Homeലേഖനങ്ങൾമരുഭൂമിയെ പച്ചപ്പിനാൽ ആർദ്രമാക്കുന്ന സ്ത്രീ നന്മ

മരുഭൂമിയെ പച്ചപ്പിനാൽ ആർദ്രമാക്കുന്ന സ്ത്രീ നന്മ

Published on

spot_imgspot_img

സ്മിത പ്രമോദ്, ദുബായ്

മാറ്റാനാഗ്രഹിക്കാത്ത ശീലങ്ങളിലൊന്നാണ് യാത്ര. യാത്രകൾക്കിടയിൽ നമ്മൾ അറിയാതെ ചിലർ മനസ്സിൽ കേറിക്കൂടുന്നു. അവരെ കൂടുതൽ അറിയാൻ മനസ്സ് കൊതിക്കും. ഈയിടെ റാസ് അൽ ഖൈമയിൽവെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ അവതാരകയുടെ വേഷം അണിഞ്ഞ ഞാൻ ഷമീറയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചത് വുമൺ ഓഫ് ദ ഇയർ അവാർഡ് കൊടുക്കാനായിരുന്നു. ചിരി മങ്ങിയ ആ മുഖം അന്നേ മനസ്സിൽ കേറിയെങ്കിലും ഉത്തരവാദിത്വം ഉള്ള ഒരുപാട് കാര്യങ്ങൾ നിർവഹിക്കേണ്ടിയിരുന്നതിനാൽ ഏറെയൊന്നും സംസാരിക്കാൻ പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഭാരവാഹികളിൽനിന്ന് നമ്പർ വാങ്ങിച്ചു വിളിച്ചു. ആ സംസാരം ഈ വരികളിൽ ഷമീറ നിറയാൻ കാരണമായി. ഷമീറ സംസാരിക്കാൻ ഇത്തിരി മടി ഉള്ള കൂട്ടത്തിൽ ആണ്. ഫോണിലൂടെ പോലും മിതമായ സംസാരം. സംസാരത്തിൽ കൂടുതൽ നിറഞ്ഞത് കൃഷി, ഫാം, അവിടത്തെ ആനന്ദജീവിതം….. പെട്ടെന്ന് അതൊക്കെ കാണാനും അവയെക്കുറിച്ച് കൂടുതൽ അറിയാനും എനിക്ക് വല്ലാത്ത ആഗ്രഹമായി. ഉടൻ കാണാം എന്ന ഉറപ്പു നൽകി അന്നത്തെ ഫോൺ സംഭാഷണം നിർത്തി.

smita-pramod-writer
സ്മിത പ്രമോദ്

ഓരോ ജീവിതവും ഓരോ യാത്രയാണ്. ആരംഭത്തിൽ നിന്ന് അവസാനത്തിലേയ്ക്കുള്ള അനിവാര്യമായ യാത്ര. ഷമീറ, ജീവിത യാത്രയിൽ സ്വയം ചിത്രം വരച്ചു നിറങ്ങൾ നൽകാൻ ഇഷ്ടം കാണിക്കുന്ന ഒരു വ്യക്തിത്വം. നഷ്ടപ്പെട്ട ഇന്നലെകളെ ഓർത്ത് ഷമീറയ്ക്ക് വേവലാതി ഇല്ല. തന്റെ ജീവിതമാകുന്ന നിറം മങ്ങിയ ഇന്നത്തെ കുടയിൽ മഴ നനയാതെ മക്കളെയും കുടുംബത്തെയും ചേർത്തുപിടിക്കണം എന്നേ ഉള്ളൂ.

വാരാന്ത്യയാത്രകളാണ് പതിവ്. അത്രയും ക്ഷമ മനസ്സിനില്ല. യാത്ര തിങ്കളിലുമാക്കി പരിഷ്കരിച്ചു. തിങ്കളാഴ്ച നല്ല ദിവസം എന്നാണല്ലോ. ഡിസംബറിലെ അവസാനത്തെ തിങ്കൾ. ഉച്ചയൂണിനുശേഷം യാത്ര തുടങ്ങി. ലൊക്കേഷൻ മാപ് ജി പി എസ്സിൽ സെറ്റ് ചെയ്തു. കൂട്ടിന് ഭർത്താവ് പ്രമോദും മകൻ സഞ്ജയും കൂടി ചേർന്നു.

സാധാരണ തരപ്പെടാത്ത അപൂർവ കൂട്ട്. അവർക്കെപ്പോഴും തിരക്കാണല്ലോ. ഷമീറയെക്കുറിച്ചുള്ള എന്റെ വാ തോരാത്ത സംസാരം അവരെയും കൂട്ടിന് പ്രേരിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സഞ്ജു ഇത്തിരി ഫോട്ടോഗ്രാഫി ഇഷ്ടക്കാരൻ കൂടി ആണ്. അജ്മാനിൽ എത്തും മുൻപ് രണ്ടു തവണ ഷമീറയെ ഫോണിൽ അവിടെ വിളിച്ച്‌ ഉറപ്പു വരുത്തി. ആകാംക്ഷ കൂടുമ്പോൾ ഞാൻ അങ്ങിനെ ആണ്.. ശരീരത്തേക്കാൾ വേഗത്തിൽ മനസ്സ് ഓടും ശബ്ദവും.

അജ്മാനിലേയ്ക്കുള്ള വഴിയിൽ മരുഭൂമിയിലെ ഇളംസന്ധ്യ വെയിലിൽ സുന്ദരിയായി തിളങ്ങുന്നു. സഞ്ജു ഫോട്ടോ എടുക്കാൻ ക്യാമറ സെറ്റ് ചെയ്യുന്ന ആവേശത്തിലാണ്. അവിടവിടെയായി ഒറ്റക്കും കൂട്ടായും ഒട്ടകങ്ങൾ നിൽക്കുന്നു. ഷെഹ്‌സാദ് അമൻ സാബിൻറെ ഗസൽ പ്രമോദിൻറെ ഡ്രൈവിംഗിന് ഹരം പകർന്നു. മനസ്സ് സന്തോഷംകൊണ്ടു നിറഞ്ഞ ഒരു യാത്ര. ഉള്ളിൽ അക്ഷരമേളം. വരികളിൽ ഷമീറ നിറയുന്നു.

ജി പി എസ് ശരിയായ ലൊക്കേഷനിൽ എത്തിച്ചു. ഗേറ്റ് തുറന്നു നിൽക്കുന്നു, ഷമീറ. അന്നു കണ്ട അതേ മുഖം. കൈ തന്ന് ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. വിശാലമായ രണ്ടര എക്കർ ഫാം. പച്ചപ്പിന്റെ പുതിയൊരു പര്യായം എന്ന് ഒറ്റ വാക്കിൽ ഞാൻ പറയും. എന്റെ കണ്ണുകൾ വിടർന്നു. നാട്ടുമണം തൊട്ടുണർത്തിയപോലെ. സഞ്ജുവിൻറെ ക്യാമറ മിന്നിത്തുടങ്ങി. ഷമീറ നേരെ ഫാമിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ലവ് ബേർഡ്സ് കവാടത്തിൽ നിറസ്വാഗതമോതി. അവരുടെ കൊഞ്ചൽ കാതിൽ ഇക്കിളി കൂട്ടി. കോഴി കൂവി. പശു, മാൻ, ആട് എന്നു വേണ്ട ആകെ ശബ്ദമുഖരിതം. ഷമീറ ഇവരുടെയൊക്കെ കഥകൾ പറയുന്നു. കേൾക്കാൻ ഇഷ്ടം, കാണാനും.. കൊച്ചു കുട്ടികളായി ഞങ്ങൾ മൂന്നു പേരും ഷമീറയെ പിന്തുടർന്നു.

shameera
ഷമീറ

കൊച്ചുവർത്തമാനം പറഞ്ഞുപറഞ്ഞ് ഞങ്ങൾ ഫാമിൻറെ ഉള്ളിലെത്തി. വല്ലാത്ത തണുപ്പ്. മൃഗങ്ങളും പക്ഷികളും മാത്രമല്ല, സമൃദ്ധമായ കൃഷിയും ഉണ്ട്. രക്തശാലി നെല്ലുപോലും പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ കാണാൻ കഴിഞ്ഞു. കടുക്, ചോളം, മത്തൻ, കുമ്പളം, പാവയ്ക്ക, കോളിഫ്ലവർ, പച്ച മുളക്, മുരിങ്ങ, കറിവേപ്പില… അങ്ങിനെ പച്ചക്കറികൾ അനവധി. കുറച്ചു സ്ഥലം പശുവിനു തീറ്റയ്ക്കുള്ള പുൽക്കൃഷിയ്ക്കാണ്. അമ്മയും കുട്ടികളുമായി അഞ്ചെട്ട് പശുക്കൾ ഉണ്ട്. ഷമീറയെ കൂടിനരികെ കണ്ടപ്പോഴേയ്ക്കും ഓടിവന്നു സ്നേഹം കാണിച്ചു നിൽപ്പായി. മനുഷ്യരായ നമ്മൾ കണ്ടു പഠിക്കേണ്ടത് ഇതല്ലേ. ഇവിടെനിന്നു കിട്ടുന്ന ഫ്രഷ് പാലും മുട്ടയുമെല്ലാം ഇവിടെത്തന്നെ വാങ്ങിക്കാൻ ആൾക്കാരുണ്ട്. നാട്ടിലെ പോലെത്തന്നെ. അജ്മാനിലെ ഈ ഫാം പട്ടണത്തിരക്കുകൾ ഒഴിഞ്ഞ കപടസ്നേഹമില്ലാത്ത സന്തോഷം നിറഞ്ഞ ഒരിടംതന്നെ. സംശയമില്ല.

സഞ്ജയ്‌ മൃഗങ്ങളുടെ വിശാലമായ കൂടുകൾക്ക് മുൻപിൽനിന്നു മാറുന്നേ ഇല്ല. കോഴി കൂവുന്നതിന്റെ ലൈവ് പകർത്തുന്നതിൽ രസിച്ചു നിൽപ്പാണ്. താറാവ്, ഗിനിക്കോഴി ഒക്കെ വേറെ വേറെ കൂടുകളിൽനിന്ന് അവരുടെ എടുക്കാൻ മറക്കണ്ട എന്ന് സഞ്ജുവിനോട് കുറുകുന്നുണ്ട്. പൂവനും പിടയും സ്വൽപ്പം റൊമാൻറിക് മൂഡിൽ മരം ചുറ്റുന്നുണ്ട്. വലിയ ഇരുമ്പഴികൾ അവരുടെ പ്രണയത്തിനു തടസ്സമേ അല്ല. പുറത്തെ തണൽ മരങ്ങൾക്കു താഴേയ്ക്ക് ഒരു ഡേറ്റിങ്ങിന് മോഹിക്കുന്നുണ്ടോ ആവോ? ഷമീറ അതും ഒരുക്കിയിട്ടുണ്ടല്ലോ. വളർത്തുജീവികൾക്ക് തീറ്റ കൊടുക്കാനും പരിചരിക്കാനും രണ്ടു പുരുഷസഹായികൾ ഉണ്ട്, ഷമീറയ്ക്ക്. വിരുന്നുകാരെ സലാം കാണിച്ച് ആതിഥ്യമര്യാദ പാലിക്കുന്ന ജോലിക്കാർ. എല്ലാം കണ്ടും കേട്ടും ഞങ്ങക്ക് വിവരങ്ങൾ നൽകി. ഷമീറ കൂടെത്തന്നെ ഉണ്ട്.

ഫാം കണ്ട് ഞങ്ങൾ വിസിറ്റിംഗ് ഏരിയയിൽ വിശ്രമിക്കുമ്പോൾ ഷമീറയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് തിരക്കി. നാട്ടിൽ തൃശൂർ പാവറട്ടിയ്ക്കടുത്തുള്ള തൊയക്കാവ് എന്ന ഗ്രാമത്തിലാണ് ജനിച്ചതും ജീവിച്ചതും പഠിച്ചതും. സെൻറ് തോമസ് കോളേജിൽനിന്ന് ബിരുദം എടുത്ത ഷമീറ കൊച്ചിയിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തരബിരുദമെടുത്തു. നാട്ടിൽ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞ ഷമീറയുടെ ഭർത്താവ് ഗൾഫിൽനിന്ന് ജോലി നഷ്ടപ്പെട്ട് വന്നതോടെ കഥകൾ മാറി. സാമ്പത്തിക പരിസ്ഥിതി ഒന്ന് ഉയർത്തി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഷമീറ മക്കളെ മാതാപിതാക്കളെ ഏല്പിച്ചു ഗൾഫിലേയ്ക്ക് വിമാനം കയറി.

smita-pramod-shameera

എന്തു ജോലി ചെയ്തും കുടുംബം രക്ഷപ്പെടുത്തണം എന്ന ഒരേയൊരു ചിന്ത. വീട്ടുജോലിക്കുപോലും തയ്യാർ. ജീവിതം തിരിച്ചുപിടിക്കാനുള്ള വാശി. മൂന്ന് കുട്ടികളാണ് ഷമീറയ്ക്ക്. മൂത്ത മകൻ എസ് എസ് എൽ സിക്കു അടിക്കുന്നു. രണ്ടാമത്തെ ആൾ മൂന്നാം ക്ലാസ്സിൽ.. ചെറിയ മോള് ഒന്നിലും. ജീവിതവഴികളിൽ പ്രകാശം പരത്തുന്ന ഒരു നേരനുഭവംപോലെ ഷമീറയുടെ ജീവിതവും മാറി. സോഷ്യൽ മീഡിയ ഗ്രൂപ്പ്‌ വയലും വീടും എന്നതിൽ അംഗമായ ഷമീറ അവർ ഒരുക്കുന്ന കൂട്ടായ്മയുടെ ഭാഗമായി അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഒന്നിച്ചുകൂടി. അന്ന് വയനാട്ടിൽനിന്നു വന്ന ചേറുവയൽ രാമൻ (പാരമ്പര്യവിത്തുകളുടെ സൂക്ഷിപ്പുകാരൻ) നടത്തുന്ന ഒരു സെമിനാർ കാണുകയും അതിലൂടെ തന്റെ കൃഷിയെക്കുറിച്ചുള്ള അറിവ് പങ്കു വെക്കുകയും ചെയ്തു. അത് ഷമീറയുടെ പുതിയൊരു ലോകം തുറക്കുകയായിരുന്നു. ഹാബിറ്റാറ്റ് സ്കൂളിൽ ഫാം കോ ഓഡിനേറ്ററായി ജോലി കിട്ടി. അവരുടെ എംഡിയുടെ ഫാമിൽ മേൽനോട്ടം വഹിക്കുന്ന ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സ്വപ്‌നങ്ങൾ നെയ്യാൻ അവസരങ്ങൾ ഒന്നിച്ചുവന്നപോലെ.

ഇന്ന് ഷമീറ അതീവ സന്തുഷ്ടയാണ്. താൻ പഠിച്ച വിദ്യാഭ്യാസത്തിനനുസരിച്ച ജോലിക്കു പോകാതെ പാഷൻ പ്രൊഫഷനായതിന്റെ ത്രിൽ. കുടുംബം മുഴുവൻ കൃഷി ഇഷ്ടപ്പെടുന്നു. പത്താം ക്ലാസ്സുകാരൻ മകൻ ബെസ്റ്റ് സ്റ്റുഡന്റസ് ഫാർമർ അവാർഡ് നേടി. ഷമീറ നാട്ടിൽ മണ്ണുത്തി യൂണിവേഴ്സിറ്റിയിൽനിന്ന് ഡിപ്ലോമ ചെയ്തു. കേരള സർക്കാർ ബെസ്റ്റ് ഫാർമർ അവാർഡ് നൽകി. ഷമീറ തന്റെ ഈ നേട്ടത്തിൽ ഒരുപാട് സന്തോഷിക്കുന്നു. മക്കളുടെ വിദ്യാഭ്യാസമാണ് ഇന്നു ഷമീറയുടെ മുൻപിലെ ഏറ്റവും വലിയ സ്വപ്നം. ഉന്നത വിദ്യാഭ്യാസം കൊടുത്തു മക്കളെ വലുതാക്കണം. പറയുമ്പോൾ അവരുടെ കണ്ണുകളിൽ പ്രകാശം.

smita-pramod-shameera

കണ്ണുകൾ കഥകൾ പറയുന്ന ഷമീറയെ നോക്കി കുറെ നേരം ഇരുന്നു. ഇവിടത്തെ പ്രവാസികളോട് ഷമീറയ്ക്ക് ഒന്നേ പറയാനുള്ളു. കൃഷിയെ സ്നേഹിക്കൂ. ചതിക്കാതെ കൂട്ടു നിൽക്കും. ടെൻഷൻ ഫ്രീ ആവാൻ മണ്ണിനെ സ്നേഹിക്കുക; കൃഷിയെ കൂടെ കൂട്ടുക. എഴുതാൻ ഇഷ്ടപ്പെടുന്ന ഈ കർഷക ഉടൻ തന്നെ തന്റെ എഴുത്തുകൾ ഒരു പുസ്തകമായി വരാൻ ആഗ്രഹിക്കുന്നു. നൂൽ പൊട്ടും വരെ നൂറായിരം സ്വപ്‌നങ്ങൾക്കൊപ്പം കാറ്റിന്റെ ഗതിക്കനുസരിച്ചു പാറിപ്പറക്കുന്ന ഒരു പട്ടമാകണം. ആനന്ദജീവിതത്തിനു സ്വപ്‌നങ്ങളുടെ സ്വർണ നൂൽ കൊണ്ട് ജീവിതത്തിന്റെ നിറങ്ങൾ ഉള്ള ഉടുപ്പുകൾ തുന്നിത്തീർക്കാൻ കഴിയട്ടെ! വിജയയാനം തുഴഞ്ഞുപോകാൻ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഞങ്ങൾ ദുബായ്ക്ക് മടങ്ങി.. ഏറെ സ്നേഹം നിറഞ്ഞ ഒരു ദിവസത്തെ യാത്ര മറ്റെല്ലാ യാത്രകളിൽനിന്നും വ്യത്യസ്തമായതിൽ ആത്മസംതൃപ്തിയോടെ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, Whatsapp +919048906827

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...