പാഴാവരുതേയെന്നു പ്രാർത്ഥിച്ച് പകർന്നു തന്നവർക്ക്

പി ആർ രഘുനാഥ്

പല തരക്കാരായിരുന്നു അവർ. എന്നെ പഠിപ്പിച്ച അധ്യാപകർ. നിങ്ങളെ പഠിപ്പിച്ച, പഠിപ്പിക്കുന്ന അധ്യാപകർ. അവർ ഓർമ്മകളായും ഗന്ധങ്ങളായും സ്പർശങ്ങളായും കയ്പായും മധുരമായും തല്ലലായും തലോടലായും വല്ലപ്പോഴും കടന്നു വരും. ക്ഷണനേരം കൊണ്ട് മാഞ്ഞുപോവുകയും ചെയ്യും. വെറുതെ ഓർത്തു നോക്കൂ. ചില മുഖങ്ങൾ തീരെ തെളിയില്ല. ചിലതാകട്ടെ എന്നും പ്രഭ ചൊരിഞ്ഞു നിൽക്കും. ഓരോരുത്തരും ഓരോരുത്തർക്കും ഓരോന്നാണ്. ഒരേ അധ്യാപകൻ/അധ്യാപിക പലതാണ് പലർക്കും.

പല തരക്കാരായിരുന്നു അവർ. ക്ലാസിൽ സമയത്തിന് വരുന്നവർ. വരാത്തവർ. നല്ലപോലെ പഠിപ്പിക്കുന്നവർ. ഒന്നും പഠിപ്പിക്കാത്തവർ. പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടും അധ്യാപനത്തിൽ തോറ്റുപോയവർ.ശമ്പളത്തിന്റെ കണക്ക് ഇടയ്ക്കിടയ്ക്ക് ഓർമപ്പെടുത്തുന്നവർ .കുട്ടികളുടെ എല്ലാ കാര്യങ്ങളും അറിയുന്നവർ. ഒന്നും അറിയാത്തവർ. പക്ഷപാതിത്ത ത്തോടെപെരുമാറുന്നവർ. അധ്യാപകരുടെ മക്കൾക്ക് പ്രത്യേക പരിഗണന നൽകുന്നവർ. കുട്ടികളുടെ ജാതിയും മതവും നോക്കി പെരുമാറുന്നവർ. ജാതി ചോദിക്കുന്നവർ പറയുന്നവർ. കണ്ണീർ കാണുന്നവർ കാണാത്തവർ. വഴികാട്ടികൾ വഴിതെറ്റിക്കുന്നവർ. ഇരുട്ടകറ്റുന്നവർ ഇരുട്ടിലേക്ക് നടത്തുന്നവർ.

അതെ. പല തരക്കാരായിരുന്നു അവർ. അന്നും ഇന്നും. പല തരക്കാരായിരിക്കും അവർ. എന്നും.

കൈക്കുമ്പിളിൽ കോരിയെടുത്ത ജലം പാതിയും പാഴായിപ്പോകുമല്ലോ എന്നു ഭയന്ന് , പാഴാവരുതേയെന്നു പ്രാർത്ഥിച്ച് പകർന്നു തന്നവർക്ക്, പകർന്നു തന്നവർക്കു മാത്രം അധ്യാപക ദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *