Thursday, June 24, 2021

പുസ്തകം തുന്നുമ്പോൾ

സുരേഷ് നാരായണൻ

പോസ്റ്റുമാൻറെ കയ്യിലിരുന്നു വിറയ്ക്കുന്ന ഒരു കത്താണ് ‘ടണൽതേർട്ടിത്രീ’. അതൊരിക്കലും മേൽവിലാസക്കാരനിലേക്ക് എത്തുന്നതേയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള കിടങ്ങിലേക്കാണ് പ്രിൻസ് ജോൺ ഈ നീണ്ട കവിതയെ പെറ്റിടുന്നത്.

എത്ര പെട്ടെന്നാണത് ഒരു
പെൺകോമരമായ് വളർച്ച പ്രാപിക്കുന്നത്!
മുടിയഴിച്ചിട്ടുറഞ്ഞുതുള്ളി, ഉൾരഹസ്യങ്ങളാൽ
നമ്മെ വശം കെടുത്തുന്നത്!

ചിലപ്പോൾ അസാധാരണമായ
അസ്പൃശ്യത പുലർത്തുകയും,
ചിലപ്പോൾ അതിദീർഘമായ്
ആലിംഗനം ചെയ്യുകയും
ചെയ്യുന്ന ഒരു മാന്ത്രികസ്വഭാവം കാണിക്കുന്നുണ്ട് പുസ്തകവരികൾ.

സിംല റെയിൽവേ ഡിവിഷനിലെ അഭിശപ്തമായ 33 ആം നമ്പർ തുരങ്കം. അതിൻറെയിരുളിൽ ആത്മഹത്യചെയ്ത കേണൽ ബാരോഗ് എന്ന പരാജയപ്പെട്ട എൻജിനീയർ. അയാളുടെ തെറ്റിപ്പോയ കണക്കുകൾ; കൂട്ടിമുട്ടാത്ത രണ്ടു തുരങ്കങ്ങൾ .

ദുസ്വപ്നങ്ങളും
ദുർമരണങ്ങളുടെ കുഞ്ഞുങ്ങളായ പ്രേതങ്ങളും
അടിക്കടി വന്നു മുട്ടുന്ന
ജനാലക്കരികിൽ
വായനക്കാരനെ ബന്ധനസ്ഥനാക്കിക്കൊണ്ട്
യാത്ര തുടങ്ങുകയാണ്.

“കോടാനുകോടി
മുഷിഞ്ഞതും കേടുവന്നതും മാറ്റിയെടുക്കാനാവാത്തതും’ ആയ മനുഷ്യരുടെ നാടുകളിലൂടെ,

‘കർഷകൻ തൂങ്ങിമരിച്ച ഒറ്റമരം
നടുവിൽ നിൽക്കുന്ന പാടങ്ങളി’ലൂടെ,

‘ആത്മഹത്യ ചെയ്യാനുള്ളവരുമായി
വഞ്ചി തുഴയുന്ന വഞ്ചിക്കാര’നിലൂടെ.

കടലിൽ ഒഴുകിനടക്കുന്ന ചെരിപ്പുകളും കരയ്ക്കടിഞ്ഞ ചെരിപ്പുകളും എല്ലാം ചേർന്ന് നമുക്കായി പേജുകളുടനീളം ഫ്രെയിമുകൾ തുന്നിക്കോണ്ടേയിരിക്കുന്നു.

“മനുഷ്യൻ തിരകളിൽ ഒഴുകി നടക്കുന്ന ഒരു കത്താണ്’ എന്നു പറഞ്ഞുകൊണ്ട് കൂടുതൽ അലോസരങ്ങളിലേക്ക് കവി നമുക്കു ടിക്കറ്റെടുത്തു തരുന്നു.

കല്ലു ബുനിയയും, സീതയും അഡ്വക്കേറ്റ് മരുതും inder kumar ghoshഉം, പിങ്കി പട്നായിക്കും ഒക്കെ കടന്നു വരുന്നു.

‘ട്രെയിനുകൾ പോയ്ക്കഴിയുമ്പോൾ നോക്കിയാൽ മതി
പാളങ്ങളിൽ നിന്നും മീനുകളെ
പെറുക്കിയെടുക്കാം’
എന്നുപറഞ്ഞുകൊണ്ട് വസിഷ്ഠനെ പോലെ അയാളും കടലിനെ ആചമിക്കുന്നുണ്ട്.

പ്രിൻസ് ജോൺ

തുടർന്ന്,
‘വാതിലിൽ മുട്ടുന്ന ഒരു നായയേയും വാതിലിൽ മുട്ടുന്ന വെറും നായയല്ലേ
എന്നു കരുതി അവഗണിക്കരുത്’
എന്ന് ഭണ്ഡാരിയോട് പറയുന്നവനായി നമ്മൾ കേണലിനെ അഥവാ കേണലിൻറെ പ്രേതത്തെ കണ്ടുമുട്ടുന്നു.

ജോസഫ് എന്ന് പിന്നീടറിയപ്പെട്ട ‘സാരമേയ’ എന്ന ആ നായ്ക്കുട്ടി കേണലിന്റെ ആത്മഹത്യയുടെ ഒരേയൊരു ദൃക്സാക്ഷിയായിരുന്നു.

തുടർന്നുള്ള പേജുകളിലെ വരികളൊക്കെ നാടകീയമായ ഒരുസംഗീതശില്പത്തിൻറെ മേലങ്കിണിയുന്നുണ്ട്.

അവൾ നട്ടുവളർത്തിയ കാട്ടുള്ളിയുടെ പൂക്കൾ സ്നേഹത്തോടെ ജോസഫിൻറെ നേരെ കൈകൾ നീട്ടുന്നു.
ഒരു പോസ്റ്റുമാൻ വന്ന് അവനു സ്വാഗതക്കത്തു നൽകുന്നു.

അയാൾ തന്നെ അവനെയതു
വായിച്ചു കേൾപ്പിക്കുന്നു.

രാമനെന്ന വിചാരണത്തടവുകാരൻ
അവന് ഉപ്പിട്ടു പുഴുങ്ങിയ നിലക്കടല നീട്ടുന്നു.
മുഖമില്ലാത്ത ഒരു യുവാവു വന്ന്
ജോസഫിൻറെ മുറിവുകളിൽ
മഹുവാമരത്തിൻറെ തൈലം
പുരട്ടുന്നു.
തീവണ്ടിപ്പാളങ്ങളിൽ കൂടി
ചിറകുള്ള മീനുകൾ പിന്നോട്ട് നോക്കി നീന്തി അവനു വഴികാട്ടുന്നു.
ഇന്ദർ കുമാർ ഘോഷ് എന്ന കവി അയാളുടെ കവിതകളിൽ
സാരമേയ എന്ന നായയുടെ പേരും
എഴുതി ചേർക്കുന്നു.

അവസാനം അതാ
ടണൽ 33ൻറെ 1143- ആം മീറ്ററിലെ
ഒതുക്കു കല്ലിൽ ഇരുന്നുകൊണ്ട് അവൻറെ യജമാനൻ
കേണൽ ബാരോഗ് അവനുവേണ്ടി
ലിറ്റിൽ ടൗൺ ഓഫ് ബദ്ലഹേം
എന്ന ഗാനം മാൻഡലിനിൽ വായിക്കുന്നു.

ഹാ! മുപ്പത്തിരണ്ടാം പേജ് വലിയൊരു ജംഗ്ഷൻ ആണ്. ഇവിടെ നിർത്തി നെടുവീർപ്പിടാതെ പോകാനേ സാധ്യമല്ല.

കഥാപാത്രങ്ങളെല്ലാം ഷേക്സ്പിയർ ദുരന്ത നാടക കഥാപാത്രങ്ങളെ അനുകരിച്ച് ആത്മഹത്യ ചെയ്യുന്നതായും ,
അങ്ങിനെ അവർ ആത്മഹത്യ ചെയ്തവർക്കു മാത്രമുള്ള ടണൽ 33 രഹസ്യ തുരങ്കസത്രത്തിൽ എത്തുന്നതായും തുടർന്നു നമ്മൾ അറിയുന്നു .

അവരുടെ കഥകളുടെ ദൈന്യതകളുടേയും ക്രൂരതകളുടേയും ഇടയിൽ കിടന്നു നമ്മൾ ചാഞ്ചാടുന്നു.

ദളിതയായ സീതയെ, ട്രാഫിക് പോലീസ് ജോലിയിൽ കയറിപ്പറ്റിയെങ്കിലും
“നിന്നെ ഞാൻ അടിക്കേണ്ടതാണ്; നിൻറെയൊക്കെ തൊലിയിൽ
തൊട്ടാൽ കൈ കഴുകണം”
എന്ന വാക്കുകളാൽ തുപ്പിയതിനുശേഷം ലോക്കപ്പിൽ കിടന്ന പോക്കറ്റടിക്കാരനെ കൊണ്ട് ചെകിട്ടത്തടിപ്പിക്കുന്നുണ്ട് അവളുടെ മേലുദ്യോഗസ്ഥൻ.

തുടർന്ന് ആത്മഹത്യ ചെയ്യുന്ന അവളുടെ മുറിവിൽ നിന്നും ഒഴുകിയ രക്തത്തിൽ മീനുകൾ നീന്തി വന്നു
എന്നു കവിപറയുന്നു.

ബാബ ഭൽഖുറായുടെ ആത്മഹത്യ എന്ന ഭാഗത്തു കാണാം
“ദൈവം ഇല്ല കേണൽ, ദൈവികത മാത്രമേയുള്ളൂ;
പിശാച് ഇല്ല ;പൈശാചികതയേ ഉള്ളൂ”
എന്ന കൈയ്യൊപ്പിട്ട വരികൾ. അനശ്വരത ഇവിടെ കവിയുടെ കൈപിടിക്കുന്നു!

52ആം പേജിൻറെ ദുരൂഹമായ ഒരു തിരിവിൽ വെച്ച് ആത്മഹത്യ ചെയ്തവരുടെ അവിശുദ്ധ പുസ്തകം ആകുന്നുണ്ട് ടണൽ 33.

“കൃത്യം രണ്ടര മിനിറ്റ്
ഓരോ യാത്രക്കാരനും
ഓരോ തീവണ്ടിയാവുന്നു.
അയാൾ അയാളുടെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന
പാളങ്ങളെ പുറത്തെടുക്കുന്നു”

ബാരോഗിൻറെ ആത്മഹത്യയിലേക്കു തിരിച്ചെത്തുമ്പോൾ പ്രിൻസ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു.

ഏഴു തിരകളുള്ള ആനപ്പല്ലുകൊണ്ടു പിടിയിട്ട തൻറെ റിവോൾവർ എടുത്ത് ആദ്യം അയാൾ തൻറെ നിഴലിനെ കൊല ചെയ്യുന്നു.

തുടർന്ന് പ്രയാസപ്പെട്ട് രണ്ടു കവിൾ പുകയെടുത്തതിനുശേഷം തോക്ക് ചെവിയിൽ വെക്കുന്നേരം അയാളുടെ നായ കുരച്ചുകൊണ്ടോടി വരുന്നു.

“ക്ഷമിക്കൂ ജോസഫ് രണ്ടറ്റവും കൂട്ടി മുട്ടുന്ന ഒരു ടണലെങ്കിലും എനിക്ക് പൂർത്തിയാക്കിയേ മതിയാവൂ”
എന്നു തൻറെ അവസാന വരിക്കവിത എഴുതിയതിനു ശേഷം അയാൾ ആത്മഹത്യ ചെയ്യുകയാണ്.

കത്തുകളുടേയും ആത്മഹത്യാ വിവരണങ്ങളുടെയും ഇരുണ്ട മരുഭൂമികളിലൂടെയാണ് തുടർന്നുള്ള യാത്ര.

‘കേണൽ സാബ്,
എന്നെ ഒന്നു കൂടി ആത്മഹത്യ ചെയ്യാൻ സഹായിക്കുമോ?
ഇത്തവണ ഉറപ്പായും സർ,
ഞാൻ ഒരു തരക്കേടില്ലാത്ത ആത്മഹത്യാക്കുറിപ്പ് തന്നെ എഴുതും’
ഈ വരികളിൽ നമ്മെ നിശബ്ദനാക്കുന്നത് രൺവീർ ഗുർജാർ എന്ന പരാജിതനായ കർഷകനാണ്.

തുടർന്നു വരുന്നുണ്ട് ,
‘പുഴുങ്ങിയ ഉരുളക്കിഴങ്ങിനപ്പുറം
ഞാൻ വേറെ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല’ എന്നു പറയുന്ന ഭണ്ഡാരി.

‘ഭൂമിയിൽ തൊഴിലാളികളായ
ഒരേയൊരു മൃഗമായി മനുഷ്യൻ മാറി’
എന്ന വലിയൊരു മുഴക്കത്തോടെയാണ് ആത്മഹത്യകളുടെ ഭാഗം അവസാനിക്കുന്നത്.

തുടർന്നാണ് വിചാരണപ്പേജുകൾ തുടങ്ങുന്നത്

“ഒരു ഡയമണ്ട് ക്രോസിംഗ് :
മരണം എന്ന് മനുഷ്യൻ
അതിനെ ലളിതമായ് വിളിക്കും”
എന്ന വരികളോടെ.

തിരക്കഥയുടെ പാളങ്ങളിലേക്ക് ഒട്ടൊക്കെ വഴുതിനീങ്ങിക്കൊണ്ട്
ഇവിടെ വേട്ടയാടപ്പെട്ട രണ്ടുപേരുടെ വേപഥുക്കളെ അവതരിപ്പിക്കുന്നു;
മഹാരാജാവ് രാമവർമ്മയും കുറിയേടത്ത് സാവിത്രിയും. അവർ കണ്ടുമുട്ടുന്നു; എഴുത്തുകാരനോ, ചിന്തകളുടെ ബോഗി മാറിക്കയറുന്നു.

ഒടുവിൽ,
‘എല്ലാ മനുഷ്യരുടെയും ഉള്ളിൽ കൂട്ടിമുട്ടാത്ത രണ്ടു ടണലുകളുണ്ട് .
അതിലവർ പ്രേതങ്ങളെ വളർത്തുന്നു. പലരുടെയും പ്രേതങ്ങൾ.’
എന്ന വരികളോടെ ഈ അവിശുദ്ധ സങ്കീർത്തനം അവസാനിപ്പിക്കുമ്പോൾ വെടിയുണ്ടയേറ്റപോലെ നമ്മൾ നിശബ്ദരാകും.
നഗ്നരാക്കപ്പെട്ടതായ് കണ്ട് ഞെട്ടിത്തരിക്കും.

suresh-narayanan
സുരേഷ് നാരായണൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

വരൂ, കവിതയുടെ ഈ ഉമ്മറത്ത് നമുക്കും ഉറക്കമിളയ്ക്കാം

വിജേഷ് എടക്കുന്നി അമ്മയുടെ കണ്ണ് (കവിതകൾ) ജയപ്രകാശ് എറവ് യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ് ജയപ്രകാശ് എന്ന വ്യക്തിയെ നേരിൽ പരിചയപ്പെടുന്നതിന് എത്രയോ മുൻപ് അദ്ദേഹത്തിന്റെ കവിതകളുമായി അടുപ്പത്തിലായ ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും പുറത്തു വന്നിരുന്ന പിൽക്കാലത്ത് നിന്നു പോയ...

കലഹമെന്ന ക്രിയാനൈരന്തര്യം

സനൽ ഹരിദാസിന്റെ റെബൽ നോട്ട്സിന് എഴുതിയ അവതാരിക കൃപ ജോൺ സംസ്കാരമെന്നത് ചലനാത്മകവും പരിണാമോന്മുഖവുമായ ഘടനകളുടെ സംഘാതമാണ്. അവ പരസ്പരം നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുപോരുന്നു. പരിണാമ പ്രക്രിയയെ ജൈവികമാക്കുന്നത്, നിലനിൽക്കുന്നതിനുമേൽ / സമാന്തരമായി ഉയർന്നെഴുന്നേൽക്കുന്ന ചോദ്യങ്ങളും...

മഴ നനഞ്ഞ അക്ഷരങ്ങൾ

സഹർ അഹമ്മദ് പുസ്തകം : മഴ നനഞ്ഞ അക്ഷരങ്ങൾ രചന: അമീൻ പുറത്തീൽ പ്രസാധകർ: ലോഗോസ് ബുക്സ് വില: 100 രൂപ പേജ്: 79 എഴുപത്തിനാല് മിനിക്കഥകളുടെ സമാഹാരമാണ് അമീൻ പുറത്തീലിന്റെ "മഴ നനഞ്ഞ അക്ഷരങ്ങൾ". പൊതുവെ കുഞ്ഞൻ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat