Homeകേരളം'പെണ്ണ് ബുള്ളറ്റ് ഓടിച്ചാൽ ഇത്രയും അസഹിഷ്ണുതയോ?' വൈറലായി യുവാവിന്റെ കുറിപ്പ്

‘പെണ്ണ് ബുള്ളറ്റ് ഓടിച്ചാൽ ഇത്രയും അസഹിഷ്ണുതയോ?’ വൈറലായി യുവാവിന്റെ കുറിപ്പ്

Published on

spot_imgspot_img

ലിംഗ സമത്വത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നു. മറുവശത്ത് ആ ചർച്ചകൾക്ക് എതിരെ പോലും സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം നിബന്ധനയുടെ വേലിക്കെട്ട് പൊളിക്കുന്ന സ്ത്രീകള്‍ മോശമാണ്. ഒരു ബുള്ളറ്റ് ഓടിച്ചാല്‍ പോലും സ്ത്രീകള്‍ മോശമാണെന്ന് പറയുന്ന ആള്‍ക്കൂട്ടത്തിന്‍റെ ബോധത്തെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ കുറിപ്പ് വൈറലാകുകയാണ്.

സന്ദീപ് ദാസിന്‍റെ കുറിപ്പ് വായിക്കാം:

ഒരു ഫെയ്സ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ബുള്ളറ്റിൽ സഞ്ചരിക്കുന്ന രണ്ടു പെൺകുട്ടികളുടെ ചിത്രം.ആ പോസ്റ്റിനു കീഴിൽ വന്ന ചില കമൻ്റുകൾ വായിച്ചാൽ ബഹുരസമാണ്.

”ബുള്ളറ്റിൻ്റെ വില പോയി”
”ഇനി ആണുങ്ങൾ പ്രസവിക്കേണ്ടിവരും” “ഈനാംപേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് ”, ”വെറുതെയല്ല ഈ ലോകം ഇങ്ങനെ….”

ഒാർക്കുക. പെണ്ണ് ടൂവീലർ ഉപയോഗിച്ചതിനാണ് ഇത്രയും അസഹിഷ്ണുത !

ഇത് ഫെയ്സ്ബുക്കിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമൊന്നുമല്ല. പരമാവധി ഒരു സ്കൂട്ടി വരെ ഒാടിക്കാനുള്ള അനുവാദം പെണ്ണിന് സമൂഹം കൊടുത്തിട്ടുണ്ട്. അതിനേക്കാൾ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്ന പെണ്ണുങ്ങൾ തൻ്റേടികളും അഹങ്കാരികളുമാണ് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.

പുരുഷൻമാർ ബുള്ളറ്റിൽ ഉത്തരേന്ത്യ വരെ സന്ദർശിക്കും. ഒരു സ്ത്രീ അതുപോലൊരു യാത്ര കേരളത്തിൻ്റെ ഏതെങ്കിലുമൊരു ജില്ലയിലേക്ക് നടത്തിയാൽ ആ പെണ്ണ് പിഴയാണെന്ന് പറയാൻ പോലും ഇവിടെ ആളുകളുണ്ടാവും.

എന്നിട്ടോ? ഈ നാട്ടിൽ അസമത്വം ഇല്ല എന്നാണ് ചില ‘നിഷ്കളങ്കരുടെ’ അവകാശവാദം.

ജെൻ്റർ ഇക്വാളിറ്റിയെക്കുറിച്ചുള്ള ചർച്ചയിൽ ഒരാൾ എന്നോട് ചോദിക്കുകയുണ്ടായി-

”നമ്മുടെ നാട്ടിൽ ഒരു പ്രളയമുണ്ടായപ്പോൾ രക്ഷിക്കാൻ ബോട്ടുമായി എത്തിയത് മുഴുവൻ പുരുഷൻമാരാണല്ലോ.പിന്നെ എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഫെമിനിസ്റ്റുകൾ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത് ? ”

ഇതൊരു വലിയ ചോദ്യമായി ചിലർക്ക് തോന്നാം.പക്ഷേ ഒരു കിളിയെ പിടിച്ച് കൂട്ടിലടച്ചിട്ട് അതിനോട് പറക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ് ആ ചോദ്യം.

പെണ്ണുങ്ങൾ കടലിൽപ്പോയാൽ നാടുനശിക്കുമെന്ന് പറഞ്ഞ് പെണ്ണുങ്ങളെ കൂട്ടത്തോടെ വീട്ടിലിരുത്തിയതുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥ വന്നത്.അല്ലാതെ ബോട്ടുകൾ സ്ത്രീകൾക്ക് വഴങ്ങാത്തതുകൊണ്ടല്ല.ആഴക്കടലിൽ പോകാനുള്ള ലൈസൻസ് നേടിയ രേഖ അതിനു തെളിവായി നമുക്കുമുമ്പിലുണ്ട്.

എങ്ങനെ പല മേഖലകളിലും സ്ത്രീകൾ പിന്തള്ളപ്പെട്ടുപോയി എന്ന് മനസ്സിലാക്കണം.ആഘോഷ ആൾക്കൂട്ടങ്ങളും രാവുകളും പെണ്ണിന് എങ്ങനെ നിഷിദ്ധമായി എന്ന് മനസ്സിലാക്കണം.അപവാദങ്ങൾ പറഞ്ഞും ശാരീരികമായി ഉപദ്രവിച്ചും അവളെ അകറ്റിനിർത്തിയതാരാണെന്ന് സ്വയം ചോദിക്കണം.

വിവേചനങ്ങൾ പലപ്പോഴും പ്രകടമല്ല.അടിമത്തം ഒരു മോശം സംഭവമായി പല അടിമകൾക്കും തോന്നിയിരുന്നില്ല.അതുപോലെ പുരുഷാധിപത്യം ഒരു തെറ്റായി സ്ത്രീകൾ പോലും കണക്കാക്കുന്നില്ല എന്നിടത്താണ് പ്രശ്നം.വലിയ വിവേചനങ്ങൾ പോലും സാധാരണ സംഭവങ്ങളായി തോന്നുന്നത് അതുകൊണ്ടാണ്.

കുട്ടിക്കാലത്ത് കിട്ടാതെപോയ ഒരു വറുത്ത മീനാണ് തന്നെ ഫെമിനിസ്റ്റാക്കിയത് എന്ന് പറഞ്ഞ റിമ കലിങ്കലിനെ പരിഹാസങ്ങൾകൊണ്ടും തെറികൾ കൊണ്ടും അഭിഷേകം ചെയ്തത് മറക്കാറായിട്ടില്ല.തീൻമേശയിൽ പെണ്ണ് വിവേചനം അനുഭവിക്കുന്നത് തീർത്തും സാധാരണമായ ഒരു കാര്യമാണ് എന്ന ബോധത്തിൽ നിന്നാണ് റിമയ്ക്കെതിരായ ട്രോളുകൾ ഉണ്ടായത്.എന്നും മുഴുത്ത മീൻകഷ്ണങ്ങൾ മാത്രം തിന്നുശീലിച്ചവരുടേതാണ് ആ പുച്ഛം. അതിന് കുടപിടിച്ച കുലസ്ത്രീകൾക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞതുമില്ല.

ഫെമിനിസം എന്ന ആശയം പോലും ഇവിടെ വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.”സ്ത്രീ-പുരുഷ തുല്യതയ്ക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും ഞാനൊരു ഫെമിനസ്റ്റല്ല ” എന്ന് അഭിപ്രായപ്പെടുന്ന ധാരാളം ആളുകളുണ്ട് ! പുരുഷൻ്റെ നെഞ്ചത്ത് കയറുന്നവരാണ് ഫെമിനിസ്റ്റുകൾ എന്നതാണ് പൊതുബോധം.തുല്യത മാത്രമാണ് ആ ആശയത്തിൻ്റെ ലക്ഷ്യം എന്ന് ആരും മനസ്സിലാക്കുന്നില്ല.

”എൻ്റെ ഭർത്താവ് എനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട്…” എന്ന് അഭിമാനിക്കുന്ന ഭാര്യമാർ എത്രയോ ! കല്യാണം എന്നാൽ സ്വന്തം സ്വാതന്ത്ര്യം ഭർത്താവിനെ ഏൽപ്പിക്കുന്ന പ്രക്രിയയല്ലെന്ന് ആരോട് പറയാനാണ് ! രണ്ടു പേർ പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒരുമിച്ച് ജീവിക്കുന്ന സംഭവമായ വിവാഹത്തെ കണ്ടാൽ പോരേ?

ബുള്ളറ്റിൽ സഞ്ചരിക്കുന്ന പെൺകുട്ടികൾ ഒരു കൗതുകമോ വാർത്തയോ ആവാത്ത ഒരു കാലമാണ് വരേണ്ടത്.അതിലേക്ക് ഇനിയും ദൂരമേറെ. പക്ഷേ ഒരു നാൾ നാം അവിടെയെത്തും, എത്തണം…!

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...