റോസ് ഗിറ്റാറിനാൽ

സുരേഷ് നാരായണൻ

ഞാൻ കാണുമ്പോഴൊക്കെ ജാവേദിൻ്റെ കയ്യിൽ ആ ഗിറ്റാർ ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ ഒരവയവം പോലെ അയാളുടെ പിന്നിലത് പാക്ക് ചെയ്ത് തൂക്കിയിട്ടിരുന്നു!

ഉറക്കം വരാത്ത ഒരു ഞായറാഴ്ച രാത്രി ഞാൻ അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ചുമ്മാ കയറി നോക്കി. ഒരു സോളോ പ്രോഗ്രാമിൻ്റെ ഫോട്ടോ ആയിരുന്നു പ്രൊഫൈൽ പിക്ചർ ആയി ഇട്ടിരുന്നത്. കറുത്ത പശ്ചാത്തലത്തിൽ ഗിറ്റാർ വായിച്ചു കൊണ്ടിരിക്കുന്ന ജാവേദിൻ്റെ സിംഗിൾ ഫ്രെയിം…

ഗിറ്റാർ വായനയിൽ മുഴുകിയിരിക്കെ അയാൾ പെട്ടെന്ന് ഉയർത്തപ്പെട്ട് മേഘങ്ങളുടെ ഇടയിലേക്ക് പോയി അവിടെ വെച്ച് വായനതുടരുന്ന ഒരു രംഗം ചുമ്മാ സങ്കൽപ്പിച്ചു നോക്കി….അങ്ങിനെ കിടന്നകിടപ്പിൽ ഉറങ്ങിപ്പോയപ്പോൾ മൊബൈൽ കയ്യിൽ നിന്നൂർന്നുവീണത് അറിഞ്ഞില്ല..

അതിനിടയിൽ ചിലതുസംഭവിച്ചത് പിറ്റേദിവസം രാവിലെ രേഷ്മയുടെ വാട്സാപ്പ് മെസ്സേജ് നോക്കിയപ്പോഴാണ് അറിഞ്ഞത്.

എങ്ങനെയോ ജാവേദിൻ്റെയാ പ്രൊഫൈൽ പടം എൻറെ പേജിൽ നിന്ന് പബ്ലിക് ആയി ഷെയർ ചെയ്യപ്പെട്ടിരിക്കുന്നു!… ഇന്നലത്തെ പാതിയുറക്കത്തിൽ പറ്റിയതാവണം; ആകപ്പാടെ ചൂളിപ്പോയി .അത് പെട്ടെന്നുതന്നെ ഡിലീറ്റ് ചെയ്ത് റെഡിയായി കോളേജിലേക്ക് പോയി.

ഗേറ്റിൽ തന്നെ രേഷ്മ നിൽക്കുന്നുണ്ട്! അവളുടെ കള്ളച്ചിരി കണ്ടില്ല എന്ന് നടിച്ചു; അല്ല നടിക്കാൻ ശ്രമിച്ചു. ഇൻറർവെല്ലിന് കോഫീഷോപ്പിൽ പോകാം എന്ന് അവൾ പറഞ്ഞപ്പോൾ വേറെ ഒന്നും പറഞ്ഞില്ല…

അവിടെയെത്തി ടേബിളിലിരുന്ന് ഓപ്പോസിറ്റ് ഉള്ള ആളുടെ മുഖത്തേക്ക് അറിയാതൊന്നു നോക്കിയതേയുള്ളൂ; അയ്യോ എന്നു പറഞ്ഞു രേഷ്മയുടെ കൈ ഇറുക്കിപ്പിടിച്ചു ..ജാവേദ്!

പെട്ടെന്നുള്ള ആ വെപ്രാളത്തിൽ “പോവാം” എന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്ക് എന്ന് ശാസിച്ചു രേഷ്മ കാലിൽ ഒറ്റ ചവിട്ട്!

“കക്ഷിയെ ഹാജരാക്കിയിട്ടുണ്ട് “എന്ന് രേഷ്മ തന്നെ സംഭാഷണം തുടങ്ങി… തലകുനിച്ചിരുന്ന എന്നെയതാ വീണ്ടും ചവിട്ടുന്നു… ഞെട്ടി മുഖമുയർത്തി നോക്കിയത് അയാളുടെ കൈകളിലേക്കാണ്..

സംഗീതം ഒളിപ്പിച്ചുവച്ച ആ വിരലുകളിട്ട് അയാൾ മേശമേൽ താളം പിടിച്ചു കൊണ്ടിരിക്കുന്നു… ചമ്മിയ ഒരു ചിരി ചിരിക്കാനേ കഴിഞ്ഞുള്ളൂ…
പക്ഷേ എന്തുകൊണ്ടോ ആ വിരലുകളുടെ ഫോട്ടോ എടുക്കാൻ തോന്നി…

അയാൾ എന്തൊക്കെയോ ചോദിച്ചതിന്
ആ വിരലുകളിൽത്തന്നെ നോക്കിക്കൊണ്ട് ഉത്തരവും പറഞ്ഞു…

ജാവേദിന് വിടാൻ ഭാവം ഉണ്ടായിരുന്നില്ല; “തനിക്ക് അറിയുമോ ശാപം കിട്ടിയ ഒരു പെണ്ണാണ് എൻറെ ഈ ഗിറ്റാർ.. ഇതു വായിച്ചു വായിച്ച് ഞാൻ അവൾക്ക് ശാപമോക്ഷം കൊടുത്തു ഒരുനാൾ സ്വതന്ത്രയാക്കും!” അതു പറയുമ്പോൾ അയാളുടെ വിരലുകൾ ഒരു പ്രത്യേക താളത്തോടെ ചലിച്ചു… ആ വിരലുകൾക്കിടയിൽ തുടിക്കുന്ന എൻറെ ഹൃദയം ഉണ്ടെന്നു തോന്നി…അങ്ങോട്ടേക്ക് കുതിച്ചുചാടാൻ ശ്രമിക്കുന്ന എൻറെ വിരലുകളെ ഞാൻ പാടുപെട്ട് തമ്മിൽ പിണച്ചു വെച്ചു.

ഒരു നിമിഷം അങ്ങോട്ടേക്ക് നീണ്ടുവരുന്ന ജാവേദിൻ്റെ വിരലുകളെ ഞാൻ കണ്ടു… കണ്ണടച്ചു തുറക്കും മുമ്പ് കോഫി ഷോപ്പ് പൊട്ടിത്തെറിക്കുകയും അവിടെ ഒരു തടാകം രൂപപ്പെടുകയും ചെയ്തു. പാടുപെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ എനിക്കു മനസ്സിലായി ഞാനൊരു തടാകക്കരയിൽ ആരുടെയോ മടിയിൽ കിടക്കുകയാണ്; ഗിറ്റാർ വായനയും കേട്ടുകൊണ്ട് !

Leave a Reply

Your email address will not be published. Required fields are marked *