Monday, November 29, 2021

ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർ

ഏറ്റവും പ്രിയപ്പെട്ട
പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ
എഴുതുകയാണ്.

ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം.
ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ.
സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല.
എല്ലാം ഒന്ന് തന്നെ ഏകം തന്നെ.
ഒരു പാട് ഒന്നുകൾ ചേർന്നാണ് അനേകമുണ്ടാകുന്നത്.
എങ്കിലും ഒറ്റപ്പെടൽ
വേദനയുടെയും ആഹ്ലാദത്തിൻ്റെയും
അപ്പുറവും ഇപ്പുറവുമാണ്.

ഒറ്റയായി പോയ ഒരു മനുഷ്യൻ്റെ രംഗപ്രവേശത്തിന് വേണ്ടിയാണ് അനേകമേകമെന്ന ചിന്തയുടെ ഈ വിഷ്കംഭം
ഒറ്റയൊരാൾ ആൾപ്പെരുക്കങ്ങളാകുന്ന രസായന വിദ്യകളുണ്ട്
വിസ്മൃതിയുടെ വരൾച്ചകളിലേക്ക് ഒറ്റയായൊലിച്ചൊടുങ്ങിപ്പോയ ചില മനുഷ്യരുണ്ട്
ഒരൊറ്റ കൂവലിൽ ഒരു വനത്തെയൊന്നാകെ ശ്രുതിചേർക്കുന്നവർ
ഒരൊറ്റ തുള്ളിയിൽ ഒരു പെരുമഴപ്പെയ്ത്തു മുഴുവൻ വായ്പൊതി കെട്ടി നിറച്ചു വെക്കുന്നവർ
ഒരിളങ്കാറ്റിൽ മലങ്കാറ്റിൻ്റെ കെട്ടഴിക്കുന്നവർ.
ഒരൊറ്റ പാദമുദ്ര കൊണ്ട് നടന്നു തേഞ്ഞതും നടക്കാൻ ശേഷിക്കുന്നതുമായ വഴിൾക്ക് താഴെ ഒപ്പുവെക്കുന്നവർ..

ഒറ്റയായിരിക്കെ തന്നെ അനേകമായി പടരുന്നവരെക്കുറിച്ചെഴുതുമ്പോൾ
വല്ലാതെ പതറിപ്പോകുന്നു.
മണ്ണിന്നടിയിലേക്കടിയിലേക്കാണ്ടുപോയ വേരുകൾ നേർദൃശ്യമല്ലാത്ത ആത്മാക്കളാണ്.
മണ്ണിന് മുകളിൽ കണ്ണിൻ്റെ മുറ്റത്ത് എണ്ണമറ്റ ശാഖകളായി എണ്ണമറ്റ തളിരുകളായി എണ്ണമറ്റ പൂക്കളായി എണ്ണമറ്റ കനികളായി എണ്ണമറ്റ നിഴലുകളായി പടരുന്നു.
കാണാത്ത രൂപരഹിതമായ ആത്മാവിൻ്റെ കാണുന്ന ധാരാളിത്തത്തിൻ്റെ രൂപമാകുന്നവർ …

നിങ്ങളാരും കാണാത്ത അങ്ങനെയൊരാൾ നമ്മുടെ നാടിന് സ്വന്തമായുണ്ടായിരുന്നു.
ശല്യത്തിൻ്റെയും
അലമ്പിൻ്റെയും
അങ്കരയുടേയും
ഒരങ്കക്കാരൻ തെയ്യം….
പുഞ്ചക്കാട്ടെ ഗോയിന്നാട്ടൻ.
അയാൾ നടന്നു പോയ വഴിയിൽ ഒരാരവം ബാക്കിയാകുന്നു
ഒരു തെയ്യം മുടിയെടുക്കുമ്പോൾ മുഖത്തെഴുത്ത് മായ്ക്കാതെ മറ്റൊരു മുടിയണിഞ്ഞ് കോലത്തിന്മേൽ കോലമായി പലദൈവങ്ങളെ
ഒറ്റശരീരത്താൽ കടന്നു വെച്ചവൻ.
ഒരൊറ്റ തെയ്യപ്പകർച്ച കൊണ്ട്
ഒരു കാവുമുറ്റത്ത് ഒന്നൂറെ നാൽപ്പത് തെയ്യങ്ങളെ ആടിപ്പൊലിപ്പിച്ചവൻ..
ഒരു നേരം കെട്ട നേരത്ത് എല്ലാവരും ഉണർന്നിരിക്കുമ്പോൾ എല്ലാ ബലിയും ഒറ്റയ്‌ക്കേറ്റെടുത്തവൻ.
പുഞ്ചക്കാട്ടെ ഗോയിന്നേട്ടൻ.
നട്ടുച്ച തിളക്കുന്ന പുഞ്ചക്കണ്ടമെന്നും നരിമുരളുന്ന മലങ്കാടെന്നും പേർ പൊലിച്ചവൻ

V K Anilkumar
ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർ

പുഞ്ചക്കാട്ടെ ഗോയിന്നേട്ടൻ ഒരു നാട്ടു മനുഷ്യനായിരുന്നു.
ഗോയിന്നാട്ടനെ വായിക്കാൻ അമിതാലങ്കാരങ്ങളുടെ ദർശനികൾ വേണ്ട
മിറ്റത്തെ
താളു പോലെ
തകരപോലെ
കുപ്പച്ചീര പോലെ
രാസ ഗന്ധമില്ലാത്തഒരു ജൈവ സാമീപ്യം
നാട്ടുമനുഷ്യനെന്നാൽ ഒരു നാടിനെ ഉടലിൽ
നട്ടുനനച്ചു വിളയിക്കുന്നവൻ എന്നാണർത്ഥം.
ശരീരത്തിലെ മണ്ണിൽ ഒരു ഗ്രാമത്തെ കൃഷി ചെയ്യുന്നവൻ.
ആലങ്കാരികതയുടെ മല കീഞ്ഞ് ഗോയിന്നേട്ടൻ താഴേക്ക് വരുമ്പോൾ….
നമ്മോടൊപ്പം ജീവിച്ച് മറഞ്ഞുപോയ ഒരാളെ എഴുത്തിൻ്റെ മുതിർച്ചയിലേക്ക് തിരിച്ചു വിളിക്കുമ്പോൾ…

നാടുമുഴക്കുന്ന ശബ്ദം.
പാട്ട്
പൂരക്കളി
കോൽക്കളി
മരം മുറി
മദ്യപാനം
അങ്കര
തെരുവൻ മുണ്ട്
മുറിക്കയ്യൻ കുപ്പായം
കൈമൗ
കമ്പക്കയറ്
വസൂരി മുളച്ച മീട്….
ആവനാഴിയിൽ ഒറ്റ
എടുക്കുമ്പോൾ പത്ത്
തൊടുക്കുമ്പോൾ നൂറ്
കൊള്ളുമ്പോൾ ആയിരം
ഗോയിന്നാട്ടൻ അങ്ങനെയൊരു ശരമൂർച്ചയായിരുന്നു.

” ബാലിയെന്നും വടു ബാലിയെന്നും
രണ്ടു പേരനെക്കുവേണ്ട രാമാ…”

മഴ പെയ്തൊഴിഞ്ഞ പാടപ്പരപ്പിൽ പാട്ടിൻ്റെ പായ്ക്കപ്പൽ പായ നിവർത്തുകയാണ്.
കാറ്റിലൊഴുകി ഗോയിന്നാട്ടൻ്റെ പാട്ട്…
പാടത്തിൻ്റെ അങ്ങേയറ്റത്തു നിന്നും
ഏളത്ത് പിടിച്ച പോതിയുടെ കൂവൽ പോലെ പാട്ട് അകന്നകന്ന് കേക്കാം.
ശബ്ദമാണല്ലോ ആദ്യം.
പിന്നെയാണല്ലോ ജീവിതം.
പാട്ടിൻ്റെ പായ്മരം ഒഴുകുകയാണ്.
മഴ നിറഞ്ഞ പാടത്ത് തവളകളും കീരാംകുരിക്കകളും മണ്ണട്ടകളും ഗോയിന്നേട്ടൻ്റെ തോറ്റം പാട്ടിന് കടുന്തുടികൾ മുഴക്കി.
ഗോയിന്നേട്ടൻ്റെ പാട്ട് നേരം തെറ്റിച്ചോടുന്ന സമയസൂചികയാണ്.
ഏത് നേരവും നാടൻറാക്കിൻ്റെ മുകിലുകളിലുലഞ്ഞ് പാട്ടിൻ്റെ പായ്മരക്കൊമ്പിൽ ഗോയിന്നേട്ടൻ പ്രത്യക്ഷപ്പെടും…

കായക്കാരൻ കുഞ്ഞിയുടെ പീടിക ഗോയിന്നേട്ടൻ്റെ പാഠശാലയായിരുന്നു.
അക്ഷരപ്പൂട്ടിൽ കുടുങ്ങാതെ രക്ഷപ്പെട്ട ഗോയിന്നാട്ടന് കായക്കാരൻ കുഞ്ഞി ഗുരുസ്ഥാനീയനായിരുന്നു.
ഉസ്ക്കൂളിൽ പോയിട്ടില്ലാത്ത ഇയാൾ മരംമുറിയുടെ തന്ത്രസമുച്ചയമായിരുന്നു
അസാധ്യമായതിനെ സാധ്യമാക്കി നാട്ടുകാരെ മുൾമുനയിൽ നിർത്തിച്ചു.
കമ്പക്കെട്ടും തോളത്ത് കോടാലിയും കയ്യിൽ കൈമൗവ്വുo മോത്ത് വസൂരി തിളക്കുന്ന റാക്കിൻ്റെ ലഹരിയും ..
മരത്തിൻ്റെ പെരുങ്കാലൻ
ഗോയിന്നേട്ടൻ്റെ നിഴല് കണ്ടാ എത് വൻമരവും പേടിച്ച് വിറക്കും.
പീറ്റത്തെങ്ങിൻ്റെ ഉച്ചിയിൽ കേറി കൈമഴു കൊണ്ട് നിർദയം തലയറുക്കുന്ന ഭീതിതമായ കാഴ്ച്ച.
തെങ്ങിൻ്റെ തല മുറിക്കുമ്പോൾ ആകാശത്തിലാടി ഉലയുന്ന മനുഷ്യൻ.
വീടുകൾക്കും കെട്ടിടങ്ങൾക്കും നേരെ ചാഞ്ഞ മരങ്ങളെ മറ്റൊർക്കും ശല്യമില്ലാതെ നേരെ എതിർവശത്തേക്ക് മുറിച്ച് വീഴ്ത്തുന്ന വിദ്യ ഗോയിന്നേട്ടന് മാത്രം വശമുള്ളതായിരുന്നു.
മരത്തിൽ ആഞ്ഞു വെട്ടുമ്പോൾ ഞെരുങ്ങിയ പ്രാകൃതശബ്ദം ഗോയിന്നേട്ടൻ്റെ തൊണ്ടയിലൂടെ പുറത്ത് വരും…
മരം മുറിയുടെ വേഗവും താളവും ശക്തിയും അളക്കുന്ന മാപിനിയായിരുന്നു ആ മുരൾച്ച.
ഒരു പാട് സവിശേഷതകൾ ഉള്ളിലൊളിപ്പിച്ചു.
കാട്ടുതീ പടർന്ന വൻമല പോലെരിയുന്ന ഒറ്റക്കോലത്തിൻ്റെ മേലേരിയുടെ ഉച്ചിയിലേക്ക് ചാടിക്കയറി
തൃക്കരിപ്പൂരുകാരെ കോരിത്തരിപ്പിച്ചു.

ഗോയിന്നേട്ടൻ ഒറ്റയ്ക്കായിരുന്നു .
ഒറ്റയാനായിരുന്നു.
ഒരു പാട് പേരുള്ള വീട്ടിലെ ഒറ്റമനുഷ്യൻ.
മീത്തലെ തറവാട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു.
എല്ലാ ദിവസവും അർധരാത്രിയിൽ ചാമണ്ടിയമ്മ കുറ്റിമാച്ചിയെടുത്ത് മുറ്റമടിക്കുന്ന ഒച്ച കേട്ട് ഒറക്കം വരാതെ കിടക്കും.
ഗോയിന്നേട്ടൻ സദാ സമയവും കലഹിച്ചു.
ശബ്ദിച്ചു.
തെയ്യമുള്ള തറവാട് ഓലമേഞ്ഞ ചാപ്പപ്പൊരയായിരുന്നു.
മുറ്റത്തെ ചെമ്പകത്തിൽ കുളിയനുണ്ട്
കൂവളത്തിൽ ചാമണ്ടിയുണ്ട്.
പറങ്കിമാങ്ങ ഒറ്റക്ക് വാറ്റി.
പക്ഷേ കുടിക്കാനാകുമ്പോഴേക്കും ചങ്ങായിമാർ എത്തി.
നാടൻറാക്കിൻ്റെ വീര്യമുറഞ്ഞപ്പോൾ മണം സഹിയാതെ ക്ഷമയറ്റ് ചെമ്പകമിറങ്ങി കുളിയൻ വന്നു.
ശൂലം മൂലക്ക് ചാരിവെച്ചു.
രക്തം കുടിച്ച് മയങ്ങിപ്പോയ ചാമണ്ഡി ധൃതിയിൽ കൂവളമിറങ്ങി.
നേരം കെട്ട നേരത്ത് കാലിളകിയ ബെഞ്ചിൽ വീഴാതെ മൂന്നു പേരുമിരുന്നു .
കുപ്പിയുടെ കോർക്ക് കുളിയൻ കടിച്ചുരി.
ത്ന്നാനൊന്നുല്ലേ ഗോയിന്നേട്ടൻ ചാമണ്ടിയോട് ചോയിച്ചു.
ചാമണ്ടി വാട്ടിയ പച്ചില തുറന്നു.
ഇന്നലെ ചവുട്ടിക്കൊന്ന കോയീന വർത്തതാ…

രാത്രിയിൽ നേരം കെട്ട നേരത്ത് കള്ളുകുടിച്ച ചങ്ങായിമാർ ആവശ്യഘട്ടത്തിൽ കയ്യൊഴിഞ്ഞു.
തറവാട്ടിലെ തെയ്യം കൂടിയതു മുതൽ ചെണ്ടക്കൂറ്റ് കേൾക്കുമ്പോഴൊക്കെ അപസ്മാരം ബാധിച്ചതു പോലെ വീണു പിടഞ്ഞു.
ഗോയിന്നേട്ടൻ തെയ്യങ്ങളെ തള്ളിപ്പറഞ്ഞില്ല.
ഒറ്റയായ തൻ്റെ രാക്കൂട്ടുകാരാണ്.
സദാ സമയവും കരുണയില്ലാത്ത കർക്കിടകപ്പെയ്ത്തു പോലെ മറ്റുള്ളവരെ അലോസരപ്പെടുത്തുമ്പോഴും
ഉള്ളടുപ്പിലെന്തോ വെന്തു പുകഞ്ഞു.
അടിക്ക് പിടിച്ച് കരിഞ്ഞു.

ഒരു നാൾ നട്ടുച്ചയിൽ എല്ലാവരും നോക്കി നിൽക്കെ ഒരാകാശം സ്വയം ചുരുണ്ടു ചുരുങ്ങിയില്ലാതാകുന്നതു പോലെ
ഒരു പുഴ സ്വയം വരണ്ട് ശൂന്യമാകുന്നതു പോലെ
നിറഞ്ഞ പാടം കരിഞ്ഞുണങ്ങുന്നതുപോലെ
ഒരു വൻമല മണൽത്തരികളായി പൊടിഞ്ഞു വീഴുന്നതു പോലെ
ഗോയിന്നേട്ടൻ സ്വയം പിൻ വാങ്ങി.
എല്ലാവരും നോക്കി നിൽക്കെ ഒറ്റയാൻ്റെ സ്വയം തീർപ്പ്…

പുഞ്ചക്കാട്ടെ ഗോയിന്നേട്ടൻ ഒരാളായിരുന്നുവെങ്കിലും അയാൾ ഒരാൾക്കൂട്ടമായിരുന്നു.
നാടിലെ ഏറ്റവും വലിയ ശബ്ദത്തിനുടമയായിരുന്നു.
പൂരക്കളിയിലും കോൽക്കളിയിലും ഗോയിന്നേട്ടൻ വേണമെന്ന് നിർബന്ധമായിരുന്നു.
അയാൾ പാടുമ്പോൾ പാട്ട് നഷ്ടപ്പെട്ട ഒരു പാട് മനുഷ്യർ അയാളുടെ തൊണ്ടക്കുഴിയിലിരുന്നു പാടിക്കളിച്ചു.
അയാൾ നടക്കുമ്പോൾ ഒരു പാട് മനുഷ്യരുടെ കാലടിപ്പാടുകൾ മണ്ണിൽ പതിഞ്ഞു.
ഗോയിന്നൻ പോയതിന് ശേഷം നാടൊറങ്ങി.
അവധിക്ക് നാട്ടിലെത്തിയാൽ നാട്ടുവർത്താനത്തിനിടെ അമ്മ പറയും.
പേരറിയാത്ത ഒരു സങ്കടം ഞങ്ങൾക്കിടയിൽ നിഴൽ വീഴ്ത്തും.

മനുഷ്യൻ്റെ അന്തകനെ തോൽപ്പിച്ച മരത്തിൻ്റെ അന്തകന് സ്മാരകങ്ങളില്ല.
ബാക്കിയായ കാറ്റും കർക്കടകവും
താളമൊരുക്കി
തല പോയ മരങ്ങൾ
തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളും പാടി ഗോയിന്നേട്ടനെ ചൊല്ലി ഉറയിച്ചു…
ചിലർ മണ്ണിൽ ശേഷിപെടുന്നതിങ്ങനെയുമാണ്…

വി. കെ. അനില്‍കുമാര്‍


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Related Articles

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻ വഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ. ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ. ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച. നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു. അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ. സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു. മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു. വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും. നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ. ... ആത്മ...

പാട്ടിൽ

കവിത ടി.പി.വിനോദ് ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

വെച്ചു കുത്തൽ

കവിത വിമീഷ് മണിയൂർ 1. വെച്ചു കുത്തൽ നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ കണ്ണാടിയിലെന്നെ കണ്ടോ? നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ കുത്തിയ പച്ച നീ കണ്ടോ? കണ്ടില്ലയെങ്കിൽ പരാതികളില്ല, നിന്നിൽ വെച്ചു കുത്തിക്കൊണ്ടിരിക്കാം. 2. ആറു ചക്രത്തിന്റെ വണ്ടീ എത്ര ബക്കറ്റ് കണ്ണീർ നിന്റെ തെങ്ങിൻ തടത്തിലൊഴിച്ചൂ എത്ര മരങ്ങൾ...

Stay Connected

14,715FansLike
22FollowersFollow
1,170SubscribersSubscribe

Latest Articles