Homeകഥകൾഅശാന്തരാത്രി

അശാന്തരാത്രി

Published on

spot_imgspot_img

ജിബിന്‍ കുര്യന്‍

ഗോതമ്പുകച്ചി അട്ടിയിട്ട തടുക്കില്‍ ആലിലയിലെന്നപോലെ കിടന്ന് അവന്‍ കൈകാലിട്ടടിച്ചു. അവന്റെ ശരീരത്തില്‍നിന്നു പ്രസരിച്ച നേരിയ പ്രകാശം കച്ചിത്തടുക്കിനു ചുറ്റും വ്യാപിച്ചുനിന്നു. ഗബ്രിയേല്‍ മാലാഖ വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകി. മുഖത്തും ഉടലിലും സ്‌ത്രൈണത ചാര്‍ത്തി സ്വര്‍ഗ്ഗകവാടം തുറന്ന് ചിറകുകള്‍ കൂമ്പിപിടിച്ച് മാലാഖ താഴേക്കു പാഞ്ഞു. കാലിത്തൊഴുത്തിനു മുകളില്‍ വന്നിരുന്ന് ചിറകു പടര്‍ത്തി. കനലു കെട്ടുതുടങ്ങിയ കുന്തിരിക്കചട്ടിയില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരുന്ന ഗന്ധമറ്റ പുകയടിച്ചു ഗബ്രിയേല്‍ മാലാഖയ്ക്ക് തുമ്മണമെന്നു തോന്നി. ദീര്‍ഘപരിശീലനത്തിലൂടെ നേടിയ സഹനശേഷിയും ഔചിത്യബോധവും അതിനെ പ്രതിരോധിച്ചു. ദിവ്യജനനത്തിനു സാക്ഷികളായ മറ്റു ചിലര്‍ക്ക് അതൊന്നും വിലങ്ങായില്ല. ജൈവ പ്രേരണയില്‍ ഒന്ന് ചീറ്റി തുമ്മിക്കൊണ്ട് അന്തരീക്ഷത്തില്‍ തങ്ങിനിന്ന ഗൗരവത്തെ പറത്തിക്കളഞ്ഞത് മനുഷ്യരാരും ആയിരുന്നില്ല, അകിടു വീര്‍ത്ത ഒരു ചെമ്മരി പെണ്ണാടാണ്. പകലെപ്പൊഴോ കുടിച്ച കാടിവെള്ളത്തിന്റെ അവശിഷ്ടങ്ങള്‍ അവളുടെ മൂക്കിനു മുകളിലും താടിക്കു താഴെയും ഉണങ്ങി പറ്റിപ്പിടിച്ചിരുന്നു. അവള്‍ മൂക്കു ചുഴറ്റി വായ വഴറ്റി തലയൊന്നു കുടഞ്ഞു. ഉണ്ണിക്കുട്ടന്റെ കരച്ചില്‍ കേട്ട് അറിയാതെ, അപ്രതീക്ഷിതമായി അവളുടെ അകിട് ചുരന്നുപോയി. മുല മുത്തിനിന്ന കുഞ്ഞുങ്ങള്‍ മണിക്കൂറുകളായി തന്റെ അരികിലില്ലെന്ന സത്യം അവള്‍ ഓര്‍ത്തെടുത്തു. പുതിയ അതിഥികള്‍ എത്തുന്നതിനു മുമ്പുതന്നെ ഉടമസ്ഥന്‍ തന്റെ രണ്ടു കുഞ്ഞുങ്ങളെയും അകിടേന്ന് പറിച്ച് എവിടേക്കോ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. ഉണ്ണിയെ കാണുമ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന സന്തോഷവും തുള്ളിച്ചാട്ടവും ഓര്‍ത്തപ്പോള്‍ ചെമ്മരിക്കു ചിരി അടക്കാനായില്ല. അതുകൊണ്ടാവണം ഉടമസ്ഥന്റെ വീട്ടില്‍നിന്നു വന്ന മസാലയില്‍ കുഴഞ്ഞ മാംസഗന്ധം അവളുടെ മൂക്കില്‍ തൊടാതെ മലക്കം മറിഞ്ഞ് തൊഴുത്തിനു മുകളില്‍ കുന്തിച്ചിരുന്ന ഗബ്രിയേല്‍ മാലാഖയുടെ മോന്തയ്ക്കു ചുറ്റും വട്ടമിട്ടു നിന്നത്. ഗബ്രിയേല്‍ മാലാഖ മൂക്കു പൊത്തി ആശയടക്കി.
ചെമ്മരിപ്പെണ്ണാടു ചിരിച്ചുകൊണ്ടുതന്നെ മറുപുറത്തു നിന്ന ചെങ്കൊമ്പിപ്പശുവിനെ ഏന്തി വലിഞ്ഞു നോക്കി. ഏതാനും നാളുകള്‍ക്കകം പുറംലോകം കാണുവാന്‍ ഒരുമ്പെട്ടു പാകമായ പുതുജീവനെ അവള്‍ ഉള്ളില്‍ വഹിക്കുന്നുണ്ട്. അവള്‍ക്കു പിറക്കാന്‍പോകുന്ന ആദ്യകുഞ്ഞാണത്. തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരനിയന്‍, അതോ അനിയത്തിയോ.. ശൊ! ഏതുമാവട്ടെ..
കിഴക്കുനിന്ന് ചെങ്കതിര്‍ നിറമുള്ള കാളക്കൂറ്റന്‍ വന്നിട്ടുപോയ ആദ്യദിനങ്ങളിലെല്ലാം വിരഹവതിയായി നിന്നതുപോലെ ഇപ്പോള്‍ അവള്‍ കാണപ്പെടുന്നത് എന്താവാം. (ബത്‌ലഹേമിലെയും പടിഞ്ഞാറന്‍ വയല്‍പരപ്പുകളിലെയും പശുക്കളെല്ലാം അവന്റെ സാന്നിധ്യം കൊതിച്ചു. ഇണചേരാന്‍ എത്തുമ്പോള്‍ പശുക്കള്‍ അവനെ പ്രേമപൂര്‍വം നോക്കി. നിരന്തര ആവര്‍ത്തനത്താല്‍ ഇണചേരല്‍ അവന് വെറുമൊരു അനുഷ്ഠാന നിര്‍വഹണം മാത്രമായി തീര്‍ന്നിരുന്നു. പശുക്കളുടെ നോട്ടങ്ങള്‍ക്ക് അവന്‍ പിടി കൊടുത്തില്ല. ഇണചേരുമ്പോള്‍പോലും ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി ധ്യാനിച്ചുനിന്നു. കിഴക്കുനിന്ന് ഉദിച്ചുയര്‍ന്ന് പടിഞ്ഞാറെത്തി കാര്യം സാധിച്ചിട്ട് കിഴക്കുതന്നെ പോയി അസ്തമിക്കും, അവന്‍.) ആ വിരഹത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വയറ്റിനുള്ളില്‍ പൊടിച്ചുവന്ന ജീവന്റെ ചെറുചലനങ്ങള്‍ അവളുടെ മനസ്സിലെ വേദനകള്‍ പാറ്റിക്കളഞ്ഞിരുന്നു.
മുന്നിലുള്ള കുഞ്ഞിലല്ല, അവന്‍ കിടക്കുന്ന കച്ചിത്തടുക്കിലാണ് ചെങ്കൊമ്പി കണ്ണുകളാഴ്ത്തി നില്‍ക്കുന്നതെന്ന് ചെമ്മരി കണ്ടു. അവളുടെ ആഹാരമാണത്. ശരിയാണ്, പുതിയ അതിഥികള്‍ വന്നതുമുതല്‍ ചെങ്കൊമ്പി പട്ടിണിയിലാണ്.
ചെങ്കൊമ്പിയുടെ വയറിന്റെ വിരഹമാണ് ഇപ്പോള്‍ അവളെ തളര്‍ത്തുന്നത്.
പുറത്തെ കച്ചിത്തുറുവില്‍ അവശേഷിച്ചിരുന്നവയാണ് ഉണ്ണി കിടക്കുന്ന കച്ചിത്തടുക്കായി രൂപം പ്രാപിച്ചത്. വിശപ്പിന്റെ കൊളുത്തുകള്‍ മുമ്പിലുള്ള കുഞ്ഞിനെ സന്തോഷത്തോടെ നോക്കുവാന്‍ കഴിയാത്തവിധം അവളുടെ കണ്ണുകളെ കൊളുത്തി വലിക്കുന്നു. ദഹനദ്രവം അവളുടെ വായില്‍നിന്ന് കണ്ണീരുപോലെ താഴേക്ക് ഇറ്റുവീഴുകയാണ്. അവളുടെ കൊമ്പുകളുടെ തിളക്കമുള്ള ചുവപ്പുനിറം നോക്കിനില്‍ക്കെ മങ്ങിമങ്ങി വരുന്നു. തൊഴുത്തിനു പുറത്ത് ഒരു മാലാഖ ഇരിപ്പുണ്ട്. അവള്‍ വിചാരിച്ചാല്‍ ഒരുപിടി കച്ചി എങ്ങനെയും കൊണ്ടുവരാം. എന്നാല്‍ അവള്‍ തങ്ങളെ ശ്രദ്ധിക്കുന്നതുപോലുമില്ലല്ലോ..
ചെങ്കൊമ്പിയുടെയും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെയും അവസ്ഥ ഓര്‍ത്തപ്പോള്‍ ചെമ്മരിയുടെ കമ്പിളിരോമത്തിനുള്ളിലെ കുഞ്ഞുശരീരത്തില്‍ വിറയല്‍ അനുഭവപ്പെട്ടു. അവള്‍ ചെങ്കൊമ്പിയെ അലറി വിളിച്ചു. ആ ശബ്ദം മുന്നിലുള്ള കുഞ്ഞിനെ ശല്യപ്പെടുത്താതെ തൊഴുത്തിനു വെളിയിലൂടെ ഇറങ്ങി മറുപുറത്തെ ചെങ്കൊമ്പിയുടെ ചെവിയില്‍ എത്തുന്നതിനു മുമ്പ് അലിഞ്ഞ് ഇല്ലാതായി. മുന്‍കാലിലെ കുളമ്പിനടിയില്‍ പെട്ടുപോയ ചാണകം ഞെരിച്ച് പുറത്തു കളയാന്‍ എന്നതുപോലെ ചെങ്കൊമ്പി താഴേക്കു നോക്കി കാലുകള്‍ ഇളക്കി നിന്നു. ഇടയ്ക്കുമാത്രം ഈച്ചയെ ആട്ടാന്‍ ഇരുവശത്തേക്കും തല പായിക്കുകയും വാലിളക്കുകയും ചെയ്തു. ചെമ്മരിയില്‍ എത്തിപ്പെടാന്‍ ആവതില്ലാത്ത നോട്ടങ്ങളെ മാത്രം ചെങ്കൊമ്പിയുടെ കണ്ണുകള്‍ പെറ്റുകൊണ്ടിരുന്നു.

2

ഈ ദൃശ്യങ്ങളെല്ലാം മൊത്തത്തില്‍ വീക്ഷിച്ച് അല്പം ദൂരെ വെളിയില്‍ ഒരു കഴുത ഡിസംബറിലെ മഞ്ഞ് നേരിട്ടു ശരീരത്തില്‍ പതിക്കുന്നതു വകവയ്ക്കാതെ പകലെപ്പൊഴോ എങ്ങനെയോ അകത്താക്കിയ ഉണക്കപ്പുല്ല് അയവിറക്കി നില്‍പ്പുണ്ടായിരുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ എണ്ണമറ്റ മൈലുകള്‍ ചുമന്ന് സഞ്ചരിച്ചതിന്റെ യാതൊരു ക്ഷീണവും തന്റെ ശരീരത്തില്‍ ഇല്ലല്ലോ എന്ന് അവന്‍ അതിശയപ്പെട്ടു. എത്രയും ഭാരരഹിതമായ ശരീരമായിരുന്നു അവരുടേത്, ഒരു അപ്പൂപ്പന്‍താടി പോലെ..
ഈ വരണ്ട നാടുകളിലൂടെ താങ്ങാവുന്നതിലധികം ഭാരവുമായി ഓര്‍മ്മവച്ചപ്പോള്‍ മുതലുള്ള വിരാമമില്ലാത്ത യാത്രകള്‍ നല്‍കിയ പലവിധ അനുഭവങ്ങളല്ലാതെ മറ്റെന്താണ് തനിക്കു കൈമുതലായി ഉള്ളത്. അനുഭവങ്ങളുടെ വീര്യം ആസകലം വ്യാപിച്ചു നില്‍ക്കുന്നു. യാത്രകള്‍ നല്‍കിയ ലഹരി പറഞ്ഞറിയിക്കാന്‍ കഴിയാത്തത്; എല്ലാവര്‍ക്കും പ്രവേശനമില്ലാത്ത രാജപാതകള്‍, ഏതൊരുവനും ചുറ്റിത്തിരിയാവുന്ന അങ്ങാടിത്തെരുവുകള്‍, ഗലീലിയില്‍നിന്ന് ജോര്‍ദ്ദാന്‍ നദീതീരത്തുകൂടിയുള്ള നേര്‍ത്ത തരിമണല്‍ വഴികള്‍, തെക്കോട്ട് ആ പാത തീരുമ്പോള്‍ എത്തിച്ചേരാവുന്ന ചാവുകടല്‍തീരത്തെ ഉഷ്ണഗന്ധമുള്ള മണല്‍പരപ്പ്, ഗാഗുല്‍ത്തായിലെ അരമുള്ള കൂര്‍ത്ത ചരലുകള്‍ നിറഞ്ഞ നൊമ്പരപ്പാത.. ഓരോ വഴികളും കുളമ്പുകളില്‍ ചാര്‍ത്തിത്തന്നത് പലവിധമായ അനുഭവമുദ്രകള്‍. ഒപ്പം, തന്റെ മുതുകിലെ പല അടരുകളുള്ള തഴമ്പിനു കാരണക്കാരായ എത്രയോ മനുഷ്യര്‍ – കച്ചവടക്കാര്‍, മുക്കുവര്‍, ഇടയന്മാര്‍, വേശ്യകള്‍, മദ്യപാനികള്‍, പുരോഹിതര്‍, ചുങ്കക്കാര്‍, അരാജകവാദികള്‍. വ്യാജപ്രവാചകര്‍, വിപ്ലവപ്രസ്ഥാനക്കാര്‍, അത്ഭുത പ്രവര്‍ത്തകര്‍, രോഗശാന്തിക്കാര്‍. ഇവരില്‍ ഏറ്റവും ഭാരമുള്ള ശരീരങ്ങള്‍ പുരോഹിതവര്‍ഗത്തിന്റേത് ആയിരുന്നില്ലേ? അതെ.. എന്നാല്‍ ഈ യാത്രയില്‍ അനുഭവിച്ച ഭാരമില്ലായ്മയുടെ പൊരുള്‍ എന്തായിരിക്കാം..
കല്‍മുനമ്പുകളിലൂടെയും വരള്‍നിലങ്ങളിലൂടെയും നടന്നു ചതഞ്ഞുതേഞ്ഞ തന്റെ കുളമ്പുകള്‍ക്ക് പുതിയൊരു ശക്തിയും തിളക്കവും ലഭിച്ചതുപോലെ. മുതുകിലെ കട്ടിത്തഴമ്പ് മഞ്ഞുകണങ്ങളോടൊപ്പം ഉരുകി ഒലിച്ചു പോയതുപോലെ.
ഇതുവരെയുള്ള ജീവിതം എണ്ണമറ്റ യാതനകളിലൂടെ ചിട്ടപ്പെട്ടതാണല്ലോ. അവ ഇനിയും തുടരുകതന്നെ വേണം. എങ്കിലും ഈ ഭാരരഹിതരായ അമ്മയെയും കുഞ്ഞിനെയും ജീവിതകാലം മുഴുവന്‍ ചുമന്നുകൊണ്ടു നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
അവന്‍ അത്യാഗ്രഹപ്പെട്ടു.
ഈച്ചകളുടെയും പ്രാണികളുടെയും ശല്യം സഹിക്കവയ്യാതെ ഗബ്രിയേല്‍ മാലാഖ ചിറകടിച്ചു പറന്നു പൊങ്ങി കാലിത്തൊഴുത്തിനു ചുറ്റും വട്ടമിട്ടു പറന്നു. സ്വന്തം ശരീരത്തിന്റെ ഭാരത്തെ മാത്രം ചിറകുകള്‍കൊണ്ടു താങ്ങിനിര്‍ത്താന്‍ മാലാഖ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നു കണ്ടപ്പോള്‍ കഴുതയ്ക്കു വലിയവായില്‍ ചിരി പൊട്ടി. അവന്‍ മാലാഖയെ നോക്കി പരിഹാസച്ചുവയുള്ള മുക്രയിട്ടു. റാകിപ്പറന്നുനിന്ന മാലാഖ അവന്റെ പരിഹാസമല്ല, തൊഴുത്തിനു പുറകിലെ ചാണകക്കുഴിയില്‍ പതിയിരിക്കുന്ന അപകടമാണു മണത്തത്. അവിടെ ഒരു വലിയ ഇരമ്പല്‍ ശക്തി പ്രാപിച്ചുവരുന്നു. എണ്ണമറ്റ പെണ്‍കൊതുകകള്‍ തങ്ങള്‍ക്കു ജീവിതത്തില്‍ ആദ്യമായി ലഭിച്ച സവിശേഷ മനുഷ്യരക്തത്തിന്റെ ആകര്‍ഷണത്താല്‍ ഉടലുകളില്‍ അനുഭവപ്പെട്ട മാദകമായ സുഖാനുഭൂതിയോടെ ചിറകുകള്‍ വിറപ്പിച്ച് ഒരുമിച്ചു കൂടിക്കഴിഞ്ഞിരുന്നു. നവജാതരക്തത്തിന്റെ വിളി പെണ്‍കൊതുകുകളുടെ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ചു.
‘ഈ രക്തത്തിന്റെ വിളി, ഇത് സവിശേഷമായ ഒന്നാണ്’ അവര്‍ പരസ്പരം പറഞ്ഞു.
‘അതെ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ പോന്ന എന്തോ ആ വിളിയില്‍ ഉണ്ട്’ അവര്‍ ആവേശംകൊണ്ടു.
അതുവരെ കണ്ണുകളടച്ച് ദീര്‍ഘശ്വാസമെടുത്ത് സാവകാശം പറന്നുകൊണ്ടിരുന്ന കൊതുകകളിലെ മൂത്തവള്‍ (മൂപ്പത്തി) കണ്ണു തുറന്ന് തിരിഞ്ഞ് മറ്റുള്ളവരോടു പറഞ്ഞു: ‘തരുണികളേ, ഗോതമ്പുചെടിയുടെ നീരൂറ്റിക്കുടിച്ച് നമ്മുടെ ആണുങ്ങള്‍ വയലുകളില്‍ മത്തരായി കിടക്കുന്നു. അവര്‍ക്ക് രക്തത്തിന്റെ ആവശ്യമില്ല. അടുത്ത തലമുറയെക്കുറിച്ചു ചിന്തയുമില്ല. വംശവെറിയും അധികാരക്കൊതിയുമുള്ള മനുഷ്യരുടെ രക്തം കുടിച്ചു നമ്മുടെ കുലം മുടിയാറായി. ഇതു നമുക്കൊരവസരമാണ്.’ കൊതുകുകള്‍ തല കുലുക്കി. മൂപ്പത്തി തുടര്‍ന്നു: ‘നൂറ്റാണ്ടുകളായി തുടരുന്ന ചാണകക്കുഴി ജീവിതത്തില്‍നിന്നും നമ്മള്‍ രക്ഷ പ്രാപിക്കാന്‍ പോകുന്നു. ഇതാണ് നമുക്കുവേണ്ടി കരുതിവച്ചിരിക്കുന്ന വിമോചനത്തിന്റെ രക്തം.’
തങ്ങള്‍ ഒരു മഹാചരിത്രത്തിന്റെ സവിശേഷ ഭാഗമാകാന്‍ പോകുന്നതായി പെണ്‍കൊതുകുകള്‍ മനസ്സിലാക്കി. മൂപ്പത്തിയുടെ പിന്നില്‍ അണിനിരന്നുകൊണ്ട് അവര്‍ ഒരു തീര്‍ത്ഥാടകസംഘം എന്നവണ്ണം മുകളിലേക്ക് ഉയര്‍ന്ന് കാലിത്തൊഴുത്തിനുള്ളിലേക്ക് യാത്രയായി.
ഇവയെല്ലാം ഉള്‍ക്കണ്ണാല്‍ തിരിച്ചറിഞ്ഞ ഗബ്രിയേല്‍ മാലാഖ ചിറകുകള്‍ കൂട്ടിയുരസ്സി മൂര്‍ച്ചകൂട്ടി. ചിറകുകളില്‍നിന്ന് തീപ്പൊരി പാറി. തന്റെ പരിഹാസം മാലാഖയെ ദേഷ്യം പിടിപ്പിച്ചെന്ന് കഴുതയ്ക്കു തോന്നി. അവന്‍ മാലാഖയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ തൊഴുത്തിന്റെ പരിയമ്പുറത്തേക്കോടി. ‘ഈ മാലാഖ ഒരു ഭയങ്കരിതന്നെ’ അവന് ആകപ്പാടെ ചമ്മലനുഭവപ്പെട്ടു.
മാലാഖക്കണ്ണുകള്‍ ചുവന്നു. അതു ചിറകു കുടഞ്ഞുതല്ലി തീക്കാറ്റു വീശി. കൊതുകുകളുടെ വലിയ പടതന്നെ അതില്‍ എരിഞ്ഞുപോയി. മൂപ്പത്തിയുടെ വലതു ചിറകുകളില്‍ തീയാളി. അവള്‍ ചാണകക്കൂമ്പാരത്തിലേക്കു വീണു. താഴെയെത്തിയവരില്‍ ജീവനും ചിറകും നഷ്ടപ്പെടാത്ത ചിലര്‍ മൂപ്പത്തിയെ ചാണകക്കൂമ്പാരത്തില്‍ താണുപോകാതെ പൊക്കിയെടുത്ത് കരയ്‌ക്കെത്തിച്ചു. അവള്‍ താഴെ ചാണകവെള്ളത്തില്‍ പുളയ്ക്കുന്ന കൂത്താടി കുഞ്ഞുങ്ങളെ പ്രതീക്ഷയോടെ നോക്കി. നാളെകളില്‍ ചിറകുമുളച്ച് ഉയരുന്നവരെ ഏല്‍പ്പിക്കേണ്ട – തങ്ങള്‍ക്കു കഴിയാതെ പോയ – ദൗത്യത്തെ മനസ്സില്‍ നിറച്ചു. തനിക്കു സംഭവിച്ച നഷ്ടം വലുതാണെങ്കിലും ജീവിതത്തിന് പുതിയൊരര്‍ത്ഥം കൈവരുന്നതുപോലെ അവള്‍ക്കു തോന്നി.
മിച്ചം വന്ന കൊതുകകളില്‍ ചിലര്‍ കാലിത്തൊഴുത്തിന്റെ ഉത്തരവിടവിലൂടെ അകത്തെത്തിക്കഴിഞ്ഞിരുന്നു. കച്ചിത്തടുക്കിലെ പ്രകാശരൂപം കണ്ട് അവര്‍ക്ക് നിര്‍വൃതി ഉണ്ടായി. അവരില്‍ ആ രക്തത്തോട് വാത്സല്യവും പ്രേമവും ജനിച്ചു. അവര്‍ കൊതിയോടെ പുല്‍ത്തടുക്കിലേക്കു കുതിക്കാന്‍ ആരംഭിച്ചു.
ഞൊടിയിടയില്‍ ഗബ്രിയേല്‍ മാലാഖ നൂലില്‍ കെട്ടിയിറക്കിയാലെന്നതുപോലെ കാലിത്തൊഴുത്തിനുള്ളില്‍ പ്രത്യക്ഷയായി. താഴേക്കു പാറിവന്ന കൊതുകുകളെ അവള്‍ ചിറകുകള്‍കൊണ്ടു വിലക്കി. മാലാഖമുഖം വെളുത്തുചുവന്നു വികൃതമായി. പ്രേതരൂപിണിയായ അതിന്റെ വായില്‍നിന്ന് ക്രൂരഗര്‍ജനങ്ങളും പ്രാക്കുകളും പല്ലുകടിയും വെളിയില്‍ വന്നു.
മാലാഖരൂപം കണ്ട് ചെമ്മരിയും ചെങ്കൊമ്പിയും പേടിച്ചലറി. ഭയവും വിശപ്പും പിണഞ്ഞു വരിഞ്ഞ് ചെങ്കൊമ്പിയില്‍ പേറ്റുനോവിനേക്കാള്‍ വലിയ നൊമ്പരം ഉണ്ടാക്കി. തന്റെ കുഞ്ഞുങ്ങളെ വീണ്ടും ഓര്‍ത്ത് ചെമ്മരി തല കുടഞ്ഞു കരഞ്ഞു. കഴുതമാത്രം അടുത്തുള്ള ഗോതമ്പുവയലിലേക്കു രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഭയം നല്‍കിയ പുതിയ ഭാരം അവന്റെ കുളമ്പുകളില്‍ ചതവിന്റെ വേദന തിരികെ കൊണ്ടുവന്നു. വയലോരത്തുനിന്ന ഈന്തപ്പനച്ചുവട്ടില്‍ അവന്‍ കുഴഞ്ഞു വീണു.
ആശ്ചര്യകരമായ കാര്യം, തൊഴുത്തില്‍ ഉണ്ടായിരുന്ന മനുഷ്യര്‍ക്ക് (നവജാതശിശുവിനും അവന്റെ മാതാപിതാക്കള്‍ക്കും) ഈ സംഭവങ്ങളൊന്നും കാണാനോ അനുഭവിക്കാനോ കഴിഞ്ഞില്ല!
ശാന്തം, സുരക്ഷിതം.
കൊതുകുകള്‍ ഭയരഹിതരായി മാലാഖയുടെ നേര്‍ക്ക് കുമ്പിട്ട് ജാഗ്രതയോടെ പറന്നുനിന്നു. അവര്‍ പറഞ്ഞു: ‘ചിറകുള്ള പ്രിയ മിത്രമേ, ഞങ്ങളുടെ ആവശ്യം ലളിതമാണ്. ഏതാനും തുള്ളി രക്തം. മേലു നോവിക്കാതെ ഞങ്ങളത് എടുത്തുകൊള്ളാം.’
ഗബ്രിയേല്‍ മാലാഖ പിതാവായ ദൈവത്തെ അനുകരിച്ചിട്ടെന്നവണ്ണം വീണ്ടും കോപംകൊണ്ട് അലറി. ‘ദൂരെപ്പോ കീടങ്ങളേ, നിങ്ങള്‍ക്കതു ലഭിക്കില്ല.’
കൊതുകുകള്‍ രണ്ടടി പുറകോട്ടാഞ്ഞ് വരിവരിയായി വളഞ്ഞു പറന്ന് ഒരു ചോദ്യചിഹ്നരൂപം പ്രാപിച്ചു.
മാലാഖ മുഖം കനപ്പിച്ചു. ‘ഇവന്റെ രക്തം നാളെയൊരിക്കല്‍ ചിന്തപ്പെടുകതന്നെ ചെയ്യും. എന്നാല്‍ അതൊരിക്കലും നിങ്ങളാലോ നിങ്ങള്‍ക്കു വേണ്ടിയോ ആയിരിക്കില്ല.’
മാലാഖയുടെ വാക്കുകള്‍ കേട്ട് കൊതുകകളില്‍ ഒരുവള്‍ മനസ്സു തകര്‍ന്ന് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മറ്റു കൊതുകുകള്‍ അവളെ താങ്ങി.
‘ഇപ്പോള്‍തന്നെ നമുക്കു വെളിയിലേക്കു പോകണം.’ അവള്‍ വിവശയായി പറഞ്ഞു.
മറ്റു കൊതുകുകള്‍ അന്യോന്യം നോക്കി. താങ്ങാനാവാത്ത അപകര്‍ഷതയും നിരാശയും തങ്ങളെ ബാധിക്കുന്നത് അവരറിഞ്ഞു. അവര്‍ സാവധാനം വെളിയിലേക്കു പറന്നുതുടങ്ങി. തൊഴുത്തിനുള്ളില്‍ അപ്പോഴും അരക്ഷിതരായി ഞരങ്ങിക്കൊണ്ടിരുന്ന ചെമ്മരിയെയും ചെങ്കൊമ്പിയെയും കൊതുകുകള്‍ കണ്ടു.
‘അപ്പോള്‍ നമ്മുടെ രക്ഷ’ കൊതുകകളില്‍ ഒരുവള്‍ ചോദിച്ചു.
വെളിയില്‍ ഒരു മങ്ങിവരണ്ട നക്ഷത്രം ചിറകു കുഴഞ്ഞ പക്ഷിയെപ്പോലെ ചലിച്ചുനിന്നു. ഭൂമിയിലേക്ക് ഏന്തിവലിയുന്ന അതിന്റെ കിരണങ്ങളുടെ നിസ്സഹായത.. ഈന്തപ്പനച്ചുവട്ടില്‍ കാലുകള്‍ കുഴഞ്ഞ് തളര്‍ന്നു കിടക്കുന്ന ഒരു കഴുതയെ ആ വെളിച്ചത്തില്‍ കൊതുകുകള്‍ കണ്ടു.
‘അവന്‍ നമ്മുടെ രക്ഷകനല്ല.’ അവശയായ കൊതുകിന് വാക്കുകള്‍ ഇടറി. അവള്‍ തന്റെ അമ്മയായ മൂപ്പത്തിയെ ഓര്‍ത്തു പരിതപിച്ചു.
താഴെ, തലയില്‍ കിരീടവും ശരീരത്തില്‍ ആടയാഭരണങ്ങളുമണിഞ്ഞ് കയ്യില്‍ സമ്മാനക്കെട്ടുകളുമായി മൂന്നു മനുഷ്യര്‍ തൊഴുത്തിലേക്കു നടന്നടുക്കുന്നു. കൊതുകുകളുടെ ചിറകുകള്‍ തങ്ങളുടെ ചാണകക്കുഴിയെ ലക്ഷ്യമാക്കി.
‘പിന്നെ എന്തിനാണ് അവന്‍ ഈ കാലിത്തൊഴുത്തില്‍ വന്നു പിറന്നത്, നമ്മുടെ ചാണകക്കുഴിക്കരികില്‍’ മറ്റു കൊതുകകള്‍ അവശയായവളോടു ചോദിച്ചു. അവശയായ കൊതുകിന്റെ ചുണ്ടുകള്‍ അപ്പോഴേക്കും ചലനമറ്റു കഴിഞ്ഞിരുന്നു.
സമ്മാനക്കെട്ടുകളുമായി വന്നവര്‍ തൊഴുത്തിനുള്ളില്‍ പ്രവേശിച്ചു. മാലാഖയുടെ മുഖം ശാന്തമായി. അവള്‍ നിറഞ്ഞു ചിരിച്ചു. ചെമ്മരിയും ചെങ്കൊമ്പിയും അപ്പോഴേക്കും ബോധരഹിതരായി കഴിഞ്ഞിരുന്നു. അതിഥികളായി എത്തിയവര്‍ കുഞ്ഞിനെ കണ്ടു. തങ്ങള്‍ കൊണ്ടുവന്ന സമ്മാനക്കെട്ടുകള്‍ കുഞ്ഞിനു നേരേ നീട്ടി.
അത്രനേരവും കച്ചിത്തടുക്കില്‍ കൈകാലിട്ടടിച്ചു കളിച്ചിരുന്ന കുഞ്ഞ് കാലുകള്‍ നിവര്‍ത്തി നിശ്ചലമാക്കി കണ്ണുകള്‍ ഇറുക്കി അടച്ച് തല മുകളിലേക്കുയര്‍ത്തി കൈകള്‍ വിരിച്ചുപിടിച്ച് വിദൂരത്തിലുള്ള ആരോടോ പരിഭവം പ്രകടിപ്പിക്കാന്‍ എന്നവണ്ണം ആഞ്ഞാഞ്ഞു അലറിക്കരയാന്‍ തുടങ്ങി.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...