Homeചിത്രകലചെയ്തറിവിന്റെ കല

ചെയ്തറിവിന്റെ കല

Published on

spot_imgspot_img

സുധീഷ് കോട്ടേമ്പ്രം

ചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു ‘ഇന്റ്യൂഷൻ’ ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന ശുദ്ധഗതിക്കാരും ഇക്കാലത്ത് ജീവിച്ചിരിക്കുന്നു. അളവനുപാതങ്ങൾ തികഞ്ഞ, നിഴൽവെളിച്ചങ്ങൾ പരിപാകമായി വിന്യസിക്കപ്പെട്ട ഒരു ഫോട്ടോഗ്രാഫിക് സാമ്യതയുള്ള ചിത്രത്തിനുമുന്നിൽനിന്ന് ”വൗ വൗ” എന്നുപറയുന്ന ഒരു കേവലാസ്വാദകനും ആ കലാസങ്കല്പത്തെ പോറ്റിവളർത്തുന്നു. ‘ചിന്താരഹിതമായ
കൈപ്പണി’ക്ക് കിട്ടുന്ന കൈയ്യടിയാണ് പലപ്പോഴും ‘നല്ല കല’ എന്ന സമവാക്യത്തിലേക്ക് കുറച്ചധികംപേരെ കൊണ്ടെത്തിക്കുന്നത്. എവിടെ വെച്ചാണ് കൈപ്പണിയും കലയും ഒന്നാവുന്നത്? എവിടെ വെച്ചാണ് അവ വേർപിരിയുന്നത്? ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്’.

ഇന്ത്യൻ ആധുനിക ചിത്രകലയിലെ സർവ്വാദരണീയനായ കലാകൃത്ത് കെ.ജി. സുബ്രഹ്മണ്യന്റെ കലാസന്ദർഭം നോക്കുക. അദ്ദേഹം എങ്ങനെയാണ് കല എന്ന പ്രാപഞ്ചികാനുഭവത്തെ സാക്ഷാത്കരിച്ചത്? അറിവും ചെയ്തറിവും സമ്മേളിക്കുന്ന സുന്ദരമായ കലാമുഹൂർത്തം അദ്ദേഹത്തിൽ കണ്ടറിയൂ.

2016 ജൂൺ 29 ന് കെ.ജി.എസ്സ് വിടവാങ്ങി. അദ്ദേഹത്തെക്കുറിച്ച് അന്നെഴുതിയ ഒരനുസ്മരണ ലേഖനത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ഭാഗം ഇവിടെ ചേർക്കുന്നു.

‘മാജിക് ഓഫ് മേയ്ക്കിങ്ങ്’ എന്നാണ് രണ്ടായിരത്തിയേഴിൽ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ കലാചിന്തകളടങ്ങിയ പുസ്തകത്തിന് കെ.ജി സുബ്രഹ്മണ്യൻ കൊടുത്ത തലക്കെട്ട്. ആധുനികവും സമകാലികവുമായ ഇന്ത്യൻ ചിത്രശിൽപകലയിലെ അനിഷേധ്യനാമമായ കെ.ജി സുബ്രഹ്മണ്യൻ എന്ന പേരിന്റെ ഉള്ളടക്കത്തെക്കൂടി സാന്ദർഭികമായി നിർവ്വചിക്കുന്ന ഒന്നാണ് ആ തലക്കെട്ട്. മേയ്ക്കിംഗ് എന്നത് ചെയ്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്നു. ചെയ്തറിവ് കൂടിയാണ് കെ.ജി.എസ്സിന്റെ കല. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്ന കൈകളായിരുന്നു കെ.ജി.എസ്സിന്റേത്. അത് നമ്മുടെ നാട്ടുപാരമ്പര്യത്തെയും ആധുനികതയെയും ഒരേപോലെ തൊട്ടു.

കെ.ജി.സുബ്രഹ്മണ്യൻ

ഉടനീളം ആർട്ടിസ്റ്റായിരുന്നു മണിദാ. മുഴുവൻ സമയ ആര്‍ട്ടിസ്റ്റ് എന്ന് കേൾക്കുമ്പോൾ പുതുമ തോന്നുന്ന കാലത്താണ് കെ.ജി എസ്സിനെപ്പോലുള്ളവർ കലയെ ജീവിതവൃത്തിയാക്കിയത്. അതിൽ അനേകം സഹനങ്ങളും പൊരുതിനിൽക്കലുകളുമുണ്ട്. 1924ൽ കൂത്തുപറമ്പിൽ ജനിച്ച സുബ്രഹ്മണ്യന്റെ കുട്ടിക്കാലം കൽപ്പാത്തിയിലും മയ്യഴിയിലുമായിരുന്നു. ദേശീയതയുടെയും ഗാന്ധിയൻ തത്വചിന്തയുടെയും ഇടതാദർശത്തിന്റെയും ചരിത്രബോധത്തിന്റെയും ഗാഢസമ്പർക്കമാണ് കെ.ജി.എസ്സിലെ കലാകാരന്റെ രാഷ്ട്രീയഭാഗധേയം നിർണയിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ സംസാരിക്കുകയും സമരത്തിലേർപ്പെടുകയും ചെയ്ത് അദ്ദേഹം ആക്ടിവിസ്റ്റുമായി. ചെറുപ്പകാലത്ത് മാഹിയിലെ സാംസ്‌കാരികതയുടെ ഭാഗമായിരുന്ന കെ.ജി.എസ് അവിടുത്തെ ഓർമ്മകളെ ഹൃദയപൂർവ്വം സ്മരിക്കുന്നുണ്ട് ഷാജി എൻ കരുൺ സംവിധാനം ചെയ്ത അദ്ധേഹത്തെ കുറിച്ചുള്ള ‘മൂവിംഗ് ഫോക്കസ്’ എന്ന ഡോക്യൂമെന്ററിയിൽ. സൂക്ഷ്മമായ രാഷ്ട്രീയവീക്ഷണവും നിരീക്ഷണപാടവവും കൈമുതലായ കെ.ജി.എസ്സിന്റെ വാക്കുകൾ കലയെയും ജീവിതത്തെയും ആഴത്തിൽ തൊടുന്ന വാഗ്മിയുടേതുമാണ്.

ഞാനൊരു ആക്റ്റിവിസ്റ്റായ ആർട്ടിസ്റ്റല്ല, ആർട്ടിസ്റ്റായ ആക്റ്റിവിസ്റ്റാണെന്നും കെ.ജി.എസ്സ് ഒരഭിമുഖത്തിൽ പറയുന്നു. കല ചെയ്യുന്ന ആൾ ആ പ്രവൃത്തി കൊണ്ട് തന്നെ രാഷ്ട്രീയമനുഷ്യൻ ആണെന്നും കലാപ്രവർത്തനം തന്നെ രാഷ്ട്രീയപ്രവർത്തനമായി കാണുന്ന വീക്ഷണം അദ്ധേഹം മുന്നോട്ട് വെച്ചു. ആർട്ടിസ്റ്റും ആർട്ട്‌വർക്കും തമ്മിലുള്ള ഏകമുഖമായ സംബന്ധമല്ല, ലോകബോധവുമായുള്ള നിരന്തരസംവാദമാണ് കലയിലൂടെ നടത്തേണ്ടതെന്ന് ഒരേസമയം ആധുനികനും സമകാലികനുമായ കെ.ജി.എസ്സ് തന്റെ ബഹുമുഖമായ കലാപ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയായിരുന്നു. അടിസ്ഥാനജീവിതത്തിൽനിന്നാണ് കലയ്ക്കുള്ള അസംസ്‌കൃതവസ്തുക്കൾ തേടിയത്. കനമുള്ള രേഖകളും മിതത്വമുള്ള നിറങ്ങളും അദ്ദേഹത്തിന്റെ രചനാശിൽപങ്ങളെ സ്വതന്ത്രവും ശക്തവുമായ ദൃശ്യഭാഷയാക്കി മാറ്റി. തന്റെ കലാഭാഷയുടെ അന്വേഷണങ്ങൾ ക്യാൻവാസിൽ നിന്നും ടെറാക്കോട്ടയിലേക്കും ചുമരുകളിലേക്കും വ്യാപിപ്പിച്ച കെ.ജി.എസ്സ് മാധ്യമപരമായ അതിർത്തികളെക്കൂടി ലാംഘിച്ചുകൊണ്ടാണ് രചനാപ്രക്രിയകളിലേർപ്പെട്ടത്. ശാന്തിനികേതനിലെയും ബറോഡയിലെയും ചുമർ രചനകൾ മുതൽ പാവനിർമ്മാണം വരെയുള്ള ഇടപെടലുകളിൽ കർമ്മനിരതനായ കലാന്വേഷിയെ കാണാം.

artist-kg-subrahmanyan

അനാർക്കിസത്തിന്റെയോ അതിവിപ്ലവത്തിന്റെയോ ഉടയാടകളില്ലാതെ ആധുനിക കലാജീവിതം നയിച്ച കെ.ജി.എസ്സ് തന്റെ സമകാലികരിൽ നിന്നും ഏറെയധികം മുന്നോട്ട് ജീവിച്ച ഒരാളായിരുന്നു. പാശ്ചാത്യാധുനികതയുടെ അമൂർത്തഭാവനകളെ ഏറ്റെടുക്കുന്നതിനുപകരം പ്രകൃതിബോധത്തെയും പാരമ്പര്യകലയയെും സൂക്ഷ്മതയോടെ പിന്തുടരുകയായിരുന്നു കെ.ജി.എസ്സ്. അതിൽ ദേശവാദത്തിന്റെ പരിമിതഭാവുകത്വമല്ല, മറിച്ച് ക്രാഫ്റ്റിനെയും കലയെയും വേർതിരിക്കുന്ന സാമ്പ്രദായിക കലാബോധത്തെ തന്നെ നിരാകരിച്ചുകൊണ്ടുള്ള പുന:സ്സന്ദർശനങ്ങളായിരുന്നു അവ. പാരമ്പര്യകലയെയും കൈവേലകളെയും ഇണക്കിച്ചേർക്കുന്ന ദൃശ്യഭാഷയിലൂടെയാണ് സുബ്രഹ്മണ്യൻ ദേശത്തെ ആവിഷ്‌കരിക്കാൻ ശ്രമിച്ചത്. മിത്തും കഥകളും നിറഞ്ഞ നാട്ടുപാരമ്പര്യങ്ങളെ ആധുനിക കലാഭാഷയ്ക്കകത്ത് അഭിസംബോധന ചെയ്യാൻ ശ്രമിച്ച കെ.ജി.എസ്സിലെ കലാവിദ്യാർത്ഥി മതാതീതവും ദാർശനികവുമായ ഒരു പ്രതലത്തിൽ നിന്നാണ് തന്റെ രചനാഭൂപടങ്ങൾ തീർത്തത്. ആധുനികതയ്ക്കും ആഗോളകലാവിപണിക്കും സാക്ഷ്യം വഹിച്ച തലമുറകളിൽ കാലൂന്നി നിൽക്കുമ്പോഴും ‘ബൗദ്ധികവും സൗന്ദര്യാത്മകവുമായ’ ഒന്നിനെയാണ് കല എന്നു നിർവ്വചിക്കുന്നതെന്ന് അടിവരയിടുന്നതാണ് കെ.ജി.എസ്സിന്റെ കല.

‘മെയ്ക്കിംഗ്’ എന്നത് കൈപ്പണിയുടെ മാത്രം പേരല്ല എന്ന് കെ.ജി.എസ്സിന്റെ സന്ദർഭം നമ്മോട് പറയുന്നു. അത് കലാചരിത്രവും സൗന്ദര്യശാസ്ത്രവും സാമൂഹിക പരിസ്ഥിതിയും സമ്മേളിക്കുന്ന ഒരു ബിന്ദുവിൽനിന്നാണ് ആരംഭിക്കുന്നത്. കലാവസ്തു എന്ന വിഗ്രഹബോധത്തെയല്ല ‘കലാപ്രവൃത്തി’ എന്ന സമഗ്രാനുഭവത്തെയാണ് അത് ആശ്ലേഷിക്കുന്നത്. അതിൽ എളുപ്പത്തിൽ കൈയ്യടി കിട്ടാനുള്ള ടിപ്പണികളില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...