Sunday, September 26, 2021

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണം

രാധാകൃഷ്ണൻ പേരാമ്പ്ര

പ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം പിരിഞ്ഞതിലുള്ള അഗാധമായ ദു:ഖത്തിൽ നിന്നും നമ്മൾ ആരും മുക്തരായിട്ടില്ല . ശാന്തേട്ടന് നാടകം സിരകളിൽ തിളച്ചു കൊണ്ടിരുന്ന രക്തമായിരുന്നു. അയാളുടെ ഓരോ ശ്വാസത്തിലും നാടകമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓരോ നാടകവും ഓരോ പോരാട്ടമായിരുന്നു, സ്വപ്നമായിരുന്നു. തന്റെ ചുറ്റിലും നടമാടുന്ന അനീതിക്കെതിരെയുള്ള ശക്തമായ പ്രതിരോധമായിരുന്നു. മൂന്ന് ദശാബ്ദക്കാലം തന്റെ ആയുസ്സിന്റെ പുസ്തകത്തിന്റെ വിലപ്പെട്ട താളുകൾ അതിനായി മാറ്റി വെച്ച് നിരവധി ശക്തമായ നാടകങ്ങൾ മലയാള നാടകലോകത്തിന് സമ്മാനിച്ചാണ് ശാന്തകുമാർ യാത്രയായത് .

തന്റെ ആദ്യകാല രചനകളായ സുഖനിദ്രയിലേക്ക്, പെരും കൊല്ലൻ, എന്റെ പുള്ളി പൈ കരയുന്നു, കറുത്ത വിധവ , കുരുടൻ പൂച്ച , ഒറ്റ രാത്രിയുടെ കാമുകിമാർ തുടങ്ങി ശക്തമായ നിരവധി രചനകളിലൂടെ ശാന്തകുമാർ തന്റേതായ ഒരിടം മലയാള നാടക ലോകത്ത് തീർത്ത് വെച്ചിട്ടുണ്ട്. ഈ നാടകങ്ങളിലൂടെയെല്ലാം തന്റെ രാഷ്ട്രീയ നിലപാടുകൾ ആശങ്കകളിലില്ലാതെ വെളിപ്പെടുത്തുന്നുമുണ്ട് അദ്ദേഹം. പെരുംകൊല്ലൻ സമൂഹത്തിൽ നിലകൊള്ളുന്ന ഹിംസാത്മകതയ്ക്ക് എതിരേ വിരൽ ചൂണ്ടുമ്പോൾ, പുള്ളി പൈ കരയുന്നതും അടുക്കള പറയുന്നതും സാധാരണ മനുഷ്യന്റെ മേലുള്ള മൂലധനശക്തികളുടെ കടന്നുകയറ്റത്തെ കുറിച്ചാണ്. കറുത്ത വിധവ സ്ത്രീത്വത്തെ കുറിച്ചും. ഒറ്റ രാത്രിയുടെ കാമുകിമാർ ലൈംഗിക തൊഴിലാളികളുടെ വ്യഥകൾ വരച്ചിട്ടപ്പോൾ. ഏറ്റവും പുതിയ രചനയായ കൂവാഗം നമ്മുടെ മനസ്സിൽ കോരിയിടുന്നത് അരികു വൽകരിക്കപ്പെട്ട ട്രാൻജന്റർ സമൂഹത്തിന്റെ ഹൃദയഭേദകമായ നൊമ്പരങ്ങളാണ്.

സമൂഹത്തിലേക്ക്‌ എന്നും കണ്ണ് തുറന്നു വെച്ചിരുന്ന ധിഷണാശാലിയായ ഒരു നാടക പ്രതിഭയായിരുന്നു എ ശാന്തകുമാർ. അദ്ദേഹം സമൂഹത്തോട് നിരന്തരം കലഹിച്ച് കൊണ്ടിരുന്നു വിശ്രമമില്ലാതെ. മലയാള നാടക സാഹിത്യത്തിന് പുതിയ ഭാഷയും വ്യകരണവും തീർത്ത് കൊണ്ടാണ് അദ്ദേഹം കടന്ന് പോയത്. അദ്ദേഹത്തിന്റെ ഓരോ രചനയും വരും തലമുറയ്ക്ക് വെളിച്ചമേകും എന്നതിൽ സംശയമില്ല. ആദ്യ നാളിൽ അർബുദത്തിന് അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമേ കീഴടക്കാൻ കഴിഞ്ഞിരുന്നുള്ളൂ… മനസ്സിനെ കീഴ്പ്പെടുത്താൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നതിന് തെളിവാണ് അക്കാലത്ത് എഴുതപ്പെട്ട ശക്തമായ നിരവധി രചനകൾ.

athmaonline- A saanthakumar 01

അക്കാദമി മത്സരത്തിൽ അരങ്ങേറിയ ജീവിക്കാനൊരു സന്ദേശം, ഭൂപടം മാറ്റി വരയ്ക്കുമ്പോൾ, ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ആഞ്ഞടിക്കുന്ന രചനയായ ആറാം ദിവസം,സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന പ്രണയകഥകളി, ജിബ്രീഷ് കിനാവ് എന്നിവയെല്ലാം അക്കൂട്ടത്തിൽപെടുന്നു. ശാന്തേട്ടന്റെ നാടകങ്ങൾ കോളജ് ക്യാമ്പസിൽ വല്ലാത്തൊരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ബി സോൺ ഇന്റർസോൺ വേദികളെ അത് ഇളക്കി മറിച്ചു. അതിന്റെ അലയൊലികൾ കാമ്പസിൽ നിന്ന് കാമ്പസിലേക്ക് പടർന്നിരുന്നു. പുതിയ തലമുറയിലെ കുട്ടികൾ മുതൽ ബുദ്ധിജീവികളെയും സാധാരണ മനുഷ്യരെയും അത് അരങ്ങിന്റഎ വെളിച്ചത്തിൽ നിർത്തിയിരുന്നു..
പൊക്കൻ എന്ന എന്റെ രചനയിലുള്ള നാടകം സംവിധാനം ചെയ്തതോടെയാണ് ഞാനും ശാന്തേട്ടനുമായി കൂടുതൽ അടുക്കുന്നതും സുഹൃത്തുക്കളാകുന്നതും ഒന്നിച്ച് നാടകയാത്ര ചെയ്തതും അവസാനശ്വാസം വരെ അത് തുടർന്നതും .

ശാന്തേട്ടനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ എന്റെ നാടക ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമുണ്ട്. 2013 ൽ സംഗീത നാടക അക്കാദമി അമച്വർ നാടക മത്സരത്തിലേക്ക് എന്റെ രചനയയ O2 അഥവാ അവസാന ശ്വാസത്തിന് സെലക്ഷൻ കിട്ടുന്നു. ചില പ്രത്യേക കാരണത്താൽ നാടകത്തിന്റെ റിഹേഴ്സൽ താമസിച്ചു. മത്സരദിനം അടുത്തു വരികയാണ്. ഞങ്ങൾ നാടകം ഉപേക്ഷിക്കാൻ ആലോചിക്കുമ്പോഴാണ്‌ ശാന്തേട്ടന്റെ വിളി, സ്വതസിദ്ധമായ ചോദ്യം ” നീ എവിടെ ടാ? എന്തായി റിഹേഴ്സൽ ? ” ഞാൻ കാര്യം പറഞ്ഞു. എന്നെ തെറി വിളിച്ചു. എന്നിട്ട് പറഞ്ഞു ” വേഗം നളന്ദക്ക് വാ” ഞാൻ നളന്ദയിലെ 135 ാം മുറിയിലെത്തി. അവിടെ അപ്പോൾ ശാന്തേട്ടന്റെ നാടക ചങ്ങാതിമാരും പ്രശസ്ത നടൻമാരുമായ സുധീർ പറമ്പിലും കരുണാകരൻ പറമ്പിലും ഉണ്ടായിരുന്നു. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ശാന്തേട്ടൻ പറഞ്ഞു. ” ചിലത് ചോറിനും ചിലത് ചോരക്കുമാണെടാ .. നീ പേടിക്കെണ്ടെ നിന്റെ നാടകം ഞാൻ ചെയ്യും “!!
നാടകത്തെ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ആ മനുഷ്യന്റെ വാക്കുകൾ. എനിക്ക് ചോർന്നുപോയ എന്റെ നാടക ജീവൻ തിരിച്ചു നൽകി. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് വെറും നാല് ദിവസം കൊണ്ടാണ് പ്രിയ സ്നേഹിതൻ O2 അഥവാ അവസാന ശ്വാസം റിഹേഴ്സൽ ചെയ്ത് കോഴിക്കോട് .. ടൗൺ ഹാളിൽ അവതരിപ്പിച്ചത്…

അന്ന് എനിക്ക് മനസ്സിലായി ശാന്തനെന്ന സംവിധായകന്റെ വേഗവും കൈയ്യടക്കവും, അതിലുപരി സഹജീവികളെ ചേർത്തുനിർത്തുന്ന സംഘാടക മികവും. അന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ രൂപീകരിച്ച തിയ്യറ്റേർ ലവേഴ്സ് എന്ന നാടക കൂട്ടായ്മ പിന്നീട് ഏഴോളം നാടകങ്ങൾ ചെയ്തു. O2 വിന് പുറമെ എന്റെ രചനകളായ “റെഡ് അലർട്ട് ” “പൊക്കൻ ” “ഗുളികനും കുന്തോലനും ” എന്നീ നാടകങ്ങളും തിയ്യേറ്റർ ലവേഴ്സിന്റെ ബാനറിൽ ശാന്തേട്ടൻ ചെയ്തു. അന്ന് എനിക്ക് മനസിലായ ഒരു കാര്യമുണ്ട് നാടകത്തിന് ഒരു രചന കിട്ടിയാൽ അതിനെ തല്ലി പഴുപ്പിച്ച് വേവിച്ചെടുക്കും വരെ തലയിൽ തീയിട്ട് നടക്കുമായിരുന്നു ശാന്തകുമാർ, അശാന്തനായി .

theatre lovers - a-santhakumar-athmaonline
തിയറ്റർ ലവേഴ്സ്

പിന്നെ സിരകളിൽ തിളയ്ക്കുന്നത് നാടക ചോര മാത്രം. ഉണ്ണുന്നതും ഉറങ്ങുന്നതും നാടകച്ചൂടിൽ… ഓരോ ശ്വാസത്തിലും നാടകം മാത്രം. അവസാനം വരെയും അതങ്ങനെ തന്നെയായിരുന്നു. ഒരു പക്ഷേ രോഗത്തിന്റെ ആദ്യ നാളുകളിൽ മരുന്നിനെക്കാൾ ഗുണം ചെയ്തതും നാടകമെന്ന അധിക ഡോസായിരിക്കാം. ആ സമയത്തെല്ലാം നാടകം ചെയ്യുമ്പോൾ കൂടുതൽ ഉന്മേഷവാനായേ ശാന്തേട്ടനെ കണ്ടിട്ടുള്ളൂ. നാടകമില്ലെങ്കിൽ ക്ഷീണിതനായു . സംവിധാനത്തിലും രചനയിലും മാത്രമല്ല നാടക സംബന്ധിയായ ഏതു വിഷയത്തിലും അദ്ദേഹത്തിന് വല്ലാത്തൊരു ആത്മാർഥതയായിരുന്നു . അദ്ദേഹത്തിന്റെ പ്രശസ്ത നാടകമായ മരം പെയ്യുബോൾ എഴുതിയതും അവതരിപ്പിച്ചതും അരയ്ക്കു ഭാഗം തളർന്ന് പോയ നാടക പ്രവർത്തകനും സുഹൃത്തുമായ അജയനു വേണ്ടിയായിരുന്നു. ആ നാടകത്തിൽ നിന്ന് കിട്ടിയ മുഴുവൻ പണവും പിന്നീട് മരണപ്പെട്ട അജയന്റെ കുടുംബത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തയാളാണ് ശാന്തകുമാർ.

അതുകൊണ്ടായിരുന്നു കോവിഡ് കാലത്ത് അവശത അനുഭവിയ്ക്കുന്ന നാടക പ്രവർത്തകരെ സഹായിക്കാൻ “നാടക്” നടത്തിയ പ്രവർത്തനങ്ങളിൽ തന്റെ ശാരീരിക ക്ഷീണം പോലും വകവെക്കാതെ നേരിട്ട് ഇറങ്ങിയത്. രോഗം മൂർഛിച്ച് ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പുള്ള ദിവസങ്ങളിലെല്ലാം ശാന്തേട്ടൻ വൃക്കരോഗം ബാധിച്ച് കിടപ്പിലായ കുമാർ പാലത്തിനെ സഹായിക്കാൻ ഓടി നടക്കുകയായിരുന്നു.

അവസാന നാളുകളിൽ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും വല്ലാത്തൊരു വേഗമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം തന്റെ “കൂവാഗം” തിയ്യറ്റർ ലവേഴ്സ് തന്നെ ഇറക്കണമെന്ന് വാശി പിടിച്ചതും പുസ്തകത്തിന്റെ പണികൾ തീരുംമുമ്പ് പ്രകാശന ദിവസം എഫ് ബി യിൽ കുറിച്ച് ഞങ്ങളെ ( തിയ്യറ്റർ ലവേഴ്സിന്റെ പ്രവർത്തകരേയും മനോഹരേട്ടനെയും ) ഞെട്ടിച്ചു കളഞ്ഞതും. ഐ സി യു വിലേക്ക് പോകുന്ന ഒരാഴ്ച മുമ്പ് ശാന്തേട്ടൻ എന്നോട് പറഞ്ഞിരുന്നു, ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോയാൽ നീയും രാഗേഷും വീട്ടിൽ വരണം നമുക്ക് O2 വീണ്ടും ചെയ്യുന്നതിനെ പറ്റി ആലോചിക്കണം. സിനിമയെ കുറിച്ച് ചർച്ച ചെയ്യണം എന്നൊക്കെ. പക്ഷേ ഒന്നിനും കാത്തു നിൽക്കാതെ ശാന്തേട്ടൻ യാത്രയായി.. സുഖനിദ്രയിലേക്ക് !! പ്രിയ കൂട്ടുകാരാ ബാഷ്പാഞ്ജലികൾ…

RK-Perambra-athmaonline
രാധാകൃഷ്ണൻ പേരാമ്പ്ര

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധു അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ "ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു". ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: