tom-hanks-wp

“ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്…”

സിനിമ

റിയാസ് പുളിക്കൽ

“ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്…” നിങ്ങൾ ഞെട്ടിയോ..?
പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ടോം ഹാങ്ക്സ് ഒരു അഭിനേതാവേ അല്ല. കാരണം, അദ്ദേഹം അഭിനയിക്കാറില്ല. കഥാപാത്രങ്ങളായി ജീവിക്കാറാണ് പതിവ്. കാസ്റ്റ് എവേയ് എന്ന സിനിമ കണ്ടവർക്കൊന്നും മറക്കാൻ സാധിക്കാത്തൊരു കഥാപാത്രമാണ് വിൽസൺ. ഒറ്റപ്പെട്ട ദ്വീപിലെ ഏകാന്ത വാസത്തിനിടയിൽ ചക് നോളണ്ടിനു കൂട്ടിരുന്ന ആത്മാർത്ഥ സുഹൃത്ത്. തന്റെ വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം ചക് പങ്കുവെച്ചത് വിൽസനോടായിരുന്നു. അവസാനം സമുദ്രം ഭേദിച്ച് മറുകര തേടിയുള്ള ചങ്ങാടത്തിലെ യാത്രയ്ക്കിടയിൽ വിൽസൺ എന്ന ആത്മാർത്ഥ സുഹൃത്തിനെ ചക്കിന് എന്നെന്നേക്കുമായി നഷ്ടമായി. അയാൾ ഹൃദയം തകർന്നു അലറിക്കരഞ്ഞു. പ്രേക്ഷകരും അയാളുടെ കൂടെ വിതുമ്പിക്കരയുകയായിരുന്നു. ആ സുഹൃത്ത് വെറുമൊരു വോളിബോൾ ആയിരുന്നു. “വെറുമൊരു വോളിബോളിനെ മനുഷ്യനാക്കി മാറ്റാൻ കഴിയുമോ സക്കീർ ഭായിക്ക്..? But He Can..” അതാണ് ടോം ഹാങ്ക്സ്. വിൽസൺ വെറുമൊരു വോളിബോൾ ആയിരുന്നില്ല പ്രേക്ഷകർക്ക്. അത് സിനിമയിലെ മറ്റൊരു കഥാപാത്രമായിരുന്നു, മറ്റൊരു മനുഷ്യനായിരുന്നു. പ്രേക്ഷകരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ടോം ഹാങ്ക്സ് എന്ന നടന്റെ കഴിവല്ലാതെ മറ്റെന്താണ്.

tom-hanks-cast-away

ഞാൻ ആദ്യമായി കണ്ട ടോം ഹാങ്ക്സ് ചിത്രം സ്റ്റീവൻ സ്പീൽബർഗ് സംവിധാനം നിർവഹിച്ച ലോകത്തിലെ ഏറ്റവും മികച്ച വാർ ഡ്രാമാ ചിത്രങ്ങളിലൊന്നായ സേവിങ് പ്രൈവറ്റ് റയാൻ ആയിരുന്നു. പക്ഷേ, അതു കാണുമ്പോൾ ടോം ഹാങ്ക്സ് എനിക്ക് “ഏതോ ഒരു നടൻ” മാത്രമായിരുന്നു. പിന്നീടെപ്പോഴോ ആണ് ‘ബിഗ്’ എന്നൊരു കോമഡി ഫാന്റസി ചിത്രം ഞാൻ കാണുന്നത്. ജോഷ് എന്നൊരു പന്ത്രണ്ട് വയസ്സുകാരൻ കുട്ടി പെട്ടെന്നൊരു ദിവസം മുതിർന്ന ആളായി ഉണരുകയാണ്. മുതിർന്ന ജോഷിന്റെ മനസ്സ് അപ്പോഴും ആ പന്ത്രണ്ടു വയസ്സുകാരൻ തന്നെയായിരുന്നു. വലിയൊരു ശരീരവും കൊണ്ട് പന്ത്രണ്ട് വയസ്സുകാരനായി നിറഞ്ഞാടുകയാണ് ഒരു മനുഷ്യൻ. അന്നാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്.

tom-hanks-big

അത് ടോം ഹാങ്ക്സ് എന്ന ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് എന്നൊക്കെ ഞാൻ മനസ്സിലാക്കുന്നത് അന്നായിരുന്നു. പിന്നീട് ആ മനുഷ്യന്റെ പിന്നാലെ ഓടുകയായിരുന്നു എന്നിലെ സിനിമാപ്രേമി. നിഷ്കളങ്കരെ ലോകം വിളിക്കുന്നൊരു പേരുണ്ട്, “പൊട്ടൻ”. അവർക്ക് ബുദ്ധിക്കോ കഴിവിനോ ഒന്നും യാതൊരു പ്രശ്നവുമില്ലെങ്കിലും ലോകം അവരെ പൊട്ടൻ എന്ന് തന്നെയായിരിക്കും വിളിക്കുക. അൽപ്പമെങ്കിലും കളങ്കം മനസ്സിലില്ലാത്തവർക്ക് എങ്ങനെ ബുദ്ധിമാൻ ആവാൻ കഴിയും? അങ്ങനൊരു നിഷ്കളങ്ക കഥാപാത്രമായിരുന്ന ഫോറസ്ററ് ഗമ്പ് ആയി ടോം ഹാങ്ക്സ് ജീവിച്ചു കാണിച്ചപ്പോൾ അദ്ദേഹം സ്വന്തമാക്കിയത് മികച്ച നടനുള്ള തുടർച്ചയായ തന്റെ രണ്ടാമത്തെ ഓസ്കാർ പുരസ്കാരമായിരുന്നു. തൊട്ടുമുൻപ് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചതോ, ആൻഡ്രൂ ബെക്കെറ്റ് എന്നൊരു HIV ബാധിതന്റെ ജീവിതം അതേപടി ഫിലാഡൽഫിയ എന്ന സിനിമയിലേക്ക് പകർത്തിയതിനും.

Tom-Hanks-philadelphia

ക്യാപ്റ്റൻ ഫിലിപ്സിൽ ബർഖാദ് അബ്ദി, അബുവലി മൂസ എന്ന കടൽക്കൊള്ളക്കാരനായി തകർത്തഭിനയിച്ചപ്പോൾ ടോം ഹാങ്ക്സിന്റെ ക്യാപ്റ്റൻ ഫിലിപ്സ് ഒരു സഹതാരമായി ഒതുങ്ങിപ്പോകും എന്ന് പ്രേക്ഷകർ ഒന്നടങ്കം വിശ്വസിച്ചിരുന്ന ഘട്ടത്തിൽ ക്ലൈമാക്സിലെ ഒരൊറ്റ രംഗം കൊണ്ട് “ഇതെന്റെ സിനിമയാണ്, ഞാനാണ് ഈ സിനിമയിലെ നായകൻ” എന്ന് അരക്കിട്ടുറപ്പിച്ചു വിളിച്ചു പറഞ്ഞ ടോം ഹാങ്ക്സ് എന്ന നടനെ എങ്ങനെ മറക്കാൻ സാധിക്കും. സ്വന്തം മകനെ സംരക്ഷിക്കാൻ വേണ്ടി തന്റെ ബോസും അധോലോക തലവനുമായ ജോൺ റൂണിയോട് എതിരിടേണ്ടി വന്ന മൈക്കൽ സുള്ളിവൻ എന്ന ഹിറ്റ്മാനും ടോമിന്റെ മികച്ചൊരു കഥാപാത്രമായിരുന്നു. സ്റ്റീവൻ സ്പീൽബെർഗിന്റെ ദി ടെർമിനലിൽ ക്രക്കോഷ്യ എന്ന സാങ്കൽപ്പിക രാജ്യത്ത് നിന്നും വന്ന് അമേരിക്കയിലെ ഒരു വിമാനത്താവളത്തിന്റെ ടെർമിനലിൽ മാസങ്ങളോളം ജീവിക്കേണ്ടി വന്ന, ഒട്ടും ഇംഗ്ലീഷ് അറിയാത്ത വിക്ടർ നവോസ്കി എന്ന കഥാപാത്രം ചെയ്തത് ടോം ഹാങ്ക്സ് എന്ന തനി അമേരിക്കനായിരുന്നു എന്നതുപോലും അത്ഭുതമായിരുന്നു. ടോം ഹാങ്ക്സ്, വിക്ടർ നവോസ്കിയായി മാറിയപ്പോൾ അദ്ദേഹത്തിന്റെ സ്ലാങ് പോലും ആ കഥാപാത്രമായി മാറി. ഇതൊക്കെ കൊണ്ടാണ് ഞാൻ ടോം ഹാങ്ക്സിന് അഭിനയിക്കാനറിയില്ല, ജീവിക്കാനേ അറിയൂ എന്ന് ഞാൻ പറഞ്ഞത്.

captain-phillips-tom-hanks

അപ്പോളോ 13ലെ ജിം ലോവെൽ എന്ന ബഹിരാകാശ യാത്രികൻ, ദി ഗ്രീൻ മൈലിലെ പോൾ എഡ്ജ്കോമ്പ് എന്ന ജയിൽ വാർഡൻ, ക്യാച്ച് മി ഇഫ് യൂ ക്യാനിലെ കാൾ ഹാൻറാറ്റി എന്ന ഡിറ്റക്റ്റീവ്, റോം ഹൊവാർഡിന്റെ ഡാവിഞ്ചി കോഡ് ഫിലിം സീരീസിലെ റോബർട്ട്‌ ലാങ്ടൺ എന്ന സിംബയോളജിസ്റ്റ്, ബ്രിഡ്ജ് ഓഫ് സ്പൈസിലെ ജെയിംസ് ഡൊണോവൻ എന്ന ലോയർ, സള്ളിയിലെ ക്യാപ്റ്റൻ ചെസ്‌ലി സള്ളൻബെർഗർ എന്ന വൈമാനിക പൈലറ്റ് തുടങ്ങി ടോം ഹാങ്ക്സ് ജീവിച്ചു കാണിച്ച എത്രയെത്ര കഥാപാത്രങ്ങൾ. ഇതിനെല്ലാം പുറമേ ടോയ് സ്റ്റോറി എന്ന അനിമേഷൻ ഫിലിം സീരീസിലെ ഷെരിഫ് വുഡിയെ തന്റെ ശബ്ദം കൊണ്ടു പോലും ഹാങ്ക്സ് അനശ്വരമാക്കി. He Knows You’re Alone എന്ന ലോ-ബജറ്റ് സ്ലേഷർ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ ടോം ഇതുവരെ അഭിനയിച്ചത് അറുപതിൽ പരം വേഷങ്ങൾ. ഇത്രയും വേർസറ്റാലിറ്റിയുള്ള മറ്റൊരു നടൻ ചിലപ്പോൾ ലിയനാർഡോ ഡികാപ്രിയോ ആയിരിക്കും.

riyas-pulikkal
റിയാസ് പുളിക്കൽ

‘ദി ബോസ്, മോൺ ജനറൽ, എൽ ജെഫെ, ദി ഗ്രേറ്റ്‌ എക്‌സാൾട്ടഡ് വൺ’ എന്നൊക്കെ വിശ്വവിഖ്യാത സംവിധായകൻ സാക്ഷാൽ സ്റ്റീവൻ സ്പീൽബർഗ് വിശേഷിപ്പിച്ചിട്ടുള്ള അമേരിക്കയുടെ കൾച്ചറൽ ഐക്കൺ കൂടിയായ ആരാധകരുടെ സ്വന്തം ടോം ഹാങ്ക്സിന് പിറന്നാൾ ആശംസകൾ ❣️

Happy Birthday Tom Hanks 💐

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

Leave a Reply

%d bloggers like this: