rajeev-alunkal-wp

അച്ഛനെന്ന തണൽമരം

രാജീവ് ആലുങ്കൽ

എന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓർമ്മ വച്ച കാലം മുതൽ എന്നെ വളർത്തിയത്. ആ കരുതലിലും, കാരുണ്യത്തിലുമാണ് ഞാൻ രൂപപ്പെട്ടത്. നാലാം വയസ്സിൽ അമ്മയേയും പതിനാറാം വയസ്സിൽ കൂടപ്പിറപ്പായ അനുജനേയും നഷ്ടപ്പെട്ട് ജീവിതം പൊള്ളിപ്പോയപ്പോഴൊക്കെ അച്ഛന്റെ തണലിൽ എന്റെ മനസ്സിന്റെ മുറിവുകൾ പതുക്കെ ഉണങ്ങിപ്പോയി. അച്ഛനെന്ന മനസ്സാക്ഷിയോട് നീതി പുലർത്താൻ കൂടിയാണ് മദ്യപിക്കാതെയും പുകവലിക്കാതെയും ഞാൻ ഈ നിമിഷം വരെ കടന്നെത്തിയത്. പത്തൊൻപതാം വയസ്സിൽ സുരക്ഷിതമായ വഴിയിൽ നിന്നു മാറി കലയുടെ ലോകത്ത് കാലെടുത്തു വയ്ക്കുമ്പോഴും, വേറിട്ട കിനാവുകൾ നിറവേറ്റാൻ ഓടി നടന്നപ്പോഴും അച്ഛന്റെ എതിർപ്പില്ലായ്മയാണ് എനിയ്ക്ക് കരുത്തായത്. കൗമാരകാലത്ത് ഒരിക്കൽ ഞാൻ ” അച്ഛനും ഞാനും ” എന്ന പേരിൽ കവിത എഴുതി.

” അഗ്നിപർവ്വതങ്ങൾ പോലെ ഏറെ നീറിയും,
അഴലുപേറി ആധിയേറി മിഴികളൂറിയും,
ഞങ്ങൾ രണ്ടുമൊരു തണൽ തണുപ്പിലൊന്നുപോൽ,
വിങ്ങിടുന്ന നെഞ്ചുമായ് കഴിഞ്ഞു ഏറെ നാൾ… ”

എന്റെ അഭിപ്രായ വ്യത്യാസങ്ങളേയും, ആത്മസംഘർഷങ്ങളേയും അച്ഛൻ പക്വതയോടെ നേരിട്ടു. ആലപ്പുഴ ജില്ലയ്ക്കു പുറത്തേയ്ക്ക് യാത്ര ചെയ്യാഞ്ഞ അച്ചൻ 1997ൽ ആദ്യമായി എനിയ്ക്കു ലഭിച്ച നാന ഗ്യാലപ്പ് പോൾ അവാർഡ് സ്വീകരിക്കുന്നതു കാണാൻ അപ്രതീക്ഷിതമായി കൊല്ലത്തെത്തി, സദസ്സിനു മുന്നിലിരുന്ന് എന്നെ ഞെട്ടിച്ചു. എന്റെ ആദ്യ സിനിമ കാണാൻ 30വർഷങ്ങൾക്കു ശേഷം തീയറ്ററിൽ എത്തി.

പിന്നീട് അച്ഛനേ എനിക്ക് സിനിമാപ്പാട്ടിലാക്കാനായി.

” ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
ആ – മരത്തണലിലുറങ്ങാൻ
ഇനിയും കാതോർത്തു ദൂര നിൽക്കാം ഞാൻ
അച്ഛന്റെ പിൻ വിളി കേൾക്കാൻ…”

കവിത കേട്ടും, പാട്ടുകേട്ടും അച്ഛൻ ഒന്നും എന്നോടു പറഞ്ഞില്ല. അതിൽ എനിയ്ക്ക് വല്ലാത്ത നൊമ്പരവും, പ്രതിക്ഷേധവുമുണ്ടായിരുന്നു. കൂട്ടുകാരുടെ അച്ഛൻമാരേപോലെ എന്റെ അച്ഛൻ എന്നേയും ചേർത്തു പിടിക്കുമെന്ന് ആഗ്രഹിച്ചു പോകുമല്ലോ. വല്ലപ്പോഴുമൊരു ചിരിയിലും, കണ്ണുകളിലെ തിളക്കത്തിലും അച്ഛന്റെ സന്തോഷം ഞാൻ തിരിച്ചറിഞ്ഞു. എന്നേക്കുറിച്ചു വരുന്ന പത്ര വാർത്തകൾ അച്ഛൻ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ ആ സ്നേഹ പരിഗണന ഞാൻ അനുഭവിച്ചു. ജീവിതം സമാനതകളില്ലാത്ത വ്യാകുലതകളിലൂടെ കടന്നുപോയതു കൊണ്ടാകാം ഞങ്ങൾ തമ്മിലുള്ള സ്നേഹം ഒരിക്കൽപ്പോലും പ്രകടനാത്മകമായിരുന്നില്ല.

അമ്മ പലർക്കും എന്നും ചെയ്യുന്ന സ്നേഹ മഴയായിരിക്കാം, അച്ഛൻ എനിയ്ക്ക് വല്ലപ്പോഴും പെയ്യുന്ന ആലിപ്പഴമായിരുന്നു.

മരിയ്ക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആശുപത്രിയിൽ അടുത്ത് കിടക്കുന്ന ആളോട് അച്ചൻ ആവേശത്തോടെ എന്നെ പരിചയപ്പെടുത്തി.
“ദേ.ആ നിൽക്കുന്നതാ എന്റെ മകൻ
രാജീവ് ആലുങ്കൽ…. സിനിമാ പാട്ടെഴുത്തുകാരനാ..”
അച്ഛൻ പിന്നേയും ഞാൻ പാട്ടെഴുതിയ സിനിമകളുടെ പേരുപറഞ്ഞ് വാചാലനായ്ക്കൊണ്ടിരുന്നു. ഞാൻ കണ്ണു നനഞ്ഞ് കൗതുകവും അത്ഭുതവും നിറഞ്ഞ് നോക്കി നിന്നു. അത് സ്നേഹത്തിന്റെ ആലിപ്പഴപ്പെയ്ത്തായിരുന്നു.
അച്ഛനുമപ്പുറം എനിക്ക് ദൈവങ്ങളില്ല. ദുഖക്കൊടുംവേനലിലും, ജീവിതദുരന്തങ്ങളിലും, തളരാതെ വസന്തകാലം സ്വപ്നം കണ്ട് അത് നേടിയെടുക്കാൻ കരുത്തായ ധ്യാനബലമാണ് എനിക്ക് അച്ഛൻ. പ്രതികരിക്കാനും, അതിജീവിക്കാനും, അഭിജാതമായി അടയാളപ്പെടുത്താനും, എന്നെ പഠിപ്പിച്ച, അനുഗ്രഹിച്ച മഹാഗുരുവാണ് അച്ഛൻ…!

Leave a Reply

%d bloggers like this: