Friday, July 1, 2022

ജാലകത്തിരശീല നീക്കി…

നന്ദിനി മേനോൻ

തീവണ്ടിയിൽ നിന്നുള്ള കാഴ്ചകൾക്ക് ഒരു പ്രത്യേക താളമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി ഇടക്കിടെ ഒന്നു മുന്നോട്ടാഞ്ഞ് വലിയ തിരക്കുകളില്ലാതെ വിശദാംശങ്ങളിലേക്ക് എത്തി നോക്കി ഇരുത്തി മൂളി തൊണ്ട നേരെയാക്കി തെരുതെരുന്നനെ ചറുപിറുന്നനെ…..

തീവണ്ടി കാഴ്ചകൾക്ക് ഒരു മണമുണ്ട്, ചിലച്ച ഇരുമ്പിന്റെ പുളിച്ച വെള്ളത്തിന്റെ വളിച്ച ഭക്ഷണത്തിന്റെ ചെടിച്ച മനുഷ്യരുടെ… നീണ്ട ട്രെയിൻ യാത്രകൾ ഇഷ്ടമല്ല, പക്ഷെ  ഒരു ഘട്ടത്തിൽ ഞാൻ ചെയ്ത ട്രെയിൻ യാത്രകൾക്ക് കണക്കില്ല. ബിലാസ്പുർ നിന്ന് കട്ടക്, കട്ടക്നിന്നു ബിലാസ്പുർ,രണ്ടിടത്തു നിന്നും കൊൽകൊത്ത, നാഗ്പുർ, വീണ്ടും ബിലാസ്പുർ, പിന്നേയും കട്ടക്, പിന്നീട് എല്ലായിടത്തു നിന്നും വിശാഖപട്ടണം, വിശാഖപട്ടണത്തു നിന്നും എല്ലായിടത്തേക്കും, വാളയാർ ചുരം താണ്ടി നാട്ടിലേക്ക്, നാടൻ മഴ താണ്ടി നഗരങ്ങളിലേക്ക്. മധ്യപ്രദേശിലെ ഒഴിഞ്ഞ ഉരുളക്കിഴങ്ങു പാടങ്ങൾക്കരികിലൂടെ ഒഡിഷയിലെ വിജന തടാക തീരങ്ങളിലൂടെ ഛത്തീസ്ഗഡിലെ ചുവന്ന മണ്ണുമൂടിയ ഗ്രാമമുറ്റങ്ങളിലൂടെ ബിഹാറിലെ സിഖ്ടികൾ പുകയൂതുന്ന അടുക്കളപ്പുറങ്ങളിലൂടെ ആന്ധ്രയിലെ നിറഞ്ഞ മണ്ണിലൂടെ ഊർക്കാവലർ വാളുയർത്തി നില്ക്കുന്ന തമിഴ് മന്തകളിലൂടെ….

അന്നൊക്കെ തീവണ്ടിയാത്ര ചെയ്യാനുള്ള അനിഷ്ടങ്ങളിൽ പ്രധാന കാരണം മകനായിരുന്നു. ചെറിയ കുട്ടിയായിരുന്ന അവൻ ട്രെയിനിനകത്തു കൂടെ തലങ്ങും വിലങ്ങും നടക്കും. വണ്ടിയുടെ ഉലച്ചിലിൽ ഇടക്കിടെ വീഴും, അവിടുന്ന് കയ്യും കുത്തി എഴുന്നേറ്റ് രണ്ടു കയ്യും ഷർട്ടിൽ തുടക്കും. അവന്റെ പോക്കറ്റിൽ നിറയെ കുഞ്ഞു കാറുകളായിരിക്കും. അത് സീറ്റിനരികിലൂടെയും നിലത്തു കൂടെയും ഓടിച്ചും, അഴുക്കുകളിൽ കൊണ്ടു ചെന്നിട്ടും അവിടെ നിന്ന് തോണ്ടിയെടുത്തും മന:സമാധാനം കളയും. ബെർത്തിൽ കുട്ടിക്കുരങ്ങനെപ്പോലെ തൂങ്ങുകയും ആടുകയും ചെയ്യുന്ന അവനെ അടക്കിയിരുത്താനാണ് കണ്ണാടി ജാലകത്തിലെ കട്ടി തിരശ്ശീല മാടി വെച്ചതും അവനെ എടുത്ത് അതിനരികിലിരുത്തിയതും അമ്മയും മോനും കൂടെ ഒരു പുതിയ കളി കളിക്കാൻ പോകുകയാണല്ലോ എന്നവനെ പ്രലോഭിപ്പിച്ചതും. എന്തെങ്കിലും മിണ്ടിക്കൊണ്ടിരുന്നില്ലെങ്കിൽ അവൻ വീണ്ടും ആളുകളുറങ്ങുന്ന ബെർത്തുകളിൽ വേതാളം പോലെ തൂങ്ങുമെന്ന പേടി കൊണ്ടാണ് പുറത്തേക്കു നോക്കി ഓരോന്ന് പറയാൻ തുടങ്ങിയത്. പിന്നീടത് ഞങ്ങളുടെ യാത്രകളിലെ കളിയായി, ഓരോ കാഴ്ചകൾക്കും ഞങ്ങളുണ്ടാക്കിയ കഥകളായി, ഒരിടത്തെ കാഴ്ചയെ എത്രയോ ദൂരത്തിനപ്പുറം വേറൊന്നുമായി കൂട്ടിക്കെട്ടുന്ന കടംകഥകളായി…. ഒരു നോക്കിൽ എത്രയേറെ മനുഷ്യർ എത്രയധികം ജീവിതങ്ങൾ എന്ന് അവൻ അത്ഭുതപ്പെട്ടു.

ജീവിതങ്ങൾ

മഹാസമുദ്ര് ബിലാസ്പുരിലേക്കുള്ള യാത്രയിൽ കാണുന്ന ചെറിയ സ്റ്റേഷനാണ്. ചുവന്ന വലിയ ഒരു തരം പയർ വേവിച്ച് ചെറിയ ഇലക്കൂടുകളിൽ കൊണ്ടു നടന്നു വില്ക്കുന്നത് കണ്ടതിവിടെയാണ്. യാത്രകൾക്കൊന്നും ഒരുക്കമില്ലാത്ത മുഖഭാവങ്ങളോടെ ചില നാട്ടുകാർ അതും കൊറിച്ച് വണ്ടിയിലേക്കു നോക്കി കുന്തിച്ചിരിക്കുന്നത് കാണാറുണ്ട് എന്നല്ലാതെ, ഏതാനും നിമിഷങ്ങൾ മാത്രം ട്രെയിൻ നിർത്തിയിടുന്ന ഇവിടെയിറങ്ങി ഇതു വാങ്ങുന്ന യാത്രക്കാരെ കാണാറില്ല. കൺടബൻജിയിലും മുറിബാളിലും മറ്റും ഇങ്ങനെ വന്നു പോകുന്ന തീവണ്ടികളെ നോക്കിയിരിക്കുന്ന, വലിയ മുളവടികൾ കയ്യിലേന്തിയ ആളുകളെ കാണാം. കറുത്ത കട്ടി പുകയുയരുന്ന സിഖ്ടികളുമായി സായാഹ്നത്തിൽ പാളത്തിനു തൊട്ടടുത്ത് വന്നിരിക്കുന്ന ബിഹാറി പെൺകുട്ടികളെക്കാണാം. ചെറിയ പ്ലാസ്റ്റിക് വിശറിയാൽ കനലുണർത്തിക്കൊണ്ട് പുകച്ചുരുളുകൾക്കിടയിലൂടെ ഓടിമറയുന്ന അത്ഭുതലോകത്തെ ഉറ്റുനോക്കി അവരങ്ങിനെ ഇരിക്കും. അരികെയുള്ള പുളിമരത്തണലിലോ വട്ടയിലകൾ മൂടിയ മരച്ചോട്ടിലോ ഒരു കുഞ്ഞു ഗോതമ്പുമാവുണ്ടയും പരിപ്പും അരിഞ്ഞ ഉള്ളിയും പച്ചമുളകും ഇവളേയും കാത്തിരിപ്പുണ്ടാവും.പ്ലാറ്റ് ഫോമുകളിൽ രണ്ടോ മൂന്നോ ആടുകളുമായി യാത്രക്കു വന്നു നില്ക്കുന്നവരെ നൊവാപ്പാഡയിൽ കണ്ടിട്ടുണ്ട് . വാഷ്ബേസിനും വാതിലിനും ഇടക്ക് പുല്ലു കെട്ടുമായിരിക്കുന്ന ആടിനെ ഇടക്കിടെ ചില്ലു വാതിൽ തുറന്ന് മോനു എത്തിനോക്കും. ഒഡീഷയിലൂടെയുള്ള യാത്രകളിൽ കുഞ്ഞു വിറകു കെട്ടുകളുമായി ജാലകത്തിനരികിലൂടെ നടക്കുന്ന സ്ത്രീകളെ കാണാം. വിറകു കഷണം പോലുള്ള ചുരുട്ടുകൾ കടിച്ചു പിടിച്ച് കൈവണ്ണകളിൽ ചുവന്ന ഉരുണ്ട നൂലു കെട്ടിയ സ്ത്രീകൾ ഓരോ ജാലകത്തിലും തട്ടി തട്ടി നടക്കും. തുവരക്കപോലുള്ള കായകളുള്ള പച്ചില കെട്ടുകളുമായി ചെറിയ കുട്ടികൾ ആളും ആരവവും ഒന്നുമില്ലാത്ത വിജന പ്ലാറ്റ്ഫോമുകളിലൂടെ ചിലച്ചു കൊണ്ടോടും. തമ്മിലുന്തിയും തള്ളിയും ചിരിച്ചും വഴക്കിട്ടും ഇടക്കോർമ വരുമ്പോൾ പച്ചിലക്കെട്ടുയർത്തി നീട്ടി വിളിച്ചും ചെളിപിടിച്ച കുഞ്ഞുങ്ങൾ. ഒരിക്കൽ കഴുത്തിൽ കറ്റപോലെ ഈ പച്ചിലക്കെട്ടും ചൂടി ഒരു കുട്ടി ഞങ്ങളിരിക്കുന്ന ജനാലക്കൽ അഭിമുഖമായി വന്നു നിന്നു. അവന്റെ മുഖത്തേക്കുറ്റു നോക്കി, വേണ്ടാന്നു പറയമ്മേ…. എന്ന് കരച്ചിലിന്റെ സ്വരത്തിൽ മോനു പറഞ്ഞു. തിളച്ചു മറിയുന്ന പകലിൽ നില്ക്കുന്ന അവന് തണുപ്പിച്ച പെട്ടിയിലിരിക്കുന്ന നമ്മളെ കാണാൻ കഴിയില്ലായെന്നും, ഇരുട്ടൂറുന്ന രാവിൽ പ്ലാറ്റുഫോമിലെ നരച്ചയിടങ്ങളിലും ഏണിപ്പടികൾക്കു കീഴിലെ ഇരുളിലും ചുരുണ്ടു കൂടുന്നവരെ നമുക്കും കാണാൻ കഴിയില്ലായെന്നും അറിയാനുള്ള പ്രായം അന്നവനുണ്ടായിരുന്നില്ല. കറുത്ത കട്ടിച്ചില്ലു കാട്ടിത്തരുന്ന കാഴ്ചകളും മറച്ചു വെയ്ക്കുന്ന കാഴ്ചകളും ബാധിക്കുന്ന ബോധമായിത്തുടങ്ങിയിരുന്നില്ല.

തുടർക്കഥകൾ

വീട്ടുകാരെല്ലാം ഒഴിഞ്ഞു പോയപ്പോൾ കൂടെ കൊണ്ടു പോകാതിരുന്ന, അടഞ്ഞ വാതില്ക്കൽ കയ്യും നക്കി കിടന്ന പൂച്ച. ഇനിയും തിരിച്ചു വരാത്ത വീട്ടുകാരെ കാത്ത് മുളമ്പടിക്കരികിൽ എന്തോ മറന്നതു പോലെ നിന്ന എലുമ്പൻ നായ. പാടവരമ്പിലൂടെ മുനിഞ്ഞു നടക്കുന്ന, കൂട്ടുകാരോട് തെറ്റി ഒറ്റക്കായ കുട്ടി . ലെവൽ ക്രോസിൽ നിർത്തിയിട്ട ബൈക്കിലിരുന്ന് തലേന്നു രാത്രിയിലെ മുഷിഞ്ഞ വാക്കുകൾ അലക്കുന്ന ദമ്പതികൾ. കൂമ്പി നില്ക്കുന്ന താമരമൊട്ടുകൾക്കിടയിൽ നിന്നും കൂപ്പുകയ്യുമായി മുങ്ങി നിവരുന്ന സിന്ദൂരം പടർന്നൊരു പുതിയ പെണ്ണ്. അന്തിത്തിരി നനച്ചു വെക്കാൻ വൈകിയൊരു ആന്തലിൽ എണ്ണലോട്ടയുമായി ആഞ്ഞു നടക്കുന്ന പൂണുലു പുരണ്ടൊരു തണുത്ത വാർധക്യം. പല്ലുതേക്കാൻ മറന്നൊരു ദിവസത്തിന്റെ ജാള്യത പോലെ ഓവുചാലിനരികിൽ ചുവന്നതോർത്ത് വായിൽത്തിരുകി മടിച്ചു നിന്നൊരു ചെറുപ്പക്കാരൻ. മരത്തണലിൽ ഉച്ചയൂണു പാത്രം പാതി തുറന്ന് വിഭവങ്ങളിലേക്കെത്തി നോക്കുന്നൊരു വിയർത്തരൂപം. വണ്ടിയിൽ നിന്നിറങ്ങിയ ഒരു പറ്റം കാർന്നോമ്മാരുടെ ചരൺ സ്പർശ് ചുറുചുറുക്കോടെ ചെയ്ത് അനുഗൃഹീതനായ ഇന്നത്തെ ഏറ്റവും നല്ല കുട്ടി. വഴിയോരക്കാഴ്ചകൾക്കെല്ലാം കഥകളുണ്ടാക്കി തുടർച്ചകളുണ്ടാക്കി ഞങ്ങളങ്ങനെ പോകും. കഥാചിത്രങ്ങൾ കിട്ടിയതേറെ മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ് പാതയോരങ്ങളിലാണ്. ആന്ധ്രയിലെ നിറഞ്ഞ മണ്ണിലൂടെ യാത്ര ചെയ്യുമ്പോൾ ഒന്നു മിണ്ടാൻ പോലും വിടാതെ പ്രകൃതി നമ്മെ വാരിപ്പിടിച്ചു നില്ക്കും. കല്പാത്തി തേരുപോലെ ചമഞ്ഞൊരുങ്ങിയ മാവുകളും ജട കുത്തിയ തലമാന്തി നില്ക്കുന്ന പേരക്ക തോട്ടങ്ങളും മുഖം കുത്തി നില്ക്കുന്ന നാരങ്ങ പടർപ്പുകളും ചുവന്നു കൂർത്ത നഖങ്ങൾ ഒളിപ്പിച്ചു നില്ക്കുന്ന മുളകുപാടങ്ങളും പൂക്കൂടകൾ നിറക്കുന്ന കറുത്ത മണ്ണും മുഖത്തു ചന്ദനം പൂശുന്ന വാഴത്തോപ്പുകളും ലഹരി നുരഞ്ഞു തുളുമ്പുന്ന കരിമ്പനക്കാടുകളും നമ്മെ കഥകൾ പറയാനനുവദിക്കാതെ നിറഞ്ഞ ജൈവികതയിൽ മുക്കി നിർത്തും.

റായ്പ്പുർ സ്റ്റേഷനോടടുക്കുമ്പോൾ പാളങ്ങൾക്കിരുവശവും കറുത്ത കൊഴുത്ത വെള്ളം കെട്ടിക്കിടപ്പുണ്ട്. അതിനരികിലെല്ലാം പുറ്റുപോലെ പറ്റി നില്ക്കുന്ന വീടുകളും നെല്ലിമരങ്ങളും വേപ്പും കുങ്കുമം തേച്ച മാ ഭവാനികളും ഉണ്ട്. ട്രെയിൻ ഇവിടെ പലപ്പോഴും നിർത്തിയിടും മടിച്ചു മടിച്ച് അരിച്ചരിച്ചു നീങ്ങും. ഒരിക്കൽ അവിടെയൊരു കല്യാണം കണ്ടു. വീടുകൾക്കു മുന്നിലെ കുണ്ടനിടവഴിയിൽ വർണ തുണി പന്തൽ പൊക്കിയിരുന്നു. പാളത്തോടു ചേർന്നയിടത്ത് വലിയ സ്റ്റൗവ്വുകളിൽ കയറ്റിയ ചീന ചട്ടിയിലും അലൂമിനിയ പാത്രങ്ങളിലും വറുത്തു കോരുകയും ഇളക്കുകയും ചെയ്യുന്ന ട്രൗസർ ധാരികളായ ആണുങ്ങൾ. മരച്ചുവട്ടിലിട്ട കയറു കട്ടിലിലും പരിസരത്തുമായി സ്ത്രീകൾ ഉറക്കെ ചിരിച്ചും പറഞ്ഞും. അലങ്കരിച്ച ഒരു വീട്ടു വാതില്ക്കൽ ഗോതമ്പു കതിരു പോലുള്ള പെൺകൊടികൾ. അങ്ങോട്ടുമിങ്ങോട്ടുമോടിക്കൊണ്ടിരിക്കുന്ന കുറെ ചെറിയ കുട്ടികൾ. അന്നേറെ സമയം വണ്ടി അവിടെ നിന്നു. നിന്നു തിരിയാൻ ഇടമില്ലാത്തിടത്ത് കൂത്താടിയാടുന്ന കൊഴുത്ത അഴുക്കു വെള്ളത്തിനരികെ തുള്ളിത്തുളുമ്പുന്ന ജീവിതം അത്ഭുതത്തോടെ ഞാൻ നോക്കിയിരുന്നു. റെയിൽ യാത്രകൾ കാട്ടിത്തന്ന മറക്കാനാവാത്ത ഒരു കാഴ്ചയായിരുന്നു ആ കല്യാണമുറ്റം.

ഒരു നവരാത്രിക്കാല യാത്ര കൂടെ മായാതെ നില്ക്കുന്നുണ്ട്. ഒഡിഷയിൽ നിന്നും ഛത്തിസ്ഗഡിലേക്കുള്ള വഴിയോരങ്ങളിൽ ധാരാളം പൂജാ പന്തലുകൾ കണ്ടു. ശിശിരത്തിന്റെ ആരംഭത്തിൽ മഞ്ഞ ഇലകൾ പിരുപിരാന്ന് പൊഴിയുന്ന മരച്ചോടുകളിൽ ഈന്തപ്പനയോലയും പ്ളാശിൻ കൊമ്പുകളും നരച്ച വിതാനങ്ങളും കൊണ്ട് അലങ്കരിച്ച പന്തലുകൾക്കുള്ളിൽ ജയമാത സിംഹാരൂഢയായി ഇരുന്നിരുന്നു. പ്ലാസ്റ്റിക് കസേരകളിൽ കയറ്റി വെച്ച സ്പീക്കറുകളും സൂര്യ മുഖങ്ങളുള്ള ആലവട്ടങ്ങളും മയക്കത്തിലായിരുന്നു. നട്ടുച്ചക്ക് തീർത്തും വിജനമായ ഈ ചണ്ഡിത്തറകൾ വലിയ കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു. വൈകുന്നേരങ്ങളിൽ സാംബൽ പുരി കോട്ടൻസാരിയാൽ തല മൂടിയ തോൾ വളകൾ അണിഞ്ഞ സിന്ദൂരം ചാർത്തിയ സ്ത്രീകൾ ശംഖൂതി ഉണർത്തുന്ന, പരന്ന ഡഫ് ലികൾ കൊട്ടി ആണുങ്ങളാടുന്ന,ശർക്കരയും അവിലും പഴവും കൂട്ടിക്കുഴച്ച അലൂമിനിയം പാത്രത്തിനു ചുറ്റും കുട്ടികൾ തിരക്കു കൂട്ടുന്ന, ഉച്ചത്തിൽ മാതാജിയെ വാഴ്ത്തി അനുരാധ പൊഡ് വാൾ പാടുന്ന പന്തലുകളുടെ ഉച്ചമയക്കം നല്ല കാഴ്ചയായി. കൂണുകൾ പോലെയുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങളുടെ നടക്കാവുകളിൽ വർണ കടലാസുകളാൽ അലങ്കരിച്ചു വെച്ചിരിക്കുന്ന ഈ പന്തലുകളാണ് അവരുടെ തീരെ പരിമിതമായ സന്തോഷാവസരങ്ങളുടെ അരങ്ങുകൾ. കൂട്ടി വെച്ച അധ്വാനങ്ങളാണ് പാട്ടായും പടമായും പന്തലായും പെരുമ കൊള്ളുന്നത്.

പുലർന്നു വരുന്ന ദിനം തീവണ്ടിയിലിരുന്നു കാണാൻ രസമാണ്. മുഖം തുടയ്ക്കുന്ന കുളങ്ങളും പുതപ്പു മടക്കുന്ന പാടങ്ങളും മിഴിച്ചു കിടക്കുന്ന ഇടവഴികളും വേലിപ്പടിക്കരികിൽ വേപ്പിൻ കമ്പ് ചവച്ചു നില്ക്കുന്നവരുടെ കാല്ക്കീഴിൽ ഉറക്കച്ചടവു മാറാത്ത നായയും പുറകിൽ പതുക്കെ കോട്ടുവായിടുന്ന വീട്ടുമുറ്റവും കണ്ണു തിരുമ്മി സ്വപ്നത്തിന്റെ തരികൾ തിരയുന്ന കുട്ടികളും കൂമ്പിയ ചിറകുകളുമായി ഒതുങ്ങി നില്ക്കുന്ന കോഴികളും ഒരു ചായച്ചൂടും രണ്ടു വർത്തമാനവും ആഘോഷിക്കുന്ന മുഷിഞ്ഞ വാർധക്യങ്ങളും.

കൂമ്പി വരുന്ന ദിനാന്ത്യത്തിനും വല്ലാത്ത മനോഹാരിതയാണ് . വലിയ പുല്ലു കെട്ടുകളുമായി പതുക്കെ നീങ്ങുന്ന നീളൻ വരമ്പുകളും കുഞ്ഞു ദീപങ്ങൾ കൺമിഴിക്കുന്ന വീട്ടു കോലായകളും പാടക്കുളത്തിൽ നിന്ന് തലപൊക്കി നോക്കുന്ന എരുമകളും പെട്ടി പോലുള്ള റെയിൽവേ ക്വാർട്ടേഴ്‌സുകളുടെ ചവിട്ടുപടിയിലിരുന്ന് കമ്പിളി നൂൽ കോർക്കുന്ന പരന്ന മുഖങ്ങളും ഉറക്കെ മണിയടിച്ച് ആളെക്കൂട്ടുന്ന ചാന്തു തേച്ച ആഞ്ജനേയ സ്വാമികളും പൊടിയമർന്നു തുടങ്ങിയ നാടൻ പന്തുകളി മുറ്റവും.

ജീവിതത്തിന് വേഗം കൂടി, ദൂരങ്ങൾ അരികെയായി. വളരെയേറെ കാലങ്ങൾക്കു ശേഷം നാലുദിവസം മുമ്പൊരു ചെറിയ തീവണ്ടി യാത്ര നടത്തി. യുവാവായ മകൻ ദൂരെ വേറൊരു നഗരത്തിൽ. തീരശീല നീക്കി ഞാൻ ജനാലക്കൽ നോക്കിയിരുന്നു. തീവണ്ടിയിൽ ഇരുന്നുള്ള എഴുത്തിനും ഒരു പ്രത്യേക താളമുണ്ട് . അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ഓർമകളെ കൂട്ടിപ്പിടിച്ച് ഇടക്കിടെ അറിയാതൊന്ന് തുളുമ്പി ഒട്ടും തിരക്കുകൂട്ടാതെ ഒരു കോമയിട്ട് ഒരു കുത്തിട്ട് നനുക്കനെ മൂളി തെരുതെരുന്നനെ ചറുപിറുന്നനെ …..

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

spot_img

Related Articles

കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ...

ഗോ എയര്‍ കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

കൊച്ചി : ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക്...

ഓണാഘോഷം:  ജില്ലയില്‍ മൂന്ന് പ്രധാന വേദികള്‍ 

കോഴിക്കോട്‌:  ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9ന് ടാഗോര്‍ ഹാളില്‍ നടക്കും. ടാഗോര്‍ഹാള്‍, ടൗണ്‍ഹാള്‍, മാനാഞ്ചിറ എന്നീ മൂന്നു പ്രധാന വേദികളിലായാണ് 9, 10, 11, 12 തീയതികളില്‍ ജില്ലയിലെ ഓണാഘോഷം നടക്കുക....
spot_img

Latest Articles