Monday, September 27, 2021

സുപ്പീരിയർ: ദി റിട്ടേൺ ഓഫ് റേസ് സയൻസ് – ശാസ്ത്രത്തിന്റെ വംശീയവഴികൾ

വായന

ശ്രീനിധി കെ എസ്

മനുഷ്യരാശി ഇന്നേവരെ നേടിയിട്ടുള്ളതും ഇനി നേടാനിരിക്കുന്നതുമായ
നേട്ടങ്ങളിലേക്കെല്ലാം നയിച്ചത് ശാസ്ത്രാഭിരുചിയും ശാസ്ത്രീയബോധവുമാണ്.
കൃത്യമായ ശാസ്ത്രീയമാർഗങ്ങളിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളെ ഏറ്റവും
വിശ്വാസയോഗ്യമായ സത്യങ്ങളായി നമ്മൾ അംഗീകരിക്കുകയും അതിൻറെ
പ്രയോഗസാധ്യതകളെ അതിജീവനത്തിനും ജീവിതസൗകര്യങ്ങൾ
മെച്ചപ്പെടുത്താനും നൈസർഗികമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനും
ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ
ജിജ്ഞാസയെയും ഗവേഷണതല്പരതയെയും ആശ്രയിച്ചിരിക്കുന്നതിനാൽ
മനുഷ്യന്റെ ബൗദ്ധികതയിൽ വേരുറപ്പിച്ചിട്ടുള്ള മുൻവിധികളുടെയും
പക്ഷപാതചിന്തകളുടെയും സ്വാധീനം ശാസ്ത്രീയം എന്ന്
വിശേഷിപ്പിക്കപ്പെടുന്ന നിഗമനങ്ങളിലും പ്രതിഫലിക്കാനുള്ള സാധ്യത വളരെ
വലുതാണ്. അത്തരത്തിൽ ശാസ്ത്രലോകത്തിൽ കയറിപ്പറ്റിയിട്ടുള്ള
അഴുക്കാണ് സയന്റിഫിക്‌ റേസിസം – റേസ് സയൻസ് (വംശ ശാസ്ത്രം) എന്ന
സങ്കൽപം.

മനുഷ്യരെ വിവിധ വംശങ്ങളായി വേർതിരിക്കാനും വംശീയതയുടെ
അടിസ്ഥാനത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ
സാധൂകരിക്കാനും ബോധപൂർവമോ അല്ലാതെയോ ശാസ്ത്രത്തെ
കൂട്ടുപിടിക്കുകയും കപടശാസ്ത്രത്തെ ശാസ്ത്രം എന്ന പേരിൽ
ഉപയോഗിക്കുകയും ചെയ്യുന്ന ഏർപ്പാടാണ് സയന്റിഫിക്‌ റേസിസം. മനുഷ്യരെ
ശാസ്ത്രീയമായി വിവിധ വംശങ്ങളായി തരം തിരിക്കാമെന്നും ഓരോ
വംശത്തിൻറെയും ബൗദ്ധികവും കായികവുമായ സവിശേഷതകൾ
ജനിതകപരമായ, അതിനാൽ തന്നെ സ്വാഭാവികമായ
സവിശേഷതകളാണെന്നും ഉള്ള മുൻവിധിയാണ് സയന്റിഫിക്
റേസിസത്തിന്റെ അടിസ്ഥാനം. ഇതിൻറെ ഫലമായി സാമൂഹികക്രമത്തിൽ
ഓരോ വംശവും നേടിയിട്ടുള്ള സ്ഥാനം സ്വാഭാവികമാണെന്നും അതിനാൽ
തന്നെ വംശീയ ഉച്ചനീചത്വങ്ങൾ ശാസ്ത്രീയമായി
സാധൂകരിക്കാവുന്നതാണെന്നും ഉള്ള നിഗമനങ്ങളിൽ എത്തപ്പെടുന്നു.
ശാസ്ത്രത്തിന്റെ ചരിത്രവഴികളിൽ ഉണ്ടായിട്ടുള്ള വംശീയതയുടെ
കലർപ്പുകളെ പരിശോധിക്കുകയും ഏറെക്കുറെ അപ്രത്യക്ഷമായെന്നു
വിശ്വസിക്കുമ്പോഴും ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന അതിൻറെ
ആശങ്കാജനകമായ സ്വാധീനത്തെ കുറിച്ച് ചർച്ച ചെയ്യുകയുമാണ് എയ്ഞ്ചല

സൈനി (Angela Saini) 2019ൽ പ്രസിദ്ധീകരിച്ച സുപ്പീരിയർ: ദി റിട്ടേൺ ഓഫ് റേസ്
സയൻസ് (Superior: The Return of Race Science) എന്ന പുസ്തകം.

ബ്രിട്ടീഷ് സയൻസ് ജേർണലിസ്റ്റ് ആയ എയ്ഞ്ചല സൈനിയുടെ മൂന്നാമത്തെ
പുസ്തകമാണ് ഇത്. താൻ അറിഞ്ഞിരിക്കേണ്ടതായിട്ടുള്ള പൂർവികർ തൻറെ
രക്ഷിതാക്കൾ മാത്രമാണെന്നു പറഞ്ഞു കൊണ്ടാണ് സെയ്നി തന്റെ പുസ്തകം
തുടങ്ങുന്നത്. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകളായി ലണ്ടനിൽ വളർന്ന
സൈനി ബാല്യകാലം മുതൽ തന്നെ വംശീയതയുടെ കയ്പ്പ് അറിഞ്ഞിട്ടുണ്ട്.
അതിനാൽ തന്നെ തൻ്റെ കുട്ടിക്കാലം മുതൽ താൻ എഴുതാൻ ആഗ്രഹിക്കുന്ന
പുസ്തകമാണ് ഇതെന്ന് സൈനി രേഖപ്പെടുത്തുന്നു. പതിനൊന്ന് അധ്യായങ്ങളായി
തിരിച്ചിട്ടുള്ള പുസ്തകത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്
ആധുനികമനുഷ്യസമൂഹത്തിൽ ശാസ്ത്രത്തിന്റെ നിഴൽ ചാരി
വംശീയതയുടെ വേരുറച്ചതിന്റെ ചരിത്രമാണ്. വംശീയതയിൽ
വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ശാസ്ത്രജ്ഞരോടും
ചരിത്രകാരന്മാരോടും മറ്റു വിദഗ്ധരോടും നടത്തിയ ചർച്ചകൾ
ഉൾക്കൊള്ളിച്ചുകൊണ്ടാണ് ശാസ്ത്രചരിത്രത്തിൽ സയന്റിഫിക് റേസിസം
നടത്തിയിട്ടുള്ള അഹിതകരമായ ഇടപെടലുകളെ കുറിച്ച് സൈനി
വിശദീകരിക്കുന്നത്.

മനുഷ്യരെ വിവിധ കൂട്ടങ്ങളായി വർഗ്ഗീകരിക്കാനും തങ്ങൾ പ്രകൃത്യാ തന്നെ
സവിശേഷഗണത്തിൽ പെട്ടവരാണെന്നു സ്ഥാപിക്കാനുമുള്ള
പ്രബലവർഗ്ഗത്തിന്റെ ശ്രമങ്ങളാണ് റേസ് അഥവാ വംശം എന്ന സങ്കല്പത്തിന്റെ
സ്ഥാപനത്തിലേക്ക് നയിച്ച പ്രധാനഘടകങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന സ്വീഡിഷ് ശാസ്ത്രജ്ഞൻ കാൾ ലിനേയസ് (Carl Linnaeus)
തൊലിയുടെ നിറം ഉൾപ്പെടെയുള്ള ബാഹ്യഘടകങ്ങളെ അടിസ്ഥാനമാക്കി
മനുഷ്യരെ വിവിധ വിഭാഗങ്ങളായി വർഗീകരിച്ചു. ലിനേയസിന്റെ
വർഗീകരണം അധികാരശ്രേണിയെ സാധൂകരിക്കാനുള്ള ബോധപൂർവമായ
ശ്രമമായിരുന്നോ എന്നത് വ്യക്തമല്ല. എന്നാലും അന്നത്തെ
സാമൂഹികസാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടുകൊണ്ടുള്ള ഈ വർഗീകരണം
സയന്റിഫിക് റേസിസ ത്തിനു അടിത്തറ പാകി എന്നതിൽ തർക്കമില്ല. തുടർന്ന്
വംശീയതയിൽ വിശ്വസിക്കുകയും വംശീയാടിസ്ഥാനത്തിൽ
കുത്തകാവകാശം കൈയാളുകയും ചെയ്ത നിരവധി ശാസ്ത്രജ്ഞർ വിവിധ
വംശങ്ങളെ ശാസ്ത്രീയമായി വേർതിരിക്കാൻ ശ്രമിക്കുകയും അതുവഴി ഒരു
വംശത്തിനു മറ്റൊരു വംശത്തിനു മേൽ ഉള്ള അധികാരപ്രയോഗങ്ങളും
സാമൂഹിക ഔന്നത്യവും എല്ലാം ശാസ്ത്രീയവും പ്രകൃതിദത്തവും
സ്വാഭാവികവും ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അമേരിക്കൻ
വംശശാസ്ത്രപഠനങ്ങൾ പ്രധാനമായും കറുത്ത വർഗ്ഗക്കാരുടെ അടിമത്തത്തെ
സാധൂകരിക്കാനും യൂറോപ്യൻ പഠനങ്ങൾ കോളനിവത്കരണത്തെ
ന്യായീകരിക്കാനും ഉപയോഗിക്കപ്പെട്ടു.

1949 – 1950 കാലഘട്ടത്തിൽ യുനെസ്കോയുടെ നേതൃത്വത്തിൽ റേസ്
സയൻസിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവുകയും മനുഷ്യവംശം അഥവാ റേസ്
എന്ന സങ്കല്പം ജൈവികപ്രതിഭാസം അല്ല എന്നും മറിച്ച് കാലാകാലങ്ങളായി
നിലനിൽക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളാൽ
നിർമ്മിക്കപ്പെട്ടതാണെന്നും യുനെസ്കോ ഔദ്യോഗികമായി പ്രസ്താവിക്കുകയും
ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുനെസ്കോയുടെ
ഇടപെടലുകൾ ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ സയന്റിഫിക് റേസിസം
ക്ഷയിച്ചു എന്ന് കരുതപ്പെട്ടു എങ്കിലും അത് പൂർണമായും ശരിയല്ല എന്നാണ്
സൈനി തന്റെ പുസ്തകത്തിലൂടെ മുന്നോട്ടു വക്കുന്നത്. അപകടകരമാം വിധം
തുടർന്നുകൊണ്ടിരിക്കുന്ന സയന്റിഫിക് റേസിസം ദൂരവ്യാപകമായ
ആഘാതങ്ങളാണ് ശാസ്ത്രത്തിലോകത്തും അതുവഴി സമൂഹത്തിലും
സൃഷ്ടിക്കാൻ പോകുന്നതെന്ന് സൈനി മുന്നറിയിപ്പ് തരുന്നു. കാലം മുന്നോട്ടു
നീങ്ങും തോറും ശാസ്ത്രവും കൂടുതൽ സങ്കീർണ്ണതലങ്ങളിലേക്ക്
പ്രവേശിക്കുന്നതിനാൽ പ്രത്യക്ഷത്തിൽ തിരിച്ചറിയാനാവാത്തത്ര
അന്തർലീനവും വ്യവസ്ഥിതവുമായിട്ടാണ് വംശീയത ഇന്ന് ശാസ്ത്രത്തെ
സ്വാധീനിക്കുന്നത് എന്ന ആശങ്കയും സൈനി പങ്കു വെക്കുന്നുണ്ട്.

തീവ്രദേശീയതയെയും തീവ്രവലതുപ്രസ്ഥാനത്തേയും വംശീയതയുടെ
ആധുനിക അവതാരങ്ങളെന്ന രീതിയിൽ സൈനി ചോദ്യം ചെയ്യുന്നുണ്ട്.
യൂജെനിക്സ്, ഹ്യൂമൻ ജീനോം പ്രൊജക്റ്റ് തുടങ്ങിയവയെ ശാസ്ത്രീയതയുടെയും
സാമൂഹികമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ വിമർശിക്കുന്നുണ്ട്. നാസി
വംശഹത്യ, അമേരിക്കൻ എക്സപ്ഷണലിസം, ഇന്ത്യയിൽ നിലനിൽക്കുന്ന
ജാതിവ്യവസ്ഥ തുടങ്ങിയ നിരവധി രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ
സയന്റിഫിക് റേസിസത്തിന്റെ അടിസ്ഥാനത്തിൽ സൈനി ചർച്ച ചെയ്യുന്നു.
ജനസമൂഹങ്ങളുടെ സാംസ്കാരിക-സാമൂഹിക വൈവിധ്യങ്ങളുടെയും
മൗലികതയുടെയും സംരക്ഷണമെന്ന മറവിൽ വംശീയവെറി ഒളിച്ചു
കടത്തുന്നത്തിൽ സയന്റിഫിക് റേസിസം വഹിച്ച, ഇപ്പോഴും
വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പുസ്തകത്തിൽ നിന്നും വ്യക്തമാണ്.

സൈനിയുടെ പുസ്തകം ആത്യന്തികമായി ഒരു ശാസ്ത്രഗ്രന്ഥം തന്നെയാണ്.
അതോടൊപ്പം ഒരു ചരിത്രപുസ്തകത്തിന്റെയും ശാസ്ത്രനിരൂപണത്തിന്റെയും
സാമൂഹികപാഠപുസ്തകത്തിന്റെയും കർത്തവ്യം കൂടി ഈ പുസ്തകം
നിറവേറ്റുന്നുണ്ട്. ശാസ്ത്രവും ശാസ്ത്രബോധവും സമത്വബോധത്തിന്റെ
അടിസ്ഥാനത്തിൽ രൂപപ്പെടേണ്ടതാണെന്ന സന്ദേശമാണ് ഈ പുസ്തകം
നൽകുന്നത്. സമത്വബോധവും മാനവികതയുമാണ് ശാസ്ത്രകുതുകിയായ
എയ്ഞ്ചല സൈനിയെ ഈ പുസ്തകത്തിലേക്ക് നയിച്ചത്. അതുകൊണ്ടാണ്
“നൂറ്റാണ്ടുകൾക്കു മുൻപ് ഒരു ചതുരംഗക്കളത്തിൽ കരുക്കൾ നീക്കുന്നത്ര
ലാഘവത്തോടെ ജനസമൂഹങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ആളുകൾ
അതിരുകൾ വരച്ചു ചേർത്തു. അതിരുകൾ എവിടെ വേണമെങ്കിലും വരച്ചു
ചേർക്കപ്പെടാമായിരുന്നു. എന്നാൽ ഇന്ന് ആ അതിരുകൾക്കുള്ളിൽ ഒതുങ്ങാൻ
അല്ലെങ്കിൽ അവക്ക് പുറത്തുകടക്കാൻ നമ്മൾ പാടുപെടുന്നു. ആത്യന്തികമായി,
അതിരുകൾ എവിടെ വരക്കുന്നു എന്നതല്ല, മറിച്ച് ആ അതിരുകളുടെ
അർത്ഥമെന്താണ് എന്നതാണ് പ്രാധാന്യമർഹിക്കുന്നത്.” എന്ന് എഴുത്തുകാരി
ആശങ്കയോടെ എഴുതിയിടുന്നത്.

ശ്രീനിധി കെ എസ്
മലപ്പുറം ജില്ലയിലെ ആലങ്കോട് ജനിച്ചു. ഐ ഐ ടി ബോംബെയുടെയും ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയുടെയും സംയുക്ത പി എച് ഡി പ്രോഗ്രാമിൽ ജിയോഫിസിക്സിൽ ഗവേഷണം നടത്തുന്നു.

Related Articles

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധു അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ "ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു". ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles