HomePOLITICALറഷ്യ - ഉക്രൈൻ യുദ്ധം : അമേരിക്കൻ മുതലെടുപ്പിന്റെ തുടർച്ച

റഷ്യ – ഉക്രൈൻ യുദ്ധം : അമേരിക്കൻ മുതലെടുപ്പിന്റെ തുടർച്ച

Published on

spot_imgspot_img

സുജിത്ത് കൊടക്കാട്

റഷ്യയുടേത്
സുരക്ഷിതത്വത്തിന്
വേണ്ടിയുള്ള യുദ്ധം.

ഉക്രെയ്നും റഷ്യയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തെ റഷ്യ -ഉക്രൈൻ യുദ്ധമായല്ല യഥാർത്ഥത്തിൽ വിലയിരുത്തേണ്ടത്. റഷ്യ – അമേരിക്ക നയതന്ത്രയുദ്ധത്തിന്റെ തുടർച്ചയാണിത്.
സൈനിക ബലത്തിന്റെ കാര്യത്തിലായാലും വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിലായാലും റഷ്യയുടെ ഏഴയലത്ത് വരില്ല ഉക്രൈൻ. പിന്നെന്തിനാണ് റഷ്യ ഉക്രൈനിനെ ആക്രമിക്കുന്നത് ?

റഷ്യയെ സംബന്ധിച്ച് ഉക്രൈൻ -റഷ്യ അതിർത്തി അതീവ തന്ത്ര പ്രധാനമുള്ള ഇടമാണ്. ഇന്ത്യക്ക് കാശ്മീർ അതിർത്തി എത്രത്തോളം പ്രാധാന്യമുണ്ടോ , അതുപോലെ തന്നെയാണിത്. ഉക്രൈന്റെ ഈ അതിർത്തി പ്രദേശങ്ങളിലേക്ക് NATO സൈന്യത്തിന് താവളമൊരുങ്ങാൻ പോകുന്നുവെന്നത് തന്നെയാണ് റഷ്യ പൊടുന്നനെ യുദ്ധത്തിന് തയ്യാറായതിന്റെ കാരണം…

എന്താണ് NATO ?

നാറ്റോ (North Atlant treaty organaisation)
രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് ചെമ്പട ഹിറ്റ്ലറെ പരാജയപ്പെടുത്തിയതോടു കൂടി സാമ്രാജ്യത്വ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റു ഭരണം നില നിൽക്കുന്ന സോവിയറ്റ് യൂണിയനെ (USSR / Union of Soviet Socialit Republic) ഏറെ ഭയപ്പെട്ടു. കമ്മ്യൂണിസം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് പടരുന്നത് തടയുന്നതിനായി 1949 ൽ അമേരിക്കയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സൈനിക കൂട്ടുകെട്ടാണ് NATO (North Atlantic Treaty organaisation).ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്‌, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു ഇതിന്റെ സ്ഥാപകാംഗങ്ങൾ. ഇന്ന് അമേരിക്ക ഉൾപ്പെടെ 30 രാജ്യങ്ങളാണ് NATO യിൽ അംഗമായിരിക്കുന്നത്.
ഇതിനെതിരെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ 1955 ൽ രൂപം കൊണ്ട സൈനിക ഉടമ്പടിയാണ് വാഴ്സോ ഉടമ്പടി.

അൽപ്പം ചരിത്രം

1980 കളുടെ അവസാനത്തോടു കൂടി സോവിയറ്റ് യൂണിയൻ തകർച്ചയുടെ വക്കിലെത്തി. സോവിയറ്റ് യൂണിയനിലെ ഭരണാധികാരികളുടെ ലക്ഷ്യ ബോധമില്ലാത്ത ഭരണവും നയതന്ത്ര പരാജയവും മുതലാളിത്ത സമ്പദ് വ്യവസ്ഥയോടുള്ള അടുപ്പവും തകർച്ചയുടെ ആക്കം കൂട്ടി. USSR ന്റെ ദുർബ്ബലത ലോകത്തെ പല സോഷ്യലിസ്റ്റ്‌ – കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. 1990 ൽ കിഴക്കൻ ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് ഭരണം അസ്തമിച്ചു. കിഴക്ക് – പടിഞ്ഞാറ് ജർമ്മനിയെ വിഭജിച്ചിരുന്ന ബർലിൻ മതിൽ പൊളിച്ചു മാറ്റിക്കൊണ്ടാണ് ഇരു ജർമ്മനികളും ഏകീകരിക്കപ്പെട്ടത്.
അന്ന് സോവിയറ്റ് യൂണിയന്റെ എതിർപ്പിനെ മറികടക്കുന്നതിനായി അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജെയിംസ് ബേക്കർ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് ഒരു വാഗ്ദാനം നൽകി. ഒരിക്കലും NATO കിഴക്കൻ യൂറോപ്പിലേക്ക് തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കില്ല എന്നായിരുന്നു അത്. എന്നാൽ സോവിയറ്റ് യൂണിയർ 1991 ൽ തകരുകയും റഷ്യയും ഉക്രൈനും ഉൾപെടെ 15 ഓളം സ്വതന്ത്ര്യ രാജ്യങ്ങളായി അത് വിഘടിക്കുകയും ചെയ്തു. 1922 USSR രൂപീകരിക്കപ്പെട്ടതു മുതൽ 1991 ൽ തകരുന്നതു വരെ ഉക്രൈനും റഷ്യയും ഒരു യൂണിയന്റെ കീഴിലായിരുന്നു എന്ന് ചുരുക്കം.

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ആ രാജ്യത്തിനുണ്ടായിരുന്ന എല്ലാ പദവികളും വന്നു ചേർന്നത് റഷ്യൻ ഫെഡറേഷനാണ്. USSR തകർന്നതോടെ NATO യുടെ താൽപ്പര്യങ്ങൾ പലപ്പോഴും അമേരിക്കൻ അധിനിവേശങ്ങൾക്ക് മാത്രം ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറി.അമേരിക്കയുടെ കീഴിൽ ഏക ധ്രുവത്തിലേക്ക് ലോകം ചുരുങ്ങി. അമേരിക്ക തന്നിഷ്ട പ്രകാരം ലോക രാജ്യങ്ങളെ നിയന്ത്രിക്കാൻ തുടങ്ങി. കുവൈറ്റിലും ഇറാഖിലുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം ഇടപെട്ടു.. പല രാജ്യങ്ങളിലേക്കും കടന്നുകയറുന്നതിനുള്ള ഉപാധിയായി NATO യെ ഉപയോഗപ്പെടുത്തി. തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന രാജ്യങ്ങളേയും തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെയും അമേരിക്ക തകർത്തു കളഞ്ഞു.

റഷ്യ v/s അമേരിക്ക

നിലവിൽ അമേരിക്കൻ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ലോകത്തിലെ പ്രധാന ശക്തിയാണ് വ്ളാഡിമർ പുട്ടിന്റെ നേതൃത്വത്തിലുള്ള റഷ്യ. പുട്ടിൻ ശക്തനാവുന്ന കാലം വരെ ,പ്രത്യേകിച്ച് ബോറിസ് യെൽസൻ റഷ്യൻ പ്രസിഡന്റായിരുന്ന കാലത്തൊക്കെ അമേരിക്കൻ താൽപ്പര്യത്തെ ചോദ്യം ചെയ്യാൻ റഷ്യ തയ്യാറായിരുന്നില്ല.
ഈ അവസരം മുതലാക്കി അമേരിക്ക NATO യെ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിച്ചു. 2004 ൽ 10 കിഴക്കൻ യൂറോപ്യൻ രജ്യങ്ങളെ NATO അംഗരാജ്യങ്ങളാക്കി. ഇതിൽ 8 ഉം പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് വിഘടിച്ചവയായിരുന്നു. ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്തോണിയ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.
ഇങ്ങനെ റഷ്യയുടെ അതിർത്തി രാജ്യങ്ങളെല്ലാം NATO യുടെ താവളമാകുമ്പോൾ അമേരിക്കൻ ചേരിയോടകലം പാലിക്കുന്ന റഷ്യയുടെ സുരക്ഷിതത്വത്തിനു തന്നെ അത് വലിയ ഭീഷണിയാണ്. ഇങ്ങനെ അതിർത്തിയിൽ താവളമുറപ്പിച്ച് റഷ്യയെ മുൾമുനയിൽ നിർത്താം എന്നു തന്നെയാണ് അമേരിക്കയും കണക്ക് കൂട്ടുന്നത്.ഇതെല്ലാം തന്നെ നേരത്തെ ബെർലിൻ മതിലിന്റെ പൊളിച്ചു മാറ്റൽ സമയത്ത് USSR ന് അമേരിക്ക നൽകിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ്.. ഇനി ഉക്രൈനെക്കൂടി NATO യിൽ അംഗമാക്കുന്നതോടു കൂടി റഷ്യക്കു മുകളിൽ അമേരിക്കൻ ഭീഷണി ഒന്നു കൂടി ശക്തിപ്പെടും. റഷ്യയുടെ അയൽ രാജ്യമായ ഉക്രൈൻ റഷ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലൊന്നാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ NATO യെ ഉപയോഗപ്പെടുത്തി റഷ്യയെ ഭീഷണിപ്പെടുത്തുക എന്നതിനപ്പുറത്തേക്ക് വിവിധോദ്ദേശ്യ പദ്ധതികളാണ് ഈ പ്രശ്നത്തെ മുൻനിർത്തിക്കൊണ്ട് അമേരിക്ക ആസൂത്രണം ചെയ്യുന്നത്.

അമേരിക്കയുടെ താൽപ്പര്യങ്ങളും ആശങ്കകളും

റഷ്യയുടെ ഉക്രൈൻ ആക്രമണത്തെ തങ്ങൾക്കനുകൂലമാക്കനാണ് അമേരിക്ക ശ്രമിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ അമേരിക്ക റഷ്യയോട് നേരിട്ടൊരു ഏറ്റുമുട്ടലിന് മുതിർന്നേക്കില്ല. റഷ്യക്കെതിരെ ഉപരോധം എന്ന തന്ത്രമായിരിക്കും അമേരിക്ക പയറ്റുക. ഇതേ നയം യൂറോപ്യൻ യൂണിയനെ കൊണ്ടെടുപ്പിക്കാനും അമേരിക്ക ശ്രമിക്കും. ഇതുകൊണ്ട് അമേരിക്കെക്കെന്ത് പ്രയോജനം എന്ന് ചിന്തിക്കുന്നവരുണ്ടാകും.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം കഴിഞ്ഞ പത്തിരുപതു വർഷമായി അമേരിക്ക അലങ്കരിച്ചു കൊണ്ടിരിക്കുന്ന ലോക ശക്തിയെന്ന പദവിക്ക് ചെറിയ രീതിയിൽ ഇളക്കം തട്ടുന്നതായുള്ള സംഭവ വികാസങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അമേരിക്കൻ പക്ഷത്തുണ്ടായിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും അമേരിക്കൻ ചേരിയുടെയും റഷ്യ- ചൈന ചേരിയുടെയും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പോലും തുടങ്ങി..അതോടൊപ്പം യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങൾ പോലും റഷ്യൻ ചേരിയോടടുക്കുന്നത് അമേരിക്ക ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
ഇതിൽ റഷ്യ – ജർമ്മനി നോർഡ് സ്ട്രീം 2 പദ്ധതിയാണ് അമേരിക്കയെ വലിയ തോതിൽ അലോസരപ്പെടുത്തുന്നത്.

റഷ്യ – ജർമ്മനി നോർഡ് സ്ട്രീം 2 പദ്ധതി

റഷ്യയിൽ നിന്ന് ബാൾട്ടിക് സമുദ്രം വഴി ജർമ്മനിയിലേക്കും അതുവഴി യൂറോപ്പിലേക്കും വൻ തോതിൽ പ്രകൃതി വാതകമെത്തിക്കുന്ന പൈപ്പ് ലൈൻ ആണിത്. 1100 കോടി ഡോളർ ചെലവഴിച്ച ഈ പൈപ്പ് ലൈനിന്റെ ആകെ നീളം 1225 കിലോമീറ്ററാണ്. കഴിഞ്ഞ സെപ്തംബറിൽ ഇതിന്റെ പണി പൂർത്തികരിച്ചതാണ്. ഉക്രൈനിലൂടെയും പോളണ്ടിലൂടെയും കടന്നുപോകുന്ന നിലവിലുള്ള പൈപ്പ്‌ലൈനുകൾ ഉപയോഗിക്കാതെ തന്നെ യൂറോപ്പിലെ പൈപ്പ്‌ലൈൻ സിസ്റ്റത്തിലേക്ക് ഗ്യാസ് എത്തിക്കാന്‍ നോർഡ് സ്ട്രീം 2 പദ്ധതിക്ക് കഴിയും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. പൈപ്പ് ലൈനിൽ ഗ്യാസ് നിറച്ചിട്ടുണ്ടെങ്കിലും ജർമനിയുടെയും യൂറോപ്യൻ കമ്മിഷന്റെയും അനുമതിക്കായി കാത്തിരിക്കുകയായിരുന്നു റഷ്യ. നിലവിൽ യൂറോപ്പിനാവശ്യമായ 40 % പ്രകൃതി വാതകവും റഷ്യയാണ് നൽകുന്നത്. ഇത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ യൂറോപ്പിനെ റഷ്യയോടുപ്പിക്കുമെന്നും അമേരിക്ക കരുതുന്നു. അതുകൊണ്ടു തന്നെ യൂറോപ്പ് റഷ്യയെ ആശ്രയിക്കുന്നത് പരമാവധി കുറക്കാൻ അമേരിക്ക ഈ അവസരത്തെ ഉപയോഗപ്പെടുത്തുകയാണ്. മാത്രവുമല്ല നോർഡ് സ്ട്രീം 2 പദ്ധതി പ്രാവർത്തികമായാൽ യൂറോപ്പിലുള്ള അമേരിക്കൻ ഡോളറിന്റെ പ്രാമാണ്യത്തിന് പരോക്ഷമായെങ്കിലും തിരിച്ചടി നേരിടും. ഉക്രൈൻ പ്രതിസന്ധിയെ മുൻ നിർത്തി നോർഡ് സ്ട്രീം 2 പദ്ധതി അനിശ്ചിതത്വത്തിലാക്കി ലോക മേധാവിത്വം തങ്ങളിൽ തന്നെ നിലനിർത്താനാണ് അമേരിക്ക ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

റഷ്യയുടെ ആവശ്യങ്ങൾ

ഉക്രൈൻ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് റഷ്യ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളൊന്നും തന്നെ അമേരിക്കയെ പോലെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ മുൻ നിർത്തി കൊണ്ടുള്ളതല്ല.മറിച്ച് സ്വയരക്ഷയ്ക്കുള്ളതാണ് താനും.

കിഴക്കൻ യൂറോപ്പിൽ നിന്ന് NATO മേധാവിത്വം അവസാനിപ്പിക്കുക,റഷ്യയുടെ അയൽ രാജ്യങ്ങളായ പോളണ്ട്,റുമാനിയ, ബൾഗേറിയ എന്നിവിടങ്ങളിലെ NATO സേനയെ പിൻവലിക്കുക,ഉക്രൈനിന് NATO അംഗത്വം നൽകാതിരിക്കുക, ഉക്രൈനിലെ ഡോൺ ബോസ്ക് മേഖലയ്ക്ക് സ്വയം ഭരണം നൽകുക. ഇതൊക്കെയാണ് റഷ്യ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ .
ഇതിൽ പറഞ്ഞ ആദ്യ 3 കാര്യങ്ങൾ ഏത് രീതിയിലാണ് റഷ്യയെ ബാധിക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. ഇനി ഡോൺ ബോസ്ക് മേഖല റഷ്യ-ഉക്രൈൻ വിഷയത്തിൽ എങ്ങനെ ബന്ധപ്പെടുന്നുവെന്ന് നോക്കാം.

ഡോൺ ബോസ്ക് മേഖല

ഉക്രൈന്റെ കിഴക്കൻ അതിർത്തിയിൽ റഷ്യയോട് ചേർന്നു കിടക്കുന്ന റഷ്യൻ ഭാഷയും സംസ്കാരവും പിന്തുടരുന്ന , ഭൂരിഭാഗം റഷ്യൻ അനുകൂലികൾ ജീവിക്കുന്ന ഉക്രൈൻ പ്രദേശമാണ് ഡൊണെട്സ്കും ലുഹാൻസ്കും. ഇവ രണ്ടും ചേർന്നാണ് ഡോൺ ബോസ്ക്ക് എന്നറിയപ്പെടുന്നത്. ഉക്രൈൻ പട്ടാളവുമായി പലപ്പോഴും ഈ ജനത ഏറ്റുമുട്ടാറുണ്ടെങ്കിലും കലാപം ശക്തമായാത് 2014 മുതലാണ്. റഷ്യൻ വിധേയത്വത്തിൽ നിന്ന് മാറി യൂറോപ്പുമായി കൂടുതൽ അടുക്കുക എന്ന ഉദ്ദേശത്തോടു കൂടി യൂറോപ്യൻ യൂണിയനും ഉക്രൈനും തമ്മിൽ സഹകരണം വാഗ്ദാനം ചെയ്യുന്ന കരാറാണ് അസോസിയേഷൻ എഗ്രിമെന്റ്. എന്നാൽ റഷ്യൻ സ്വാധീനത്തിന്റെ ഫലമായി അന്നത്തെ ഉക്രൈൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് അതിൽ നിന്ന് പിന്മാറി. ഇത് ഉക്രൈനിൽ വലിയ കലാപത്തിന് കാരണമായി. റഷ്യ വിരുദ്ധർ ഉക്രൈൻ പട്ടാളവുമായി ഏറ്റുമുട്ടി . എന്നാൽ പിന്നീട് യാനുകോവിച്ച്ന് ഇംപീച്ച്മെന്റിന് വിധേയമായി പുറത്തു പോകേണ്ടി വന്നു. പിന്നീട് അധികാരത്തിലെത്തിയ പെഡ്രോ പെറഷ്യങ്കോ അസോസിയേഷൻ കരാറിന്റെ സാമ്പത്തിക ഘടകങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു കരാറിൽ യൂറോപ്യൻ യൂണിയനുമായി ഒപ്പു വെച്ചു. ഇത് റഷ്യൻ അനുകൂല പ്രദേശമായ ഡോൺ ബോസ്കിൽ കലാപത്തിന് കാരണമായി.

ഉക്രെനിയൻ പ്രസിഡന്റ് പുറത്തായതിന് ശേഷം റഷ്യൻ അനുകൂലികളായ ഉക്രേനിയൻ പൗരന്മാരും റഷ്യൻ സ്പെഷ്യൽ ഫോഴ്‌സും ചേർന്ന് ഉക്രൈന്റെ ഭാഗമായിരുന്ന ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുത്തു. 2001-ലെ സെൻസസ് അനുസരിച്ച് ക്രിമിയയിലെ ജനങ്ങളിൽ 58.5% പേർ റഷ്യക്കാരും 24.4% പേർ ഉക്രെനിയൻ വംശജരുമാണ്. ഇവിടെ പ്രാദേശിക ഭരണകൂടം ജനഹിത പരിശോധന നടത്തിയപ്പോൾ റഷ്യയോടൊന്നിച്ച് നിൽക്കണമെന്ന നിലപാടിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിന് ശേഷം ക്രിമിയ ഔദ്യോഗികമായി റഷ്യൻ ഫെഡറേഷന്റെ ഭാഗമായി. ഇതിലൂടെ തന്ത്ര പ്രധാനമായ ഒരിടമാണ് റഷ്യയുടെ നിയന്ത്രണത്തിലേക്ക് വന്നത്.
ഇതോടെ കിഴക്കുഭാഗത്ത് നിന്ന് നേരിട്ടും തെക്ക് ഭാഗത്ത് നിന്ന് ക്രിമിയ വഴിയും വടക്ക് ഭാഗത്ത് നിന്ന് സഖ്യ രാഷ്ട്രമായ ബലാറസ് വഴിയും ഉക്രൈനിലേക്ക് വളരെ എളുപ്പത്തിൽ റഷ്യക്ക് പ്രവേശിക്കാൻ സാധിച്ചു. ബലാറസ് അതിർത്തിയിൽ നിന്ന് ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് വെറും 150 KM മാത്രമാണ് ദൂരമുള്ളത്. പക്ഷെ ഉക്രൈൻ പിടിച്ചടക്കലോ അധിനിവേശമോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് പുട്ടിൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. റഷ്യയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള NATO യുടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കടന്നു വരവ് അവസാനിപ്പിച്ചാൽ പഴയ സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോകാമെന്ന് റഷ്യ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ അമേരിക്കയും NATO സെക്രട്ടറി ജനറൽ ജൻസ് സ്‌റ്റോട്ടൻ ബർഗ്ഗും ഈ ആവശ്യത്തെ അപ്പാടെ നിരാകരിക്കുകയായിരുന്നു. നിങ്ങള് നോക്കൂ … ഇന്ത്യയുടെ വിവിധ അയൽ രാജ്യങ്ങളിലേക്ക് നമ്മുടെ എതിർ ചേരിയിലെ രാജ്യങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ അതത് രാജ്യങ്ങൾ അനുവാദം കൊടുത്താൽ എന്തായിരിക്കും സ്ഥിതി. ഇന്ത്യ ആ വിഷയത്തിൽ ഇടപെടുകയില്ലേ ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

ലോകത്തിന്റെ പല ഭാഗത്തും തങ്ങളുടെ എതിരാളികളെ നിലം പരിശാക്കിയതു പോലെ റഷ്യയെ തകർക്കാൻ കഴിയില്ലെന്ന നല്ല ബോധ്യം അമേരിക്കയ്ക്കുണ്ട്. കാരണം മറുതലയ്ക്കുള്ളത് വ്ളാഡിമർ പുട്ടിനാണ്. മാത്രമല്ല ചൈനയുടെ പിന്തുണയും റഷ്യക്കുണ്ട്. അതു കൊണ്ട് തന്നെ റഷ്യയുമായി അമേരിക്ക നേരിട്ടൊരു യുദ്ധത്തിന് തയ്യാറാകാൻ സാധ്യതയില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമെന്ന് തുറന്ന് പറഞ്ഞയാളാണ് പഴയ കമ്മ്യൂണിസ്റ്റ്കാരനും KGB ചാരനുമായിരുന്ന വ്ളാഡിമർ പുട്ടിൻ. സോവിയറ്റ് കാലത്തെ പ്രതാപത്തെ പോലെ റഷ്യയെ തിരികെ കൊണ്ടു വരുമെന്ന് പ്രതിജ്ഞ ചെയ്ത വ്ളാഡിമർ പുട്ടിനെ അമേരിക്ക തെല്ലു ഭയത്തോടെ തന്നെയാണ് നോക്കി കാണുന്നത്.

എങ്ങനെയൊക്കെയാണെങ്കിലും യുദ്ധം മാനവരാശിക്ക് സമ്മാനിച്ചത് ദാരിദ്ര്യവും പട്ടിണിയും പകർച്ച വ്യാധികളുമാണ് . മുതലാളിത്ത ശക്തികൾ തമ്മിൽ വർദ്ധിച്ചു വരുന്ന വൈരുദ്ധ്യം തന്നെയാണ് റഷ്യ-അമേരിക്ക ചേരി തിരിവിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ ഈ യുദ്ധത്തിന്റെ കാരണത്തെ റഷ്യയുടെ മേൽ മാത്രം ചാർത്തി കൊടുത്ത് ലോക രാജ്യങ്ങളുടെ പിന്തുണ സ്വായത്തമാക്കി ലോക മേധാവിത്വം തങ്ങളിൽ തന്നെ നില നിർത്താനുള്ള അമേരിക്കയുടെ കൗശലത്തെ തിരിച്ചറിയാനും നമുക്ക് കഴിയണം.സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം സ്വതന്ത്രവ്യാപാരവും സ്വതന്ത്ര ക്രയവിക്രയവുമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുണ്ട്. അതായത് മുതലാളിത്തകാലത്ത് വ്യക്തിസ്വാതന്ത്ര്യം മരീചിക മാത്രം.മൂലധനസ്വാതന്ത്ര്യം മാത്രമാണുള്ളത്. മുതലാളിത്ത സ്വാതന്ത്ര്യത്തിന്റെ ഈ പരിമിതി പുടിന്റെ റഷ്യ ലോകത്തെ ബോധ്യപ്പെടുത്തുകയാണിപ്പോള്‍.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...