prabhavarma-prasadkakkassery

അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും

ലേഖനം

പ്രസാദ് കാക്കശ്ശേരി

മനസ്സില്‍ കവിതയില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്‍, പാഠങ്ങള്‍, അര്‍ത്ഥങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ആള്‍ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും ”പകലേ നമ്മള്‍ വെട്ടിയ നീളം മുഴുവന്‍ ഒരു വലിയാല്‍ പിറകോട്ടാക്കാന്‍” തുനിയുകയുമാണ് ഈ ആള്‍ക്കൂട്ടം. ഭക്തി എന്ന വൈകാരിക ഭാവത്തെ സമൂഹോന്മുഖമാക്കി ഉദാത്ത ദര്‍ശനങ്ങള്‍ അവതരിപ്പിച്ച പൂന്താനത്തെ അടഞ്ഞ മതബോധത്തിലേക്ക് ഒളിപ്പിക്കുകയാണവര്‍.”ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവുമിനി ക്കൊവ്വായെന്നും ചിലര്‍”എന്ന് വിമര്‍ശിച്ച പൂന്താനത്തെ ആചാരബദ്ധതയുടെ അകത്തളങ്ങളില്‍ കൊട്ടിയടക്കാനാണീ ശ്രമങ്ങള്‍. സേവനം, മമത എന്നിങ്ങനെ അര്‍ത്ഥവ്യാപ്തിയുള്ള ഭക്തി ഭാവത്തെ ഉള്‍ക്കൊള്ളാവാത്ത അസഹിഷ്ണുതയില്‍ നിന്നാണ് ‘ശ്യാമമാധവം’ എഴുതിയ പ്രഭാവർമ്മയ്ക്ക് പൂന്താനം പുരസ്കാരം നല്‍കുന്നതിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാവുന്നത്.

prasad kakkassery
പ്രസാദ് കാക്കശ്ശേരി

നിഷാദന്റെ അമ്പേറ്റ് മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ കൃഷ്ണന്റെ മനസ്സിലുണ്ടാകുന്ന ചിന്തകള്‍ ബോധധാരാ രൂപത്തില്‍ പുതിയമാനത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് ശ്യാമമാധവം’. കൃഷ്ണനെക്കുറിച്ചുള്ള ഇതിഹാസപാഠങ്ങള്‍, പുരാണങ്ങള്‍ എന്നിവയുടെ അനുധ്യാനത്തില്‍ നിന്നാണ് കാവ്യാഖ്യായിക സാര്‍ത്ഥകമാകുന്നത്. ഇതിഹാസ പാഠത്തെ പുനര്‍വായിക്കാനും കൃഷ്ണസങ്കല്പത്തെ വ്യതിരിക്തമായ യുക്തി ബോധത്തില്‍ പുനരവതരിപ്പിക്കാനുമുള്ള കാവ്യാത്മകമായ രീതി ‘ശ്യാമമാധവ’ത്തെ ശ്രദ്ധേയമാക്കുന്നു.

prabhavarma
പ്രഭാവർമ്മ

ഭജനപ്പാട്ടല്ല കവിതയെന്ന് എഴുത്തച്ഛനേയും പൂന്താനത്തെയും വായിച്ചവര്‍ക്ക് അറിയാം. ദൈവവും മനുഷ്യനുമായി കൃഷ്ണനെ കാണാനുള്ള സ്വാതന്ത്ര്യമാണ് ഭാരതീയചിന്ത മുന്നോട്ട് വെക്കുന്നത്. കൃഷ്ണനെ പ്രേമസ്വരൂപനായി കണ്ടു മീരാബായ്. കാമുകന്‍, മകന്‍, രക്ഷകന്‍, സഹോദരന്‍, ഗുരു എന്നീ ഭാവങ്ങളില്‍ മനസ്സില്‍ സംക്രമിച്ച കൃഷ്ണ ബിംബത്തെ സങ്കുചിതമാക്കുക എന്നതാണ് സംഘടിതമായ, ഏകപക്ഷീയ നിഗമനങ്ങളിലേക്ക് ഒതുങ്ങുന്ന കര്‍ക്കശ മതബോധത്തിന്റെ സമകാലിക രീതികള്‍.

കൃഷ്ണഭക്തിയെ പരിക്കേല്‍പ്പിക്കുന്ന ഒന്നും തന്നെയില്ല ‘ശ്യാമമാധവ’ത്തില്‍ എന്നതാണ് നേര്.
”ഇത്രയ്ക്കു സത്യം പുലര്‍ത്തിയ മറ്റൊരാ_
ളുണ്ടായിരിക്കില്ല പെണ്ണായി ഭൂമിയില്‍
മാതൃത്വ സത്യ തേജസ്സായ നിന്മുന്നില്‍
നില്‍ക്കുന്നതെങ്ങനെ, നില്‍ക്കാതെയെങ്ങനെ.”

ഗാന്ധാരിയെ കുറിച്ചുള്ള ശ്രീകൃഷ്ണന്റെ ഒറ്റ വിചാരം മതി കൃഷ്ണന്റെ വ്യക്തിത്വത്തെ തേജോമയമാക്കാന്‍. ”ആത്യന്തികമായ ജയം എന്ത്? ജയം എവിടെ ? എന്നിങ്ങനെയുള്ള വ്യാസന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നീണ്ട കാലത്തിന് ശേഷം കവി ഏറ്റെടുക്കുന്നു; ഈ കൃതിയിലൂടെ”എന്ന് പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍ കുറിക്കുന്നു. ശ്യാമമാധവത്തിനെഴുതിയ ‘ഇതിഹാസമാനമുള്ള കാവ്യം’എന്ന അവതാരികയില്‍ ഒ.എന്‍.വി എഴുതി- ”പല പാത്രസ്വഭാവങ്ങളും പുതിയ വാര്‍പ്പുകളിലൂടെ പുനരവതരിക്കുന്നു. പഴയ പാഠത്തിന് മീതെ പുതിയപാഠം കുറിച്ചിടുന്ന ഹസ്തലിഖിതഗ്രന്ഥം (palmist)പോലെ എന്ന് പറയാം. കവിയെ ഇതിന് പ്രേരിപ്പിക്കുന്നത് കാലമാണ്. ഇതിഹാസങ്ങള്‍ എന്നും സമകാലിക പ്രസക്തിയുള്ളതായിത്തീരുന്നതും ഈ വിധത്തിലാണ്. കാലത്തിന് പുതിയ ചിത്രമെഴുതാന്‍ അവ ചുമരും ചായവുമാകുന്നു. ശ്രീ പ്രഭാവര്‍മ്മയുടെ കാവ്യം അത്തരത്തിലുള്ള ഒരു കൃതിയാണ്”.

ഇതിഹാസങ്ങളെ സമകാലികമായി പുനര്‍വായിക്കുന്ന പ്രേരണകളെ എതിരിടുക എന്നതാണ് സംഘപരിവാര്‍ രീതിശാസ്ത്രം എന്ന് ബോധ്യപ്പെടുത്തുകയാണ് പൂന്താനം പുരസ്കാരവിവാദം. ഭക്തി വിവേകശൂന്യതയാണ് , ക്ഷേത്രം സങ്കുചിത മത കേന്ദ്രമാണ്, കവിത അപരന് നേരെ ഹിംസാത്മകമായി നീളുന്ന ‘ജയ് ശ്രീ റാം’വിളികളാണ് എന്ന് സഥാപിക്കുകയാണ് മനസ്സില്‍ ഒട്ടും കവിതയുടെ തുറവിയില്ലാത്ത സംഘ പരിവാരം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *