ആന്തരികമായ യാത്രകളുടെ കൂട്ടുകാരന്‍

രമേഷ് പെരുമ്പിലാവ്

ബാഹ്യമായ സഞ്ചാരത്തേക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ അടയാളപ്പെടുത്തലാണ് ‘ഹിമാലയം എന്ന യാത്രകളുടെ ഒരു പുസ്തകം’. ഹിമാലയം എന്ന അത്ഭുതത്തെ അനാവരം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്രകൂടിയാവുന്നു. ജീവിതം അതിന്റെ അനിശ്ചിതത്വത്തില്‍ ഒളിപ്പിച്ചുവെച്ച കൗതുകങ്ങള്‍ ഒന്നൊന്നായി ഒരു കുട്ടിയോപ്പോലെ തുറന്നുനോക്കി അത്ഭുതപ്പെടുന്ന സഞ്ചാരി അവയെല്ലാം വായനക്കാരനായി പങ്കുവെക്കുന്നു.

ഹരിദ്വാര്‍,ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍, ബദരി എന്നിങ്ങനെ ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നില്ക്കുന്ന ചരിത്രവും മിത്തും മനുഷ്യരും ആത്മീയാനുഭൂതികളും ഒരാത്മാന്വേഷകന്റെ സുക്ഷമതയോടെ ആവിഷ്കരിക്കുന്ന ഹൃദ്യമായ വായനാനുഭവമാണ്, ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ മിസ്റ്റിക് എഴുത്തുകാരനുമായ ഷൗക്കത്ത് എന്ന ഷൗക്കത്ത് സഹജോത്സു എഴുതിയ ഈ യാത്രകളുടെ പുസ്തകം.

മികച്ച യാത്രാവിവരണത്തിനുള്ള 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്. മൂന്നാമത്തെ പതിപ്പ് മാതൃഭൂമി ബുക്സാണ് പ്രസദ്ധീകരിച്ചിരിക്കുന്നത്.

തന്റെ കുട്ടിക്കാലത്തെ ആദ്യ യാത്രകളെ ഓര്‍ത്തെടുത്താണ് ഈ പുസ്തകം തുടങ്ങുന്നത്. കുഞ്ഞുന്നാളില്‍ പോറ്റമ്മയായിരുന്ന മറിയക്കുട്ടിയുടെ കൈയില്‍ പിടിച്ചു് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഉമ്മയുടെ വീട്ടിലേക്ക് അമ്മൂമ്മയെ കാണാന്‍ പോകുമായിരുന്ന ഓര്‍മ്മയാണ് യാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ സ്മരണയില്‍ തെളിയുകയെന്ന് ഷൗക്കത്ത് എഴുതുന്നു.

വയലുകളും തെങ്ങിന്‍ത്തോപ്പുകളും താണ്ടിയുള്ള ആ യാത്ര ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിയിട്ടുണ്ട്. എന്റെയും അനുജന്റെയും കുഞ്ഞിക്കാലുകള്‍ക്ക് അത് വലിയൊരു ‘ഹിമാലയന്‍’ യാത്ര തന്നെയായിരുന്നു. തെങ്ങോലകളിലിരുന്ന് കൂട്ടത്തോടെ കരയുന്ന കാക്കക്കൂട്ടങ്ങളെ കൗതുകത്തോടെ നോക്കിനില്‍ക്കും. ഒരു കാക്കയുടെ മരണത്തില്‍ ദുഃഖിച്ചുള്ള കരച്ചിലാണതെന്ന് മറിയക്കുട്ടി പറഞ്ഞുതരും.

വയലുകളില്‍ ധ്യാനിച്ചിരിക്കുന്ന കൊറ്റികള്‍ ഇന്നത്തെപ്പോലെ അന്നും ഒത്തിരി സന്തോഷിപ്പിച്ചിരുന്നു. പിന്നെ എത്രയോ തരം പക്ഷികള്‍, ആടുമാടുകള്‍. യാത്രയ്ക്കിടയില്‍ വെളിക്കിരിക്കാന്‍ തോന്നും. അതു പറയുമ്പോഴാണ് മറിയക്കുട്ടിയുടെ മുഖം ദേഷ്യം കൊണ്ട് തുടുക്കുക.

ട്രൗസറഴിച്ച് ഏതെങ്കിലും തോട്ടില്‍ ഇറക്കിയിരുത്തും. സ്വപ്‌നംകണ്ട് അങ്ങനെ ഇരിക്കും. ഇനി എവിടെയും പോകണമെന്നില്ലാത്ത അവസ്ഥ. മറിയക്കുട്ടിയുടെ അലറിയുള്ള വിളിയാണ് ആ ധ്യാനത്തില്‍നിന്നും ഉണര്‍ത്തുക. പെട്ടെന്ന് കാര്യമവസാനിപ്പിച്ച് യാത്ര തുടരും.

ഓലക്കുടിലുകളില്‍ ചാണകം മെഴുകിയ തറയില്‍ ഒന്നിരിക്കാനും കിടക്കാനും കഴിയുകയെന്നത് മഹാഭാഗ്യമായാണ് തോന്നിയിട്ടുള്ളത്. പോകുന്ന വഴിയില്‍ അങ്ങനെ ഒരു കുടിയില്‍ കയറി തറയില്‍ കമന്നടിച്ചു കിടക്കും. ആ തണുപ്പിന്റെ സുഖം എത്ര ധന്യതയാണ് എന്റെ കുഞ്ഞുമനസ്സന് പകര്‍ന്നു തന്നതു്! ഞങ്ങളുടെ തൊട്ടടുത്ത തട്ടാന്റെ വീട്ടില്‍പോയി എത്രയോ നേരം ഞാന്‍ എല്ലാം അഴിച്ചിട്ട് അങ്ങനെ കിടക്കുമായിരുന്നു.

ആദ്യത്തെ ധ്യാനാനുഭവം ആ ചാണകം മെഴുകിയ തറയില്‍ പതിഞ്ഞു കിടന്നിരുന്നതാണ്. കാലദേശങ്ങളറ്റ് ഏതോ നിര്‍വൃതിയില്‍ ലയിച്ചങ്ങനെ കിടക്കും. (എല്ലാ കുഞ്ഞുങ്ങള്‍ക്കും ധ്യാനം സഹജമായി സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ടെന്നും അറിവുള്ള മുതിര്‍ന്നവരുടെ ഇടപെടലുകളും ജീവിതവീക്ഷണവും കുഞ്ഞുങ്ങളെ വലുതാവുംതോറും ആ ദിവ്യാനുഭവത്തില്‍ നിന്നും അകറ്റിക്കൊണ്ടു പോകുന്നതായും നാം അറിയുന്നുണ്ടോ ആവോ?)

ഇങ്ങനെയൊക്കെയായിരുന്നു എന്റെ ആദ്യ യാത്രാനുഭവങ്ങള്‍. മനുഷ്യനും പ്രകൃതിയും വിചാരങ്ങളും വികാരങ്ങളും അങ്ങനെയങ്ങനെ എല്ലാംകൊണ്ടും സമ്പന്നമായ യാത്രകള്‍. ഇപ്പോള്‍ യാത്ര ചെയ്യുമ്പോള്‍ അന്നത്തെപ്പോലെ ചിന്തകളൊഴിഞ്ഞ ഹൃദയത്തോടെ സഞ്ചരിക്കാനാവാത്തതിനാലാവാം പലതും കാണാതെ പോകുന്നു, കേള്‍ക്കാതെ പോകുന്നു. അറിയാതെ പോകുന്നു.

യാത്ര ചെയ്യുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയില്‍ മാത്രം മയങ്ങി നടക്കാതെ തൊട്ടടുത്തൂടെ കടന്നുപോകുന്ന പാന്ഥന്റെ ഹൃദയസ്പന്ദനംകൂടി അറിയാന്‍ ശ്രമിക്കണമെന്ന് ഗുരു പറയുമായിരുന്നു. ഓരോ മനുഷ്യന്റെയും ഹൃദയത്തിലിരുന്നു വിളങ്ങുന്ന ജ്ഞാനദീപം അല്പമായെങ്കിലും സ്വീകരിക്കാനാവുമെങ്കില്‍ അതില്‍പരം അനുഗ്രഹം വേറെയില്ലെന്ന് ഗുരുവിന്റെ ജീവിതത്തില്‍നിന്ന് അറിയാനും കഴിഞ്ഞിരുന്നു. അതുകൊണ്ട് വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം കുശലം പറഞ്ഞും അവരുടെ വിശ്വാസങ്ങളും അനുഭവങ്ങളും ചോദിച്ചറിഞ്ഞും യാത്രയെ സമ്പന്നമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

തനിക്കൊപ്പം എല്ലാ യാത്രയിലും പങ്കാളിയായിരുന്ന ആത്മമിത്രം ഗായത്രിയുടെ പ്രശംസയും സഹകരണവും ഇങ്ങനെയൊരു പുസ്തകമെഴുതാന്‍ പ്രചോദനമായി. യാത്രയ്ക്കിടയില്‍ അവര്‍ കുറിച്ചുവെച്ച കുറിപ്പുകളുടെ സഹായമില്ലായിരുന്നെങ്കില്‍ ഇതെഴുതാന്‍ കഴിയുമായിരുന്നില്ല.

ആകാശത്ത് മേഘശകലങ്ങളെന്നപോൽ ചേർന്നും അകന്നും സ്വച്ഛമായൊഴുകുന്ന രണ്ടുപേർ. ഇവർ ജീവിതയാത്രയിലെപ്പോഴോ ഒന്നായി. ഗുരു നിത്യചൈതന്യയതി എന്ന ഒരൊറ്റച്ചരടിൽ കോർക്കപ്പെട്ട്, രണ്ടുവഴികളിൽ ഒരുമിച്ച് മുന്നോട്ടുപോകുന്ന ഗീതാ ഗായത്രിയും ഷൗക്കത്തും. നിരന്തരമായ യാത്രയും അലച്ചിലുമാണ് രണ്ടുപേർക്കുമിടയിൽ പൊതുവായുള്ള ഘടകം.

ഗായത്രി സാൻഫ്രാൻസിസ്കോയിലെ തസഹാറ സെൻ മൗണ്ടെയിൻ മൊണാസ്ട്രിയിലെ അധ്യാപിക, സെൻ പ്രീസ്റ്റ്. എഴുത്തും വായനയും തത്ത്വചിന്തയുമായി ഊരുചുറ്റുന്ന സൂഫിയെന്ന് ഷൗക്കത്തിനെ വിളിക്കാം. ഗുരു നിത്യയുടെ ശിഷ്യരായിരുന്ന ഇരുവർക്കും മഹാനുഭാവന്റെ അവസാന കാലഘട്ടത്തിൽ ഒപ്പംനിന്ന് പരിചരിക്കാൻ ഭാഗ്യം സിദ്ധിച്ചു. ഗുരുവിന്റെ മരണം സൃഷ്ടിച്ച ശൂന്യത ഇരുവരെയും നയിച്ചത് ഹിമാലയത്തിലേക്കാണ്. ഒന്നല്ല, പത്തുതവണ. ഒരുമിച്ചുള്ള യാത്രകളിൽ, യാത്രയിലെ കഠിനതകളിൽ, ആകുലതകളിൽ പരസ്പരം താങ്ങായി, പിരിയാത്ത സുഹൃത്തുക്കളായി.

1999 മേയ് 14-നായിരുന്നു ഗുരുവിന്റെ അന്ത്യം. കാലിനടിയിൽനിന്ന് കാർപ്പെറ്റ് ഊർന്നുപോയപോലെ… ആ ഒരു നിമിഷത്തെ ഗായത്രി ഓർക്കുന്നത് അങ്ങനെയാണ്. തുടർന്ന് ഗുരുപീഠത്തിലിരുന്ന മുനി നാരായണ പ്രസാദ് ഓരോരുത്തരോടായി ചോദിച്ചു, ഇനിയെന്താണ് പദ്ധതിയെന്ന്… ഹിമാലയത്തിലേക്ക് പോകണം, ഒരു ഭിക്ഷാപാത്രം കരുതിയിട്ടുണ്ട്, ഗായത്രിയുടെ മറുപടി. ഒറ്റയ്ക്ക് പോകരുതെന്നും താനും കൂടെവരുമെന്നും ഷൗക്കത്ത്. 1999 ജൂണിൽ തുടങ്ങിയ യാത്ര, പിന്നീട് ജീവിതത്തിന്റെ ഭാഗമായി. ഹിമാലയം: യാത്രകളുടെ ഒരു പുസ്തകത്തിന്റെ ആമുഖം എഴുതിയത് ഗായത്രിയാണ്.

ആമുഖത്തില്‍ നിന്നുമുള്ള ചില വരികള്‍.
കടന്നുപോയ ജീവിതവഴിത്താരകളെയെല്ലാം ഉണര്‍ത്തിയും സമ്പന്നമാക്കിയും അര്‍ത്ഥവത്താക്കിയ ഒരിക്കലും അവസാനിക്കാത്ത യാത്ര. ഏവര്‍ക്കും സ്വാഗതമോതി ഭാരതമണ്ണില്‍ പ്രൗഢിയോടെ ഉയര്‍ന്നുനില്ക്കുന്ന ആ ഔന്നത്യത്തിന്റെ മാറിലൂടെ ചൂടുപകരുന്ന സ്നേഹാലിംഗനങ്ങേറ്റുവാങ്ങി ഞങ്ങളുടെ പാദങ്ങള്‍ മൃദുവായി സഞ്ചരിച്ചു.

വ്യത്യസ്തമായ അനുഭവങ്ങളാല്‍ സമ്പന്നമായ ഈ യാത്രാവിവരണം ആസ്വാദ്യകരമാകാതിരിക്കില്ല. ഗ്രന്ഥകാരന്റെ സരസത, ആഴമേറിയ ഉള്‍ക്കാഴ്ചകള്‍, സരളവും ലളിതവും കാവ്യാത്മകവുമായ ഭാഷ. സ്ഥലവിവരങ്ങള്‍ എല്ലാം അന്വേഷകര്‍ക്കു ദാഹമകറ്റാനും യാത്രികര്‍ക്ക് തൃപ്തി നല്കാനും സാധാരണക്കാരന്റെ ഔത്സുക്യം ശമിപ്പിക്കാനും സഹായകമാകാതിരിക്കില്ല എന്നതു തീര്‍ച്ച.

അനന്തമായ ഈ ജീവിതയാത്ര നമുക്കുമുന്നില്‍ അപ്രതീക്ഷിതമായ പല ആശ്ചര്യങ്ങളും സമ്മാനിക്കുന്നുണ്ട്. മധുരവും വിധുരവുമായ ജീവിതസന്ദര്‍ഭങ്ങളെ അതു ചുരുളഴിക്കുന്നു. മുന്‍ വിധികളേതുമില്ലാതെ എങ്ങനെയോ അങ്ങനെ അതിനെ നമുക്കു സ്വീകരിക്കാം.

254 പേജുള്ള പതിമൂന്ന് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥം വായിച്ചു തീരുമ്പോള്‍ നമ്മളും ഒരു യാത്രയുടെ അനുഭൂതിയിലേക്ക് അലിഞ്ഞുചേരുന്നു. ഷൗക്കത്തിനും ഗായത്രിക്കുമൊപ്പം നമ്മളോരോരുത്തരും ഈ യാത്രകളിലെല്ലാം സഹയാത്രികരായിരുന്നുവെന്ന് മനസ്സുപറയും. അത്രയും ഹൃദ്യമാണ് ഈ യാത്രാവിവരണം.

ജീവിതം അതിന്റെ അനായാസതയോടെ അനുഭവിക്കാന്‍ കഴിയുക ഗൗരവതതോടെയുള്ള യാത്രകള്‍ അവസാനിക്കുന്നിടത്തു നിന്നാണ്. പ്രപഞ്ചത്തിന്റെ കണ്ണിലൂടെ നാം നമ്മെയൊന്നു കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ മനുഷ്യവര്‍ഗ്ഗമെന്നു പറയുന്നത് എത്ര നിസ്സാരമായ ഒരു വംശമാണെന്നറിയാന്‍ കഴിയും.

ആ നിസ്സാരത നിരാശയിലേക്കോ നിരര്‍ത്ഥകതയിലേക്കോ ബോധത്തെ നയിക്കുമ്പോഴാണ് എല്ലാം കുഴഞ്ഞുപോകുന്നത്. വിനയം നിറഞ്ഞ ഉണര്‍വ്വാണ് ആ ദര്‍ശനം നമ്മില്‍ നിറയ്ക്കേണ്ടത്. ഓരോ യാത്രയും അത്തരമൊരു ഉണര്‍വ്വ് മനസ്സിലേക്ക് കൊണ്ടുവരുന്നതുപോലെത്തന്നെ യാത്രകളുടെ ഒരു പുസ്തകവും മനസ്സിനും ശരീരത്തിനും വല്ലാത്തൊരു പോസറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നുണ്ട്.

കൂടെ ജോലി ചെയ്യുന്ന അരവിന്ദേട്ടനാണ് ഷൗക്കത്തിനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ചും, പുസ്തകങ്ങളെ പറ്റിയും പരിചയപ്പെടുത്തിയപ്പോള്‍ നിര്‍ബ്ബന്ധമായും വായിക്കേണ്ടതാണ് ഷൗക്കത്തിന്റെ പുസ്തകളെന്നും പറയുകയുണ്ടായി. പിന്നീട് അരവിന്ദേട്ടന്‍ തന്നെയാണ് ഈ പുസ്തകത്തിന്റെ ഒരു കോപ്പി എന്റെ വായനയ്ക്കായി നാട്ടില്‍ നിന്നും വരുത്തിച്ചതും. നന്ദി

2 thoughts on “ആന്തരികമായ യാത്രകളുടെ കൂട്ടുകാരന്‍

Leave a Reply

Your email address will not be published. Required fields are marked *