Homeനാടകംസവർണ തമ്പുരാക്കന്മാർ മലയാള നാടക ചരിത്രത്തിൽ നിന്നും നിർദ്ദയം വെട്ടിമാറ്റിയ, ഇ.കെ അയ്മു

സവർണ തമ്പുരാക്കന്മാർ മലയാള നാടക ചരിത്രത്തിൽ നിന്നും നിർദ്ദയം വെട്ടിമാറ്റിയ, ഇ.കെ അയ്മു

Published on

spot_imgspot_img

നാടകം

റഫീഖ് മംഗലശ്ശേരി

വി .ടി .ക്കും കെ .ടി. ക്കുമൊപ്പം മലയാള നാടകവേദിയിൽ അയ്മുവിന്റെ പേരില്ല…!! എന്തുകൊണ്ട് കെ .ടി. യുടെ വഹാബി സാധൂകരണവും , അയ്മുവിന്റെ ചരിത്രത്തിൽ നിന്നുള്ള തിരസ്ക്കരണവും നാം ചർച്ച ചെയ്യുന്നില്ല ….?! മലയാള നാടക പ്രസ്ഥാനത്തെപ്പറ്റി പറയുമ്പോൾ ചരിത്രത്തിന്റെ ഏടുകളിൽ ഏറെയൊന്നും പരാമർശിക്കപ്പെടാതെ പോയ ഒരു നാടകക്കാരനുണ്ട് നമുക്ക് . അമ്പതുകളിൽ മലബാറിലെ സാമൂഹ്യ ജീവിതത്തെ , പ്രത്യേകിച്ച് , മുസ്ലിം സമുദായത്തിനുള്ളിലെ ചെളിക്കുത്തുകളെ തന്റെ നാടകത്തിലൂടെ നിർഭയമായി തുറന്നുകാട്ടിയ ഒരു പച്ചയായ മനുഷ്യൻ , അയ്മു ഇ.കെ .

അദ്ദേഹം 1926 -ൽ നിലമ്പൂരിലെ പ്രശസ്തമായ കുടുംബത്തിൽ ജനിച്ചു . നിലമ്പൂർ മാനവേദൻ ഹൈസ്ക്കൂളിൽ വിദ്യാഭ്യാസം. തുടർന്ന് രണ്ട് വർഷത്തെ സൈനിക സേവനം. ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് പൊതു പ്രവർത്തനം. ‘ ജ്ജ് നല്ലൊര് മന്സനാകാൻ നോക്ക് ‘ , ‘മതിലുകൾ ‘ എന്നീ നാടകങ്ങളും ഏതാനും ചില ചെറുകഥകളും രചിച്ചു .1967 മെയ് 19ന് മരണം. ഇങ്ങനെ നിസ്സാരവത്ക്കരിച്ച് നാല് വാക്കിൽ ചുരുക്കി എഴുതിപ്പോകാവുന്നതല്ല അയ്മുവിന്റെ ജീവിതം .

മുസ്ലിം യാഥാസ്ഥിതിക സമൂഹത്തിനെതിരെ അയ്മു കൊളുത്തിയ തിരിനാളമായിരുന്നു , പിൽക്കാലത്ത് കെ ടി. യിലൂടെ ഒരു തീപ്പന്തമായി ആളിക്കത്തിയെതെന്ന് ചരിത്രം ….!
നമ്മുടെ സാംസ്കാരിക മണ്ഡലത്തിലും നാടക ചരിത്രത്തിലും ഒരു നാഴികക്കല്ലായി മാറിയ ‘ ഇത് ഭൂമിയാണ് ‘ എന്ന നാടകം എഴുതാനുള്ള കരുത്തും ധൈര്യവും കെ.ടി.യിൽ ഉണ്ടാവുന്നത് അയ്മുവിന്റെ ‘ ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് ‘ എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ വെച്ചാണെന്ന് കെ.ടി. തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .
കെ.ടി.യെപ്പോലെയുള്ള ഒരു മഹാപ്രതിഭയെ സ്വാധീനിക്കാൻ പോന്ന ഒരു നാടകത്തിന്റെ ശക്തിയും ആഴവും പരപ്പുമെല്ലാം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല .

മലയാളത്തിലുണ്ടായിട്ടുള്ള മികച്ച പത്ത് നാടകങ്ങൾ എടുത്താൽ അതിൽ ഏറ്റവും മുൻപന്തിയിൽത്തന്നെ അയ്മുവിന്റെ ‘ജ്ജ് നല്ലൊര് മന്സനാകാൻ നോക്ക് ‘ എന്ന നാടകം ഉണ്ടാവുമെന്ന കാര്യത്തിലും, പ്രസ്തുത നാടകം ഒരിക്കലെങ്കിലും കാണുകയോ വായിക്കുകയോ ചെയ്ത ആർക്കും തർക്കമുണ്ടാവില്ല. അമ്പതു വർഷങ്ങൾ കഴിഞ്ഞ് ഇന്നും ഒരു ഭയപ്പാടോടെയല്ലാതെ ആ നാടകം മുഴുവനായും നമുക്ക് വായിച്ച് പോകാനാവില്ല ; അത്രക്ക് മൂർച്ചയാണ് അതിലെ ഓരോ വാക്കിനും ….! മാറിയ ഈ സാഹചര്യത്തിലും അതിന്റെ പ്രസക്തി വർദ്ധിക്കുന്നുണ്ടുതാനും..!!

rafeeq-mangalassery
റഫീഖ് മംഗലശ്ശേരി

നമ്പൂതിരി സമുദായത്തിനുള്ളിലെ ജീർണ്ണതകൾക്കുനേരെ വി.ടി പൊട്ടിച്ച ഒരു ആറ്റം ബോംബായിരുന്നു ‘ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ‘ എന്ന നാടകമെങ്കിൽ യാഥാസ്ഥിതിക മുസ്ലിം സമുദായത്തിനു നേരെ അയ്മു പൊട്ടിച്ച മറ്റൊരു ആറ്റം ബോംബായിരുന്നു ‘ ജ്ജ് നല്ലൊര് മന്സനാകാൻ നോക്ക് ‘ എന്ന നാടകം …!!
അയ്മു തന്നെ പറയുന്നു, ” ഒരവിവേകമായിപ്പോകുമോ എന്ന . സംശയത്തോടെയാണ് ‘ ജ്ജ് നല്ലൊര് മന്സനാകാൻ നോക്ക് ‘ എഴുതിത്തുടങ്ങിയതെന്ന്. ”
തെല്ലൊരു പരാജയഭീതി ഉണ്ടായിരുന്നെന്നും അദ്ദേഹം തുറന്നു പറയാൻ മടിച്ചില്ല .

ഏതർത്ഥത്തിൽ നോക്കിയാലും അക്കാലത്തേയും ഇക്കാലത്തേയും എക്കാലത്തേയും യാഥാസ്ഥിതിക സമൂഹത്തെ അത്രയേറെ ചൊടിപ്പിക്കുന്നതും ഉറക്കം കെടുത്തുന്നതുമായിരുന്നല്ലോ അയ്മുവിന്റെ നാടകം. സ്ത്രീകൾ നാടകരംഗത്തേക്ക് കടന്നു വരാൻ അറച്ചു നിന്നിരുന്ന ആ കാലത്ത് മതം സദാചാരം പുരുഷാധിപത്യം, തുടങ്ങി എല്ലാ ചട്ടക്കൂടുകളേയും പൊളിച്ചുമാറ്റിക്കൊണ്ട് ഒരു മുസ്ലിം പെൺകുട്ടിയെ അയ്മു മലയാള നാടകവേദിയിലേക്ക് കൈ പിടിച്ചുകൊണ്ടുവന്നു .
അത് മാറ്റാരുമല്ല ,
ആ പെൺകുട്ടിയാണ് ഇന്ന് നമ്മൾ ഏറെ ആദരവോടെ മാത്രം നോക്കിക്കാണുന്ന നിലമ്പൂർ ആയിഷ …! അതെ , നിലമ്പൂർ ആയിഷ ആദ്യമായി അരങ്ങിലെത്തിയത് ‘ജ്ജ് നല്ലൊര് മന്സനാകാൻ നോക്ക് ‘ എന്ന നാടകത്തിലൂടെയാണ് എന്നതും മറ്റൊരു ചരിത്രം …! ഇത്തരം ചരിത്രപരമായ സംഭവ വികാസങ്ങളുടെ പശ്ചാത്തലം മാറ്റി നിർത്തിയാൽത്തന്നെയും അയ്മുവിന്റെ നാടകം അതിന്റെ രാഷ്ട്രീയപരമായ ലക്ഷ്യം നിറവേറ്റുന്നുണ്ട് . കേവലം ഒരു സാമുദായിക നാടകമായി പലരും ‘ ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് ‘ എന്നതിനെ പരിമിതപ്പെടുത്താറുണ്ട് . അയ്മുവിന്റെ നാടകം ശരിയായ അർത്ഥത്തിൽ വായിക്കപ്പെടാതെ പോയതുകൊണ്ടാവാം ഇങ്ങിനെയൊരു വാദം നിലനില്ക്കുന്നതു തന്നെ . എന്നാൽ, മതമൗലികവാദത്തേയും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തുറന്നുകാട്ടുന്നതോടൊപ്പം തന്നെ, ഈ നാടകം കേരളത്തിലെ കർഷക മുന്നേറ്റത്തിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നുണ്ട്.



സമുദായത്തിനുള്ളിലെ സുന്നി — വഹാബി തർക്കം പോലും, തൊഴിലാളി മുതലാളി എന്ന മാർക്സിയൻ വർഗ്ഗവീക്ഷണത്തിലൂടെയാണ് അയ്മു നോക്കിക്കാണുന്നത് . സുന്നിയായാലും വഹാബിയായാലും തൊഴിലാളി അനുഭവിക്കുന്ന പ്രശ്നം ഒന്നുതന്നെയാണെന്ന് അയ്മുവിന് തീർച്ചയുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ശരിതെറ്റുകളുടെ പേരിൽ പരസ്പരം കലഹിക്കുമ്പോഴും , ഈ സുന്നികളും വഹാബികളും തൊഴിലാളികളെ ചുഷണം ചെയ്യുന്നതിനുവേണ്ടി പരസ്പരം കൈകോർക്കുന്നത് അയ്മുവിന്റെ നാടകത്തിൽ തെളിഞ്ഞ് കാണാം .

അതുപോലെ കമ്മ്യൂണിസത്തെ എതിർക്കുന്ന കാര്യത്തിലും ഈ വഹാബി — സുന്നി ഐക്യപ്പെടൽ അയ്മുവിന്റെ നാടകത്തിൽ വളരെ ശക്തവും വ്യക്തവുമാണ് …! ഈയൊരവസരത്തിൽ കെ.ടിയെപ്പറ്റി പറയാതിരിക്കാനാവില്ല . അയ്മുവിന്റേയും കെ .ടി.യുടേയും നാടകങ്ങളിലെ അടിസ്ഥാന ഭൂമിക ഇസ്ലാമിക സമൂഹമായിരുന്നല്ലോ .
എന്നാൽ കെ.ടി .യുടെ നാടകങ്ങളിൽ പലപ്പോഴും , അയ്മുവിന്റെ നാടകങ്ങളിൽ നിന്നും തീർത്തും വിഭിന്നമായി വഹാബിസം (മുജാഹിദുകൾ )
മേൽക്കൈ നേടുന്നത് കാണാം . സുന്നികളേക്കാൾ നല്ലത് വഹാബികളാണെന്ന തെറ്റായ ചിന്ത പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ കെ.ടി .യുടെ നാടകങ്ങൾ അറിഞ്ഞോ അറിയാതെയോ വലിയ പങ്കുവഹിച്ചിട്ടുണ്ട് …!!



ഇസ്ലാമിക സമൂഹത്തിനുള്ളിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തുറന്നുകാട്ടുന്നതിലും തച്ചു തകർക്കുന്നതിലും കെ.ടി . മറ്റേതൊരു എഴുത്തുകാരനേക്കാളും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന ആദര ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ ; മുസ്ലീങ്ങൾക്കിടയിലെ വിവിധ വിഭാഗക്കാരെ ശരിയായ കാഴ്ച്ചപ്പാടോടെയും ദീർഘവീക്ഷണത്തോടെയും നോക്കിക്കാണുന്നതിൽ കെ.ടി .ക്ക് എവിടെയോ ഒരു ചെറിയ പിഴവു പറ്റി എന്നിടത്തേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത് …!
പ്രധാനമായും മേൽ സൂചിപ്പിച്ച കാര്യം തന്നെ, അയ്മുവിന്റേയും കെ. ടി. യുടെയും കാലത്തിൽ നിന്ന് പുതിയ കാലത്തിലേക്ക് വരുമ്പോൾ , സുന്നികളേക്കാൾ പിന്തിരിപ്പന്മാരും അപകടകാരികളുമായിരുന്നു കെ.ടി അന്ന് സാധൂകരിച്ച ഇസ്ലാമിലെ പുരോഗമനക്കാർ എന്ന് നാട്യമുള്ള വഹാബി(മുജാഹിദ് )കൾ എന്ന് തെളിഞ്ഞിരിക്കുന്നു .
സ്ത്രീ ശരീരം മൂടിപ്പൊതിയുന്ന പർദ്ദ പോലെയുള്ള വസ്ത്രധാരണ രീതി കേരളത്തിൽ വ്യാപകമാക്കിയത് ഈ പുരോഗമന ആശയക്കാരണെന്ന് പ്രത്യേകം ഓർക്കുക ….!
ഇവിടെയാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അയ്മുവിന്റെ ദീർഘവീക്ഷണം പ്രസക്തമാവുന്നത് . മതത്തിനുള്ളിലെ പുരോഗമനക്കാരുടെ കാപട്യം തിരിച്ചറിയാൻ അയ്മുവിന് അന്നേ സാധിച്ചിരുന്നു ….!

സ്വത്വരാഷ്ട്രീയവും ഇസ്ലാമോഫോബിയയും പറഞ്ഞ് ഇന്ത്യയിലെ മുസ്ലീം തീവ്രവാദത്തെ കാണാതെ, ഹൈന്ദവ ഫാസിസത്തിനെതിരെ മാത്രം ഓരിയിടുന്ന നമ്മുടെ നാട്ടിലെ അമാനവ ബുദ്ധിജീവികൾ ‘ജ്ജ്‌ നല്ലൊരു മന്സനാകാൻ നോക്ക് ‘ എന്ന നാടകം ഒരാവർത്തിയെങ്കിലും വായിക്കുന്നത് നന്നായിരിക്കും .
കാരണം ,
അമ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഈ നാടകം ഇത്തരം പ്രതിലോമപരമായ ആശയങ്ങൾക്കുള്ള ചുട്ട മറുപടി കൂടിയാണ് ….! ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നിട്ടുണ്ടാവും . കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ , പിന്നെയെന്തുകൊണ്ടാണ് മലയാള നാടക സാഹിത്യ ചരിത്രം വി.ടി .ക്കും കെ .ടി .ക്കും മറ്റു പലർക്കുമൊപ്പം അയ്മുവിനെ അടയാളപ്പെടുത്താതെ പോയത് …? !

ഉത്തരങ്ങളും കാരണങ്ങളും ചിലപ്പോൾ കണ്ടെത്താനായേക്കാം .

പക്ഷേ …. എല്ലാ മുടന്തൻ ന്യായങ്ങൾക്കും മുകളിൽ ആ ചോദ്യം എക്കാലത്തും പ്രസക്തമായി നില നിൽക്കുക തന്നെ ചെയ്യും …!! അയ്മു എന്ന ധീരനായ നാടകക്കാരൻ അർഹിക്കും വിധത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയത് വെറും ഒന്നോ രണ്ടോ നാടകങ്ങളിൽ മാത്രം അയ്മുവിന്റെ നാടകപ്രവർത്തനം ചുരുങ്ങിപ്പോയതുകൊണ്ടാണെന്ന് പറഞ്ഞ് തടി തപ്പാൻ നോക്കുന്നവരാണ് ഏറെപ്പേരും . അങ്ങിനെയെങ്കിൽ ‘ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ‘ എന്ന ഒരൊറ്റ നാടകം കൊണ്ടു മാത്രമല്ലേ വി.ടി. മലയാള നാടകവേദിയിൽ ചിരപ്രതിഷ്ഠനായി മാറിയത് …? അപ്പോൾ അതൊന്നുമല്ല കാര്യം എന്ന് വ്യക്തം . അയ്മു തന്റെ നാടകത്തിലൂടെ വളരെ സൂക്ഷ്മതയോടെ മുന്നോട്ടുവെച്ച വിട്ടുവീഴ്ച്ചയില്ലാത്ത മതേതര രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇന്നും പലരേയും അസ്വസ്ഥമാക്കുന്നുണ്ട് എന്നതാണ് യഥാർത്ഥ വസ്തുത ….!

ഈയൊരു അസ്വസ്ഥത തന്നെയാവാം ഒരു പക്ഷേ അയ്മുവിന്റെ പ്രശസ്തിക്ക് വിലങ്ങുതടിയായി മാറിയിട്ടുണ്ടാവുക. നാല് വോട്ടിനുവേണ്ടി മത സംഘടനകളുടെ തിണ്ണ നിരങ്ങുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ കാലത്ത് അയ്മുവിനെ ഓർക്കാൻ ഒട്ടും സാധ്യതയില്ല ….!! കേവലം 41 വർഷത്തെ ജീവിതം കൊണ്ട് കേരളീയ ജീവിതാവസ്ഥയെ , വിശേഷിച്ച് മലബാറിലെ മുസ്ലീം ജീവിതാവസ്ഥയെ മതനിരപേക്ഷമായ ചിന്താധാരകൾ കൊണ്ട് അടയാളപ്പെടുത്തിപ്പോയ അയ്മുവിനെ വരാനിരിക്കുന്ന തലമുറയ്ക്കു വേണ്ടി നമുക്ക് അടയാളപ്പെടുത്താനായില്ലായെന്നത് ചരിത്രപരമായ ഖേദം തന്നെയാണ് … !

ജി .ശങ്കരപ്പിള്ള തയ്യാറാക്കി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ മലയാള നാടക സാഹിത്യ ചരിത്രം ‘ എന്ന പുസ്തകത്തിൽ ഒരിടത്തുപോലും അയ്മുവിന്റെ പേര് കാണാനാവില്ല . മാപ്പർഹിക്കാത്ത കുറ്റമാണത് …! തൊള്ളായിരത്തി അമ്പതുകളിൽ മലബാറിലെ സാമൂഹ്യ ജീവിതത്തെ ഒരു കൊടുങ്കാറ്റുപോലെ ഇളക്കിമറിച്ച് കടന്നു പോയ ഒരു നാടകത്തേയും നാടകക്കാരനേയും ജി ശങ്കരപ്പിള്ള അറിയാതെ പോയതാവാൻ സാധ്യതയില്ല .
പ്രശസ്തരും അപ്രശസ്തരുമായ നൂറുക്കണക്കിന് നാടകകൃത്തുക്കളെ ശങ്കരപ്പിള്ള തന്റെ നാടക ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട് ., പക്ഷേ …. അയ്മുവിന്റെ പേര് മാത്രം കാണാനാവില്ല ….! ചോദിക്കട്ടെ , ബോധപൂർവ്വം വിട്ടു പോയതല്ലെങ്കിൽ എന്തുകൊണ്ടാണ് പരിഷ്ക്കരിച്ച പതിപ്പിൽ അയ്മുവിന്റെ പേര് കൂട്ടി ചേർക്കാതിരുന്നത് ..?!
ഒരിക്കൽക്കൂടി ആവർത്തിക്കുന്നു . അയ്മുവിനോട് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം തന്നെയാണ് .
ക്ഷമിക്കുക ;
ആരൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാലും , സവർണ്ണ തമ്പുരാക്കന്മാർ എഴുതി പിടിപ്പിക്കുന്ന ചരിത്രത്തിൽ നിന്ന് നിർദ്ദയം വെട്ടിമാറ്റിയാലും , അടയാളപ്പെടുത്തും . തിരസ്ക്കരണത്തിന്റെ മൂടുപടം വലിച്ചു ചീന്തുക തന്നെ ചെയ്യും …!!

അയ്മുവിന് ജന്മനാട്ടിൽ ഒരു സ്മാരക ട്രസ്റ്റ് രൂപപ്പെടുന്നു…! നവംബർ 5 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ,
ഇ.കെ അയ്മു സ്മാരക ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും ..
ഇ കെ അയ്മു സ്മാരക ട്രസ്റ്റിന് എല്ലാവിധ ആശംസകളും നേരുന്നു….

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...