഹം മറ്റൊരു സംഗീതലയം തീർത്തു… വീണ്ടും 1971 തന്നെ എന്നത്തേയും ആ അപാരസുന്ദരഗാനം പിറക്കുകയായിരുന്നു… പി ഭാസ്കരൻ രചനയോടൊപ്പം അപാരസുന്ദര നീലാകാശം എന്ന ഗാനം… പ്രപഞ്ചത്തിലെ സകലതിനെയും ചേർത്തുവെച്ചു കൊണ്ട് മനുഷ്യമനസ്സിലെ ഇത്തിരി ആശകളെയും, കുഞ്ഞുപ്രണയത്തെയും, നഷ്ടങ്ങളെയും എല്ലാം തഴുകി കടന്നുപോയ ഗാനം… അപാരതയിലെ സംഗീതം.. ചക്രവാളത്തിൽ അലയടിച്ചുയുർന്നു കൊണ്ടേ ഇരിക്കും… മനുഷ്യനുള്ളേടത്തോളം കാലം..

വിത്തുകൾ എന്ന ചലച്ചിത്രത്തിലെ ഈ ഗാനത്തോടൊപ്പം എസ് ജാനകിയുടെ ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചു. എന്നതും ഏറെ ഹൃദ്യം…
1971 ൽ മൂന്നു പൂക്കളിലെ എല്ലാം ഗാനങ്ങളും ഹിറ്റായിരുന്നു.. ഒന്നാനാം പൂമരത്തിൽ….കണ്മുനയാലേ ചീട്ടുകൾ കശക്കി ..വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ …സഖീ… കുങ്കുമമോ… എന്നിവയോരോന്നും വ്യത്യസ്തതകൾ നിറഞ്ഞ സൃഷ്ടികൾ ആയിരുന്നു.

1972 ലാണ് എസ് ജാനകിയുടെ മധുരശബ്ദത്തിലൂടെ ലോകം മുഴുവൻ സുഖം പകരാനുള്ള പ്രാർത്ഥന നിറഞ്ഞ ഗാനം… സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിലെ പി ഭാസ്കരന്റെ നന്മയെ പ്രകീർത്തിക്കുന്ന പ്രകാശത്തെ കെടാതെ നിലനിർത്താൻ മനുഷ്യമനസ്സിനെ പാകപ്പെടുത്തുന്ന ആ ഗാനം.. അതിലെ തന്നെ രണ്ടു അപൂർവ പ്രണയഗാനങ്ങളും കേൾക്കേണ്ടതാണ്.. നിന്റെ മിഴികൾ നീല മിഴികൾ എന്നെയിന്നലെ ക്ഷണിച്ചു… എന്നത്.. ആ രാഗസ്വപ്നത്തിൻ തരംഗിണിയിലൂടെ മിഥുനങ്ങൾ ഒഴുകിയൊഴുകി ഏതോ വിജനതയിൽ ലയിക്കുന്ന, അല്ലെങ്കിൽ ഒന്നാവുന്ന മധുര സങ്കല്പങ്ങൾ.. എന്തൊരു സംഗീതം… എന്തൊരു ഭാവം.. കണ്ണടഞ്ഞുപോവും.. ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ പൊട്ടിചിരിച്ചപ്പോൾ എന്ന ഗാനവും എടുത്തുപറയേണ്ടത് ..

പിന്നീടിങ്ങോട്ട് അദ്ദേഹത്തിന് മലയാളത്തിൽ അവസരങ്ങൾ തീരെ ഇല്ലാതായതായി കാണുന്നു… ശ്രീകുമാരൻ തമ്പിയുടെ അഗ്നിപർവതം എന്ന ചിത്രത്തിലെ കുടുംബം.. സ്നേഹത്തിൻ പൊന്നമ്പലം , ഏണിപ്പടികൾ തകർന്നുവീണാൽ… എന്നീ ഗാനങ്ങളും ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്…
തമിഴിൽ കെ വി മഹാദേവന്റെ ഓർക്കസ്ട്ര ടീമിലെ അംഗമായി ഏറെ നാൾ…. ശങ്കരാഭരണത്തിലെ ഗാനങ്ങൾ ഒരുക്കുമ്പോൾ പുകഴേന്തി എന്ന സംഗീതജ്ഞന്റെ കഴിവും, പങ്കും അതിൽ നന്നായി ഇഴുകിച്ചേർന്നിരിക്കുന്നു അതിലെ ഗായകൻ ശ്രീ എസ് പി ബാലസുബ്രഹ്മണ്യം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. മലയാളത്തിന് എന്നെന്നും ഓർക്കാൻ കുറച്ചു മാത്രമേ തന്നിട്ടുള്ളുവെങ്കിലും അത് ഏതിരുളിലും ഉജ്വലപ്രകാശത്തോടെ ശോഭിക്കുന്ന കലാരത്നങ്ങൾ തന്നെയാണ്…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

%d bloggers like this: