Saturday, March 6, 2021

“ഉച്ചഭാഷിണിയും ദൈവങ്ങളും…”

ചെറുകഥ

റഫീക്ക് പട്ടേരി

അനന്തമായ മഴയ്ക്കൊപ്പം അനേകം ജീവനും ഒലിച്ച് പോയതിന്റെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്ന മണ്ണിൽ നിന്നുയർന്ന കനത്ത ഉഷ്ണത്തിന്റെ മരീചിക കണ്ണ് കൊണ്ട് ദർശിച്ച് അങ്ങിനെ നീണ്ട് നിവർന്ന് അബ്ദുട്ടി നിന്നു.

തളർച്ച ബാധിച്ച നിരവധി തെങ്ങുകളുടെ നിസ്സഹായത വെളിവാക്കുന്ന അതിവിശാലമായ തെങ്ങും പറമ്പിന്റെ ഒറ്റയടിപാതയിൽ കാഴ്ചയുടെ അനന്തതയെ ആവാഹിച്ച് അബ്ദുട്ടി മുകളിലേക്ക് തല ഉയർത്തി അവിടെ തലകീഴായ് വർത്തമാനത്തിന്റെ ദർപ്പണം പോൽ വവ്വാലുകൾ തൂങ്ങിയാടുന്നു. അവ കൂട്ടം കൂട്ടമായി അവിടെ സാമ്രാജ്യം സൃഷ്ടിച്ചിരിക്കുകയാണ്. അവിടെ നിന്നും കണ്ണുകൾ പറിച്ചെടുത്ത് അബ്ദുട്ടി ദീർഘമായൊന്ന് ശ്വസിച്ചു. തുടർന്ന് കയ്യിലെ ഇരുമ്പ് ദണ്ഡ് ചുഴറ്റി മുന്നോട്ടാഞ്ഞു നടന്നു. കാലുകൾ പൂഴിമണ്ണിലാഴ്ന്ന് കാലുകളുടെ രേഖാചിത്രം പതിഞ്ഞ കാൻവാസു പോലെ ഒറ്റയടിപ്പാത വെയിലിൽ തിളങ്ങി. കരുത്തുറ്റ അബ്ദുട്ടിയുടെ കാലുകൾ ലക്ഷ്യത്തിലേക്ക് നീങ്ങി. അങ്ങിനെ മുന്നോട്ട് നീങ്ങവേ അബ്ദുട്ടി പലതും ഓർത്തെടുത്തു. മനയ്ക്കൽ നിന്നും വലിയ തിരുമേനിയുടെ ദൂതൻ എത്തിയാൽ ഇങ്ങനെ ദണ്ഡുമെടുത്ത് വേട്ടക്കാരന്റെ മുഖമൂടിയും അണിഞ്ഞ് നടക്കും. പക്ഷെ, അതെല്ലാം രാത്രിയുടെ ഇരുട്ടിലൂടെ ആയിരുന്നു എന്ന് മാത്രം. അതെ ഇരുട്ടിലൂടെ …

ഇത് ആദ്യമായാണ് പകൽ വെളിച്ചത്തിൽ വേട്ടയ്ക്കിറങ്ങുന്നത്. വേട്ടക്കാരന്റെ മുഖം ഒരിക്കലും വെളിച്ചത്തിൽ പ്രകടമായിരുന്നില്ല. അത് ഇരുട്ടിൽ മൂടിക്കിടയ്ക്കുകയാണ് പതിവ്. ഇരുട്ടിന്റെ മതിലുകൾക്കകത്ത് അവയിലെ ഭാവങ്ങൾ തിരിച്ചറിയാറില്ല. അല്ലെങ്കിലും സ്വയം തിരിച്ചറിയുന്ന തിരിച്ചറിവുകൾ ഭാരമാണ്. ഇപ്പോൾ ചെറിയ കാർമേഘം പോലും മനുഷ്യനെ ഭയചകിതരാക്കുന്നു. ഭയം, ഭയം മാത്രം.

മനയുടെ ഉമ്മറത്തുള്ള ഭസ്മത്തട്ടിൽ നിന്നും ഭസ്മം എടുത്ത് ശരീരത്തിലും നെറ്റിയിലും ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ പൂശി പുറത്തേക്ക് കണ്ണയച്ച വലിയ തിരുമേനി അബ്ദുട്ടി എന്ന വേട്ടക്കാരന്റെ വരവ് കണ്ടു. ഓരോ കാലടികളും കനത്തിൽ തന്നെ മുന്നോട്ട് വെച്ച് തല ഉയർത്തിപ്പിടിച്ച് വിരിഞ്ഞ മാറിടവുമായി വരുന്ന അബ്ദുട്ടിയെ കണ്ട തിരുമേനി പൂണൂലി ലൂടെ വിരലോടിച്ച് വെള്ളഴുത്ത് പതിഞ്ഞ കണ്ണുകൾ കൊണ്ട് അൽഭുതത്തോടെ ആസ്വദിച്ച് നോക്കി. ഒരു നിമിഷം തിരുമേനിയ്ക്ക് ഗുരുവായൂർ കേശവനെ ഓർമ്മ വന്നു.

തിരുമേനിയുടെ മുന്നിലെത്തിയ അബ്ദുട്ടി ആ നോട്ടത്തിലെ അസ്വഭാവികത തിരിച്ചറിഞ്ഞു: “എന്താ തിരുമേനി ഇങ്ങള് ഇങ്ങനെ നോക്ക്ണത് ….? ” അബ്ദുട്ടി ചോദിച്ചു.
“ഹേയ് ഒന്നൂല്ല്യ …” തിരുമേനി പറഞ്ഞു: “തന്നെ ഇങ്ങനെ ആദ്യാ കാണുന്നേയ് ”
“അതിനു് പകൽ വെളിച്ചത്തിൽ ഇത് ആദ്യല്ലേ ” അബ്ദുട്ടി പറഞ്ഞു.
തിരുമേനി ദീർഘമായൊന്ന് മൂളി.
“അകത്തുണ്ട് അങ്ങ്ട് ചെല്ല്ലാ …” തിരുമേനി പറഞ്ഞു. അപ്പോൾ തിരുമേനിയുടെ കണ്ണുകൾ പിടഞ്ഞു.
അബ്ദുട്ടി ചവിട്ടുപടി കയറി നടന്നു. തിരുമേനിയെ പിന്നിട്ട് പ്രാചീന ഗന്ധമുയരുന്ന ഇരുട്ട് വീണ ഇടനാഴിയിലൂടെ പരിചിതനെ പോലെ അബ്ദുട്ടി നടന്നു നീങ്ങി.
ഇടനാഴിയുടെ അങ്ങേ അറ്റത്ത് നിന്നും അവ്യക്തമായ ഒരു സ്ത്രീ രൂപം പറഞ്ഞു: “ദാ അവിടെ … ”
അടഞ്ഞ് കിടന്ന മുറിയുടെ വാതിൽക്കൽ അബ്ദുട്ടി അൽപ സമയം നിന്നു ഒരു പ്രാർത്ഥനയിലെന്നവണ്ണം. കയ്യിലെ ഇരുമ്പ് വടി മുറുകെ പിടിച്ച് വാതിൽ തുറന്ന് അബ്ദുട്ടി ആകത്ത് കയറി. വലിയ ശബ്ദത്തോടെ വാതിലsഞ്ഞു.

ഓടിന് പകരം ചില്ല് പാകിയ മുറിയിൽ ധാരാളം പ്രകാശമുണ്ടായിരുന്നു. പ്രകാശത്തിന്റെ നേർരേഖയ്ക്കപ്പുറം നിഴലിൽ ഒരു രൂപം അനങ്ങി. അബ്ദുട്ടിയുടെ കണ്ണുകൾ അതിലുടക്കി. വേട്ടക്കാരന്റെ തീവ്ര വികാരങ്ങളൊന്നും ഇല്ലാതെ അബ്ദുട്ടി സൗമ്യനും ശാന്തനുമായി കാണപ്പെട്ടു. ബലിമൃഗത്തിനോട് തോന്നുന്ന സ്നേഹ വായ്പയോടെ കാഴ്ച കൊണ്ട് അബ്ദുട്ടി അതിനെ തൊട്ടു തലോടി. ജീവൻ ജീവനെ തൊടുമ്പോൾ ഉണ്ടാകുന്ന വിസ്മയകരമായ ഒരാനന്ദം അത് അബ്ദുട്ടിയുടെ ആത്മാവിനെ സ്പർശിച്ച് കടന്ന് പോയി.

ഇരുമ്പ് ദണ്ഡിലമർന്ന കൈ ഒന്നു കൂടി മുറുകി.അബ്ദുട്ടി തന്റെ ഇരുമ്പ് വടി കൊണ്ട് ആദ്യ പ്രഹരം നടത്തി. സ്വയരക്ഷയുടെ അന്തർലീനമായ അജ്ഞാതവാസനയുടെ കാരുണ്യത്താൽ എലി മിന്നൽ വേഗതയിൽ ഒഴിഞ്ഞ് മാറി. ആയുസ്സിൽ ബാക്കി നിൽക്കുന്ന സമയത്തിന് വേണ്ടി എലി മുന്നോട്ട് നീങ്ങി. വെളിച്ചത്തിന്റെ അമ്പരപ്പിക്കുന്ന തീവ്ര പ്രകാശത്തിൽ എലി കണ്ണുകൾ ഉയർത്തി. അടിക്കാൻ ഉയർത്തിയ ഇരുമ്പ് വടി ഒരു നിമിഷം വായുവിൽ ചലനം നഷ്ടപ്പെട്ടു. പകൽ വെളിച്ചത്തിൻ്റെ വ്യക്തതയിൽ അന്ന് ആദ്യമായി അബ്ദുട്ടി ആ ജീവിയെ കണ്ടു. സൂക്ഷമമായ കാഴ്ച ! പാരമ്പര്യത്തിന്റെ അനന്തമായ വാത്സല്യത്തിന്റെ നോവിൽ അബ്ദുട്ടി രണ്ടാമതും ഇരുമ്പ് വടി പ്രയോഗിച്ചു. ഭാഗ്യ നിർഭാഗ്യങ്ങളുടെ ചൂതു പലകയിലെ വിജയിയെ പോലെ എലി വീണ്ടും രക്ഷപ്പെട്ടു. സുന്ദരനായ ആകാര വടിവുള്ള ഓമനത്വമുള്ള എലി അബ്ദുട്ടിയേനോക്കി. അതിന്റെ ഭംഗിയിൽ ആകൃഷ്ടനായ അബ്ദുട്ടി അൽപം നേരം ഇമയനക്കാതെ നോക്കി.

നഷ്ടബോധത്തിന്റെ ഉൾവിളിയിൽ അബ്ദുട്ടി കർമ്മ നിരതനായി. ഇരുമ്പ് വടി നിരന്തരം ഉയർന്നു താണു. ബോക്സിങ്ങ് റിങ്ങിലെ എതിരാളിയെ പോലെ ഓരോ അടിയിൽ നിന്നും എലി രക്ഷപ്പെട്ട് കൊണ്ടിരുന്നു.

അബ്ദുട്ടി വിയർപ്പിൽ മുങ്ങി. കിതപ്പിന്റെ അവസാനം മുഴുവൻ ദേഷ്യവും പകയും കയ്യിലാവാഹിച്ച് അബ്ദുട്ടി ഇരുമ്പ് വടി പ്രയോഗിച്ചു. ഭീതിതമായ ഒരു ശബ്ദത്തോടെ എലി നിലത്ത് വീണു. ഒന്ന് പിടഞ്ഞതിന് ശേഷം വായിൽ നിന്നും ചോര കിനിഞ്ഞ് മലർന്നു കിടന്ന് വിറച്ചു. തുറന്ന കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങി. തന്നെ പ്രഹരിച്ച മനുഷ്യനെ അത് നോക്കി.

ആ നോട്ടത്തിന്റെ ദയനീയത താങ്ങാൻ അബ്ദുട്ടിക്ക് കഴിഞ്ഞില്ല.അബ്ദുട്ടി ഒരു നിമിഷം മരവിച്ചു പോയി. കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. താങ്ങാനാവാത്ത വേദനയോടെ അബ്ദുട്ടി ആ ജീവനെ നോക്കി. അതിന്റെ കൃഷ്ണമണികൾ ദ്രുതഗതിയിൽചലിച്ചു. ദയനീയതയും വേദനയും കലർന്ന ഭാവ വൈവിധ്യത്തോടെ ആ ജീവി ഒന്ന് വിറച്ചു. ആ കണ്ണുകൾ അബ്ദുട്ടിയുമായി സംവദിച്ചു. ജീവിയിൽ നിന്നും ജീവൻ പറിഞ്ഞു പോകുന്ന അസാധാരണ കാഴ്ചയിൽ അയാൾ സ്തംഭിച്ചു. വായിൽ നിറഞ്ഞ തുപ്പൽ എന്ത് ചെയ്യണമെന്നറിയാതെ അബ്ദുട്ടി വാതിൽ തുറന്ന് പുറത്തേക്ക് ഓടി. ഓടുമ്പോൾ പുറകിൽ തിരുമേനിയുടെ ശബ്ദം അയാൾ കേട്ടു. കാഴ്ചയും കേൾവിയും മരവിച്ച് തുപ്പാൻ മറന്ന് അയാൾ തെങ്ങിൻ തോപ്പിലൂടെ ഓടി.

കനത്ത കിതപ്പിനൊടുവിൽ വലിയ ശബ്ദത്തോടെ അബ്ദുട്ടി ഛർദിച്ചു. രാവിലെ കഴിച്ച ഭക്ഷണത്തിന്റെ മിശ്രിത ലായിനി പുറത്തേക്കൊഴുകി. കുനിഞ്ഞ് മുട്ടുകാലിൽ കൈകൾ കുത്തിയുള്ള നിൽപിൽ സ്വന്തം ഛർദ്ദിലിന്റെ പുളിച്ച ഗന്ധം അബ്ദുട്ടിയിൽ അസഹ്യത സൃഷ്ടിച്ചു. ഒലിച്ച മൂക്കും നിറഞ്ഞ കണ്ണും തുടച്ച് കൊണ്ട് അബ്ദുട്ടി എഴുന്നേറ്റു. നിവർന്നു നിന്ന് ദീർഘശ്വാസം ചെയ്ത അബ്ദുട്ടിയുടെ ബോധമണ്ഡലത്തിൽ കണ്ണീരൊലിക്കുന്ന രണ്ടു കണ്ണുകൾ തെളിഞ്ഞു. അവയിലെ യാചനയുടെ അഗ്നിയിൽ അയാൾ നീറി. വീണ്ടും മനംപുരട്ടി ശബ്ദമുഖരിതമായ ഛർദ്ദിയുടെ ആലസ്യത്തിൽ അബ്ദുട്ടി നിലത്തിരുന്നു. തളർച്ചയോടെ അബ്ദുട്ടിയുടെ കണ്ണുകൾ അടഞ്ഞു.

[products_slider]

ഗുഹാമുഖത്ത് നിന്നും വിളിക്കുന്ന പോലുള്ള ശബ്ദം കേട്ട് അബ്ദുട്ടി കണ്ണുകൾ തുറന്നു.നീരാവി ഉയർന്നു പൊങ്ങുന്ന ചുക്കുകാപ്പിയുടെ ഗ്ലാസാണ് അയാൾ കണ്ടത്. തപിച്ച കൈ നീട്ടി അയാൾ ഗ്ലാസിൽ സ്പർശിച്ചു. പൊടുന്നനെ കനത്ത ശബ്ദത്തിൽ ഉച്ചഭാഷിണി മുഴങ്ങി.

‘അൽ ഫാത്വിഹ …’
അബ്ദുട്ടി ഞെട്ടലോടെ ഗ്ലാസിൽ നിന്നും പിടി വിട്ടു.ഗ്ലാസ് നിലത്ത് വീണ് ചിന്നി ചിതറി.

പള്ളിയിൽ മൗലീദ് തുടങ്ങുകയായിരുന്നു ഉച്ചഭാഷിണിയിലൂടെ പ്രകമ്പനമായ മൗലീദിന്റെ വരികൾക്കിടയിൽ അബ്ദുട്ടിയുടെ ഉറക്കം നഷ്ടപ്പെട്ടു.
ദിനരാത്രങ്ങൾ കലങ്ങി മറിഞ്ഞു. അബ്ദുട്ടിയുടെ ചുറ്റും ഉച്ചഭാഷിണികൾ നൃത്തം ചെയ്തു. ക്ഷേത്രത്തിൽ നിന്നും ചർച്ചിൽ നിന്നും ഉയരുന്ന ഉച്ഛഭാഷിണിയുടെ അസഹ്യതയിൽ അബ്ദുട്ടി ഉരുകി. ദൈവത്തിന്റെ ചെവിയിലേക്ക് അടിച്ചു കയറ്റുന്ന പ്രാർത്ഥനാ വചനങ്ങളിൽ മുങ്ങി താൻ മരിച്ചു പോകും എന്ന് അബ്ദുട്ടി കരുതി. എത്ര ദിവസങ്ങളായി താനൊന്നുറങ്ങീട്ട്. പള്ളിയിലോ അമ്പലത്തിലൊ ചർച്ചിലൊ എവിടെയെങ്കിലും ഉച്ഛഭാഷിണി ശബ്ദിച്ചു കൊണ്ടേയിരിക്കും. അതിന്റെ തീവ്രതയിൽ അബ്ദുട്ടി പുലമ്പി…

രാത്രിയുടെ ഇരുട്ടിൽ പള്ളിയ്ക്ക് മുന്നിലെ ആൽമരത്തിന് താഴെ അബ്ദുട്ടി കാത്തിരുന്നു. ഉച്ചഭാഷിണിയിലൂടെ രാത്രിയുടെ അന്ത്യയാമത്തിലും വിശ്രമമില്ലാതെ പ്രാർത്ഥനകൾ ഉയർന്നു.പുതിയ പുതിയ വിന്യാസങ്ങളിലൂടെ പ്രാർത്ഥനകൾ പുരോഗമിച്ച് കൊണ്ടിരുന്നു.

ആൽമരത്തെ കാറ്റ് വലയം ചെയ്യുമ്പോൾ ഉണങ്ങിയ ഇലകൾ താഴേക്ക് പതിക്കുന്നത് ഇരുട്ടിലും കാണാൻ കഴിയുന്നു എന്ന അൽഭുതം അബ്ദുട്ടി തിരിച്ചറിഞ്ഞു.
എന്തിനാണ് ഈ മൈക്കുകൾ ഇങ്ങനെ ഉപയോഗിക്കുന്നത് ? അബ്ദുട്ടി ആലോചിച്ചു. ദൈവവും മനുഷ്യനും തമ്മിൽ അകലം കൂടിയത് കൊണ്ടാകുമോ? പ്രാർത്ഥന ദൈവവും സൃഷ്ടിയും തമ്മിലുള്ള ഏറ്റവും മഹത്തായ അവർക്കിടയിൽ നടക്കേണ്ട ഒന്നല്ലേ …? എന്നിട്ടും …?

ഒടുവിൽ ഉസ്താദ് പുറത്ത് വന്നപ്പോൾ അബ്ദുട്ടി ഉറക്കം പുളിച്ച കണ്ണുകളോടെ കാര്യം പറഞ്ഞു. പക്ഷേ വലിയ തിരുമേനിയേ പോലെ ഡേവിഡ് അച്ഛനെ പോലെ ഉസ്താദും നിസ്സഹായനായിരുന്നു. ഒന്നും ചെയ്യാൻ കഴിയാത്ത ഉസ്താദ് അബ്ദുട്ടിയുടെ തലയിൽ കൈ വെച്ച് മന്ത്രിച്ചു.

ദിവസങ്ങൾ കടന്നു പോയി. പതിവ് പോലെ മനയ്ക്കൽ നിന്നും അബ്ദുട്ടിയെ തേടി ദൂതൻ എത്തിയപ്പോൾ അബ്ദുട്ടി ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ അബ്ദുട്ടിയെ കണ്ടവർ ആരും ഉണ്ടായിരുന്നില്ല.

ഉച്ചഭാഷിണിയ്ക്കും ദൈവത്തിനും ഇടയിൽ അബ്ദുട്ടി ഞെരിഞ്ഞമർന്നു.
അപ്പോഴും ദൈവത്തിന് വേണ്ടി ഉച്ഛഭാഷിണികൾ ശബ്ദിച്ചുകൊണ്ടിരുന്നു.
പ്രളയത്തിനൊടുവിൽ സൂര്യൻ കത്തി ഉജ്വലിച്ച പകലിൽ ജീവന്റെ മഹത്വം തിരിച്ചറിഞ്ഞ മധ്യാഹ്നത്തിന് ശേഷം വെളിപാടുകളില്ലാതെ അബ്ദുട്ടി ഉച്ഛഭാഷിണിയില്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചു. അവിടെ ശബ്ദമുഖരിതമായ നിശ്ശബ്ദതയിൽ അബ്ദുട്ടി സുഷുപ്തിയിലാണ്ടു…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Download Android App.

Leave a Reply

YOU MAY ALSO LIKE