തൊണ

Published on

spot_imgspot_img

വിഷ്ണു രാമകൃഷ്ണന്‍

‘ഉറക്കം കിട്ടാതെ കിടക്കുന്ന ഒരാൾ രാത്രിയിൽ എന്തൊക്കയാവും ചെയ്യുന്നുണ്ടാവുക? ‘
(ഏനുമാപ്ലയുടെ രാത്രികളെല്ലാം കൗതുകം നിറഞ്ഞ ഇത്തരം ആലോചനകളിലാണ് അവസാനിക്കാറുണ്ടായിരുന്നത്.)

നീണ്ടൊരു കോട്ടുവായിട്ട് ഏനുമാപ്ല മിറ്റത്തേക്കിറങ്ങി വന്നു. വേദനിക്കുന്ന അടിവയറ്റിൽ കയ്യമർത്തിക്കൊണ്ട് അങ്ങേര് തല പോയൊരു തെങ്ങിന്റെ കടക്കെ കുന്തിച്ചിരുന്നു. എത്ര കണ്ട് ആഞ്ഞ് മുക്കിയിട്ടും ഒരിറ്റ് മൂത്രം പോലും മണ്ണിലേക്ക് പൊടിഞ്ഞില്ല. മൂപ്പരുടെ സകല നാഡീഞരമ്പുകളും തളർന്നു. അടിവയർ കല്ല് പോലെയായി. വേദന സഹിക്കാൻ പറ്റാണ്ടായപ്പോൾ ഏനുമാപ്ല ലേശം ഞെരുക്കത്തോടെ ഒന്നുങ്കൂടി മുക്കി. അപ്പഴാണ് പ്ലാവിന്റെ ഏറ്റും ഉച്ചിയിലുള്ള കൊമ്പിലിരിപ്പുണ്ടായിരുന്ന നെടുലാൻ നീട്ടിക്കൂവിയത്. അങ്ങേര് പേടിച്ചെഴുന്നേറ്റപ്പൊ രണ്ടിറ്റ് മൂത്രം തുടയിടുക്കിലേക്ക് ചാടി കാലിലേക്ക് വരഞ്ഞിറങ്ങി. കൈക്കുള്ളിൽ കൊള്ളുന്നത്രയും മണ്ണ് വാരിയെടുത്ത് ഏനുമാപ്ല പ്ലാവ് നിക്കുന്നിടത്തേക്ക് ഒറ്റയേറ് എറിഞ്ഞു. ഇരുന്നിടത്ത് തന്നെ വന്നിരുന്ന് മുള്ളാൻ ശ്രമിക്കുന്നതിനിടക്ക് മോളിലോട്ടൊന്ന് നോക്കി. ആകാശത്ത് പാതി കരുവാളിച്ച ചന്ദ്രൻ. കുറെ നേരം ആ ഇരിപ്പ് തുടർന്നപ്പൊ തുള്ളീശെ മൂത്രം പോവാൻ തുടങ്ങുകയും അടിവയറ്റിലെ വേദനക്ക് കുറവ് വരുന്നതായും അങ്ങേരറിഞ്ഞു.

വീടിന്റെ ഇറയത്തിരിപ്പുണ്ടായിരുന്ന മണ്ണെണ്ണ വിളക്കും പിടിച്ച് ഏനുമാപ്ല പറമ്പിലേക്ക് നടന്നു. അതിനിടക്ക് ശക്തിയായി കാറ്റ് വീശി. കെട്ടുപോകുമെന്ന് പേടിച്ച് കൂടെയുള്ള വെളിച്ചത്തെ കാറ്റിൽ നിന്ന് മറച്ച് പിടിച്ചു. പറമ്പിന്റെ ഒരു മൂലക്കെ ആൾപൊക്കത്തിൽ നിൽക്കുന്ന പത്തിരുപതോളം കൊള്ളിച്ചെടികൾക്കിടയിലേക്ക് വളരെ ബുദ്ധിമുട്ടി ആ മനുഷ്യൻ നൂണ് ചെല്ലുന്നത് കാണുമ്പൊ ആർക്കായാലും ( സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു മനുഷ്യനായത് കൊണ്ട് ) ഒരിഴജന്തുവിനെ ഓർമ്മ വരും. വെളിച്ചം ചെന്ന് വീഴുന്നിടത്തേക്കെല്ലാം അങ്ങേര് കണ്ണെത്തിച്ച് നോക്കി. അപ്പൊ കണ്ടു, വേര് പൊട്ടി മണ്ണിലേക്ക് മറിഞ്ഞ് കിടക്കുന്ന നാലഞ്ച് കൊള്ളിച്ചെടികളുടെ കടഭാഗത്തായി തൊരപ്പന്മാരുണ്ടാക്കിയ മൂന്ന് പൊത്തുകൾ! മൂന്നെണ്ണത്തിൽ ഒന്നിന്റെയുള്ളിലെങ്കിലും തൊരപ്പനുണ്ടാവുമെന്ന് കരുതി കൈയിലിരിപ്പുണ്ടായിരുന്ന മണ്ണെണ്ണ വിളക്ക് ഓരോ പൊത്തിലേക്കും അടുപ്പിച്ച് പിടിച്ച് നോക്കി.
” എത്രീം പെട്ടന്ന് ഇതിന്റടുത്തൊക്കെ മഞ്ഞള് നട്ട് പിടിപ്പിക്കണം… ഇല്ലേല് ഉള്ളതുങ്കൂടി നശിപ്പിച്ച് കളയും എരണം കെട്ടോറ്റ…” ഏനുമാപ്ല തന്നത്താൻ പറഞ്ഞു. ഇലകളെ അനക്കിക്കൊണ്ടെത്തിയ കാറ്റ് വിളക്ക് കെടുത്തി. അടുത്തെങ്ങും ഒരു തരി വെളിച്ചമോ ആളോ ഇല്ലെന്നറിഞ്ഞപ്പൊ പേടി മൂത്ത് അങ്ങേർക്ക് മൂത്രമൊഴിക്കാൻ മുട്ടി. മൂപ്പെത്താത്ത ഒരു പൊടിഞ്ഞിയുടെ അടുത്ത് ചെന്നിരുന്നു. തട്ടും തടവുമില്ലാതെ മൂത്രം പോയപ്പൊ വല്ലാത്തൊരാശ്വാസം തോന്നി. മൂത്രമൊഴിച്ച് കഴിഞ്ഞിട്ടും കുറച്ച് നേരം അവിടെത്തന്നെയിരുന്നു.

വീടിന്റെ ഇറയത്തേക്ക് കേറുന്നതിനിടക്കാണ് ചവിട്ടുപടിയുടെ തെറ്റത്തുക്കൂടെ അരിച്ച് പോയ്ക്കൊണ്ടിരുന്ന കരിയുറുമ്പിന്റെ വരിമേൽ ഏനുമാപ്ലയുടെ ഉപ്പുറ്റിയമരുന്നതും ഒറ്റവരി രണ്ടായി ഭാഗിക്കപ്പെടുന്നതും. കുറച്ചുറുമ്പുകൾ അപ്പൊത്തന്നെ ചത്ത് മലച്ചപ്പൊ ശേഷിച്ചവ പരസ്പരം കൂട്ടിയിടിച്ച് എങ്ങോട്ടേക്കൊക്കെയോ രക്ഷപ്പെടാനുള്ള വെപ്രാളത്തിലായിരുന്നു. ഇറയത്ത് മങ്ങിക്കത്തിക്കൊണ്ടിരുന്ന ബൾബിന്റെ വെളിച്ചത്തിൽ മൂപ്പര് ഇറക്കാലിക്കെ ചെന്നിരുന്നു. ദിവസങ്ങളോളമായി തന്റെ എണയെ നഷ്ടപ്പെട്ട് പറമ്പായ പറമ്പിലൂടെയെല്ലാം അലറിക്കരഞ്ഞ് നടന്നിരുന്ന ആ പൂച്ച വീണ്ടും അങ്ങേരുടെ അടുത്ത് വന്നിരുന്നു. അപ്പോഴതിന്റെ കരച്ചിൽ ശ്രദ്ധിച്ച് ചെവിടോർത്താൽ മാത്രം കേൾക്കാവുന്നത്രയും നേർത്തതായിത്തീർന്നിരുന്നു. എന്നും ചെയ്യാറുള്ളത് പോലെ അതിനെയെടുത്ത് മടിയിൽ കിടത്തി നെറുകുന്തല ഉഴിഞ്ഞ് സമാധാനപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ഏനുമാപ്ല തന്റെ ഉള്ളിലിരിപ്പ് പുറത്താക്കി:

” ഒര് കണക്കിന് നോക്ക്യാ ഒറ്റക്ക് ജീവിക്കണതഞ്ഞ്യാ അതിന്റെ സുഖം.. വെറുതേങ്ങനെ തിന്നും കുടിച്ചൂരിക്കാന്തന്നെ രസാ.. അലച്ചിലോ പെടച്ചിലോല്ല്യാ.. അവനോന്റെ കാര്യം മാത്രം നോക്കി കഴിഞ്ഞാ മതി… ചാവുന്നെടത്തോളം വരീം സമാധാനണ്ടാവൂല്ലോ”…!?

പൂച്ച അന്നേരം തന്നെ മിറ്റത്തേക്ക് ഇരുട്ടിലേക്ക് വലിഞ്ഞു. അവടിരുന്ന് ചടച്ചപ്പൊ അങ്ങേരെഴുന്നേറ്റ് അകത്തേക്ക് ചെന്നു. അവിടന്ന് നേരെ അടുക്കളയിലക്ക്. ചോറിൻചെമ്പിൽ ബാക്കിയുണ്ടായിരുന്ന വറ്റെല്ലാം വടിച്ച് കൂട്ടി പിഞ്ഞാണത്തിലേക്കിട്ടു. എന്നിട്ട് പിഞ്ഞാണത്തിന്റെ മൂട് നിലത്തുരച്ച് ശബ്ദമുണ്ടാക്കാൻ തൊടങ്ങി .അവനവന്റെ രാജ്യത്ത് നിന്ന് രക്ഷപ്പെട്ട് വരുന്നവരെപ്പോലെ അടുക്കളയുടെ പലയിടങ്ങളിൽ നിന്ന് ഒരു കൂട്ടം എലികൾ പാത്ത് പതുങ്ങി പിഞ്ഞാണത്തിനടുത്തേക്ക് വന്ന് കൊണ്ടിരുന്നു. അവറ്റകളുടെ പെരുകിയ ആർത്തി! തലേന്നെത്തിയതിനേറ്റും കൂടുതലെണ്ണം ഇന്നുണ്ടെന്ന് കണ്ടപ്പൊ അങ്ങേര് ഒരു കൈപ്പത്തി ചോറുങ്കൂടി പിഞ്ഞാണത്തിലേക്ക് വീഴ്ത്തി.

ഒക്കെ കഴിഞ്ഞ് കുളിമുറിക്കുള്ളിലെ ഇരുട്ടിൽ വന്ന് നിന്നപ്പൊ ഏനുമാപ്ലക്ക് ദാഹിച്ചു. ഒരു കിണറ് തന്നെ കുടിച്ച് വറ്റിക്കാനുള്ള ദാഹം! അങ്ങേരുടെ കൈ അടിവയറ്റിന് താഴേക്ക് എന്തിനെയോ തപ്പിച്ചെന്നു .അവിടെ കുറച്ച് നേരം തൊട്ടുഴിഞ്ഞപ്പൊ ‘അത്’ നിവർന്ന് നിന്നു. മതിയാവോളം വെള്ളം ദേഹത്തോട്ട് കോരിയൊഴിച്ചിട്ടും വഴുവഴുപ്പ് പോയില്ല. കുറെ ഒച്ചുകൾ ഇഴഞ്ഞിറങ്ങിപ്പോയ ഒരു ശരീരമെന്ന തോന്നൽ മൂപ്പർക്കുണ്ടായി. അന്നാദ്യമായി ഏനുമാപ്ല തുണിയൊന്നുമുടുക്കാതെ വീടിനകത്തെല്ലാം നടന്നു. നാണം തോന്നിത്തുടങ്ങാത്ത കൊച്ചുകുട്ടിയെപ്പോലെയാണ് താനെന്ന് സ്വയം പറഞ്ഞു. കാലപ്പഴക്കം വന്ന് നിലം പൊത്താറായ വീടിന് മുമ്പത്തേക്കാൾ വലിപ്പമുണ്ടോയെന്ന് സംശയിച്ചു. പിന്നെ മുറിയിലേക്ക് തന്നെ തിരിച്ചെത്തി. ചുമരിൽ തൂങ്ങി നിക്കുന്ന ക്ലോക്കിനെ അവിടെ നിന്ന് വേർപ്പെടുത്തിയെടുത്തു. ഏനുമാപ്ലക്ക് പോലും ഓർമ്മയില്ലാത്ത ഏതോ കാലത്ത് നിന്ന് പോയ ആ ക്ലോക്ക് ഇടക്കെപ്പഴോ ഓടാനൊരു ശ്രമം നടത്തിയിരുന്നു. കട്ടിലിനടിയിലേക്ക് അതിനെ തള്ളി വെക്കുന്നതിന് മുമ്പായി അങ്ങേര് പറഞ്ഞു :
“കോറേക്കാലം നീ നിക്കാണ്ടെ പാഞ്ഞു.. കാലം കലങ്ങിപ്പോയപ്പൊ നീ കാല് തെറ്റി വീഴേം ചെയ്തു… ഇന്യെനിക്ക് നിന്നെ ആവശ്യല്ല്യാ”
എന്നിട്ട് ആ മനുഷ്യൻ പിറന്നപടി കട്ടിലിമ്മേൽക്ക് മറിഞ്ഞു. മൂപ്പര് കിടക്കുന്നിടത്തേക്ക് എത്താൻ വേണ്ടി അപ്പൊ ഉറുമ്പുകൾ കട്ടിലിൻ കാലിലേക്ക് അരിച്ച് കേറാൻ തുടങ്ങിയിരുന്നു.

കുറച്ച് മുമ്പ് പറഞ്ഞ ശീല( തുണിയഴിച്ച് നടക്കുന്ന)മൊഴിച്ച് ബാക്കി ശീലങ്ങൾക്ക് ഏനുമാപ്ല വിധേയപ്പെടുന്നത് അമ്പത്തിനാലാമത്തെ വയസ്സിലാണ്. എടുത്ത് പറയാൻ തക്ക നല്ല ചെയ്തികളോ കേൾക്കുന്നവൻ വാ പൊളിക്കുന്ന തരത്തിലുള്ള സംഭവകഥകളോ കൂട്ടുകെട്ടുകളോ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ! ഇത്രീം കാലം വെറുതെയിരുന്ന് ( ഒറ്റത്തടിയാണെന്ന കാര്യം അവിടെ നിക്കട്ടെ) പള്ള വീർപ്പിച്ചതിൽ ഒട്ടുമില്ല കുറ്റബോധം. വേറെയൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് തോന്നുമ്പോഴൊക്കെ ഉറങ്ങി… തോന്നുമ്പോഴൊക്കെ എഴുന്നേറ്റു. തെറ്റിയോടിക്കൊണ്ടിരിക്കുന്ന കാലത്തിലെ അനേകം മനുഷ്യന്മാരിൽ ഒരാളാണ് ഏനുമാപ്ലയും.

രണ്ട്

നീളൻ കണ്ണാടിക്ക് മുന്നിൽ താൻ തുണിയില്ലാതെ നിക്കുന്ന സ്വപ്നം കണ്ടതിന്റെ പിറ്റേന്ന് കാലത്ത് ഏനുമാപ്ല ഒരു കണ്ണാടി കിട്ടാൻ വേണ്ടി വീടിന്റെ ചുറ്റുവട്ടത്താകെ തപ്പി നടന്നു. ഉച്ച വരെ തപ്പിയിട്ടും കണ്ണാടി കിട്ടിയില്ല. അതോടെ ഉള്ള സ്വൈര്യം കൂടി കെട്ടു. ഇക്കണ്ട കാലം വരെ ജീവിച്ചിട്ടും ഈ മനുഷ്യൻ ഒരിക്കെ പോലും സ്വന്തം ശരീരത്തെ പ്രതി അസ്വസ്ഥനായിട്ടില്ല. എപ്പോഴും തന്റെ കാഴ്ച്ചയിൽ നിന്ന് സ്വന്തം ശരീരത്തെ അങ്ങേര് ഒളിച്ച് കടത്തി. അറിയാതെയെങ്ങാനും താൻ ശരീരത്തിലോട്ട് നോക്കിപ്പോയാലോയെന്ന് പേടിച്ച് ഏനുമാപ്ല ഇരുട്ടത്ത് നിന്ന് കുളിച്ചു. ആരെങ്കിലും ഒളിച്ച് നിന്ന് തന്റെ ശരീരത്തെ കണ്ടാസ്വദിക്കുന്നുണ്ടാവുമോയെന്ന പേടിയായിരുന്നു എപ്പോഴും.

കണ്ണാടി കണ്ടെടുക്കാനാവാത്തത് കൊണ്ട് ഏനുമാപ്ലക്ക് അന്ന് രാത്രിയിലും പിറ്റേന്നും സ്വസ്ഥമായി ഉറങ്ങാനോ നേരെചൊവ്വെ എന്തെങ്കിലും തിന്നാനോ കഴിഞ്ഞില്ല. മൂന്നാം ദിവസം വൈകുന്നേരമാണ് ഉദ്ദേശിച്ച തരത്തിലുള്ള കണ്ണാടി അങ്ങേരുടെ കാഴ്ച്ചയിൽ തടയുന്നത്. വീടിനകത്തെ ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന വേണ്ടാത്ത സാധനങ്ങൾക്കിടയിൽ നിന്നാണ് അത് തിരഞ്ഞ് പിടിച്ചത്. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ഒരു മനുഷ്യനും അടുത്തെങ്ങുമില്ലെന്നോർത്തപ്പോൾ മൂപ്പർക്ക് സങ്കടം വന്നു. ഒരു മനുഷ്യനെ കണ്ടിട്ട് തന്നെ നാളുകളായെന്ന കാര്യം ഓർത്തതും അപ്പോഴായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് കണ്ണാടി മുറിക്കുള്ളിൽ കൊണ്ട് വെച്ച് നേരെ അടുക്കളയിലക്ക് ചെന്നു. ബാക്കിയിരിപ്പുണ്ടായിരുന്ന കൊള്ളിക്കിഴങ്ങെല്ലാമെടുത്ത് വേവിച്ച് തിന്നു. ഒരാഴ്ച അങ്ങേര് കണ്ണാടിയിൽ നോക്കിയേയില്ല. അങ്ങനൊരു വസ്തു വീട്ടിലുണ്ടെന്നുള്ള കാര്യം തന്നെ മറന്നാണ് ആ ദിവസങ്ങളിലെല്ലാം കഴിഞ്ഞ് പോന്നത്. ഒരൂസം രാത്രി നാല് ഉറുമ്പുകൾ മൂപ്പരുടെ ശരീരത്തിലോട്ട് ഓടിക്കേറി. കിടന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് ഉടുത്തിരുന്നതൊക്കെ അഴിച്ചെറിഞ്ഞു. ഉറുമ്പുകൾ ഓടി നടക്കുന്നിടത്തേക്കെല്ലാം അങ്ങേരുടെ കൈയെത്തി. മൂന്ന് ഉറുമ്പുകളെ എങ്ങനെയോ തട്ടിക്കളഞ്ഞു. ഒരുറുമ്പ് പിടി തരാതെ പല വഴിക്കോടി. ചന്തിയുടെ വിടവ് ചാടിക്കടന്ന് തുടയിലേക്ക് വളഞ്ഞ് കേറി. ഒടുക്കം അത് ഏനുമാപ്ലയുടെ ‘അവിട’ക്ക് പൊത്തിപ്പിടിച്ച് കേറി. വെളിച്ചമുണ്ടായിരുന്നിട്ടും ഉറുമ്പിനെ പിടിക്കാൻ അങ്ങേർക്ക് കഴിഞ്ഞില്ല. വിചാരിക്കാത്ത നേരത്ത് ആ ഉറുമ്പ് മൂപ്പരുടെ ‘അതിൻ’ മേൽ ഉഗ്രനൊരു കടി കടിച്ചു. ആ നിമിഷം തന്നെ ഏനുമാപ്ലയുടെ ബോധം പോയി.

കുറെക്കഴിഞ്ഞ് ബോധം വെച്ചപ്പൊ ഉറുമ്പ് കടിച്ചിടം വീർത്തിരിക്കുന്നു. കടിച്ച ‘ആ’ ഭാഗം കാണാൻ വേണ്ടിയാണ് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നതെങ്കിലും അവിടേക്കല്ല അങ്ങേരുടെ കണ്ണ് പോയത്. കണ്ണാടി പകർത്തി വെച്ചിരിക്കുന്ന തന്റെ മുഴുവൻ ശരീരത്തെ ആദ്യം കാണുംമ്പോലെ ഏനുമാപ്ല നോക്കിക്കണ്ടു. തഴച്ച് വളർന്നിരിക്കുന്ന രോമങ്ങൾ തൊലിയെയാകെ മറച്ച് വെച്ചിരിക്കുന്നു. നോക്കി നിൽക്കെ ശരീരം വെട്ടിവെടുപ്പാക്കാത്ത ഒരു പൊന്തക്കാടാകുന്നു. പൊക്കിൾക്കൊടി പേടിപ്പെടുത്തുന്ന ഗുഹ! നെഞ്ഞത്ത് പടർന്ന് പന്തലിച്ച് നിക്കുന്നു ഒരു മരത്തലപ്പ്. കട്ട പിടിച്ച രോമങ്ങൾ ഇലകളും ചില്ലകളുമാകുന്നു. തല അടച്ചുറപ്പില്ലാത്ത വാതിൽ. ഓരോ മനുഷ്യശരീരവും ഓരോ കാട്ടുപാതയാകുന്നു. ഇനി വരാനിരിക്കുന്നവർക്ക് വേണ്ടി ഒളിച്ചിട്ടിരിക്കുന്നത്. ഇപ്പറഞ്ഞത് ഏനുമാപ്ലയുടെ തോന്നലോ എന്തോ ആവട്ടെ! പക്ഷെ ആ മനുഷ്യൻ സ്വന്തം ശരീരത്തെ അറിയാൻ തുടങ്ങുകയായിരുന്നു… സ്നേഹിക്കാൻ തയ്യാറെടുക്കുകയായിരുന്നു.

അങ്ങേര് കണ്ണാടിയിലേക്ക് നോക്കി ചോദിച്ചു:”എന്താണ്ടാ ഏന്വോ നീ പെണ്ണ് കെട്ടാഞ്ഞേ”…?
കണ്ണാടിയിലേക്ക് നോക്കിത്തന്നെ ഇങ്ങേര് പറയുകയാണ്: ” ചെറുപ്പം തൊട്ടേ ഒറ്റക്കാർന്നു ഇരിപ്പും നടപ്പും. അതോണ്ട് ഞാൻ കൂടുതലും സംസാരിച്ചത് എന്നോട് തന്ന്യാർന്നു… വല്ലപ്പോഴൊക്കെ അമ്മച്ച്യോടും ചൊമരുമ്മേലിരിക്കണ കർത്താവിനോടും മിണ്ടും… അമ്മച്ചീം പോയേപ്പിന്നെ കർത്താവ് മാത്രായി കൂട്ട്.. കൊറേ നാള് കഴിഞ്ഞപ്പൊ കർത്താവ് ചെതലരിച്ച് പോയി… മുഴുവനായും ചെതലരിച്ചില്ല്യാ… ഏതെങ്കിലുമൊരു മൂലക്കെ ഇണ്ടാവും… തപ്പ്യാ കിട്ടും. വേറൊന്ന്, എടക്കെടക്ക് എനിക്ക് വയറ്വേന വരും… ഇപ്പഴൂണ്ട്.. അതോടെ പണ്യെട്ക്കാള്ള ആവതൊന്നൂല്ല്യാണ്ടായി… പറമ്പുള്ളതോണ്ട് ചെലപ്പഴൊക്കെ കൊള്ളീം ചേന്യൊക്കെ നടും.. എപ്പളും വീടിന്റുള്ളിൽ തന്നെ കഴിച്ചുകൂട്ട്വായിരുന്നു… പിന്നെപ്പിന്നെ പെണ്ണ് കെട്ടാനും പൊറത്തെറങ്ങാനൂള്ള ആശ്യൊക്കെ പോയി”

എന്തെങ്കിലും പറയാൻ മറന്നോയെന്ന് സംശയിച്ചാണ് ഏനുമാപ്ല മുറിയിലേക്ക് തിരിച്ചെത്തിയത്. കിടന്നിട്ട് ഉറക്കം വന്നില്ല. എന്നാൽ പോലും ആ കിടപ്പിൽ ഒരു സുഖം തോന്നി. തുണിയുടുത്തിട്ടില്ലെന്നോർത്ത് പതറുകയൊന്നുമുണ്ടായില്ല. നേരെമറിച്ച് കണ്ണാടിയിൽ നോക്കിപ്പറയാൻ വിട്ടുപോയ ഒരു കാര്യമാണ് അങ്ങേരുടെ ഓർമ്മയിലേക്കപ്പൊ വന്നത്.
” സ്കൂൾ പ്രായത്തിൽ പോലും ഞാൻ ഉടുപ്പിടാൻ ഇഷ്ടപ്പെട്ടിരുന്നില്ലല്ലോ..! അമ്മച്ചി നിർബന്ധിച്ച് ഇടീപ്പിക്കുന്നതൊക്കെ ദേഷ്യത്തോടെ ഊരിക്കളയാറാണ് പതിവ് ”
ഇതുങ്കൂടി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് പറയണമെന്ന് തോന്നി.

ഒന്ന് കുളിച്ചാലോയെന്ന ആലോചനയുണ്ടാകുന്നതും അപ്പോഴാണ്. പിന്നെ രണ്ടും വേണ്ടെന്ന് വെച്ചു. അങ്ങനെ സുഖപ്പെട്ട് കിടക്കുന്നതിനിടയിൽ മൂപ്പരുടെ കൈ താഴേക്ക് ചെന്ന് ‘ അതി’നെ ചുറ്റിപ്പിടിച്ചു. മറ്റൊരാളുടെ കൈയാണ് ആനന്ദിപ്പിക്കുന്നതെന്ന് സങ്കൽപ്പിച്ച് കിടന്നു.
” ഒറക്കം വരാതെ കിടക്കുന്ന ഒരാൾ അയാൾക്ക് തോന്നുന്നതൊക്കെ ചെയ്യുന്നു.. അതയാളുടെ മാത്രം കാര്യാണ്”…
ഏനുമാപ്ല ചിരിച്ചോണ്ട് പറഞ്ഞു. കുറെ ശ്രമിച്ചിട്ടും സ്ഖലനം നടന്നില്ല.

‘അതി’ നെ മുറുക്കിപ്പിടിച്ചിരുന്ന കൈ അയഞ്ഞു. ഇനി അത്ര വേഗത്തിലൊന്നും പൊങ്ങി വരാനാവില്ലെന്ന മട്ടിൽ ‘ അത് ‘ തല കീഴായി കിടന്നു. മുറിയുടെ പലയിടത്തായി ഉറുമ്പുകൾ ‘ആ ‘ പശപ്പ് മണത്തിനായി കാത്ത് കിടന്നു.

ഒന്നുങ്കൂടി ചെവിടോർത്തപ്പൊ ഏനുമാപ്ലക്ക് കേൾക്കാൻ കഴിഞ്ഞു, മുമ്പ് കേട്ടതിനേക്കാൾ വ്യക്തമായി. വീടിന് പുറത്തെ ആളനക്കം! ഒരു കൂട്ടം ചെരിപ്പ് കാലുകൾ നിലത്തമർന്ന് പൊങ്ങുന്നതിന്റെ ഒച്ച! പേടിപ്പിക്കുന്ന തരത്തിലുള്ള ചിരിയും പിറുപിറുക്കലും. ഉമ്മറവാതിലിന്മേൽ ഇടിക്കുന്നതിന്റെ ഒച്ച! ഏനുമാപ്ല പതുക്കനെ എഴുന്നേറ്റ് മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. വാതിലിനിടക്ക് ഇരയെ പിടിക്കാൻ പതുങ്ങിയിരിപ്പുണ്ടായിരുന്ന ഒരു പല്ലി അപ്പൊത്തന്നെ ചതഞ്ഞമർന്നു. മുറിയിലെ വെളിച്ചം കെടുത്തിയില്ല. നേരം വെളിച്ചാവുന്നത് വരെ ബൾബ് കത്തിക്കിടന്നു.

മൂന്ന്

രണ്ടൂസം കഴിഞ്ഞിട്ടും ഏനുമാപ്ലയുടെ പനിക്കൊരു കുറവുമണ്ടായില്ല. സ്വതവേ മെലിഞ്ഞിട്ടാണെങ്കിലും പനി പിടിച്ചതോടെ ശരീരം ഒന്നുങ്കൂടി ശോഷിച്ചു. കണ്ണാടിയിൽ സ്വന്തം ശരീരം കണ്ട് അങ്ങേര് പേടിച്ചു. കവിളത്തെയും നെഞ്ഞിലേയും എല്ലുകൾ പുറത്തേക്ക് തള്ളി നിക്കുന്നു. മാംസം കനം കുറഞ്ഞ് ചുങ്ങിപ്പോയിരിക്കുന്നു. കൈത്തണ്ടയിലെ ഞരമ്പ് തടിച്ച് പൊന്തി. അധികം വിയർക്കാത്ത ഏനുമാപ്ലയുടെ ശരീരം അന്നേരം നല്ലപോലെ വിയർത്തിരുന്നു. ഉള്ളങ്കൈയിലും ഉപ്പുറ്റിയിലും വരെ നനവുണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലും തിന്ന് കൊണ്ടിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മൂപ്പർക്ക് ആ ദിവസങ്ങളിൽ ഒന്നും തിന്നാൻ തോന്നിയില്ല. വല്ലാതെ വിശക്കുമ്പൊ ‘ രുചിയില്ലെങ്കിലും സാരമില്ലെ’ന്ന് വിചാരിച്ച് എന്തെങ്കിലുമൊക്കെ ചവച്ചിറക്കും. അങ്ങനെ പനി ഒരുവിധം മാറി വായ്ക്ക് രുചിയുള്ള എന്തെങ്കിലും തിന്നാൻ നോക്കുമ്പോഴുണ്ട് കീഴ്ച്ചുണ്ടിനകത്തും തൊണ്ണിന്മേലും പഴുത്ത് പൊട്ടാനൊരുങ്ങി നിക്കുന്നു രണ്ട് പുണ്ണുകൾ…! ആസ്വദിച്ച് തിന്നുമ്പോഴാണല്ലോ ദൈവമേ കല്ലുകടി! ഇപ്പൊ ഉറുമ്പ് കടിക്കുന്ന വേദനയേയുള്ളു. പക്ഷെ പച്ചവെള്ളം പോലും ഇറക്കാൻ അങ്ങേർക്ക് മനസ്സ് വന്നില്ല. അടുക്കളേൽക്ക് ചെന്ന് രണ്ട് തരി ഉപ്പെടുത്ത് പുണ്ണുകളിൽ ഇറ്റിച്ചു.ആദ്യം സുഖമുള്ള വേദനയായിരുന്നു.പിന്നെ വേദന കൂടിയപ്പൊ ഏനുമാപ്ല നിന്നിടത്ത് നിന്ന് തുള്ളി. കുറച്ച് കഴിഞ്ഞപ്പൊ പുണ്ണിൽ നിന്ന് ചോര കിനിഞ്ഞു. ചോരരുചിയുള്ള ഉമിനീര് ആ മനുഷ്യൻ വയറ്റിലോട്ടിറക്കി.കുറച്ചൂസം കഴിഞ്ഞപ്പൊ ഏനുമാപ്ല പഴേപടിയായി. രോഗങ്ങൾ സ്വന്തം ശരീരത്തെ തിരിച്ചറിയാൻ പറ്റാത്ത നിലയിലാക്കിത്തീർത്തതിൽ അങ്ങേര് വ്യാകുലപ്പെട്ടില്ല. പക്ഷെ മാറാരോഗങ്ങൾ വല്ലതും പിടിപ്പെടുമോയെന്ന് അപ്പൊത്തൊട്ട് മൂപ്പര് പേടിച്ച് തുടങ്ങി.

ഒരാഴ്ച്ചത്തേക്കുള്ള അരി കൂടിയേയുള്ളു.പഷ്ണി കിടക്കാൻ വയ്യ ! ഇനീള്ള ദിവസങ്ങളിൽ കൊള്ളിക്കിഴങ്ങ് തിന്നെങ്കിലും വയറിന്റെ കത്തലടക്കാമെന്ന് വിചാരിച്ചാണ് ഏനുമാപ്ല പറമ്പിലേക്കെത്തിയത്. നോക്കുമ്പൊ പകുതി മുക്കാലും തൊരപ്പന്മാർ നശിപ്പിച്ചിരിക്കുന്നു. പിന്നെയുള്ളതൊക്കെ ചള്ളാണ്. മഞ്ഞള് വെച്ച് പിടിപ്പിച്ചില്ലല്ലോയെന്ന കാര്യം അപ്പോഴാണോർത്തത്. അവസാനം അങ്ങേരൊരു തീരുമാനത്തിലെത്തി. ഇന്യോട്ട് എലികൾക്ക് ഒറ്റെണ്ണത്തിനും ചോറിട്ട് കൊടുക്കണ്ടാന്ന് വെച്ചാലോ ? ഒന്നും കിട്ടാണ്ടെ വന്നാ അവറ്റ കട്ട് തിന്നാൻ തുടങ്ങും. ഒക്കേത്തിനീം കൊന്ന് കളയുന്നതാ ഏറ്റും നല്ലത്…! പിന്നീള്ള ദിവസങ്ങളിൽ ഏനുമാപ്ല തന്റെ കൺമുന്നിൽ കാണപ്പെട്ട എലികളെയെല്ലാം വിഷം വെച്ച് കൊന്നു. പക്ഷെ ഒരു പ്രയോജനവുമുണ്ടായില്ല.ചാവാണ്ടെ രക്ഷപ്പെട്ട കുറെ എലികൾ വീടിനകത്തെ ആൾപെരുമാറ്റമെത്താത്തിടത്തൊക്കെ ഒളിച്ച് കഴിഞ്ഞ് തോന്നുമ്പോഴൊക്കെ ചോറ് കട്ട് തിന്നുകയും മൂപ്പരുടെ തുണിയെല്ലാം കരണ്ടി നശിപ്പിക്കുകയും ചെയ്തു.വിഷം തീർന്ന് പോയതല്ലാതെ എലികളുടെ എണ്ണത്തിൽ യാതൊരു കുറവുമുണ്ടായില്ല. ‘എന്തോരം എലികളാ’ന്ന് പറഞ്ഞ് അങ്ങേര് കണ്ണു തുറിപ്പിച്ചതല്ലാതെ ചത്ത് കിടക്കുന്ന എലികളെ കണ്ട് ഒരിക്കെപ്പോലും ആ മനുഷ്യന്റെ കണ്ണ് നനയുകയുണ്ടായില്ല

കുറെ നാളുകൾക്ക് ശേഷം നല്ല ഉറക്കം കിട്ടിയ ഒരു രാത്രിയിലാണ് ഏനുമാപ്ലക്ക് സ്ഖലനമുണ്ടാകുന്നത്. അങ്ങേരറിഞ്ഞില്ല. പോത്ത് പോലെ കിടന്നുറങ്ങി. അതെന്തെങ്കിലുമാവട്ടെ, ഇരുപത്തിനാല് മണിക്കൂറും ആ മുറിയിൽ അരിച്ച് നടക്കാറുണ്ടായിരുന്ന ഉറുമ്പുകളിൽ ഒന്ന് പോലും അസമയത്ത് അവിടെയില്ലാതിരുന്നതാണ് അതിനേക്കാളൊക്കെ അത്ഭുതപ്പെടുത്തിയത്. കുറേ കഴിഞ്ഞപ്പൊ ഒരുറുമ്പ് മുറിയിലേക്ക് അരിച്ചെത്തി എങ്ങനെയോ അങ്ങേരുടെ ശരീരത്തിലോട്ട് ഏന്തി വലിഞ്ഞ് കേറി. എന്നിട്ട് പാതി തുറന്ന് പിടിച്ചിരിക്കുന്ന വായ്ക്കകത്തേക്ക് ഇറങ്ങിച്ചെന്നു. ഉമിനീര് അധികം പറ്റാത്ത ഭാഗത്തുക്കൂടെയൊക്കെ നടന്ന് അവസാനം നാവുമ്മലക്ക് ഇറങ്ങാൻ നേരം അതൊരു പേടി പേടിച്ചു. പണ്ടാറക്കാലൻ എങ്ങാനും വിഴുങ്ങിക്കളഞ്ഞാലോ…? ഉറുമ്പ് അപ്പൊത്തന്നെ പുറത്തേക്ക് തിരിച്ചിറങ്ങി. എന്നാലും അതിന്റെ ഉള്ള് നിറയെ സന്തോഷമായിരുന്നു. അതുകൊണ്ടാണ് അത് ഏനുമാപ്ലയുടെ മൂക്കിൻപാലത്തിലൂടെയും അടഞ്ഞിരിക്കുന്ന കണ്ണുകൾക്ക് മുകളിലൂടെയും മറ്റെല്ലായിടത്തും ഓടി നടന്നത്. മൂപ്പര് ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങി. നേരം വെളിച്ചാവാറായപ്പോഴാണ് മുള്ളാൻ മുട്ടിയതും ഉറക്കം മതിയാക്കി ഏനുമാപ്ല എഴുന്നേറ്റതും. ഉറക്കത്തിന്റെ കെട്ട് വിടാത്ത കണ്ണുകളുമായി മിറ്റത്ത് ചെന്നിരുന്നു. ഇത്തിരീശെ വീഴുന്ന മൂത്രത്തിനൊപ്പം നീറ്റലും കൂടിയായപ്പൊ സഹിക്കാൻ പറ്റാണ്ടെ അങ്ങേര് എരിവൊച്ചയെടുത്തു. മൂത്രത്തിന് മഞ്ഞക്കളറായിരുന്നു. വീട്ടിലേക്ക് തിരിച്ച് കയറുമ്പോഴാണ് ഇറയത്ത് കിടന്നുറങ്ങുന്ന പൂച്ചയെ കണ്ടത്.കറുത്ത ഉറുമ്പുകൾ അതിന്റെ മേൽ നടക്കുന്നുണ്ടായിരുന്നു. അതിന്റെ പിൻകഴുത്തും ഇടത് ചെവിയും മുറിഞ്ഞിട്ടുണ്ടായിരുന്നു. പൂച്ചക്കടുത്തിരുന്ന് അതിന്റെ വയറ്ഭാഗവും കൈകാലകളും കുറച്ച് നേരം ഉഴിഞ്ഞ് കൊടുത്തു. മുറിവ് പറ്റിയിടത്ത് തേക്കാനുള്ള മരുന്നെടുക്കാൻ അങ്ങേര് അടുക്കളയിലക്ക് ചെന്നു.

തിന്നതൊക്കെ ശർദ്ദിച്ച് പോയി.തുള്ളി വെള്ളമെങ്കിലും കുടിക്കാമെന്ന് വിചാരിച്ച് ഗ്ലാസ് ചുണ്ടിലേക്ക് വെച്ചപ്പൊ ഓക്കാനം വന്നു. ഇടക്കിടെ വയറ് വേദനിച്ചു. കൈക്കാലുകൾ കുഴഞ്ഞു.രണ്ടൂസം തിന്നാതീം കുടിക്കാതീം ഇരുന്നും കിടന്നും കഴിച്ച് കൂട്ടി. മുള്ളാനും തൂറാനും വേണ്ടി മാത്രം കിടക്കപ്പായ വിട്ടെഴുന്നേറ്റു.

പേടിക്കാനൊന്നുമില്ലെന്ന് സ്വയം ആശ്വസിച്ചെങ്കിലും ഇതിനും വലിയ രോഗങ്ങൾ ഇനി വന്നാൽ കൂടെ നിന്ന് നോക്കാൻ ആരുമുണ്ടാവില്ലല്ലോയെന്നോർത്ത് ഏനുമാപ്ല ടെൻഷനടിച്ചു.മെലിഞ്ഞുണങ്ങി കോല് പോലെയായ സ്വന്തം ശരീരം കണ്ണാടിയിൽ കണ്ട് കരഞ്ഞു.പല പ്രാവശ്യം കണ്ണാടി തല്ലിപ്പൊട്ടിക്കാൻ നോക്കി, തുപ്പിയിട്ടു. ആരെയെങ്കിലും സ്നേഹിച്ചാൽ കുറച്ച് മനഃസമാധാനം കിട്ടുമെന്നും രോഗങ്ങളെയോർത്തുള്ള പേടി ഇല്ലാതാവുമെന്നും അങ്ങേർക്ക് തോന്നി.

ആദ്യം മനസ്സിലേക്ക് വന്നത് കർത്താവിന്റെ രൂപമായത് കൊണ്ട് കർത്താവിന്റെ ഫോട്ടോ തിരഞ്ഞു. പക്ഷെ ഒരിടത്തും കണ്ടില്ല. ‘മുഴുവനായും ചെതലെടുത്ത് പോയാക്കാണ്വോ’യെന്ന് പേടിച്ച് ഒന്നുങ്കൂടി വീട് മൊത്തം തപ്പിയെങ്കിലും കണ്ട് കിട്ടിയില്ല. കുറച്ച് നേരത്തേക്ക് അസ്വസ്ഥതയുണ്ടായെങ്കിലും അത് മാറിയപ്പൊ ഏനുമാപ്ല അമ്മച്ചിയുടെ ഫോട്ടോ തപ്പാൻ തുടങ്ങി. വീടിന്റകത്തെ ഓരോ മുക്കും മൂലയും വിടാതെയുള്ള അന്വേഷണത്തിനൊടുവിൽ ഒരു ഫോട്ടോ അങ്ങേരുടെ കണ്ണിൽ പെട്ടു. തന്റെ അമ്മച്ചിയുടെ ഫോട്ടോ തന്നെയാണെന്ന് മനസ്സിലായെങ്കിലും അത് കിട്ടിയിടത്ത് തന്നെ വെച്ച് മൂപ്പര് വിഷമത്തോടെ തിരിച്ച് പോരുകയാണുണ്ടായത്. കാലപ്പഴക്കം ചെന്ന ആ ഫോട്ടോയിൽ ഏനുമാപ്ലക്ക് കാണാൻ കഴിഞ്ഞത് സ്വന്തം അമ്മച്ചിയുടെ കഴുത്തും കഴുത്തിൽ തൂങ്ങി നിക്കുന്ന കൊന്തയും നിറം വ്യക്തമല്ലാത്ത സാരിയുടെ ഇത്തിരി ഭാഗവും മാത്രമാണ്. മുഖമില്ല. ഫോട്ടോയിൽ നിന്ന് കാണാതായ അമ്മച്ചിയുടെ മുഖം എങ്ങനെയായിരുന്നെന്ന് ഓർത്തോർത്ത് അന്ന് രാത്രി മുഴുവൻ അങ്ങേര് ഉറക്കൊഴിച്ചിരുന്നു. മുഖമില്ലാത്തവരുടെ കൂട്ടത്തിൽ തന്റെ അമ്മച്ചിയും പെട്ടിരിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ അന്നേരങ്ങളിൽ ആ മനുഷ്യൻ വല്ലാത്തൊരു പിരിമുറുക്കം അനുഭവിച്ചിരുന്നു, തന്നെക്കുറിച്ച് കൂടി ഓർത്തപ്പോൾ പിരിമുറുക്കത്തിന്റെ അളവ് കൂടി. പിറ്റേന്ന് കുറച്ച് സ്വസ്ഥത കിട്ടാൻ വേണ്ടി ബൈബിൾ തപ്പിയെടുത്ത് വായിക്കാൻ ശ്രമിച്ചെങ്കിലും അവിടെയും മനസ്സുറച്ചില്ല. പിന്നെയുള്ള ദിവസങ്ങളിൽ നേരാംവണ്ണം ഉറങ്ങാൻ കഴിഞ്ഞില്ലെന്നത് പോട്ടെ, ഇത്ര നാളുമുണ്ടായിരുന്ന രോഗപ്പേടി ഏനുമാപ്ലയുടെയുള്ളിൽ നിന്ന് ഒഴിഞ്ഞ് പോയതായാണ് അതിനേക്കാളും രസമുള്ള സംഗതി! എന്നും രാത്രിയിൽ കേൾക്കാറുണ്ടായിരുന്ന എലികളുടെ കരച്ചിൽ പിന്നീടങ്ങേര് കേൾക്കുകയുണ്ടായില്ല. വീടിന്റകത്തെല്ലാം അരിച്ച് നടന്ന് നോക്കിയെങ്കിലും ഒരെലിയെപ്പോലും കാണാൻ കഴിഞ്ഞില്ല. ഒന്നിന്റെയെങ്കിലും കരച്ചിൽ കേൾക്കണേയെന്ന് മൂപ്പര് ദൈവത്തോട് അപേക്ഷിച്ചു. അവസാനം ചുമരിൽ മുഖം പൂഴ്ത്തി വെച്ച് ആ മനുഷ്യൻ ഉറക്കനെ കരഞ്ഞു.

ആരെയും സ്നേഹിക്കാതിരുന്നാൽ ഉടനെത്തന്നെ മരിച്ച് പോകുമെന്ന് പേടിച്ച് ഒരൂസം രാത്രി അങ്ങേര് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് കുറെ ചിരിച്ചു. അതിലൊരു സുഖം തോന്നി. ഒന്നിനെപ്പറ്റിയും ആലോചിക്കാതെ അങ്ങനെ നിക്കുമ്പൊത്തന്നെ എന്തൊരു സമാധാനം! ചിരി മതിയാക്കി മൂപ്പര് കണ്ണാടിയെ നോക്കി പറഞ്ഞ് തുടങ്ങി:
“എനിക്കിപ്പഴും ഓർമ്മീണ്ട്… മരിക്കണേന്റെ തലൂസം രാത്രി അമ്മച്ചി എന്നോട് പറഞ്ഞത്… വീട്ടിനുള്ള്യേത്തന്നിരുന്ന് മുഷിഞ്ഞ് ഒടുക്കം പുറത്തോട്ടിറങ്ങാൻ നോക്കുമ്പഴ്ണ്ട് വയ്യാത്ത ശരീരോം വെച്ച് അമ്മച്ചി അടുത്തോട്ട് വരുന്നു… ദൂരത്തോട്ടാണേല് തൊണ കൂട്ടി പോണേഡാ…! പറഞ്ഞത് അനുസരിക്കണന്നൊക്കിണ്ടാർന്നു. പക്ഷെ തൊണ കൂട്ടാൻ ആരൂണ്ടായില്ല! ഇനീപ്പൊ അതൊന്നും പുറഞ്ഞട്ടൊരു കാര്യൂല്ല…”

കണ്ണാടിയിൽ പറ്റിപ്പിടിച്ചിരുന്ന പൊടിയെല്ലാം തുടച്ച് കളഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ അങ്ങേര് വ്യക്തമായി കേട്ടു, ഒരു കൂട്ടമാണുങ്ങൾ പൊട്ടിച്ചിരിക്കുന്നത്.. ഉറക്കെയുറക്കെ എന്തൊക്കെയോ സംസാരിക്കുന്നത്… വേഗത്തിലുള്ള അവരുടെ നടത്തം… ഒന്നുങ്കൂടി ചെവിടോർത്തപ്പൊ ആ ഒച്ചകളെല്ലാം വളരെ അടുത്ത് നിന്ന് കേൾക്കുന്ന പോലെ തോന്നി. അപ്പഴും പേടിച്ചില്ല. കണ്ണാടിയെ നോക്കി ചിരിച്ചു. ഇത്തവണ എന്തായാലും അവർ തന്നെ വകവരുത്താൻ വീട്ടിനുള്ളിലേക്ക് കേറുമെന്ന് മൂപ്പർക്ക് ഉറപ്പായിരുന്നു.
മിറ്റത്തെ ഇരുട്ടിൽ കുറെയാണുങ്ങൾ ക്ഷമ കെട്ട് നിക്കുന്നു.

തുറന്ന് കിടന്നിരുന്ന ഉമ്മറവാതിൽ വഴി അവർ വീട്ടിനുള്ളിലേക്ക് കേറി. പക്ഷെ അവിടെയെവിടെയും ഏനുമാപ്ലയുണ്ടായിരുന്നില്ല; കണ്ണാടിയും.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...