വി വിശ്വനാഥമേനോൻ അന്തരിച്ചു.

സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥമേനോൻ അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. കമ്മ്യൂണിസ്റ് പാർട്ടിയുടെ ആദ്യകാല നേതാവും രാജ്യസഭാ അംഗവും 1987 ലെ നായനാർ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന വിശ്വനാഥമേനോൻ അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ അറസ്റ്റ് വരിച്ചു. 1946 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടര്‍ന്ന് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നല്‍കി. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മില്‍ നിലകൊണ്ടു. 1947 ൽ മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയായിരുന്നു. അക്കാലത്ത‌് അമ്പാടി വിശ്വം എന്ന പേരിലാണ‌് അറിയപ്പെട്ടത‌്. സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളേജിൽ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച‌് കൊച്ചി രാജാവിന്റെ പതാക വലിച്ചു കീറി കത്തിച്ചു. ഇതേ തുടർന്ന‌് കൊച്ചി സർവകലാശാലയിൽ നിന്നും മഹാരാജാസ‌് കോളേജിൽ നിന്ന‌ും പുറത്താക്കി. കൊച്ചി രാജാവ‌് പുറപ്പെടുവിച്ച ക്രമിനൽ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കൈയേറ്റക്കേസിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം ആത‌്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’ ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം), മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *