സമാധാന സന്ദേശവുമായി ഇരുരാജ്യങ്ങളിലെയും സോഷ്യല്‍ മീഡിയ #SayNoToWar

ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അശാന്തി പടരുമ്പോള്‍, എരിതീയില്‍ എണ്ണയൊഴിച്ച്, ആളിക്കത്തിക്കുന്ന പരിപാടിയാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന് പറയാതെ വയ്യ. പക്ഷെ, പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തി തരുന്നു സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകള്‍. #SayNoToWar എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരംഭിച്ച പ്രചരണം അതിര്‍ത്തികള്‍ ഭേദിച്ച്, വെറുപ്പിന്‍റെ സമവാക്യങ്ങളെയെല്ലാം തോല്‍പ്പിക്കുന്നുണ്ട്. സംഘട്ടനമല്ല, സംവാദമാണ് പരിഹാരമെന്ന് ഇത് പറഞ്ഞു തരുന്നു.

ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും പോസ്റ്റു ചെയ്തുകൊണ്ട് യുദ്ധം ആത്യന്തികമായി നാശമേ വിതക്കുകയുള്ളൂ എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സോഷ്യല്‍ മീഡിയ. മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയ തന്നെയും യുദ്ധം വരുത്തി വെക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ എഴുതി വിടുമ്പോള്‍, അതേ പ്ലാറ്റ്ഫോം ഉപയോഗിച്ച് സമാധാനത്തിന്‍റെ സന്ദേശവാഹകരാവാനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയുന്നു.

പീസ്‌ പ്ലെയിനുകള്‍ നിര്‍മിച്ചു, അതിന്‍റെ ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്ന രീതിയിലുള്ള ക്യാമ്പൈനും സജീവമാവുന്നുണ്ട്. യുദ്ധവിമാനത്തിന് പകരം, സമാധാന വിമാനമെന്ന സന്ദേശമാണ് ഇത് കൈമാറാന്‍ ശ്രമിക്കുന്നത്.

ഇരുരാജ്യങ്ങളിലെയും ഭൂരിഭാഗം ജനങ്ങളും സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഭീതിയും വെറുപ്പും പടര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് പകരം, സ്നേഹ സന്ദേശങ്ങള്‍ കൈമാറാം നമുക്ക്.

ഒത്തൊരുമിച്ചു നിന്ന് മാനവികതയെന്ന വലിയ കുടയുടെ തണലത്ത് നില്‍ക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *