അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടേ? ശ്രീനിവാസനെ വിമര്‍ശിച്ച് രേവതി

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ശ്രീനിവാസന്‍ ദിലീപിനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് നടിയും ഡബ്ള്യൂ.സി.സി അംഗവുമായ രേവതിയും രംഗത്തെത്തി. എല്ലാവരും ആരാധിക്കുന്ന താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ നല്ല ദുഃഖമുണ്ടെന്ന് രേവതി ട്വിറ്ററില്‍ കുറിച്ചു. സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണ്ടെ? ഇങ്ങനെയുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്നും അവര്‍ ആലോചിക്കേണ്ടേ എന്നും രേവതി ചോദിച്ചു.

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്‌. അപകടം നടന്നതിനു ഒരാഴ്ച്ചക്ക് ശേഷമാണ് ദിലീപ് പ്രതിയാകുന്നത്. ഒന്നര കോടി രൂപയ്ക്ക് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഡബ്ള്യൂ.സി.സിയെ രൂക്ഷമായി വിമര്‍ശിച്ച നടന്‍, ഡബ്ള്യൂ.സി.സിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നും കൂട്ടിച്ചേര്‍ത്തു. സിനിമ സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിശ്ചയിക്കുന്നത് താര മൂല്യമനുസരിച്ചാണ് എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *