Homeലേഖനങ്ങൾഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് ഒരു കത്ത്

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് ഒരു കത്ത്

Published on

spot_imgspot_img

ബിന്‍സി മരിയ

പ്രിയപ്പെട്ട ജിയാന,
നമ്മള്‍ തമ്മില്‍ അറിയില്ല. പരസ്പരം ഒരിക്കലും കാണാതെ, ചിലപ്പോള്‍ നീയും ഞാനും ലോകത്തിന്റെ രണ്ടു കോണുകളില്‍ ജീവിച്ചു മരിച്ചു തീരുമായിരിക്കും.

നിന്നെ ഞാന്‍ ആദ്യമായ് കാണുന്നത് അന്നാണ്. ജീവിതത്തിലിനിയൊരിക്കലും നീ മറക്കാനിടയില്ലാത്തൊരു മെയ്യ് 25 ന്റെ തൊട്ടടുത്ത ദിവസം. പോഡിയത്തിനു പിന്നില്‍ നിന്ന് ഇടവിട്ടു മിന്നുന്ന ഫ്ലാഷുകളോരോന്നും കൗതുകത്തോടെ മാറി മാറി നോക്കുന്ന ആറുവയസുകാരി.

george-floyds-daughter

വാക്കുകളിലൊതുങ്ങാത്ത സങ്കട കടല്‍ ഉള്ളിലുണ്ടെങ്കിലും ഉടഞ്ഞു വീഴുന്ന ഓരോ വാക്കിലും നിന്നെയും നിന്നെപ്പോല്‍, അവര്‍ ‘കറുത്ത കുഞ്ഞുങ്ങള്‍ ‘ എന്നു മുദ്രണം ചെയ്ത ഒരുപാട് ഒരുപാട് കുഞ്ഞുങ്ങളെയും കരുതലോടെ ഓര്‍ക്കുന്ന നിന്റെ അമ്മ എത്ര കരുത്തയാണെന്നോ ജിയാന.

അങ്കിളിന്റെ കൈയില്‍ സുരക്ഷിതയായിരുന്നിട്ടും നീ ഊര്‍ന്നിറങ്ങി അമ്മയോടു ചേര്‍ന്നു നിന്നത്, ചില ‘ഇല്ലായ്മകള്‍’, ‘ ‘ഇല്ലാതാക്കലുകള്‍’ നിന്‍റെ ഇളം മനസില്‍ അവശേഷിപ്പിച്ച മുറിപ്പാടുകള്‍ കൊണ്ടു തന്നെയാവണം.

മരണമെന്ത്, കൊലപാതകമെന്ത്, കറുപ്പെന്ത്, വെളുപ്പെന്തെന്ന് നിനക്കറിയില്ല. അച്ഛന്‍ നിനക്ക് ആരായിരുന്നുവെന്ന് ചോദിച്ചപ്പോള്‍, അരിപ്പല്ലുകള്‍ മെല്ലെ പുറത്തു കാട്ടി, രണ്ടു കുഞ്ഞി കൃഷ്ണമണികള്‍ വലത്തോട്ടു നീക്കി അച്ഛനെ ഓര്‍ത്തെടുക്കുന്ന നീ. ഒററ വരി കവിത പോലെയൊരു ഉത്തരം.. ‘ഡാഡിയെന്നെ ആകാശം തൊടീക്കും’..

ആ ചിത്രം മതി കുഞ്ഞേ നിനക്ക്. ‘ജന്‍റില്‍ ജിയാന്‍റ് (gentle giant ) എന്ന് കൂട്ടുകാര്‍ വിളിച്ചിരുന്ന നിന്‍റെ അച്ഛനെ കുറിച്ചുള്ള ചിത്രം.

ആയത്തില്‍, ആകാശത്തേക്കെടുത്തുയര്‍ത്തി, അമര്‍ത്തി ചുംബിക്കുന്ന അച്ഛന്‍.

ആ എട്ട് മിനുട്ടും നാല്‍പ്പത്തിയാറ് സെക്കന്‍റും..നിന്നെ സംബന്ധിച്ചെടുത്തോളം ഒരു മുഴു ജീവിതത്തിലേക്കുള്ള നടന്നെത്താത്ത ദൂരമായിരുന്നു. ഇടതു കാല്‍മുട്ടു കൊണ്ട് അയാള്‍/അവര്‍ അമര്‍ത്തി, ഞെരുക്കി ഉടച്ചു കളഞ്ഞത്, ജീവിതത്തില്‍ വേറെന്തു കൊണ്ടു നിറച്ചാലും നിറയാത്ത നഷ്ടം.

”officer, i can’t breath’ എന്ന ചിലമ്പിത്തെറിച്ച വാക്കുകള്‍ ആദ്യമായിട്ടല്ല നിന്‍റെ നാട് കേള്‍ക്കുന്നത്. പതിനാറാം നൂറ്റാണ്ടു മുതല്‍ ആവര്‍ത്തിച്ച്, വക്കുകളില്‍ ചോരപൊടിയുന്നൂ വാക്കുകള്‍ക്ക് ! ഓരോ രോമ കൂപങ്ങളിലും അടിമകളെന്ന് ഉറപ്പിച്ചെഴുതി, ചങ്ങലകള്‍ക്കു പോലും വേദന തോന്നിപ്പിക്കുന്ന കുറേ മനുഷ്യര്‍.

ജുലൈ, 2014 .. ജിയാന, അന്ന് ചിലപ്പോള്‍ നീയൊരു പൊടിക്കുഞ്ഞായിരുന്നിരിക്കണം.
”i can’t breath’ എന്ന അതേ വാചകം .

ന്യൂയോര്‍ക്ക് സിററി പോലീസ്, വട്ടമിട്ടു പറന്ന്, ധാര്‍ഷ്യത്തിന്‍റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കിയപ്പോള്‍ എറിക് ഗാര്‍ണറും പറഞ്ഞത് അതു തന്നെയാണ്.

ജിയാന , നീ ജോര്‍ജ്ജ് സ്ററിന്നിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വെളുത്തവരുടെ വിളര്‍ത്ത ലോകം അവനെ വിളിക്കുന്നത് ഏററവും പ്രായം കുറഞ്ഞ ആഫ്രോ-അമേരിക്കന്‍ കുററവാളിയെന്നാണ്. സൗത്ത് കരോലീനയില്‍, രണ്ടു പെണ്‍കുട്ടികളുടെ കൊലപാതകം വെറും രണ്ടു മണിക്കൂര്‍ നീണ്ട വിചാരണ കൊണ്ടാണ് അവനുമേല്‍ ചുമത്തപ്പെട്ടത്. നീയും ഞാനുമൊക്കെ ജനിക്കുന്നതിന് എത്രയോ മുന്‍പ് , 1944ല്‍ ഇലക്ട്രിക് ഷോക്ക് നല്‍കി അവര്‍ അവനെ കൊന്നു കളഞ്ഞു.വെറും പതിനാലു വയസു മാത്രം പ്രായമുള്ള അവനും നിന്റെ അച്ഛന്റെ മുഖമാണ്‌.70 വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി പറയുന്നൂ അവനോട് കാണിച്ചത് അനീതി ആയിരുന്നുവെന്ന്.

അങ്ങനെയങ്ങനെ ഇനിയും തീരാതെ നീളുന്ന കണ്ണി.

നിനക്കറിയാമോ ജിയാന ടോണി മോറിസണെ? മായാ എഞ്ചലോയെ? സത്യത്തില്‍ ഞാന്‍ നിന്റെ നാടിനെക്കുറിച്ച് അറിയുന്നത് ഇവരെ വായിച്ചപ്പോഴാണ്. ആഴങ്ങളില്‍ ഉടക്കി വലിച്ച, അതി പുരാതനമായ മുറിവുകളില്‍ നിന്നൊഴുകുന്ന സംഗീതം പോലെയാണവയെന്ന് എനിക്ക് തോന്നുന്നു.

ജിയാന, ഈ ലോകത്ത് ‘നിറങ്ങള്‍ക്കെല്ലാം വേറെയും ചില നിറങ്ങളുണ്ട്’. നമ്മളെയെല്ലാം പിന്നെയും വിവിധ കോളങ്ങളില്‍, തരം തിരിച്ചു വിന്യസിക്കുന്ന നിറങ്ങള്‍. മിനെപ്പോളിസില്‍ അണി നിരന്ന പ്രതിഷേധക്കാര്‍ക്കിടയിലാണ് നിന്നെ ഞാന്‍ രണ്ടാമത് കാണുന്നത്. അങ്കിളിന്‍റെ തോളിലിരുന്ന് നീ ഉറക്കെയുറക്കെ വിളിച്ചു പറയുന്നതെന്താണെന്ന് കേള്‍ക്കുകയായിരുന്നു.

” Daddy Changed the world”. കൗതുകമുറങ്ങുന്ന നിന്‍റെ കണ്ണുകളില്‍ ഒരു ജനതയുടെ തിളക്കമററ ഇന്നലെകളുടെ, ഭയപ്പെടുത്തുന്ന ഇന്നുകളുടെ, ഇനിയെന്ത് എന്നറിയാത്ത നാളെയുടെ ഒരുപാട് ചോദ്യങ്ങളാണെനിക്ക് കാണാനായത്‌.

കുഞ്ഞേ, പിറന്നു വീണ മണ്ണില്‍ , എങ്ങനെ ,എവിടെ , ആരായ് അടയാളപ്പെടുത്തണമെന്ന് അറിയാതെ, നിനക്കും നിന്നെ പോല്‍ നിരവധി മക്കള്‍ക്കും ജീവശ്വാസം പോലും നിഷേധിക്കപ്പെടുന്നൊരു നാളെ സംഭവിക്കാതിരിക്കുന്നതിനു വേണ്ടിയാണ് അവര്‍ തെരുവിലിറങ്ങുന്നത്.

സമൃദ്ധ, സമ്പന്ന ഭൂപടത്തില്‍, അരികു പററി, നിഴല്‍ ചിത്രങ്ങളായി ജീവിച്ചു തീര്‍ക്കുവാന്‍ മനസില്ലെന്ന് അവര്‍ക്കൊപ്പം വിളിച്ചു പറയൂ.

bincy-maria
ബിൻസി മരിയ

ഭൂഖണ്ഡങ്ങള്‍ക്കിപ്പുറം നീയറിയാത്തൊരു നാട്ടിലാണ് ഞാന്‍. വര്‍ണ്ണവും വര്‍ഗ്ഗവും ജാതിയും മതവുംശ്വസിച്ച്, ആഹരിച്ച് ജീവിക്കുന്ന New world കളുടെ പല പാതികള്‍ വിവിധ രൂപത്തില്‍ ഇവിടെയും ഉണ്ട് .

ഈ ലോകവും മനുഷ്യരും ജീവിതം നിഷേധിച്ച രണ്ടു പേര്‍, ഒരു കയര്‍ കുരുക്കില്‍ ഒടുങ്ങിയിട്ട് ഏറെയായില്ല. രണ്ടു കുഞ്ഞു ചിതകളുടെ ചൂരടിച്ച പച്ചമണ്ണു പോലും കരഞ്ഞു കാണണം . ജിയാന, നിന്നോളമേ ഉള്ളൂ അവരും. ഞങ്ങള്‍ അവര്‍ക്കൊരു പേരു നല്‍കി..

”വാളയാര്‍ പെണ്‍കുട്ടികള്‍”. അവരും ഒടുവില്‍ പറഞ്ഞിട്ടുണ്ടാവുക ” ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നു ” എന്ന് തന്നെയാവും.

ദളിതനെന്നും, ആദിവാസിയെന്നുമൊക്കെ എത്രയെത്ര ‘നിറങ്ങള്‍’ ഉണ്ടെന്നോ ഇവിടെയും.

നിനക്ക് അറിയില്ല കുഞ്ഞേ,

വെളുപ്പും കറുപ്പും കേവലം രണ്ട് നിറങ്ങൾ എന്നതിനപ്പുറം പൊതു ബോധത്തിന്‍റെ സൗന്ദര്യ സങ്കൽപ്പങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.

കൊളോണിയൽ വാർപ്പ് മാതൃകകളുടെ ‘മാനിക്വിൻ’ രൂപങ്ങൾക്ക് വേരിറങ്ങി..നിനക്ക് അറിയാമോ, ഞായറാഴ്ച്ച പത്രങ്ങളില്‍, ആഴ്ച ചന്തയിലെന്ന പോലെ ഇവിടെ പെണ്‍കുട്ടികളെയും/ ആണ്‍കുട്ടികളെയും ‘ലേല’ത്തിനു വയ്ക്കാറുണ്ട്..ജാതിയും നിറവുമാണ് ‘മൂല്യം’ നിര്‍ണ്ണയിക്കുന്നത്.

ഇരുനിറം, ഗോതമ്പു നിറം, വെളുത്ത നിറം. ഷേഡുകള്‍ ഇത്രയേ ഉള്ളൂ.

”അല്ലെന്നു പറയാൻ തമ്പുരാൻ ദേവിയെ മുൻപു കണ്ട പരിചയം ഇല്ലെങ്കിലും”വല്ലാതങ്ങ് ഉറച്ചുപോയി വെളുത്ത ഉടൽ സങ്കൽപ്പങ്ങള്‍.

കറുത്താലും നല്ല ഭംഗിയല്ലേ എന്ന മെജോറിററേറിയന്‍ ‘ഔദാര്യങ്ങള്‍ കേട്ടിട്ടുണ്ട് .

”നമ്മളാള്‍, നിങ്ങളാള്‍ടെ അടുത്ത്ന്ന് പച്ച വെള്ളം പോലും കുടിക്കില്ല” എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.

പേരും, പ്രദേശവും, വസ്ത്രം പോലും വര്‍ഗ്ഗീകരണത്തിന്റെ, മാററി നിര്‍ത്തലുകളുടെ അടിസ്ഥാനമാകുന്നു ഇവിടെയും.

ജിയാന , നിനക്ക് ഇനിയുമെത്ര ദൂരം നടക്കുവാനുണ്ട്. നീ വളരുന്നതും, ബിരുദം നേടുന്നതും കാണുവാന്‍ അച്ഛനുണ്ടാവില്ലല്ലോയെന്ന് പറഞ്ഞു കരയുന്ന അമ്മയുടെ ഉത്തരമില്ലാ ചോദ്യങ്ങള്‍ക്ക്, ജീവിതം കൊണ്ട് ഉത്തരമാകേണ്ടവളാണ് നീ.

തോററു പോകില്ല കുഞ്ഞേ.. ലിങ്കണ്‍ സ്ക്വെയറിന്റെ പടിക്കെട്ടിനു മുകളില്‍, ഒരിക്കല്‍ ഒരാള്‍ ” I have a dream” എന്നുറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് (Jr). ആ മണ്ണിലാണ് ഇനി നിന്‍റെ സ്വത്വ നിര്‍മ്മിതി. Interserctional identityകള്‍ എല്ലാം അറിഞ്ഞും അനുഭവിച്ചും നിന്നെ നീ പരുവപ്പെടുത്തും എന്നെനിക്ക് ഉറപ്പുണ്ട്. നിന്റെ പാഠപുസ്തകങ്ങളില്‍ എന്നെങ്കിലും പഠിക്കുവാന്‍ ഇടയുള്ള വേറൊരാള്‍ ഇവിടെ എന്റെ ഇന്ത്യയിലുണ്ട്. ഡോ. ബി. ആര്‍ അംബേദ്കര്‍. നിസ്വരും നികൃഷ്ടരുമായി മനുഷ്യരെ വേര്‍ തിരിച്ച വ്യവസ്ഥിതികളെ അദ്ധേഹം വെല്ലുവിളിച്ചത് ആയുധം കൊണ്ടല്ല. അറിവു കൊണ്ടാണ്.

നിന്‍റെ സ്വപ്നമെന്തെന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് രണ്ടാമതൊന്ന് ആലോചിക്കാതെ നീ പറഞ്ഞു ..”എനിക്ക് ഒരു ഡോക്ടറാവണം”. അതേ, ജിയാന ഈ ലോകത്തിന്, കാലത്തിന് കൈമോശം വന്നു കൊണ്ടിരിക്കുന്ന രണ്ടു മൂല്യങ്ങളാണ് ‘ ആര്‍ദ്രതയും’ ‘ നിലപാടുകളും’. മുറിവുണക്കാന്‍ മനസുള്ള മനുഷ്യരെയാണ് നമുക്കാവശ്യം. നിനക്ക് അതിനു സാധിക്കും.

സമാധാനത്തിന്റെ പ്രതീകമായ് ആയിരം ഒറിഗാമി കൊക്കുകളെ ഉണ്ടാക്കി കാത്തിരുന്ന ഹിരോഷിമയിലെ സഡാക്കോ സസാക്കിയെന്ന കൊച്ചു പെണ്‍കുട്ടിയെ നിനക്കറിയാമോ ജിയാന ? നമുക്കും കാത്തിരിക്കാം. ഈ മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം ഒററ നിറം മാത്രമുള്ളൊരു ദിവസം വരും. നമ്മള്‍ തമ്മില്‍ ഒരിക്കലും കണ്ടുമുട്ടിയെന്നു വരില്ല. പക്ഷേ, നമുക്കിടയില്‍ ഒരു ആകാശമില്ലേ, പ്രതീക്ഷയുടെ വളര്‍ന്നു വലുതാകുന്ന ആകാശം..

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...