Sunday, September 26, 2021

പ്രസവിക്കുന്ന സീറ്റ്സീ ഈച്ച


കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർ

കുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ് സഹാറൻ പ്രദേശത്ത് കാണപ്പെടുന്ന, രക്തംകുടിയൻ ഈച്ചകളാണിത്.  Glossinidae കുടുംബത്തിൽ പെട്ട ഈ ഷഡ്പദങ്ങൾ Glossina ജനുസിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ തലയും  വ്യക്തതയാർന്ന കണ്ണുകളും വീണ്ടും വീണ്ടും ശാഖകളായ് പിരിഞ്ഞ  രോമങ്ങൾ നിറഞ്ഞ അസാധാരണ  ആന്റിനകളും ഉള്ളതിനാൽ ഇവയെ മറ്റ് ഈച്ചകളിൽ നിന്നും വേഗത്തിൽ തിരിച്ചറിയാൻ കഴിയും. ഇവ വിശ്രമിക്കുമ്പോൾ രണ്ട് ചിറകുകളും ചേർത്ത് ശരീരത്തിനുമുകളിൽ ഒന്നായി ചേർത്തു വെക്കും. കൂടാതെ ഇവയുടെ  പ്രബോസിസ് വളരെ നീളമുള്ളതും നേരെ മുന്നിലേക്ക് നീണ്ട്  നിൽക്കുന്നതും ആണ്. സെറ്റ്സ്വാനയിലെ ബണ്ടു ഭാഷയിൽ സീറ്റ്സീ എന്നാൽ ഈച്ച എന്നാണർത്ഥം. അതിനാൽ സീറ്റ്സീ എന്നു മാത്രമായും ഉപയോഗിക്കാറുണ്ട്.

കശേരുകികളായ ജീവികളുടെ രക്തം കുടിച്ചല്ലാതെ ഇവയ്ക്ക് ജീവിക്കാനും പ്രത്യുത്പാദനം നടത്താനും സാധിക്കില്ല. ഈ ചോരകുടി കൊണ്ട് വളരെ ഗുരുതരമായ പ്രശ്നങ്ങൾ നമുക്ക്  ഇവർ ഉണ്ടാക്കുന്നത്, കുടിയ്‌ക്കൊപ്പം Trypanosoma brucei എന്ന രോഗാകാരിയേയും പകർത്തുന്നു എന്നതാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായ ഉറക്ക രോഗം ഇതു വഴി ഉണ്ടാവും.

ഇവയുടെ  ഒറ്റ അണ്ഡം  മാത്രമേ ഒരു ഇണ ചേരലിൽ ബീജ സങ്കലനം നടക്കൂ. മുട്ട ഇടുന്ന പരിപാടി ഇല്ല. ഗർഭാശയത്തിൽ വെച്ച് തന്നെ സിക്താണ്ഡം വിരിഞ്ഞ് ലാർവ കുഞ്ഞ് ഉണ്ടാകും.  അവിടെ തന്നെ ലാർവ വളരും . അതിനുള്ള ഭക്ഷണം പാലുപോലുള്ള ദ്രാവകം –  അമ്മ ഈച്ച ഉള്ളിൽ ചുരത്തിക്കൊടുക്കും. മൂന്നു തവണ ഉറപൊഴിക്കൽ നടത്തി വളരുന്നത് വരെ അമ്മ ഈച്ചയുടെ വയറിൽ തന്നെ ലാർവക്കുഞ്ഞ് കഴിയും. പിന്നെ പ്രസവം ആണ്. ഇതിന് adenotrophic viviparity എന്നാണ് പറയുക.  വയറ്റിൽ നിന്ന് പുറത്തിറങ്ങുന്ന കുഞ്ഞിനെ കണ്ടാൽ ഒരു പുഴു (മാഗട്ട് ) രൂപം ആണ്. കുറച്ച് നേരം  മാത്രമാണ് ഈ രൂപത്തിൽ ഉണ്ടാകുക. വയറ്റിൽ നിന്ന് പുറത്ത് വന്നാൽ ഉടൻ തന്നെ മണ്ണിനുള്ളിലേക്ക് ഇഴഞ്ഞ് കയറി ഒളിക്കും. അതിൽ ലാബറട്ടറികളിൽ വച്ചല്ലാതെ ഈ രൂപം കാണാൻ കിട്ടാറില്ല. ഇവയ്ക്ക്  ഭക്ഷണം കഴിക്കുന്ന സ്വഭാവം ഇല്ല. വളർച്ചയ്ക്കും രൂപാന്തരണത്തിനും ആവശ്യമായ  കൊഴുപ്പുകളും പോഷകങ്ങളും മുന്നെ തന്നെ അമ്മ വയറിൽ നിന്നും കുടിച്ച പാലിൽ നിന്ന് ശേഖരിച്ച് സ്വശരീരത്തിൽ സൂക്ഷിച്ച് വെച്ചത്  ഉപയോഗിക്കും.  മണ്ണിനടിയിൽ ഉറപ്പുള്ള ഒരു കവചം ശരീരത്തിന് ചുറ്റും ഉണ്ടാക്കി അതിനുള്ളിൽ വേഗം കിടന്ന് രണ്ട് തവണ കൂടി ഉറപൊഴിച്ച ശേഷം പ്യൂപ്പാവസ്ഥയിലേക്ക് മാറും . പ്യൂപ്പയിൽ നിന്ന് വിരിഞ്ഞു ചിറകുകളൊടെ പുറത്ത് വന്ന് ചോര അന്വേഷിച്ച് യാത്ര ആരംഭിക്കും. സ്വന്തം ആരോഗ്യത്തിനും ആവശ്യത്തിനും വേണ്ടി മാത്രമല്ല, മുട്ട വിരിഞ്ഞ കുഞ്ഞിന് വേണ്ട  പാലുണ്ടാക്കാൻ വരെ ആവശ്യമുള്ള ചോര ഇവർ വലിച്ച് കുടിക്കും . സ്വന്തം ഭാരത്തിലും അധികം അളവ് ചോര കുടിക്കും എന്നർത്ഥം . ഇതിന് വേണ്ടി വയറിനുള്ളിലെ ഭക്ഷണം ശേഖരിക്കുന്ന – ക്രോപ്പ് എന്ന സഞ്ചി നന്നായി വികസിക്കാൻ കഴിയുന്ന രൂപത്തിൽ ഉള്ളതാണ്. അതു പോലെ തന്നെ പ്രസവ സമയം വരെ , മൂന്ന് തവണ ഉറപൊഴിച്ച് വളർന്ന ഭീമൻ കുഞ്ഞിനെ ഉൾക്കൊള്ളാൻ മാത്രം വികസിക്കാനാവുന്ന യൂട്രസും പെൺ ഈച്ചകൾക്ക് ഉണ്ട്.

ഇവയുടെ കടിയിലൂടെ കന്നുകാലികളിലേക്ക് trypanosomiasis രോഗം എത്തും എന്ന് പറഞ്ഞല്ലോ. ആഫ്രിക്കൻ ഉറക്ക രോഗം African trypanosomiasis,  African sleeping sickness അല്ലെങ്കിൽ  sleeping sicknes എന്നൊക്കെ പേരിൽ ഇത് അറിയപ്പെടുന്നുണ്ട്. Trypanosoma brucei എന്ന പരാദം ആണ് ഇവരുടെ ചോരകുടിക്കിടയിൽ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നത്. പനി തലവേദന, ചൊറിച്ചിൽ , സന്ധി വേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ ഈ  ഈച്ച കടിച്ച് ഒന്നു മുതൽ മൂന്ന് ആഴ്ച വരെ കഴിയുമ്പോൾ കാണപ്പെടും. പിന്നെ കുറച്ച് ആഴ്ചയോ മാസമോ കഴിയുമ്പോൾ രണ്ടാം ഘട്ട രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ആശയക്കുഴപ്പം, മന്ദപ്പ്, ഉത്സാഹമില്ലായ്മ, സ്ഥലകാല ബോധമില്ലായ്മ, ഉറങ്ങാൻ പറ്റായ്ക ഒക്കെ ആരംഭിക്കും. 36 രാജ്യങ്ങളിലായി ഏഴു കോടി ആളുകളെ ഈ രോഗ ഭയത്തിൽ കഴിയുന്നുണ്ട്. . നാൽക്കാലികളെ വളർത്തുന്ന കർഷകരിൽ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ഈ ഈച്ച പകർത്തുന്ന രോഗം. ഈച്ചകൾ ഒരു വർഷം 4 കുഞ്ഞുങ്ങളെ വരെ പ്രസവിക്കും – ജീവിത കാലത്ത് മുപ്പതിൽ പരം കുഞ്ഞുങ്ങൾ ഉണ്ടാകും. നമ്മുടെ സാധാരണ ഈച്ചകൾ ഒരു അടി കിട്ടിയാൽ ചാവുമെങ്കിലും – ഇവർ നല്ല ഉറപ്പുള്ള ശരീരമായതിനാൽ തല്ലി കൊല്ലലും എളുപ്പമല്ല. രോഗകാരി ആയതിനാലും മറ്റും ഇവയെ പറ്റിയുള്ള വലിയ പഠനങ്ങൾ നടന്നിട്ടുണ്ട്.
Glossina morsitans എന്ന ഇനത്തിന്റെ ജിനോം സീക്വൻസിങ്ങ്  2014 പൂർത്തിയായി. ഇതു വരെ ആയി മുപ്പത്തിനാലോളം ഇനങ്ങളെ ആണ് വ്യത്യസ്ഥ സ്പീഷിസുകളിലും സബ് സ്പീഷിസിലുമായി രേഖപ്പെടുത്തീട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ ലക്ഷക്കണക്കിന് വളർത്ത് മൃഗങ്ങളേയും മനുഷ്യരെയും ആഫ്രിക്കയിൽ കൊന്നൊടുക്കിയത് – ഇവ പരത്തിയ ഉറക്ക രോഗം മൂലമാണ്. 1960 കളിൽ മാത്രമാണ് ഇവ നിയന്ത്രണത്തിൽ ആയത്. 1990 കളിൽ വീണ്ടും ഇവ തലപൊക്കി. ആഫ്രിക്കയുടെ ദാരിദ്ര്യത്തിന് ഒരു കാരണക്കാർ കോളനിക്കാർക്കൊപ്പം സീറ്റ്സീ ഇച്ചകളും ആണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധു അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ "ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു". ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: