HomeTHE ARTERIASEQUEL 35കോടതിയും ധർമശാസ്ത്രങ്ങളും

കോടതിയും ധർമശാസ്ത്രങ്ങളും

Published on

spot_imgspot_img

ലേഖനം
ഡോ. ടി എസ് ശ്യാംകുമാർ

ഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത് “വിഖ്യാതമായ ” മനുസ്മൃതിയിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മനുസ്മൃതിക്കും മുൻപ് രചിക്കപ്പെട്ട ആപസ്തംബ ധർമസൂത്രം, വസിഷ്ഠ ധർമസൂത്രം, ഗൗതമ ധർമസൂത്രം തുടങ്ങിയ ധർമസൂത്രങ്ങൾ മനുസ്മൃതിയുടെ രചന പൂർത്തീകരിക്കുന്നതിന് ഏറെ മുൻപ് തന്നെ (പൊതുവർഷാരംഭത്തിനും മുൻപ്) രചിക്കപ്പെട്ടവയാണ്. പിന്നീട് “ന സ്ത്രീ സ്വാതന്ത്ര്യമർഹതി ” തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രമാണങ്ങൾ മനുസ്മൃതി പ്രയോഗിക്കുന്നത് ധർമസൂത്രങ്ങളിൽ ഇത്തരം ആശയങ്ങൾ പ്രബലമായതിന് ശേഷമാണ്‌. “അസ്വതന്ത്രാ സ്ത്രിയ : നാതി ചരേത് ഭർത്താരം ” (സ്ത്രീകൾ സ്വന്തന്ത്രകളാണ്, അവൾ ഭർത്താവിനെ ഉല്ലംഘിക്കാൻ പാടില്ല ) തുടങ്ങിയ പ്രമാണങ്ങൾ ധർമസൂത്രങ്ങളിൽ ഉള്ളടങ്ങിയിട്ടുണ്ട്. കണിശവും ഹിംസാത്മകവുമായ ചാതുർവർണ്യജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്നവയാണ് ധർമസൂത്രങ്ങളും സ്മൃതികളും മറ്റും അടങ്ങുന്ന ധർമശാസ്ത്ര പാരമ്പര്യം. ആധുനികമായ ഭരണഘടനാ ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു രാജ്യത്ത് ജാതി-വർണ വ്യവസ്ഥാ ക്രമത്തിനനുസൃതമായി സാമൂഹ്യ ജീവിതത്തെ ഭാവന ചെയ്ത് പ്രയോഗവൽക്കരിക്കാൻ ആഗ്രഹിക്കുന്ന ധർമശാസ്ത്രങ്ങൾ ഇന്ത്യാ ചരിത്ര പഠനത്തെ സംബന്ധിച്ച പുരാരേഖകൾ മാത്രമാണ്. എന്നാൽ ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെ പല നിലകളിൽ ആഴത്തിൽ ഇന്നും സ്വാധീനിച്ചു പോരുന്ന ജാതി ബ്രാഹ്മണ്യത്തിൻ്റെ മൂല്യബോധം പേറുന്ന ധർമശാസ്ത്ര കൃതികൾ ഭരണഘടന ഉയർത്തി പിടിച്ചു പ്രവർത്തിക്കുന്ന ആധുനിക നീതി പീഠങ്ങളുടെ വിധി പ്രസ്താവങ്ങളിൽ കടന്നു വരുന്നത് അത്രമേൽ നിഷ്കളങ്കമായ ഒന്നായി കരുതാൻ പ്രയാസമാണ്.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട് (ഒരു മാധ്യമത്തിൻ്റെ പ്രക്ഷേപണം തടയുന്നതിനായി ) നീതിപീഠം പുറപ്പെടുവിച്ച വിധിയിൽ, വിധി പ്രസ്താവത്തെ സാധൂകരിക്കുന്നതിനായി ഉദ്ധരിക്കുന്നത് “അത്രിസംഹിത ” എന്ന ധർമശാസ്ത്ര ഗ്രന്ഥത്തെയാണ്. ഭരണഘടനാ ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് കാര്യങ്ങളെ ഭരണഘടനാപരമായും ആധുനികമായ നീതി വിചാരങ്ങളുടെ യുക്തിയിലും പരിശോധിക്കുന്നതിന് പകരം, അവയെ ജാതി ബ്രാഹ്മണ്യത്തെ സാധൂകരിക്കുന്ന അത്രി സംഹിത മുതലായ ഗ്രന്ഥങ്ങളെ മുൻനിർത്തി വ്യവച്ഛേദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ആധുനികമായ ഭരണഘടന ഇന്ത്യയിൽ നിലവിൽ വന്നത് തന്നെ ഇത്തരം ധർമശാസ്ത്ര മൂല്യങ്ങളെ നിരസിച്ചു കൊണ്ടാണെന്നുള്ള വസ്തുത പലപ്പോഴും ഭരണഘടനയെ സംരക്ഷിച്ച് നിലനിർത്തേണ്ട നീതിസ്തംഭം തന്നെ മറന്നു പോകുന്നു. ഇത് ജനാധിപത്യത്തെ ആന്തരികമായി ദുർബലപ്പെടുത്തുകയും തൽസ്ഥാനം സ്മൃതി മൂല്യങ്ങൾ കൈയടക്കാൻ ഇടയാക്കുകയും ചെയ്യും.

ഈ വിധിയിലുള്ള ഒരു പ്രധാനപ്പെട്ട പ്രമാദം അത്രിസ്മൃതി ഋഗ്വേദ കാലത്ത് രചിക്കപ്പെട്ടു എന്ന പ്രസ്താവമാണ്. ഈയൊരു പ്രസ്താവന ചരിത്രപരമായ ധാരണകളെയാണ് പരിഹസിക്കുന്നത്. എന്തെന്നാൽ, ഋഗ്വേദത്തിൻ്റെ രചനാകാലത്ത് സ്മൃതി ഗ്രന്ഥങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. പ്രാചീനധർമസൂത്രങ്ങളുടെ രചനാകാലത്തിന് ശേഷമാണ് മനുസ്മൃതിയുടെ രചന പോലും പൂർത്തിയാകുന്നത് എന്നിരിക്കെ അത്രി സ്മൃതി ഋഗ്വേദകാലത്താണ് രചിക്കപ്പെട്ടതെന്ന് വാദിക്കുന്നത് ചരിത്ര വസ്തുതകളെ കീഴ്മേൽ മറിക്കുന്നതിന് തുല്യമാണ്. കൂടാതെ, വിധി പ്രസ്താവത്തിൽ ഉദ്ധരിക്കുന്ന അത്രിസ്മൃതിയാവട്ടെ ക്ഷേത്രങ്ങളിലെ ദേവതാപ്രതിഷ്ഠ ആചാരാനുഷ്ഠാനങ്ങൾ എന്നിവ വിവരിക്കുന്ന ഒരു ഗ്രന്ഥവുമാണ്. താന്ത്രികാനുഷ്ഠാനങ്ങൾ മുൻനിർത്തി രചിക്കപ്പെടുന്ന ഏറ്റവും പഴയ ഗ്രന്ഥം സി.ഇ. മൂന്നാം നൂറ്റാണ്ടിലെ നിശ്വാസ തത്വസംഹിത എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിൽ പോലും ക്ഷേത്രാനുഷ്ഠാനങ്ങളുടെ വിപുലമായ ആചാര പദ്ധതികൾ വിവരിക്കുന്നില്ല. നിശ്വാസ തത്വസംഹിതയിൽ ക്ഷേത്ര പ്രതിഷ്ഠകളെ പറ്റിയുള്ള പരാമർശങ്ങളല്ല ഉള്ളടങ്ങിയിട്ടുള്ളതും. ക്ഷേത്രാനുഷ്ഠാനങ്ങളെ കേന്ദ്രീകരിച്ചുള്ള ഗ്രന്ഥങ്ങൾ വിപുലമായി രചിക്കപ്പെടുന്നത് പൊതുവർഷം 10-ാം നൂറ്റാണ്ടു മുതലാണ്. കാര്യമിങ്ങനെ ആയിരിക്കെ അത്രിസംഹിത ഒരു വേദകാല രചനയാണെന്ന അവകാശവാദം തീർത്തും ചരിത്രവിരുദ്ധമാണ്.

രാജ്യരക്ഷയെ പറ്റി പ്രസ്താവിക്കുമ്പോൾ പ്രാഗാധുനികവും ഭരണഘടനാ നിർമാണ സഭ തന്നെ തള്ളിക്കളഞ്ഞതുമായ ഗ്രന്ഥങ്ങളെ ഉദ്ധരിക്കുന്നത് ഭരണഘടനയെ അനാദരിക്കലാണ്. ജാതി ബ്രാഹ്മണ്യ മൂല്യങ്ങളെയും അയിത്ത അശുദ്ധി വ്യവഹാരങ്ങളെയും സാധൂകരിക്കുന്ന അത്രിസംഹിത ഉദ്ധരിക്കുന്നതിലൂടെ ആധുനിക ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്തെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര മൂല്യങ്ങളിൽ തളച്ചിടാനാണ് ശ്രമിക്കുന്നതെന്ന് പൊതുജനങ്ങൾക്ക് കരുതേണ്ടി വരും.

ഭരണഘടനാ ജനാധിപത്യം പൗരാവകാശങ്ങളിലും ആശയ പ്രകടന സ്വാതന്ത്ര്യത്തിലും ഊന്നിയുള്ള ജനാധിപത്യ വ്യവസ്ഥയാണ്. ഇത്തരമൊരു വ്യവസ്ഥ രാഷ്ട്രീയമായി നില നിൽക്കുമ്പോൾ ബ്രാഹ്മണ്യ രാജ പ്രഭു വാഴ്ചാ കാലത്തെ ഒരു ഗ്രന്ഥത്തെ മാധ്യമ സ്വാതന്ത്ര്യത്തെ തടയാനായി ഉദ്ധരിക്കുന്നത് ജാതി ബ്രാഹ്മണ്യ മൂല്യങ്ങളെ സാധൂകരിക്കാനും ഇന്ത്യയെ ഹിന്ദുത്വപ്രത്യയ ബോധനങ്ങളിലേക്ക് തള്ളിയിടാനുമാണ് ഉപകരിക്കുക.

ബ്രാഹ്മണികമായ ക്ഷേത്രാരാധനാ സമ്പ്രദായം വ്യാപകമായ കാലത്ത് രചിക്കപ്പെട്ട ഒരു കൃതിയാണ് അത്രി സംഹിത. ഋഗ്വേദമായിട്ടെന്നല്ല വൈദിക കാലവുമായി പോലും വിദൂര ബന്ധമില്ലാത്ത, മനുസ്മൃതിയുടെ രചനക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് രചിക്കപ്പെട്ട അത്രി സംഹിതയെ വേദകാലവുമായി കൂട്ടികെട്ടി അവതരിപ്പിച്ചത് ചരിത്രപരമായി തെറ്റിദ്ധാരണകൾ ജനിപ്പിക്കുന്നവയാണ്. കോടതി വിധിയിൽ അത്രി സംഹിത ഉദ്ധരിച്ച് അതിന് നൽകിയ അർത്ഥം പോലും ചരിത്രപരമായ വലിയ പ്രമാദമാണ്.

“രാഷ്ട്രം” എന്ന പദത്തിന് “Nation ” എന്ന അർത്ഥം നൽകിയ വിധിപ്രസ്താവം തന്നെ വിമർശനവിധേയമാണ്. രാഷ്ട്രം ജനപദമാണ്, ജനങ്ങൾ പാർക്കുന്ന നാട്ടിൻ പുറങ്ങൾ എന്നർത്ഥം. പിൽക്കാലത്ത് അതിന് “രാജ്യം ” എന്ന് അർത്ഥം എടുക്കാവുന്ന വിധം പ്രയോഗമുണ്ടെന്നതു ശരി. അതു പക്ഷേ ആധുനികാർത്ഥത്തിലുള്ള ദേശരാഷ്ട്രം (Nation) അല്ലെന്ന് അർത്ഥശാസ്ത്രത്തെ മുൻനിർത്തി ഗവേഷണം നടത്തിയ സംസ്കൃതപണ്ഡിതനായ പ്രൊഫ. പി.വി. നാരായണൻ രേഖപ്പെടുത്തുന്നു. ഉദ്ധരിച്ച് ചേർത്ത ശ്ലോകത്തിലുള്ള “അപക്ഷപാതോർത്ഥിഷു ” എന്നതിന്
” തന്നോട് അപേക്ഷിക്കുന്നവരിൽ / യാചിക്കുന്നവരിൽ ഭേദഭാവം ഇല്ലായ്മ ” എന്ന അർത്ഥം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണെന്നും പ്രൊഫ. പി.വി. നാരായണൻ സൂചിപ്പിക്കുന്നു. “ഇന്ത്യയുടെ പ്രാചീന-മധ്യകാലചരിത്രത്തിൽ ബ്രാഹ്മണികസമൂഹക്രമം നിലനിർത്തിക്കൊണ്ടല്ലാതെ ഭരിച്ച ഒരൊറ്റ രാജാവും ഉണ്ടായിട്ടില്ല. അതിലാകട്ടെ, ഒരിക്കലും എല്ലാവരും തുല്യരായിരുന്നില്ല. തുല്യരാവാൻ ഒരു കൃതിയും പറയുന്നുമില്ല. നിയമവും നീതിയും പരിഗണനകളും തൊഴിലും വേതനവും വസ്ത്രവും വേഷവുമെല്ലാം എന്നും കൃത്യമായ വർണ്ണ-ജാതി പക്ഷപാതങ്ങൾ നിറഞ്ഞു നിന്നിരുന്നു എന്ന് സുവ്യക്തമാണ്. അതൊക്കെ അങ്ങനെത്തന്നെ ആയിരിക്കണമെന്നു സകല’സംഹിത’കളും ആർത്തിച്ചു പറയുന്നുമുണ്ട്. അതുകൊണ്ട്, ‘തന്നോട് എന്തെങ്കിലും അഭ്യർത്ഥിക്കുന്നവരോട് പക്ഷപാതമില്ലാതെ പെരുമാറുക’ എന്ന അർത്ഥം മാത്രമാണ് ആ വാക്കിന് ഉള്ളത്.
സംസ്കൃതവും ‘സംഹിത’, ‘വേദം’, ‘സ്‌മൃതി’ തുടങ്ങിയ വാക്കുകളും കേൾക്കുമ്പോൾ ബുദ്ധിയും യുക്തിയും കെട്ടുപോവുന്നവർ ഭരണാധികാരികളും ന്യായാധിപന്മാരുമാവുന്ന സമൂഹത്തിന്റെ ദുരവസ്ഥ അതിഭീകരമാണ്. ആ ഭീകരാവസ്ഥയ്ക്കെതിരെ ജനം ഉണർന്നു പ്രവർത്തിക്കണം” -പ്രൊഫ. പി.വി. നാരായണൻ എഴുതുന്നു.

പ്രൊഫ. പി.വി. നാരായണൻ

പ്രാചീനമായ “രാഷ്ട്രം” എന്ന സങ്കൽപ്പത്തിന് ആധുനികമായ രാജ്യം എന്ന അർത്ഥം നൽകാനാവില്ലെന്ന് വൈദിക സാഹിത്യ പണ്ഡിതനായ ജി.യു. തിട്ടയും, ചരിത്ര പണ്ഡിതനായ ആർ. എസ്. ശർമയും അർത്ഥശങ്കയ്ക്കിടമില്ലാത്ത വണ്ണം രേഖപ്പെടുത്തുന്നുണ്ട്. വാസ്തവമിതായിരിക്കെ രാഷ്ട്രത്തിന് Nation എന്ന ആധുനികമായ അർത്ഥം നൽകിയത് തന്നെ ചരിത്രശാസ്ത്രപരമായി തന്നെ വലിയ പ്രമാദമാണ്. “ദുഷ്ടസ്യ ദണ്ഡ: സുജനസ്യ പൂജാ
ന്യായേന കോശസ്യ ച സംപ്രവൃദ്ധി:,
അപക്ഷപാതോ’ർത്ഥിഷു രാഷ്ട്രരക്ഷാ
പഞ്ചൈവ യജ്ഞാ: കഥിതാ നൃപാണാം”.
എന്ന പദ്യഭാഗത്തിലെ
‘യജ്ഞാ’ എന്നതിന് ‘yagnya’ എന്ന ആധികാരികമല്ലാത്ത ഏതോ ഉത്തരേന്ത്യൻ source ൽ നിന്നു തെറ്റായിത്തന്നെ വിധിയിൽ പകർത്തിയിട്ടുമുണ്ട് എന്ന് ഡോ. പി.വി.നാരായണൻ ഭാഷാപരമായ പ്രമാദത്തെ സൂക്ഷ്മമായി നീരീക്ഷിച്ച് അവതരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ യജ്ഞ/യജ്ഞാ (यज्ञ/यज्ञा) എന്നതിന് ‘yajna’ എന്നാണ് ലിപ്യന്തരണം.
ഇങ്ങനെ തെറ്റിദ്ധാരണകളിലൂടെയും ചരിത്രപരമായ പുരാരേഖകളെ തെറ്റായി അർത്ഥം നൽകിയും, സ്മൃതി ഗ്രന്ഥങ്ങൾ ഉദ്ധരിച്ചും മറ്റും നടത്തുന്ന വിധി പ്രസ്താവങ്ങൾ ഭരണഘടനാ ജനാധിപത്യത്തിന് നിർണയിക്കാനാവാത്ത ആഘാതങ്ങളും ഭീഷണികളുമാവും സൃഷ്ടിക്കുക. ഭരണഘടനാ ഉറപ്പു നൽകുന്ന അടിസ്ഥാന മൂല്യങ്ങളിലൂന്നി ജനാധിപത്യ രാഷ്ട്രീയം നിലനിൽക്കുന്നതിനു വേണ്ടി നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന സന്ദർഭമാണിത്.

“ഒരു ആധുനികജനാധിപത്യരാഷ്ട്രത്തിന്റെ പ്രമാണം കാലഹരണപ്പെട്ട ഉദ്ധരണികളാണ് എന്നു കരുതുന്ന ഭരണകർത്താക്കളും ന്യായാധിപന്മാരും ബൗദ്ധികമായും മാനസികമായും രോഗം ബാധിച്ചവരാണ്. ആ രാജ്യത്തിന്ന് അപമാനമാണ്. ” എന്നുള്ള സംസ്കൃത പണ്ഡിതനായ പ്രൊഫ. പി.വി. നാരായണൻ്റെ വാക്കുകൾ സാംസ്കാരിക ദേശീയതയെ മുൻനിർത്തി ഹിന്ദുത്വബ്രാഹ്മണ്യ ശക്തികൾ അവതരിപ്പിച്ച് പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്ന, വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്നവ കൂടിയാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...