പ്രണയ സിദ്ധാന്തം

സ്നേഹ എസ് നായർ

ഒരിക്കൽമാത്രം തോന്നുന്ന വികാരമാണ് പ്രണയമെന്ന് പറഞ്ഞാൽ നിങ്ങൾ പൊട്ടിച്ചിരിച്ചേക്കും. പലവട്ടം പലരോടും തോന്നാറുണ്ടെന്ന് ന്യായം പറയും. പക്ഷേ എന്റെ നിയമപുസ്തകത്തിലെ പ്രണയത്തിന് നിങ്ങളുടെ നിഘണ്ടുവിലെ പദങ്ങളുമായി ഒട്ടും സാമ്യമില്ല. നട്ടുച്ചവെയിലത്ത് കാച്ചിയ എണ്ണതേച്ച് കുളിച്ചിറങ്ങിയാൽ വെെകുന്നേരമാവുമ്പോഴേക്കും നീരിളക്കംകൊണ്ട് തലയാകെ ആണിത്തറയ്ക്കുംപോലെ തോന്നാറില്ലേ? അതിനേക്കാൾ തീക്ഷണമാണ് ഞാൻ പറഞ്ഞ പ്രണയം. ഒരൊറ്റവട്ടമേ നിനക്കത് അത്ര തീക്ഷണമായിത്തോന്നൂ. തോന്നിയാൽ പിന്നെ നീർക്കുത്തായി തലയോട്ടിയെ കുത്തിപ്പൊളിക്കും. ഒരിത്തിരിനേരം ഒറ്റയ്ക്കായാൽ ചെകുത്താനെപ്പോലെ കയറിവന്ന് പേടിപ്പിക്കും. പറയാതെപോയ പ്രണയമാണെങ്കിൽ ഉരുകിയ വെണ്ണപോലുള്ള ഗന്ധം നിനക്ക് ചുറ്റും പരക്കും.. ചുണ്ടുകൾ കറുത്തിരുണ്ട് രക്തംവറ്റിപ്പോകും. കണ്ണുകൾ ചത്ത മീനുള്ള ജലാശയമാകും. പക്ഷേ ഇടയ്ക്കെങ്കിലും അവർക്ക് അനുഭൂതിയുടെ നിലാവെളിച്ചംതൊട്ടറിയാൻ കഴിയും.വിധിയെന്നെങ്കിലും ഒന്നിപ്പിച്ചാലോയെന്ന പ്രതീക്ഷ മുൾക്കിരീടമായവൾ ചൂടും. നെറ്റിത്തടത്തിൽ ചോരപ്പാടായിമാറുന്നതറിയാതെ….

എല്ലാറ്റിനെക്കാൾ ഭീകരമായ പ്രണയമുണ്ട്. നക്സലേറ്റുകളെക്കാൾ ചങ്കൂറ്റമുള്ള ഇക്കൂട്ടരാണ് യഥാർഥത്തിൽ പ്രണയത്തിൻ്റെ ജീവിക്കുന്ന ശവമായി മാറുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. പക്ഷേ ശവമാണെന്ന് ചുറ്റുമുള്ളവർക്ക് തോന്നിക്കാത്ത വിധത്തിൽ അവർ ജീവിക്കും. ദെെവം കനിഞ്ഞുനൽകിയ ധെെര്യത്തിന്റെ പ്രഭാവലയം അവർക്ക് തീപന്തമാകും. ഇവരുടെ മനസ്സ് സാഹിത്യനിരൂപകരെക്കാൾ കഠിനമാണ്. ദാർശനികചിന്തകരെക്കാൾ നിഗൂഢമാണ്. പ്രണയം തന്റെ ജീവന്റെ പാതിതന്നെയാണെന്ന് തിരിച്ചറിഞ്ഞവരാണിവർ! ആ പാതി പകുത്തുനൽകുമ്പോൾ അതിനർഹതയുള്ളവരാണോ സ്വീകരിക്കുന്നതെന്നവർ വിസ്താരംചെയ്യും.അർഹതയുള്ളതെന്ന് മുഖംമൂടികൾ കണ്ട് തെറ്റിദ്ധരിക്കും. ശരീരത്തിൽ നിന്ന് രക്തമാംസാദികളെ വേർത്തിരിച്ച് അവയൊന്നിൽ പ്രണയത്തിന്റെ വിത്തുകൾ മുളച്ച പാതിജീവനുമെടുത്തവർ നടക്കും. അങ്ങകലെ നിൽക്കുന്ന കമിതാവിന് നൽകുവാനായ്… ഇടയ്ക്ക് വെച്ച് പൊട്ടിപൊളിയുന്ന കമിതാവിന്റെ മുഖപാളികൾ നോക്കി അമ്പരക്കും… എല്ലാമൊരു മൂടുപടമെന്നറിഞ്ഞിട്ടും പിന്നെയും അഭിനയിക്കുന്ന ആ അട്ടഹാസച്ചിരിനോക്കി പുഞ്ചിരിച്ച് തിരിഞ്ഞുനടക്കും… തുമ്മലിനെക്കാൾ അസഹ്യമായൊന്ന് മൂക്കിൽ ഒഴുകിനടക്കുന്നതായിതോന്നും. പിന്നെ പാതിജീവൻ ഒളിപ്പിച്ചുവെച്ച രക്തമാംസാദികളെ പ്രണയാസിഡിൽ ദഹിപ്പിക്കും..പാതിജീവനെ കടലിന്റെ ആഴത്തിലേക്ക് തള്ളിവിടും…ആകെ അവർക്ക് അവശേഷിക്കുക പേനതിരുകാനുള്ള വിരൽത്തുമ്പുമാത്രമാണ്. വേദനയുടെ തീക്കുണ്ഡത്തിലിരുന്ന് ശരീരം വെന്ത് അസ്ഥിപഞ്ജരമായിത്തീരും വരെ അവരാ പേന തിരികെ വയ്ക്കുകയില്ല. അവർ അപാര ധെെര്യശാലികളാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ചുറ്റുമുള്ള ഒന്നിനും തിരിച്ചറിയാനാവാത്ത വിധം അവർ ഉരുകിയൊലിക്കും. പുഞ്ചിരിയുടെ പ്രകാശനാളം നൽകി പലർക്കും ആശ്വാസമേകികൊണ്ട്. ഒരിക്കൽ മാത്രം തോന്നുന്ന വികാരമാണിവർക്ക് പ്രണയം.. പിന്നീട് തോന്നിയാൽതന്നെ അശുദ്ധിയുടെ അംശം അതിൽ പറ്റിയിരിക്കുന്നു. താലികെട്ടിയതിന്റെ പേരിൽ ചോരയിൽ നിന്നും ഇവർ പകുത്തുനൽകും കാമത്തിന്റെ രക്തത്തുള്ളികൾ.. സ്നേഹിക്കാൻ ഹൃദയം നിറഞ്ഞ് ശ്രമിക്കും… പക്ഷേ പ്രണയിക്കാൻ ഇവർ മറന്നുപ്പോയിരിക്കും… തീർച്ച, ഭ്രാന്തുള്ളവരുടെ മതമാണ് പ്രണയം….

Leave a Reply

Your email address will not be published. Required fields are marked *