nisabdaviplavam-book-review-wp

നിശ്ശബ്ദ വിപ്ലവം

വായന

സഹർ അഹമ്മദ്

പുസ്തകം : നിശ്ശബ്ദ വിപ്ലവം
രചന : ബിജു ലക്ഷ്മണൻ
പ്രസാധകർ: പായൽ ബുക്സ്
വില: 60 രൂപ
പേജ്: 48

കണ്ണൂർ പെരളശ്ശേരി സ്വദേശി ബിജു ലക്ഷമണനന്റെ ആദ്യ കവിതാസമാഹാരമാണ് പായൽ ബുക്സ് പ്രസിദ്ധീകരിച്ച “നിശ്ശബ്ദ വിപ്ലവം”. രാഷ്ട്രീയം, പ്രകൃതി, സ്കൂളോർമ്മകൾ, സ്ത്രീ സ്വാതന്ത്ര്യം, പ്രണയം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള മുപ്പത്തിനാല് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

sahar-ahammed
സഹർ അഹമ്മദ്

“സർഗ്ഗാത്മകമായൊരു പ്രതിരോധപ്രവർത്തനമായി കവിതയെ സമീപിക്കുന്ന ജാഗരൂകമായ യുവതയെയാണ് ബിജു ലക്ഷ്മണൻ പ്രതിനിധീകരിക്കുന്നത്. പുതുകവിതയുടെ കരുത്താർജ്ജിച്ച കാവ്യഭാഷ ബിജുവിന്റെ പലകവിതകളിലും പ്രകടമാണ്. തന്റെ സ്വകാര്യ ദുഃഖങ്ങളൊന്നുമല്ല സാമൂഹികമായ അസ്വസ്ഥതകൾ തന്നെയാണ് കവിയെ അലോസരപ്പെടുത്തുന്നത്. തനിക്കുചുറ്റുമുള്ള കെട്ടലോകത്തെ പുതുക്കിപ്പണിയാനുള്ള വ്യഗ്രത ബിജു ലക്ഷ്മണനിന്റെ കവിതകളിൽ കാണാനുണ്ട്.” എന്ന് പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കവി സതീശൻ മോറായി അഭിപ്രായപ്പെടുന്നു.

 

ബിജുവിന്റെ കവിതകൾ തന്റെ ചുറ്റുപ്പാടുകളിലേക്ക് എത്തിനോക്കുകയും തന്റെ വരികളിലൂടെ അവയ്ക്കെതിരെ ഉറക്കെ സംസാരിക്കുകയും ചെയ്യുന്നു.  പ്രതിഷേധത്തിന്റെ കെട്ടുപോവാത്ത ഒരു കനൽ മിക്ക കവിതകളിലും നിറഞ്ഞു നിൽക്കുന്നുണ്ട്.  അരികുവത്കരിക്കപ്പെട്ട മർദ്ദിതനും ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിക്കും വേണ്ടി സംസാരിക്കുന്നവ കൂടിയാണ് ബിജുവിന്റെ കവിതകൾ.

“വീടൊഴിയുകയാണ്
പേരറ്റവർ..
അതിർത്തികൾ
ചങ്ങലകളായി..
വ്രണിതഹൃദയരായ്
പോകാനൊരുങ്ങുകയാണ്
തേയിലത്തോട്ടങ്ങൾ തൻ
സുഗന്ധം പേറി..”

പൗരത്വത്തിന്റെ പേര് പറഞ്ഞു അതിർത്തി തിരിച്ചു അഭയാർത്ഥികളാക്കിയ ആസാമികളെ കുറിച്ച് പറയുന്നതാണ് ആസമിസ് എന്ന കവിത. പേരും വേരുമറ്റുവരുടെ നോവും, സ്വപ്നങ്ങൾ കൊഴിഞ്ഞ പോയ കറുത്തിരുണ്ട കണ്ണുകളും കവിതയിലുടനീളം നിറഞ്ഞു നിൽക്കുന്നു.

“കർക്കിടകത്തിലൊരു
സന്ധ്യാ
നേരത്തായിരുന്നു
ഉപേക്ഷിക്കപ്പെട്ട
പെങ്ങൾ
തിരികെ വന്നത്.
കണ്ണുകളിൽ
വാക്കുകൾ തുളുമ്പി..
കറുത്ത ജനലഴികളിൽ
മ്ലാനമായ സാരി രൂപം.
വായിച്ച് വായിച്ച്
തേയ്മാനം വന്ന
ഇതിഹാസ താളുകളിലേക്ക്
അമ്മ.. അലിഞ്ഞില്ലാതായി..”

പിറക്കാതിരിക്കട്ടെ എന്ന കവിതയിൽ സ്ത്രീക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തേയും സമത്വത്തേയും കുറിച്ച് കവി പറയാതെ പറയുന്നു.  സങ്കടങ്ങളുടെ കർക്കിടക പെരുമഴയിൽ സന്ധ്യാ നേരത്ത് കയറി വന്ന പെങ്ങൾ.. ഇതിഹാസ താളുകളിലേക്ക് ഒലിച്ചിറങ്ങുന്ന അമ്മയുടെ കണ്ണുനീർ…  കവിതയിൽ നോവ് പകർത്തുന്നു. “പിറക്കാതിരിക്കട്ടെ ഇനിയൊരു സീതയുമിവിടെ.. ” എന്ന പ്രാർത്ഥന കവി കവിതയിൽ ബാക്കിവെക്കുന്നു.

“കുഴിഞ്ഞ കണ്ണുകൾ
ഒട്ടിയ വയറിന്റെ താളം
പിച്ചതെണ്ടും പാട്ടുകൾ
നിറഞ്ഞ
ജനറൽ കമ്പാർട്ട്‌മെന്റ്.
തിക്കിയും തിരക്കിയും
ഇരിപ്പിടം വിടാത്ത
വിയർപ്പിൻ ഗന്ധങ്ങൾ.
വൈരുദ്ധ്യ ജന്മങ്ങളെയും
വഹിച്ച് പ്രേതഗുഹകൾ താണ്ടി
നിർത്താതെ ഓടുന്നു
സ്റ്റേഷൻ കിട്ടാത്ത തീവണ്ടി.”

തീവണ്ടി യാത്രയിൽ നമ്മുടെയൊക്കെ ശ്രദ്ധയിൽ എത്രയോ തവണ പതിഞ്ഞു പോയ ദൃശ്യങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട് ജനറൽ കമ്പാർട്ട്‌മെന്റ് എന്ന കവിത. തീവണ്ടി ചിലപ്പോഴൊക്കെ ലക്ഷ്യം കിട്ടാതെ ഓടുന്ന ജീവിതങ്ങളേയും. അസമത്വങ്ങളുടെ നവലോകക്രമത്തേയും അടയാളപ്പെടുത്തുന്നു.

“നാലു ചുവരിനകത്തിരുന്ന്
തലയുയർത്താൻ
നേരമില്ലാതെ
മകൻ ഫേസ്ബുക്കിൽ
വിപ്ലവം കുറിക്കുന്നു.”

ഫ്‌ളാറ്റ് എന്ന കവിതയിൽ ചുറ്റിലുമുള്ള പ്രശ്നങ്ങളിലേക്ക് എത്തിനോക്കാതെ സോഷ്യൽ മീഡിയയിൽ മുഖം പൂഴ്ത്തി വിപ്ലവം തീർക്കുന്ന നമ്മുടെയൊക്കെ കാപട്യത്തിന്റെ മുഖംമൂടിയെ കവി വലിച്ചു കീറുന്നു.

“ഒറ്റവാക്കിൽ പറഞ്ഞാൽ
അതിരുകൾക്കുള്ളിലെ
നിശ്ശബ്ദ വിപ്ലവം.
വിരലുകളിൽ
മാന്ത്രികത
നിറയുന്നനേരം…
ഇരുണ്ട ഗുഹകളിലേക്ക്
ഓരോ നിറങ്ങളെയും നിറച്ച്
മുന്നേറുന്ന നിശ്ശബ്ദത..”

കാരംസ് എന്ന കവിതയിൽ കാരംസ് ബോർഡിന്റെ ചതുരത്തെ,  അതിന്റെ അതിരുകൾക്കുള്ളിലെ നിശ്ശബ്ദ വിപ്ലവത്തെ,  കവി ജീവിതത്തോട് ചേർത്ത് വായിക്കുന്നു.

ആദ്യ കവിതാസമാഹാരം എന്ന നിലയിൽ ബിജു ലക്ഷ്മണനിന്റെ നിശ്ശബ്ദ വിപ്ലവം പ്രതീക്ഷ നൽകുന്നുണ്ട്.  എങ്കിലും ചില കവിതകളിലെങ്കിലും ക്ഷമയോടെയുള്ള അടയിരുപ്പ് ആവശ്യമെന്ന് തോന്നി. എഴുത്തുപുര ചക്കരക്കല്ലിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ബിജുവിനെ പരിചയപ്പെടുന്നത്. കവിതയുടെ വഴികളിൽ ഇനിയും മുന്നേറാൻ പ്രിയ സുഹൃത്തിന് കഴിയട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

%d bloggers like this: