HomePHOTOGRAPHYതോട്ടോഗ്രഫി 6

തോട്ടോഗ്രഫി 6

Published on

spot_imgspot_img

തോട്ടോഗ്രഫി 6

പ്രതാപ് ജോസഫ്

No place is boring, if you’ve had a good night’s sleep and have a pocket full of unexposed film.”
Robert Adams

റോബർട്ട് ആഡംസ് ഒരു അമേരിക്കൻ ഫോട്ടോഗ്രാഫർ ആണ്. അമേരിക്കൻ വെസ്റ്റ് എന്നറിയപ്പെടുന്ന അമേരിക്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ജീവിതമാണ് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളുടെ പ്രധാന വിഷയം. പ്രത്യേകിച്ചും മാറിക്കൊണ്ടിരിക്കുന്ന അവിടുത്തെ ഭൂപ്രകൃതി ആണ് റോബർട്ട് ആഡംസ് കൂടുതലായും പകർത്തിയിട്ടുള്ളത്. ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ ചില സ്ഥലങ്ങൾ ഉണ്ട് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. സൂര്യോദയം, സൂര്യാസ്തമയം, കടൽത്തീരങ്ങൾ, കുന്നിൻപുറങ്ങൾ, കാട്, വെള്ളച്ചാട്ടം ഇങ്ങനെ പൊതുവെ നമ്മൾ ഫോട്ടോയെടുക്കാൻ പോകുന്നതോ കാമറ പുറത്തെടുക്കുന്നതോ ആയ ചില സ്ഥലങ്ങൾ ഉണ്ട്. പക്ഷേ, റോബർട്ട് ആഡംസിന്റെ വാക്യത്തിന്റെ ഒന്നാമത്തെ ഭാഗം no place is boring ഒരു സ്ഥലവും വിരസമല്ല എന്നുള്ളതാണ്. നല്ല ഉറക്കത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് രണ്ടാമത്തെ വാചകം. മൂന്നാമത്തേതാവട്ടെ കാണുന്നത് റെക്കോഡ്‌ ചെയ്ത് സൂക്ഷിക്കുന്ന മീഡിയത്തെക്കുറിച്ചാണ്. ഡിജിറ്റൽ ടെക്‌നോളജിയുടെ വരവോടെ മൂന്നാമത്തെ പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെട്ട് കഴിഞ്ഞു. ഫിലിമിന്റെ സ്ഥാനം മെമ്മറികാർഡുകൾ കരസ്ഥമാക്കിയതോടെ റെക്കോഡിങ് സ്‌പേസ് എന്നത് ഇന്നൊരു വിഷയമല്ല. ഇനി അഥവാ സ്‌പേസ് തീർന്നാലും ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്ത് ഒഴിവാക്കുക എന്നൊരു സാധ്യതയുണ്ട്. നമുക്ക് ആദ്യ രണ്ട് പ്രശ്നത്തിലേക്ക് വരാം. No place is boring എന്നത്‌ ഫോട്ടോഗ്രഫിയെ സംബന്ധിച്ച ഒരു വലിയ തത്വമാണ്. ലോകത്തിന്റെ ഏതു കോണും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് താല്പര്യം ഉണർത്തേണ്ടുന്ന ഒരിടമാണ്. അല്ലെങ്കിൽ ഒരു മികച്ച ഫോട്ടോഗ്രാഫർക്ക് ഏത് ശൂന്യതയിൽനിന്നും ( അങ്ങനെ ഒരു ശൂന്യത ഇല്ല എന്നതാണ് യാഥാർത്ഥ്യം) അയാളുടെ ഫോട്ടോഗ്രാഫുകൾ കണ്ടെത്താൻ കഴിയും. മുൻവിധികളോ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കഴിവില്ലായ്മയോ ആണ് നമ്മെ അതിൽനിന്ന് തടയുന്നത്.

ഇവിടെയാണ് രണ്ടാമത്തെ പോയിന്റ് കൂടുതൽ പ്രസക്തമാവുന്നത്. A good night sleep എന്നത് ഏതൊരാൾക്കും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള സംഗതിയാണ്. പക്ഷേ ഒരു ഫോട്ടോഗ്രാഫറുടെ പ്രധാനപ്പെട്ട ടൂൾ അയാളുടെ കണ്ണ് ആയതുകൊണ്ടുതന്നെ ആ കണ്ണ് കാഴ്ചകളിലേക്ക് തുറന്നിരിക്കുക എന്നത് വളരെ പ്രധാനമാണ്. നല്ല ഉറക്കത്തിന് അതിൽ നിർണായകമായ സ്ഥാനമുണ്ട്. മാത്രവുമല്ല ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകൾ മിക്കപ്പോഴും മോണിറ്ററുകളിലേയ്ക്ക് തുറന്നിരിക്കുന്നവ കൂടിയാണ്‌. മൊബൈൽ ഫോൺ, കാമറ, ലാപ്ടോപ്പ് ഇങ്ങനെ ജോലി സംബന്ധമായിത്തന്നെ. ഈ സ്ക്രീനുകളുടെ വെളിച്ചം ഏറ്റവുമധികം ബാധിക്കുന്നത് കണ്ണുകളെയാണ്. ഇവിടെ ഉറക്കം എന്നതിനെ കൂടുതൽ വിശാലമായ അർത്ഥത്തിൽ ആരോഗ്യം എന്നുതന്നെ എടുക്കാം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് വളരെ പ്രധാനമാണ്. മറ്റ്‌ കലാ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ സംബന്ധിച്ച് അനാരോഗ്യം ചിലപ്പോൾ ഒരു അധിക ഗുണമായിത്തന്നെ തീരാറുണ്ട്. പക്ഷേ ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് കാമറ നേരെ നിൽക്കണമെങ്കിൽ ശരീരം നിവർന്നുനിൽക്കണം, കണ്ണ് തുറന്നിരിക്കണം. പലതരം രോഗങ്ങൾ, പലതരം അഡിക്ഷൻസ് ഇതെല്ലാം ഫോട്ടോഗ്രാഫർക്കും അയാളുടെ പണിക്കും ഇടയിലെ തടസ്സങ്ങൾ ആണ്. പലപ്പോഴും വളരെ ദുർഘടമായ സാഹചര്യങ്ങളിൽ ആയിരിക്കും ഒരാൾക്ക് ജോലിചെയ്യേണ്ടി വരിക. കാടുകളിലോ മലമേടുകളിലോ മരുഭൂമിയിലോ പണിയെടുക്കേണ്ടിവരും. പലപ്പോഴും കാമറയും ലെൻസുമടങ്ങിയ ഭാരംകൂടിയ ബാഗും ചുമക്കേണ്ടിവരും. റസാക്ക് കോട്ടയ്ക്കൽ എന്ന മഹാനായ ഫോട്ടോഗ്രാഫറെയും കാമറമാനേയും അനുസ്മരിക്കുമ്പോൾ ജോഷി ജോസഫ് എന്ന സംവിധായകൻ ആരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ശാരീരികമായ ആരോഗ്യം പോലെ പ്രധാനമാണ് മാനസികമായ ആരോഗ്യവും. കണ്ണ് തുറന്നിരുന്നാൽ മാത്രം ഒരാൾ കാഴ്ചകൾ കാണില്ല. അതിന് നാം ആന്തരികമായിക്കൂടി തുറന്നിരിക്കുന്നവരാകണം. എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരാളുടെ കാഴ്ച അവ്യക്തമായിരിക്കും. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ഭൂതത്തിൽനിന്നും ഭാവിയിൽനിന്നും മോചനം നേടി ഒരാൾ വർത്തമാനത്തിലേയ്ക്ക് ഉണരേണ്ടതുണ്ട്. അപ്പോഴോ എപ്പോഴോ അല്ല ഇപ്പോൾ ആണ് ഒരു ഫോട്ടോഗ്രാഫർ. ഇന്നിൽ, ഇപ്പോളിൽ ആയിരിക്കുന്നവർക്കേ ഒരു മികച്ച ഫോട്ടോഗ്രാഫർ ആകാൻ കഴിയൂ. അത് വേറൊരർത്ഥത്തിൽ ഋഷികൾ പറയുന്ന ധ്യാനാത്മകത തന്നെയാണ്.
താവോയിൽ ജീവിക്കുന്നവർ അയൽ ഗ്രാമം കണ്ടിട്ടുണ്ടാവില്ല എന്ന് താവോയിസത്തിൽ ഒരു പറച്ചിലുണ്ട്. സ്വന്തം ഗ്രാമം തന്നെ അവർക്ക് ഒരു ജന്മംകൊണ്ട് കണ്ടുതീർക്കാവുന്നതിൽ അധികമാണ്. അകിര കുറസോവയുടെ ഡ്രീംസ് എന്ന ചിത്രത്തിൽ ഏതാണ്ട് അതുപോലെ ഒരു ജ്ഞാനവൃദ്ധൻ ഉണ്ട്. പ്രകൃതി കൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്കയുടെ കൂടെ പ്രതിനിധാനമാണാ വൃദ്ധൻ. തൻ്റെ കൃഷിയിടത്തിൽ വന്ന് ചിരിച്ചുകളിച്ചു ഫോട്ടോ എടുത്തു മടങ്ങുന്ന കുട്ടികളെക്കുറിച്ച് The road back to nature എന്ന പുസ്തകത്തിൽ ഫുക്കുവോക്കയും പറയുന്നുണ്ട്. (ഫോട്ടോഗ്രഫി യാഥാർഥ്യത്തെ കാണുന്നതിനും മനസ്സിലാക്കുന്നതിനും ഒരു തടസ്സമാണ് എന്ന രീതിയിൽ). സത്യത്തിൽ ഇന്നലെയിലോ നാളെയിലോ അല്ലാതെ ഇന്നിൽ ജീവിക്കുന്ന, ഏതിടത്തെയും തന്റെ ഇടമാക്കി മാറ്റുന്ന, അത്യാഗ്രഹങ്ങളില്ലാത്ത അതുകൊണ്ടുതന്നെ വിരസതയുമില്ലാത്ത ആ ജ്ഞാനവൃദ്ധൻ ഒരു ഫോട്ടോഗ്രാഫർ അല്ലാതെ മറ്റാരാണ്?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...